ADVERTISEMENT

മനുഷ്യര്‍ ശരീരത്തിനുള്ളല്‍ പ്രോസസറുകള്‍ (microchips) പിടിപ്പിക്കുന്ന കാലം എത്തിക്കഴിഞ്ഞു. ഇന്നിത് ചുരുക്കം ആളുകളിലേയുള്ളൂവെന്ന് ആരും ആശ്വാസപ്പെടേണ്ട. ഭാവിയില്‍ ചിപ്പ് വയ്ക്കുന്നവരെ ആയിരിക്കാം കമ്പനികള്‍ ജോലിക്കെടുക്കാന്‍ മുന്‍ഗണന നല്‍കുക എന്ന ഒറ്റക്കാര്യം മാത്രം മതി ഇത് എത്ര വേഗം പടരുമെന്നതിനെക്കുറിച്ചുള്ള ഭീതി പരത്താന്‍. (ഇതിന്റെ ഭീകരത വെളിവാക്കുന്നതാണ് എമ വോട്‌സണും ടോം ഹാങ്ക്‌സും അഭിനയിച്ച ദി സർക്കിൾ (The Circle (2017) എന്ന സിനിമ.) ചില രാജ്യങ്ങളെങ്കിലും ഇത് ഉപയോഗപ്പെടുത്തിയേക്കാം. മനുഷ്യ ശരീരത്തില്‍ മൈക്രോചിപ്പുകള്‍ വയ്ക്കപ്പെടുമോ എന്ന ചോദ്യത്തിന് ഇനി പ്രസക്തിയില്ല. പക്ഷേ, എന്നു മുതല്‍ ഇത് വ്യാപിക്കപ്പെടുമെന്ന കാര്യത്തില്‍ ഇനിയും തര്‍ക്കം നിലനില്‍ക്കുന്നുമുണ്ട്. സ്മാര്‍ട് ഫോണുകള്‍ ചിപ്പ് പിടിപ്പിച്ച ജീവിതത്തിന് വഴിയൊരുക്കി കഴിഞ്ഞു. ഇനി ഹാന്‍ഡ്‌സ് ഫ്രീ കംപ്യൂട്ടിങ്ങിന്റെ നാളുകളായിരിക്കാം. ഇതിന്റെ വരും വരായ്കകളിലേക്കുറിച്ചും നിലവിലെ സാഹചര്യത്തെക്കുറിച്ചും പരിശോധിക്കാം. ഒപ്പം ടെക് ഭീമന്മാരായ ഗൂഗിളും ഫെയ്‌സ്ബുക്കും ഒതുക്കപ്പെടുമോ? ഇനി ഇലോണ്‍ മസ്‌കിന്റെ കാലമാണോ വരുന്നത് എന്നും നോക്കാം.

തുടക്കം

ചിപ് ധാരികളായ മനുഷ്യര്‍ എന്ന ആശയത്തിന് പ്രചാരം സിദ്ധിക്കുന്നത് 1980കള്‍ മുതല്‍ ഇറങ്ങിയിട്ടുള്ള ചില ഹോളിവുഡ് സിനിമകളിലൂടെയാണ്. ചിപ്പുകള്‍ ശരീരത്തില്‍ പിടിപ്പിച്ചു കഴിഞ്ഞാല്‍ മനുഷ്യര്‍ സൈബോര്‍ഗുകള്‍ (cybernetic organism) ആകുകയാണ്. പരിധിയില്ലാത്ത സാധ്യതകളും പുതിയ തരം അടിമത്തവും വരെ എത്താമെന്നതാണ് പുതുമ. മനസുപയോഗിച്ച് ഇന്റര്‍നെറ്റ് ബ്രൗസു ചെയ്യുന്നതും തലച്ചോറിലേക്ക് ഇബുക്കുകളും മറ്റും ഡൗണ്‍ലോഡു ചെയ്യുന്നതും എല്ലാം ഇത്തരം സ്വപ്‌നങ്ങളുടെ ഭാഗമാണ്. നിങ്ങള്‍ ജോലി ചെയ്യുന്ന കമ്പനി, നിങ്ങളുടെ ഓരോ ചെയ്തിയും വീക്ഷിക്കുന്ന സാധ്യതയും ഇതോടൊപ്പം വരുന്നു. ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് വരുന്നതോടെ വരും പതിറ്റാണ്ടുകളില്‍ ജോലികള്‍ കുറയുമെന്ന കാര്യത്തിലും ആര്‍ക്കും സംശയമില്ല. അപ്പോള്‍ ജോലി തരാമെന്നു പറയുന്നവര്‍ ചിപ്പു വയ്ക്കണമെന്നു ശാഠ്യംപിടിച്ചാല്‍ ആര്‍ക്കാണ് പിടികൊടുക്കാതെ നടക്കാനാകുക?

ചിപ്പുവയ്ക്കല്‍ ഇപ്പോള്‍ എവിടെ വരെ എത്തി?

ചിപ്പ് വച്ച ഏതാനും ആയിരം പേര്‍മാത്രമാണ് ഇന്നു ലോകത്തുള്ളത്. സ്വീഡനിലാണ് കൂടുതല്‍ പേര്‍. ബ്രിട്ടനില്‍ ഇരുനൂറോളം പേരുണ്ടാകുമെന്നു കരുതുന്നു. അമേരിക്കയിലെ ത്രി സ്‌ക്വയര്‍ മാര്‍ക്കറ്റ് എന്ന കമ്പനി 80തിലേറെ ജോലിക്കാര്‍ക്ക് ചിപ്പ് നല്‍കി. ഇവരില്‍ ചിലര്‍ വെറും ജിജ്ഞാസയ്ക്കു വേണ്ടിയാണ് ചിപ്പ് അണിയുന്നത്. ബ്രിട്ടനിലെ (BioTeq), സ്വീഡനിലെ ബയോഹാക്‌സ് (Biohax) എന്നീ കമ്പനികളാണ് ഈ സേവനം ഇപ്പോള്‍ നല്‍കുന്ന കമ്പനികള്‍. സ്മാര്‍ട് ഫോണുകളുമായി താരതമ്യം ചെയ്യുമ്പോള്‍ ഇവര്‍ നല്‍കുന്ന സേവനം ഇപ്പോള്‍ വെറും ബാല്യാവസ്ഥയില്‍ തന്നെയാണെന്നു പറയേണ്ടിവരും. അരിമണിയേളം വലുപ്പമാണ് തള്ളവരിലിനും ചൂണ്ടുവിരലിനുമിടയില്‍ പിടിപ്പിക്കുന്ന ആര്‍എഫ്‌ഐഡി (RFID) ചിപ്പുകള്‍ക്കുള്ളത്. സങ്കീര്‍ണ്ണമായ കംപ്യൂട്ടിങ് ശേഷിയോ ബാറ്ററിയോ ഇവയ്ക്കില്ല. ആര്‍എഫ്‌ഐഡി റീഡര്‍, ഡേറ്റയ്ക്കായി പിങ് ചെയ്യുമ്പോഴാണ് ഇവ ചാര്‍ജാകുന്നത്. വളര്‍ത്തു മൃഗങ്ങളില്‍ ചിപ്പുകള്‍ പിടിപ്പിക്കുന്ന രീതി ഇപ്പോള്‍ വിദേശത്തു പ്രചരിക്കുന്നുണ്ട്. ഏകദേശം അവയ്ക്കു തുല്യമാണ് സ്വീഡനിലും മറ്റും മനുഷ്യര്‍ ഉപയോഗിക്കുന്ന ചിപ്പുകളും. സ്വമേധയാ താത്പര്യമുള്ള ജോലിക്കാര്‍ക്ക് ചിപ്പുകള്‍ നല്‍കുകയാണ് കമ്പനികള്‍ ചെയ്യുന്നത്. ഇത്തരം ജോലിക്കാര്‍ എത്തുമ്പോള്‍ കമ്പനികളുടെ വാതിലുകള്‍ തനിയെ തുറക്കും. ഒരു ജോലിക്കാരന് ഏതെല്ലാം മുറികളില്‍ പ്രവേശനം ഉണ്ടെന്ന കാര്യത്തില്‍ ഇങ്ങനെ തീരുമാനമുണ്ടാക്കാം. ക്യാന്റീനലും മറ്റും കാശടയ്ക്കാം. കംപ്യൂട്ടറുകള്‍ക്ക് പാസ്‌വേഡ് വേണ്ട തുടങ്ങിയ ലളിതമായ കാര്യങ്ങളാണ് ഇപ്പോള്‍ ചെയ്യാനാകുന്നത്. ഇത്തരം ചിപ്പുകളില്‍ മെഡിക്കല്‍ റെക്കോഡുകള്‍ സൂക്ഷിക്കുന്ന രീതിയും വന്നിട്ടുണ്ട്. താമസിയാതെ കൂടുതല്‍ സ്വകാര്യ ഡേറ്റയും നിറച്ചേക്കാം.

ജോലിക്കാര്‍ക്ക് ചിപ്പു വയ്ക്കാന്‍ ഉത്സാഹം കാണിക്കുന്ന കമ്പനികള്‍ ബയോ ടെക്കിന്റെയോ ബയോഹാക്‌സിന്റെയോ സഹായം തേടുകയാണ് ഇപ്പോള്‍ ചെയ്യുന്നത്. അതീവ ഗൗരവമുള്ള ഡേറ്റയാണ് ഇവര്‍ കൈകാര്യം ചെയ്യുന്നത്. ജോലിക്കാര്‍ക്ക് നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്താന്‍ വരെ ഇവര്‍ക്കാകും. താരതമ്യേന വിലക്കുറവാണ് ഈ രണ്ടു കമ്പനികളുടെയും ചിപ്പകള്‍ക്ക്. ബയോടെക്കിന്റെ സേവനത്തിന് 87 ഡോളര്‍ മുതല്‍ 323 ഡോളര്‍ വരെയാണ് ചിലവെങ്കില്‍ ബയോഹാക്‌സിന് 186 ഡോളര്‍ നല്‍കണം.

ചിപ് ടെക്‌നോളജി അടുത്ത ചുവടു വയ്ക്കുന്നു

2018ല്‍ കൂടുതല്‍ നവീനതകള്‍ ഉള്‍പ്പെടുത്തിയുള്ള ചിപ്പുകള്‍ നിര്‍മിക്കാന്‍ ശ്രമിക്കുകയാണ് തങ്ങളെന്ന് ത്രീ സ്‌ക്വയര്‍ മാര്‍ക്കറ്റ് വെളിപ്പെടുത്തി. ജിപിഎസ് ടെക്‌നോളജി, വോയ്‌സ് റെക്കഗ്നിഷന്‍ എന്നിവയും ഉള്‍പ്പെടുത്താനും ശരീരോഷമാവില്‍ നിന്ന് പ്രവര്‍ത്തനോര്‍ജ്ജം സമാഹരിക്കാനും സജ്ജമായ ചിപ്പുകളായിരിക്കും അടുത്ത തലമുറയിലിറങ്ങുക. അതു പോരെങ്കില്‍ ഒരാളുടെ ജീവനപരമായ ഡേറ്റ ശേഖരിക്കാനും ശ്രമമുണ്ട്. ആരോഗ്യ സ്ഥാപനങ്ങളുമായി ചേര്‍ന്ന് രോഗികള്‍ക്കും മറ്റും വയ്ക്കുന്ന ചിപ്പുകളിലൂടെ അവരുടെ ആരോഗ്യ നില നിരീക്ഷിക്കാനും ശ്രമമുണ്ടാകും. തനിക്കൊരു പ്രശ്‌നമുണ്ടെന്ന് ഡോക്ടറെ അറിയിക്കാന്‍ ഇതിലൂടെ എളുപ്പമാകും. ഈ ചിപ്പിന്റെ ബീറ്റാ ടെസ്റ്റിങ് 2019ല്‍ തുടങ്ങുമെന്നു പ്രതീക്ഷിക്കുന്നു.

മസ്‌കിന്റെ വരവ്

ശതകോടീശ്വരനും ടെക്‌നോളജി വിദഗ്ധനുമായ ഇലോണ്‍ മസ്‌ക് കഴിഞ്ഞ ദിവസം പറഞ്ഞത് തന്റെ കമ്പനിയായ ന്യൂറാലിങ്ക് തലച്ചോറും കംപ്യൂട്ടറുമായി നേരിട്ടു ബന്ധിപ്പിക്കാന്‍ ശ്രമിക്കുകയാണ് എന്നാണ്. തങ്ങള്‍ നടത്തിയ പരീക്ഷണത്തില്‍, തലച്ചോറില്‍ പിടിപ്പിച്ച ചിപ്പിലൂടെ കുരങ്ങിന് കംപ്യൂട്ടറുമായി ബന്ധപ്പെടാനായെന്ന് അദ്ദേഹം അവകാശപ്പെട്ടു. ഈ ടെക്‌നോളജി 2020ല്‍ മനുഷ്യരില്‍ പരീക്ഷിക്കാനായേക്കുമെന്നും അദ്ദേഹം ശുഭാപ്തിവിശ്വാസം പ്രകടിപ്പിച്ചു. അദ്യകാലത്ത് ഇതിന്റെയും ഉപയോഗം രോഗികള്‍ക്കായിരിക്കും. എന്നാല്‍ പിന്നീട് ഉഭയകക്ഷി സമ്മതപ്രകാരം മറ്റൊരാളുടെ ചിന്ത വായിക്കുന്ന സാധ്യതയൊക്കെ വളര്‍ത്താന്‍ സാധ്യതയുണ്ട്.

സൂപ്പര്‍മാന്‍ എന്ന സങ്കല്‍പ്പം മനുഷ്യര്‍ക്ക് വളരെ ആകര്‍ഷകമാണ്. തത്വചിന്തകന്‍ ഫ്രീഡ്‌റിക് നീച്ചെയും നാടകകൃത്ത് ബെർണാഡ് ഷായും അടക്കമുള്ള പലരും സൂപ്പര്‍മാന്‍ എന്ന ആശയത്തില്‍ ആകൃഷ്ടരായിരുന്നു. എന്നാല്‍, പ്രായോഗിക തലത്തില്‍ അവര്‍ക്ക് ഒന്നും ചെയ്യാനായില്ലെന്നു പറയാം. മസ്‌കിന്റെ ന്യൂറാലിങ്കും മനുഷ്യന് വിശിഷ്ടബുദ്ധി (superintelligence) നല്‍കാനുള്ള ശ്രമത്തിലാണ്. ഈ സൂപ്പര്‍ബുദ്ധി ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് ജീവിതത്തിലേക്ക് കടന്നു വരുമ്പോള്‍ മനുഷ്യരുടെ നിലനില്‍പ്പിന് അത്യന്താപേക്ഷിതമാണ് എന്നാണ് മസ്‌കിന്റെ വാദം. തലച്ചോറും യന്ത്രങ്ങളുമായി യോജിച്ചു പ്രവര്‍ത്തിക്കുന്ന ഒരു ലോകമാണ് മസ്‌കിന്റെ കമ്പനി വിഭാവനം ചെയ്യുന്നത്. വയര്‍ലെസായി തലച്ചോറിനും കംപ്യൂട്ടറിനും തമ്മില്‍ ബന്ധപ്പെടാനുള്ള ചിപ്പാണ് അദ്ദേഹത്തിന്റെ കമ്പനി നിര്‍മിക്കാന്‍ ശ്രമിക്കുന്നത്. ഡേറ്റാ അതി വേഗം കൈമാറാനായേക്കും. (രണ്ടര മണിക്കൂറുള്ള സിനിമ രണ്ടു സെക്കന്‍ഡ് കൊണ്ടു കണ്ടുതീര്‍ക്കാനാകുമോ? വരും കാലത്ത് സിനമയ്ക്കു തന്നെ പ്രസക്തിയുണ്ടാകുമോ?) അദ്ദേഹത്തന്റെ പ്രൊജക്ട് അക്ഷരാർഥത്തില്‍ 'അംബിഷസ്' ആണ്.

ഈ രംഗത്ത് മസ്‌കിനെക്കാള്‍ മികവോടെ പ്രവര്‍ത്തിക്കാനുള്ള സാധ്യതയുള്ള കമ്പനികളായിരുന്നു ഗൂഗിളും ഫെയ്‌സ്ബുക്കും. ഇരു കമ്പനികളും ഖനനം ചെയ്തിരിക്കുന്ന ഡേറ്റയ്ക്ക് കയ്യുംകണക്കുമില്ല എന്നാണ് വാദം. കാശിനു കാശും ഉണ്ട്. എന്നാല്‍ ഈ കമ്പനികള്‍ പൊടുന്നനെ പൊങ്ങിവന്നത് അമേരിക്ക മൈക്രോസോഫ്റ്റിന് ആന്റിട്രസ്റ്റ് നീക്കത്തിലൂടെ മൂക്കുകയറിട്ടതിനാലാണ്. അല്ലെങ്കില്‍ ഇപ്പോള്‍ സര്‍വത്ര മൈക്രോസോഫ്റ്റ് മയം ആകാനുള്ള സാധ്യത ഉണ്ടായിരുന്നു. സമാനമായ ഒരു സാഹചര്യത്തിലാണ് ഇപ്പോള്‍ ഗൂഗിളും ഫെയ്‌സ്ബുക്കും ഉള്ളത്. ഇരു കമ്പനികള്‍ക്കുമെതിരെ അമേരിക്ക ആന്റിട്രസ്റ്റ് നീക്കം താമസിയാതെ നടത്തിയേക്കാമെന്നാണ് പറയുന്നത്. യൂറോപ്പും ഇരു കമ്പനികള്‍ക്കും അനുകൂലമല്ല. ഈ സമയത്ത് മസ്‌ക് മുന്നില്‍ കയറുമോ എന്നാണ് എല്ലാവരും ഉറ്റു നോക്കുന്നത്. സ്മാര്‍ട് ഫോണ്‍ വാങ്ങാം, എറിഞ്ഞു കളഞ്ഞ് പുതിയതു വാങ്ങാം. തലച്ചോറിലും മറ്റുംപിടിപ്പിച്ച ചിപ്പ് എന്തു ചെയ്യാന്‍? അപ്പോള്‍ ആദ്യം മനുഷ്യന്റെ തലച്ചോറില്‍ കയറിപ്പറ്റാന്‍ കഴിയുന്ന കമ്പനി കാര്യങ്ങള്‍ തീരുമാനിക്കുന്ന സാഹചര്യമുണ്ടാകാം. എന്നാല്‍ ഇത്തരം ഒരു ലോകത്ത് എത്താന്‍ ഇനിയും പതിറ്റാണ്ടുകള്‍ കഴിഞ്ഞേക്കുമെന്നും വാദമുണ്ട്.

ചിപ്പ് വച്ചാലുള്ള ദോഷങ്ങള്‍

മൈക്രോചിപ്പിങ്ങിലൂടെ സ്വകാര്യത എന്ന കാര്യം പഴങ്കഥയായേക്കാം എന്നതാണ് പ്രധാന വാദം. നൈതികമായ ഉടച്ചുവാര്‍ക്കലുകളും ആവശ്യമാണ്. ജോര്‍ജ് ഒര്‍വല്‍ പ്രവചിച്ച മിധ്യാഭയം യാഥാര്‍ഥ്യമാകാനുള്ള സാധ്യത കാണാം. ജോലി നല്‍കുന്ന കമ്പനികള്‍ക്കും മറ്റും അടിപ്പെടുന്ന അവസ്ഥയായിരിക്കും ജോലിക്കാരെ കാത്തിരിക്കുക. ഇംഗ്ലണ്ടിലെയും വെയ്ല്‍സിലെയും ട്രെയ്ഡ് യൂണിയനുകളെ പ്രതിനധീകരിക്കുന്ന ട്രെയ്ഡ് യൂണിയന്‍ കോണ്‍ഗ്രസ് പറയുന്നത് കമ്പനികള്‍ ഇത് ജോലിക്കാരുടെ മേല്‍ അടിച്ചേല്‍പ്പിക്കുമെന്നാണ്. ഇപ്പോള്‍ത്തന്നെ ചില കമ്പനികള്‍ മൈക്രോമാനേജ്‌മെന്റ് നടത്താനെന്ന് ഭാവേന ജോലിക്കാരുടെ സ്വകാര്യതയിലേക്ക് കടന്നുകയറുന്നുണ്ടെന്ന് അവര്‍ നിരീക്ഷിക്കുന്നു. മൈക്രോചിപ്പിങ് ബോസുമാര്‍ക്ക് ജോലിക്കാരുടെ മേല്‍ മുന്‍പില്ലാത്ത തരം നിയന്ത്രണം കൊണ്ടുവരും. മുതലാളിയും മാനേജരും തൊഴിലാളിയെ എപ്പോഴും നോക്കിക്കൊണ്ടിരിക്കുന്നതു കൂടാതെയുമുണ്ട് പ്രശ്‌നങ്ങള്‍.

ഇപ്പോഴത്തെ ആര്‍എഫ്‌ഐഡി അപരിചിതര്‍ക്കു പോലും വായിച്ചെടുക്കാം. നിങ്ങള്‍ വഴിയിലൂടെ നടന്നു പോകുമ്പോള്‍ ധരിച്ചിരിക്കുന്ന ചിപ്പിലേക്ക് പിങ് ചെയ്താല്‍ മതി ഡേറ്റാ വായിക്കാം. കൂടുതല്‍ സ്വകാര്യ ഡേറ്റാ നിക്ഷേപിക്കുന്ന ചിപ്പുകള്‍ വലിയ ഭീഷണി ഉയര്‍ത്തും. സോഷ്യല്‍സെക്യൂരിറ്റി നമ്പറും മറ്റും ഉള്‍ക്കൊള്ളിക്കാന്‍ തീരുമാനിച്ചാല്‍ ഹാക്കര്‍മാര്‍ക്ക് ചാകരയായരിക്കും. ആളുകള്‍ പറ്റം പറ്റമായി മൈക്രോചിപ്പിങ്ങിനു തയാറാകുന്നില്ല എന്നതാണ് ഇപ്പോഴുള്ള ഗുണം.

എന്നാല്‍, വരും പതിറ്റാണ്ടുകളില്‍ ചിപ്പ് വയ്‌ക്കേണ്ടതായി വരുമെന്നത് നിസ്തര്‍ക്കമായ കാര്യമാണെന്നും വാദമുമുണ്ട്. ടീം കമ്മ്യൂണിക്കേഷന്‍, ബുദ്ധി മുതലായവ ഒരുമിപ്പിക്കാന്‍ ഇത് ആവശ്യമായിവരിക തന്നെ ചെയ്യുമെന്നാണ് പറയുന്നത്. ഒരു കമ്പനിയിലേക്ക് ജോലിക്കായി അപേക്ഷ അയയ്ക്കുമ്പോള്‍ അയാളുടെ ചിപ്പ് എന്തു പറയുന്നു എന്നന്വേഷിക്കാനാണ് ഉടമയ്ക്ക് ഇഷ്ടമെങ്കില്‍ എന്തു ചെയ്യാനാകും? സ്വയം എഴുതി തയാറാക്കിയ, വീമ്പിളക്കുന്ന ബയോ-ഡേറ്റയും മറ്റും ആര്‍ക്കും വേണ്ടാതാകും.

കുത്തനെ കിടക്കുന്ന, വഴുക്കലുളള ഒരു വഴിയാണിത്. ഒരിക്കല്‍ താഴേക്കു പോയിക്കഴിഞ്ഞാല്‍ തിരിച്ചു കയറല്‍ നടക്കില്ല. എന്നാല്‍ ഇത് മനുഷ്യര്‍ നടത്തുന്ന ഒരു മുന്നേറ്റമാണെന്നു വാദിക്കുന്നവരും ഉണ്ട്. ചില പ്രദേശങ്ങളിലെ നിയമങ്ങള്‍ മൈക്രോചിപ്പിങ്ങിന് തടസമായേക്കും. കാലിഫോര്‍ണിയയില്‍ ആര്‍എഫ്‌ഐഡി ആര്‍ക്കും ബലമായി നല്‍കരുതെന്ന് നിയമമുണ്ട്. യൂറോപ്പിലെ ജിഡിപിആറും മൈക്രോചിപ്പിങ്ങിന് വിലങ്ങുതടിയായേക്കാം. ഫെയ്‌സ്ബുക്കും ഗൂഗിളും ഒരു മൈക്രോചിപ്പും ഇല്ലാതെ ശേഖരിക്കുന്ന ഡേറ്റാ പരിഗണിച്ചാല്‍ ചിപ്പ് ധരിച്ചാലുണ്ടാകാവുന്ന ഭവിഷ്യത്തുകളെക്കുറിച്ച് ബോധമുണ്ടാകും.

ആരോഗ്യ പ്രശ്‌നങ്ങള്‍

ഒരു ഫോണ്‍ കളഞ്ഞ് പുതിയതു വാങ്ങാന്‍ എളുപ്പമാണ്. ഓരോ തവണയും പുതിയ ചിപ്പു മാറാന്‍ ഓപ്പറേഷഷന്‍ നടത്തേണ്ടിവരുമോ? ചിപ്പിന്റെ ടെക്‌നോളജി പെട്ടെന്നു മാറുമെന്നത് ഉറപ്പാണ്. ചിപ്പ് എന്ന ഈ വിദേശ വസ്തുവിനെ എങ്ങനെയായിരിക്കും നമ്മുടെ ശരീരം സ്വീകരിക്കുക?

ന്യൂറാലിങ്ക് തലയോട്ടിക്കുള്ളില്‍ വയ്ക്കാന്‍ ശ്രമിക്കുന്ന ചിപ്പിന്റെ കാര്യത്തില്‍ ഒരു ശാസ്ത്രജ്ഞന്‍ ആശങ്ക പ്രകടിപ്പിച്ചു കഴിഞ്ഞു. ഉപ്പുരസമുള്ള ലായനി (a salt mix fluid) തലച്ചോറുമായി ബന്ധപ്പെട്ട് ഉത്പാദിപ്പിക്കപ്പെടുന്നു. ഇതുമായി നിരന്തര സമ്പര്‍ക്കത്തിലേര്‍പ്പെടുമ്പോള്‍ മസ്‌കിന്റെ ചിപ്പ് ദ്രവിച്ചു പോകാനാണ് വഴി എന്നാണ് അദ്ദേഹത്തിന്റെ വാദം. ചോദ്യങ്ങള്‍ അനവധിയാണ്. ഉത്തരങ്ങള്‍ തീരെ കുറവും എന്നതാണ് ഇപ്പോഴത്തെ സ്ഥിതി.

മൈക്രോചിപ്പുകള്‍ പൊതുവെയും ന്യൂറാലിങ്കിന്റെ ചിപ്പുകള്‍ പ്രത്യേകിച്ചും ആരോഗ്യപരവും തത്വചിന്താപരവുമായ ഉത്കണ്ഠ പരത്തുന്നു. ഇപ്പോഴത്തെ നിലയില്‍ ഇവ ഗുണത്തേക്കാളേറെ ദോഷമാകാനാണു വഴിയെന്നും പറയുന്നു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com