ADVERTISEMENT

അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് രാജ്യത്തെ ഏഴു മുൻനിര ടെക്‌നോളജി കമ്പനി പ്രതിനിധികളുമായി ചര്‍ച്ച നടത്തി. നിരവധി സാമ്പത്തിക കാര്യങ്ങളെക്കുറിച്ചും ദേശീയ സുരക്ഷയെക്കുറിച്ചും ചൈനീസ് ടെലികമ്മ്യൂണിക്കേഷന്‍സ് ഭീമന്‍ വാവെയ്ക്ക് സാങ്കേതികവിദ്യ നല്‍കുന്നതിനെക്കുറിച്ചുമാണ് ചർച്ച നടന്നത്. ഗൂഗിള്‍, സിസ്‌കോ, ഇന്റെല്‍, ക്വാല്‍കം, മൈക്രോണ്‍, ബ്രോഡ്‌കോം, വെസ്‌റ്റേണ്‍ ഡിജിറ്റല്‍ കോര്‍പറേഷന്‍ എന്നീ കമ്പനികളുടെ പ്രതിനിധികളുമായാണ് ട്രംപ് ചര്‍ച്ച നടത്തിയത്. ട്രംപ് ഭരണകൂടം കരിമ്പട്ടികയില്‍ പെടുത്തി മാറ്റി നിർത്തിയിരുന്ന വാവെയ് കമ്പനിയെക്കുറിച്ചുള്ള ചര്‍ച്ചകളുടെ ഫലത്തെക്കുറിച്ചായിരുന്നു ആകാംക്ഷ.

 

മീറ്റിങ്ങിനെത്തിയ കമ്പനികളുടെ പ്രതിനിധികള്‍ ട്രംപിന്റെ നയങ്ങള്‍ക്ക് ശക്തമായ പിന്തുണ പ്രഖ്യാപിച്ചതായി വൈറ്റ്ഹൗസ് ഇറക്കിയ പ്രസ്താവന പറയുന്നു. ദേശീയ സുരക്ഷയെ മുന്‍നിർത്തി വാവെയ് കമ്പനിക്കേര്‍പ്പെടുത്തിയ വിലക്കിനും അവര്‍ പുര്‍ണ്ണ പിന്തുണ പ്രഖ്യാപിച്ചു. എന്നാല്‍ ഉചിതമായ സമയത്ത് വാവെയ്ക്ക് ലൈസന്‍സ് നല്‍കാനുള്ള തീരുമാനമെടുക്കാൻ കമ്പനികള്‍ അമേരിക്കയുടെ ഡിപ്പാര്‍ട്ട്‌മെന്റിനോട് അഭ്യര്‍ഥിച്ചു. ഇതിനോട് പ്രസിഡന്റ് യോജിച്ചുവെന്നും പറയുന്നു.

huawei

 

വാവെയ് കമ്പനി അമേരിക്കയുടെ സുരക്ഷയ്ക്ക് ഭീഷണിയാകുമെന്നു പറഞ്ഞ് ട്രംപ് ഭരണകൂടം അവരെ മാറ്റി നിർത്തിയിരിക്കുകയായിരുന്നല്ലോ. കമ്പനിയുടെ ഉപകരണങ്ങൾ 'പിന്‍വാതിലിലൂടെ' രാജ്യത്തെക്കുറിച്ചുള്ള കാര്യങ്ങള്‍ ചോര്‍ത്തപ്പെട്ടേക്കാമെന്നാണ് അവര്‍ സംശയിച്ചത്. ലോകത്തെ ഏറ്റവും വലിയ ടെലികമ്യൂണിക്കേഷന്‍സ് കമ്പനിയാണ് വാവെയ്. 5ജി ടെക്‌നോളജിയ്ക്കു വേണ്ട അടിസ്ഥാന സൗകര്യമൊരുക്കുന്ന കാര്യത്തില്‍ മറ്റെല്ലാ കമ്പനികളെയും പിന്തള്ളുമായിരുന്ന വാവെയ് ഇപ്പോള്‍ പിന്നോട്ടു പോയിരിക്കുകയാണ്. അമേരിക്ക പ്രശ്‌നം ഉന്നയിച്ചതോടെ ബ്രിട്ടൻ, കാനഡ, ന്യൂസീലന്‍ഡ്, ഒസ്‌ട്രേലിയ തുടങ്ങിയ രാജ്യങ്ങളും വാവെയെ സംശയദൃഷ്ടിയോടെ കാണാന്‍ തുടങ്ങി. ഇതോടെ ഈ രാജ്യങ്ങളുടെ തന്ത്രപ്രധാന ടെലിക്കമ്മ്യൂണിക്കേഷന്‍സ് രംഗത്തേക്ക് വാവെയ് പ്രവേശിക്കുന്നത് സാഹസമായിരിക്കുമെന്ന തീരുമാനത്തിലെത്തുകയും ചെയ്തിരിക്കുകയാണ്.

 

ഈ വര്‍ഷം മേയ് മാസത്തിലാണ് അമേരിക്കയുടെ ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് കൊമേഴ്‌സ് വാവെയെ കരിമ്പട്ടികയില്‍ പെടുത്തിയത്. ലോകത്തെ രണ്ടാമത്ത വലിയ സ്മാര്‍ട് ഫോണ്‍ നിര്‍മാതാവായ വാവെയ്ക്ക് ഗൂഗിളിന്റെ ആന്‍ഡ്രോയിഡ്, ക്വാല്‍കമിന്റെ ചിപ്പ്, വെസ്‌റ്റേണ്‍ ഡിജിറ്റലിന്റെ സ്റ്റോറേജ് തുടങ്ങി നിരവധി ഘടകഭാഗങ്ങളെ ആശ്രയിക്കേണ്ടിയിരുന്നു. അമേരിക്കന്‍ സർക്കാരിന്റെ അംഗീകാരമില്ലാതെ വാവെയ്ക്ക് ഒരു സഹായവും നല്‍കരുതെന്നായിരുന്നു ഉത്തരവ്. ഈ നീക്കം വാവെയ്ക്ക് നാടകീയമായ മാറ്റങ്ങളാണ് വരുത്തിയത്. ഇലക്ട്രോണിക് ഉപകരണ നിര്‍മാണത്തിന്റെ കാര്യത്തില്‍ ലോകത്തെ ഏറ്റവും വലിയ ഫാക്ടറിയാണ് ചൈന. ആപ്പിള്‍ അടക്കമുള്ള കമ്പനികള്‍ ഉപകരണങ്ങള്‍ നിര്‍മിച്ചുകിട്ടാന്‍ ചൈനയെ ആണ് ആശ്രിയിച്ചിരുന്നത്. എന്നാല്‍ ചൈനയില്‍ നിര്‍മിച്ച് അമേരിക്കയില്‍ വില്‍പനയ്ക്കു കൊണ്ടുവന്നിരുന്ന ഉപകരണങ്ങള്‍ക്ക് 25 ശതമാനം അധികതീരുവ ചുമത്താനും ട്രംപ് ഭരണകൂടം തീരുമാനിച്ചിരുന്നു. ഇതേത്തുടര്‍ന്ന് കമ്പനികള്‍ ചൈനയ്ക്കു വെളിയിലുള്ള നിര്‍മാണ സാധ്യതകള്‍ ആരായാന്‍ ശ്രമിച്ചതും രാജ്യത്തിനു വലിയ തിരിച്ചടിയായിരുന്നു.

Huawei-new-os

 

ഇപ്പോള്‍ വലിയ പ്രശ്‌നമൊന്നുമില്ലെന്ന് ട്രംപ്

 

വാവെയും ട്രംപ് ഭരണകൂടവും തമ്മിലുള്ള സംഘര്‍ഷത്തിന് കഴിഞ്ഞയാഴ്ചകളില്‍ അയവു വന്നിരുന്നു. അമേരിക്കന്‍ പ്രസിഡന്റും ചൈനീസ് പ്രസിഡന്റ് സി ജിന്‍പിങ്ങുമായി ജി20 രാജ്യങ്ങളുടെ മീറ്റിങ്ങിനിടയില്‍ കഴിഞ്ഞ മാസം നടത്തിയ സംഭാഷണങ്ങള്‍ക്കൊടുവിലാണ് പിരിമുറുക്കത്തിന് അയവുവന്നത്. ജപ്പാനിലെ ഒസാക്കയില്‍ കഴിഞ്ഞ മാസമായിരുന്നു മീറ്റിങ്. ചൈനയില്‍ നിര്‍മിക്കുന്ന സാധനങ്ങള്‍ക്ക് അധിക നികുതി ചുമത്താനുള്ള നീക്കവും മരവിപ്പിക്കാനാണ് ധാരണയായത്. വാവെയുടെ കാര്യവും ഇരു രാജ്യങ്ങളും ചര്‍ച്ച ചെയ്തു.

 

അമേരിക്കന്‍ കമ്പനികള്‍ക്ക് വാവെയ്ക്ക് ഇനി അവരുടെ സാങ്കേതികവിദ്യ വില്‍ക്കാമെന്നാണ് പ്രസിഡന്റ് ട്രംപ് പറഞ്ഞത്. ഇപ്പോള്‍ അടിയന്തര പ്രാധാന്യത്തോടെ കാണേണ്ട ദേശീയ സുരക്ഷാ പ്രശ്‌നമൊന്നും നിലനില്‍ക്കുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.

 

ഈ മാസം ആദ്യം അമേരിക്കയുടെ കൊമേഴ്‌സ് സെക്രട്ടറി വില്‍ബര്‍ റോസ് വാവെയ്‌ക്കെതിരെയുള്ള നിയന്ത്രണങ്ങള്‍ക്ക് അയവു വരുത്തുന്നതായി അറിയിച്ചിരുന്നു. അമേരിക്കന്‍ കമ്പനികള്‍ ലൈസന്‍സുകള്‍ നല്‍കിക്കോട്ടെ, രാജ്യ സുരക്ഷയ്ക്ക് ഭീഷണിയാകാത്ത കാലത്തോളം എന്നായിരുന്നു അദ്ദേഹത്തിന്റെ അറിയിപ്പ്. വിലക്കിന് അയവു വരുത്തിയെങ്കിലും വാവെയ് ഇപ്പോഴും കരിമ്പട്ടികയില്‍ തന്നെയാണ്. കമ്പനിയെക്കുറിച്ച് രാജ്യത്തിന് പൂര്‍ണ്ണ വിശ്വാസം വന്നിട്ടില്ല എന്നതിന്റെ തെളിവാണിതെന്നും ചൂണ്ടിക്കാണിക്കപ്പെടുന്നു. എന്നാല്‍ വാഷിങ്ട്ണ്‍ പോസ്റ്റ് ഈ ആഴ്ച പ്രസിദ്ധീകരിച്ച ലേഖനത്തില്‍ പറയുന്നത് ഉത്തര കൊറിയന്‍ സർക്കാരിനെ വയര്‍ലെസ് നെറ്റ്‌വര്‍ക്ക് നിര്‍മിക്കാന്‍ വാവെയ് രഹസ്യമായി സഹായിച്ചുവെന്നാണ്. എന്നാല്‍ കമ്പനി ഇതു നിഷേധിച്ചു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com