ADVERTISEMENT

ടെലികോം രംഗത്ത് വൻ വിപ്ലവത്തിനു തുടക്കമിട്ട മുകേഷ് അംബാനിയുടെ റിലയൻസ് ജിയോയുടെ ബ്രോഡ്ബാൻഡ് സർവീസിന്റെ കൂടുതൽ വിവരങ്ങൾ ഈ മാസം 12 നടക്കുന്ന എജിഎം മീറ്റിങ്ങിൽ ഉണ്ടാകുമെന്ന് റിപ്പോർട്ട്. ഒരു വർഷം മുൻപ് അവതരിപ്പിച്ച ജിഗാഫൈബറിന്റെ നിരക്കുകളും മറ്റു വിശദമായ വിവരങ്ങളും വൈകാതെ ഉണ്ടാകും. ജിഗാഫൈബർ ബ്രോഡ്ബാൻഡിനൊപ്പം ജിഗാ ടിവിയും റിലയൻസ് റിലീസ് ചെയ്യുമെന്ന അഭ്യൂഹമുണ്ട്. 4 കെ സെറ്റ് ടോപ്പ് ബോക്സുമായാണ് ജിഗാ ടിവി പുറത്തിറക്കുന്നത്.

 

ടെലിവിഷൻ പോസ്റ്റിന്റെ റിപ്പോർട്ട് അനുസരിച്ച് റിലയൻസ് ഇന്ത്യയിൽ ജിഗാ ടിവി സേവനം ആരംഭിക്കുമെന്നും 4കെ സെറ്റ് ടോപ്പ് ബോക്സ് വാഗ്ദാനം ചെയ്യുമെന്നുമാണ് അറിയുന്നത്. ഇന്ത്യയിലെ ആദ്യത്തെ വാണിജ്യ ഐ‌പി‌ടി‌വി സേവനം വാഗ്ദാനം ചെയ്യുമെന്ന് പ്രതീക്ഷിച്ചിരുന്ന ജിഗാ ടിവിയെക്കുറിച്ചുള്ള മുൻ അഭ്യൂഹങ്ങൾക്ക് അനുസൃതമാണിത്. ലഭ്യമായ വിവരങ്ങൾ പ്രകാരം ജിഗാ ഫൈബറിനൊപ്പമുള്ള ഓഫറിൽ ജിഗാ ടിവി വരുമെന്നും രണ്ടിനുമുള്ള പ്രതിമാസ സബ്‌സ്‌ക്രിപ്‌ഷൻ 600 രൂപ മുതൽ ആരംഭിക്കാമെന്നുമാണ്.

 

വിവിധ വെബ്സൈറ്റുകളിലും മറ്റു കേന്ദ്രങ്ങളിൽ നിന്നും ലഭ്യമായ റിപ്പോർട്ടുകൾ പ്രകാരം 2500 രൂപയ്ക്ക് തന്നെ ജിഗാഫൈബർ കണക്‌ഷൻ നൽകുമെന്നാണ്. നേരത്തെ 4500 രൂപയ്ക്ക് നല്‍കുമെന്നായിരുന്നു സൂചന ലഭിച്ചിരുന്നത്. എന്നാൽ 2500 രൂപയ്ക്കും കണക്‌ഷൻ നൽകാൻ വേണ്ട ഡിവൈസുകൾ ലഭ്യമാക്കുമെന്നാണ് അറിയുന്നത്. സാങ്കേതികമായി ചില ഫീച്ചറുകളും വേഗവും കുറവുള്ള ഡിവൈസുകളായിരിക്കും 2500 രൂപയ്ക്ക് നൽകുക.

 

പ്രതിമാസം 600 രൂപയാണ് ഈടാക്കുക. 600 രൂപ പ്ലാനിൽ 50 എംബിപിഎസ് വേഗത്തിലുള്ള ഇന്റർനെറ്റ് ഉപയോഗിക്കാം. 100 എംബിപിഎസ് വേഗമുളള കണക്‌ഷനു മാസം 1000 രൂപ നൽകേണ്ടിവരും. എന്നാൽ ഏതു നിരക്കിലുള്ള കണക്‌ഷണുകൾ എടുത്താലും ഉപഭോക്താക്കൾക്ക് ജിഗാ ടിവി, ലാൻഡ് ലൈൻ കോൾ സേവനങ്ങൾ ഫ്രീയായി നൽകും.

 

സെക്കൻഡുകൾ കൊണ്ടു സിനിമയും ഗെയിമുമൊക്കെ ഡൗൺലോ‍ഡ് ചെയ്യാൻ കഴിയുന്ന റിലയൻസ് ജിയോ ജിഗാഫൈബർ സർവീസ് രാജ്യത്തെ പ്രധാന നഗരങ്ങളിലെല്ലാം ലഭിക്കും. ജിഗാ ഫൈബർ സബ്സ്ക്രിപ്ഷൻ താരീഫുകളെ കുറിച്ച് ജിയോ ഔദ്യോഗികമായി റിപ്പോർട്ട് പുറത്തുവിട്ടിട്ടില്ലെങ്കിലും ദേശീയ മാധ്യമങ്ങളിൽ വന്ന റിപ്പോർട്ട് പ്രകാരം രാജ്യത്ത് ഏറ്റവും കുറഞ്ഞ നിരക്കായിരിക്കും ജിയോ ബ്രോഡ്ബാൻഡിന് ഈടാക്കുക എന്നാണ്. ജിഗാ ഫൈബർ വഴിയുള്ള സേവനങ്ങൾ വാണിജ്യാടിസ്ഥാനത്തിൽ ലഭ്യമാക്കുന്നതു വരെ മൂന്ന് സർവീസുകളും ഒരു വർഷം ഫ്രീയായി ഉപയോഗിക്കാം.

 

ജിഗാഫൈബറിന്റെ കൂടെ ലഭിക്കുന്ന ഒപിറ്റിക്കൽ നെറ്റ്‌വർക്ക് തെർമിനൽ (ഒഎൻടി) ബോക്സ് റൗട്ടർ വഴി നിരവധി ഡിവൈസുകളിലേക്ക് കണക്ട് ചെയ്യാനാകും. മൊബൈൽ ഫോണുകൾ, സ്മാർട് ടിവികൾ, ലാപ്ടോപ്പുകൾ, ടാബ്ലറ്റുകൾ, സ്മാർട് ഡിവൈസുകൾ തുടങ്ങി 40 മുതൽ 45 ഉപകരണങ്ങളുമായി ബന്ധിപ്പിക്കാൻ കഴിയുന്നതാണ് ഒഎൻടി ബോക്സ് റൗട്ടർ. ഏകദേശം 600 ചാനലുകളാണ് ജിയോ ടിവി ഓഫർ ചെയ്യുന്നത്. മറ്റ് സ്മാർട് ഹോം സർവീസുകൾ കൂടി വേണ്ടവർക്ക് ഒരു മാസത്തേക്ക് ആയിരം രൂപ വരെ പ്രതിമാസം നൽകേണ്ടി വരും.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com