ADVERTISEMENT

നിങ്ങൾ‍ ഇന്‍കോഗ്നിറ്റോ മോഡിൽ സ്വകാര്യമായി പോണ്‍ കാണുന്നവരാണോ? എങ്കിൽ ഓർക്കുക നിങ്ങൾക്കൊപ്പം ഗൂഗിളും ഫെയ്‌സ്ബുക്കും ഇത് കാണുന്നുണ്ട്. ബ്രൗസറില്‍ നേരിട്ടോ, ഇന്‍കോഗ്നിറ്റോ മോഡിലോ പോണ്‍ കാണുമ്പോള്‍ 'ഡേറ്റാ ചോരന്മാരായ' ഗൂഗിളും ഫെയ്‌സ്ബുക്കും നിങ്ങളുടെ ഓരോ നീക്കവും ട്രാക്കു ചെയ്യുന്നു എന്നതാണ് പുതിയ പഠനം വെളിപ്പെടുത്തുന്നത്. കാര്‍ണഗീ മെലണ്‍ ഇന്‍സ്റ്റിസ്റ്റ്യൂട്ടിലെയും യൂണിവേഴ്‌സിറ്റി ഓഫ് പെന്‍സില്‍വേനിയയിലെയും ഗവേഷകര്‍ 22,484 പോണ്‍ വെബ്‌സൈറ്റുകള്‍ പരിശോധിച്ച ശേഷം നടത്തിയ അവലോകനമാണ് പുതിയ കണ്ടെത്തലുകള്‍ പുറത്തുവിട്ടിരിക്കുന്നത്. ഇവയില്‍ 93 ശതമാനം സൈറ്റുകളും ഗൂഗിളും ഫെയ്‌സ്ബുക്കും അടങ്ങുന്ന ടീം ചോര്‍ത്തിയെടുക്കുന്നു എന്നാണ് കണ്ടെത്തിയിരിക്കുന്നത്.

ലോകത്തെമ്പാടുമുള്ള സ്വകാര്യത നയങ്ങളിൽ തേഡ്പാര്‍ട്ടി കുക്കീസ് എന്ന ഉപവാക്യം പലപ്പോഴും വ്യക്തമാക്കപ്പെട്ടിട്ടില്ല എന്ന പോരായ്മയാണ് ഗൂഗിളും ഫെയ്‌സ്ബുക്കും പോലുള്ള കമ്പനികള്‍ മുതലാക്കുന്നത്. ഈ കമ്പനികള്‍ നേരിട്ട് പോണ്‍ സൈറ്റുകള്‍ നടത്തുന്നില്ല. എന്നാല്‍, മിക്കവാറും എല്ലാ സൈറ്റുകളിലും തന്നെ ഇവര്‍ പതുങ്ങിയിരിപ്പുമുണ്ട്. മുകളില്‍ പറഞ്ഞ 93 ശതമാനം വെബ്‌സൈറ്റുകളും ഉപയോക്താവിന്റെ സമ്മതമില്ലാതെ അവരുടെ ഡേറ്റാ ട്രാക്കര്‍മാര്‍ക്ക് തേഡ്പാര്‍ട്ടി കുക്കികളിലൂടെ നല്‍കുകയാണ് ചെയ്യുന്നത്. വ്യക്തി താത്പര്യങ്ങള്‍, ലൈംഗിക അഭിരുചി തുടങ്ങിയവ മനസിലാക്കി എടുക്കുകയാണ് ഈ കമ്പനികള്‍ ചെയ്യുന്നത്.

ഉപയോക്താവിനെ വ്യക്തിപരമായി അറിയാം

ഉപയോക്താവിനെ വ്യക്തിപരമായി അറിയുന്നുണ്ടോ എന്നു ചോദിച്ചാല്‍ ഉണ്ടെന്നാണ് ഉത്തരം. ഐപി അഡ്രസ്, ഫിങ്ഗര്‍പ്രിന്റിങ്, ലൊക്കേഷന്‍, മൊബൈല്‍, അല്ലെങ്കില്‍ ബ്രോഡ്ബാന്‍ഡ് കണക്ഷന്‍ തുടങ്ങി പല ഘടകങ്ങളും ഉപയോക്താവിനെ ഒറ്റിക്കൊടുക്കും. എന്നാല്‍ വിപിഎന്‍ തുടങ്ങിയ സേവനങ്ങൾ ഉപയോഗിക്കുന്നുണ്ടെങ്കില്‍ ചിലപ്പോള്‍ വ്യക്തികളെ അറിയുന്നത് തടയാൻ കഴിയും. 44.97 ശതമാനം വെബ്‌സൈറ്റുകളും ഉപയോക്താവിന്റെ ലൈംഗിക താത്പര്യങ്ങള്‍, ആണോ പെണ്ണോ എന്ന കാര്യം തുടങ്ങിയവയൊക്കെ തുറന്നു കാട്ടുന്നു എന്നാണ് പഠനം പറയുന്നത്. 

ഗൂഗിള്‍ അക്കൗണ്ട്, ഫെയ്‌സ്ബുക്ക് പ്രൊഫൈല്‍ തുടങ്ങിയവയുമായി ബന്ധപ്പെടുത്തി ഡേറ്റാ ശേഖരിക്കുന്നുവെന്നും ഇവ ഒരു കാലത്തും ഡിലീറ്റ് ചെയ്യപ്പെടില്ല എന്നും ഇരു കമ്പനികള്‍ക്കുമെതിരെ വര്‍ഷങ്ങള്‍ക്കു മുമ്പു മുതല്‍ ആരോപണങ്ങള്‍ ഉണ്ട്. ഈ കമ്പനികൾ ഡേറ്റാ ഡിലീറ്റു ചെയ്യാന്‍ അനുവദിക്കുമ്പോള്‍ അത് ഉപയോക്താവിന് പിന്നെ കാണാതാവുന്നു എന്നു മാത്രമേയുള്ളൂ, തങ്ങളുടെ സെര്‍വറുകളില്‍ നിന്ന് ഒരിക്കലും മായ്ച്ചു കളയില്ല എന്നും വാദമുണ്ട്. ഡേറ്റയാണ് അടുത്ത എണ്ണ (Data is the next oil) എന്ന വാദം ഓര്‍ക്കുക.

പോണോഗ്രാഫി വെബ്‌സൈറ്റുകളില്‍ ട്രാക്കിങ്

പോണോഗ്രാഫി വെബ്‌സൈറ്റുകളില്‍ ട്രാക്കിങിന്റെ പെരുന്നാളാണ്. 93 ശതമാനം പോണ്‍ വെബ്‌സൈറ്റുകളും ഉപയോക്താവിന്റെ ഡേറ്റാ തേഡ്-പാര്‍ട്ടി കുക്കികള്‍ക്കായി തുറന്നിടുന്നു. ഒരു പേജില്‍ ശരാശരി ഒമ്പതു കുക്കികള്‍ വരെ കണ്ടെത്തിയിട്ടുണ്ട്, എന്നാണ് ഗവേഷകര്‍ പറയുന്നത്. പ്രധാനപ്പെട്ട പത്തു തേഡ്പാര്‍ട്ടി കുക്കികളുടെ പേരുകളും പുറത്തുവിട്ടിട്ടുണ്ട്. ഇവയില്‍ എക്‌സോക്ലിക്ക് (exoClick), ജ്യൂസിആഡ്‌സ് (JucyAds), എറോഅഡ്വര്‍ടൈസിങ് (EroAdvertising) എന്നിവ പോണ്‍ സൈറ്റുകളില്‍ മാത്രമാണ് പ്രവര്‍ത്തിക്കുന്നത്. ഗൂഗിള്‍ 74 ശതമാനം പോണ്‍ വെബ്‌സൈറ്റുകളിലും കണ്ണും മിഴിച്ചിരിപ്പുണ്ട്. ഫെയ്‌സ്ബുക്ക് 10 ശതമാനം വെബ്‌സൈറ്റുകളിലാണുള്ളത് എന്നാണ് ഗവേഷകര്‍ പറയുന്നത്. ഈ കമ്പനികളെ നോണ്‍-പോണോഗ്രാഫി-സ്‌പെസിഫിക് സര്‍വീസസ് എന്ന ഗണത്തിലാണ് പെടുത്തിയിരിക്കുന്നത്. ഇത്തരം കമ്പനികള്‍ പോണ്‍ അവരുടെ സേര്‍വറുകളില്‍ ഹോസ്റ്റ് ചെയ്യുന്നില്ല. എന്നാല്‍, ഉപയോക്താവിന്റെ അറിവോ സമ്മതമോ ഇല്ലാതെ അവരുടെ ചെയ്തികള്‍ നിരീക്ഷിക്കുന്നത് വ്യാപകമാണ്. ഓറക്കിളും 24 ശതമാനം സൈറ്റുകളില്‍ ട്രാക്കു ചെയ്യുന്നതായി പഠനം പറയുന്നു.

ഗവേഷകര്‍ വെബ്എക്‌സ്‌റേ (webXray) പ്ലാറ്റ്‌ഫോമിന്റെ സഹായത്തോടെയാണ് ഏതെല്ലാം കമ്പനികളാണ് ട്രാക്കിങ് നടത്തുന്നത് എന്നതിനെക്കുറിച്ചുള്ള പഠനം നടത്തിയത്. ഇതു കൂടാതെ പോണിസിഎക്‌സ്‌റേ (policyXray) സോഫ്റ്റ്‌വെയറിന്റെ സഹായത്തോടെയാണ് ഓരോ വെബ്‌സൈറ്റിന്റെയും സ്വകാര്യതാനയം പഠിച്ചത്. എന്തായാലും, ഇന്‍കോഗ്നിറ്റോ മോഡിലോ അല്ലാതെയോ നടത്തുന്ന പോണ്‍ സൈറ്റ് സന്ദര്‍ശനങ്ങള്‍ മറ്റാരും അറിയാതെയല്ല എന്നു മാത്രം അങ്ങനെ ചെയ്യുന്നവര്‍ മനസില്‍ വയ്ക്കണം.

ബ്രൗസിങ് ഹിസ്റ്ററിയിൽ നിന്ന് മാത്രമാണ് രക്ഷ

ആപ്പിളിന്റെ സഫാരി 4.4ല്‍ ആണ് ലോകത്താദ്യമായി 'പ്രൈവറ്റ് ബ്രൗസിങ്' മോഡ് കൊണ്ടുവന്നത്. ഇത് 2004ല്‍ ആയിരുന്നു. പിന്നീട് ഇത് 'ഇന്‍പ്രൈവറ്റ്' തുടങ്ങിയ പേരുകളില്‍ മറ്റു ബ്രൗസറുകളും ഏറ്റെടുത്തു. അവതരിപ്പിക്കപ്പെട്ട നാള്‍ മുതല്‍ വളരെയധികം തെറ്റിധരിക്കപ്പെട്ട ഒരുമോഡാണിത്. (കേരളത്തില്‍ ഇപ്പോഴും ഈ മോഡിനെക്കുറിച്ചു പോലും അറിയാത്ത ആളുകള്‍ ഉണ്ട് എന്നത് മറ്റൊരു കാര്യം.) ഇന്‍പ്രൈവറ്റ് അല്ലെങ്കില്‍ പ്രൈവറ്റ് ബ്രൗസിങിലേക്കു കടന്നാല്‍ ഉപയോക്താവ് അദൃശ്യനായി എന്നു കരുതും. എന്നാല്‍, ഈ മോഡില്‍ ആരും അദൃശ്യരൊന്നും ആകുന്നില്ല. മറിച്ച്ബ്രൗസര്‍ ക്ലോസു ചെയ്യുമ്പോള്‍ ഹിസ്റ്ററി ക്ലീയര്‍ ചെയ്യേണ്ടിവരുന്നില്ല, വെബ് ക്യാഷും സൃഷ്ടിക്കപ്പെടുന്നില്ല എന്നതു കൂടാതെ ബ്രൗസറുകള്‍ കുക്കീസും, ഫ്‌ളാഷ് കുക്കീസും സ്വീകരിക്കില്ല. ഇന്‍പ്രൈവറ്റ് അല്ലാത്ത മോഡില്‍ ബ്രൗസ് ചെയ്ത ശേഷം മറ്റൊരാള്‍ കയറി പരിശോധിച്ചാല്‍ നിങ്ങളുടെ ബ്രൗസിങ് ഹിസ്റ്ററിയും മറ്റും കാണാമെന്നത് ഈ മോഡില്‍ ഒഴിവാക്കപ്പെടാം എന്ന ഗുണം മാത്രമാണ് ബ്രൗസറുകളുടെ പ്രൈവറ്റ് മോഡുകള്‍ക്കുള്ളത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com