റൊബോട്ടിക് നഴ്സ്: കൊച്ചു ജോലികൾ മോക്സി ഏറ്റെടുക്കും
Mail This Article
നിർമിതബുദ്ധിയും റോബട്ടുകളും ജോലികളയുമെന്ന ഭീതി നിലനിൽക്കെയാണു മോക്സി എന്ന റോബോട്ടിക് നഴ്സ് നഴ്സുമാരുടെ പ്രിയങ്കരിയായിരിക്കുന്നത്. നഴ്സിനു പകരമല്ല മോക്സി. മറിച്ച്, നഴ്സുമാരുടെ ദൈനംദിനജോലികളിലെ രോഗീപരിചരണത്തിനു പുറമേയുള്ള കൊച്ചു ജോലികൾ മോക്സി ഏറ്റെടുക്കും.
അങ്ങനെ രോഗീപരിചരണത്തിനു നഴ്സുമാർക്ക് കൂടുതൽ സമയം ലഭിക്കും. രോഗികളോടൊപ്പം കൂടുതൽ സമയം ചെലവഴിക്കാനുമാകും. ആശുപത്രികളിലെ ഇലക്ട്രോണിക് ഹെൽത്ത് റെക്കോർഡ് സംവിധാനത്തിൽ കോർത്തിണക്കിയാണു മോക്സിയുടെ പ്രവർത്തനം. ഉദാഹരണത്തിന് ഒരു മുറിയിലെ രോഗി ഡിസ്ചാർജായാൽ അടുത്ത രോഗിക്കു വേണ്ടി മുറിയിൽ വേണ്ട സാധനങ്ങൾ ക്രമീകരിക്കാൻ നഴ്സുമാർ സമയം കളയേണ്ടില്ല, അതൊക്കെ മോക്സി ചെയ്തുകൊള്ളും.
ഇത്തരത്തിലുള്ള അനേകം ജോലികൾ സ്വന്തമായി ഓർത്തുവച്ചു ചെയ്യാൻ കഴിയുന്ന റോബട്ടാണു മോക്സി. യുഎസ് കമ്പനിയായ ഡിലിജന്റ് റോബോട്ടിക്സ് ആണ് മോക്സിയുടെ നിർമാതാക്കൾ.