ADVERTISEMENT

തിരുവനന്തപുരം∙ ഇ–കൊമേഴ്സ് രംഗത്തു ചുവടുറപ്പിക്കാൻ മുകേഷ് അംബാനിയുടെ റിലയൻസ് ഇൻഡസ്ട്രീസ് ഏറ്റെടുക്കുന്നതു ഗൂഗിൾ ഉൾപ്പെടെ നിക്ഷേപം നടത്തിയ തിരുവനന്തപുരം സ്വദേശിയുടെ സ്റ്റാർട്ടപ്പിനെ. 

 

കമലേശ്വരം സ്വദേശി എം.ജി.ശ്രീരാമൻ സ്ഥാപിച്ച മുംബൈ ആസ്ഥാനമായ ഫൈൻഡ് (Fynd) എന്ന ഇ–കൊമേഴ്സ് സ്റ്റാർട്ടപ്പിന്റെ 87.6% ഓഹരിയാണ് 395 കോടി രൂപയ്ക്കു റിലയൻസ് സ്വന്തമാക്കിയത്.

 

malayali-startup
എം.ജി. ശ്രീരാമൻ

നിലവിൽ സ്ഥാപകർക്കു 12 ശതാനത്തോളം ഓഹരിയുണ്ടെങ്കിലും വൈകാതെ കമ്പനി പൂർണമായും റിലയൻസിന്റെ സ്വന്തമാകും. ആമസോണിനെയും ഫ്ലിപ്കാർട്ടിനെയും നേരിടാൻ റിലയൻസ് രംഗത്തെത്തുന്നതിന്റെ ഭാഗമാണ് ഈ സുപ്രധാന നീക്കം. 12 ന് റിലയൻസ് വാർഷിക ജനറൽ യോഗത്തിൽ പ്രഖ്യാപനമുണ്ടാകുമെന്നാണു സൂചന.

 

ഫൈൻഡിനെ റിലയൻസ് ഏറ്റെടുത്തതോടെ ആദ്യകാല നിക്ഷേപകർക്ക് ആറിരട്ടി വരെയാണ് ഓഹരി വിഹിതം ലഭിച്ചത്. കഴിഞ്ഞ വർഷമാണു ഗൂഗിൾ 50 കോടിയോളം രൂപ ഫൈൻഡിൽ നിക്ഷേപിച്ചത്.

 

2012 ലാണ് ശ്രീരാമൻ സുഹൃത്തുക്കളായ ഫറൂഖ് ആദം, ഹർഷ് ഷാ എന്നിവരുമായി ചേർന്നു ഫൈൻഡിന്റെ മാതൃകമ്പനിയായ ഷോപ്പ്സെൻസ് റീട്ടെയ്‍ൽ ആരംഭിക്കുന്നത്. 600 ബ്രാൻഡുകളാണു ഫൈൻഡിന്റെ ഭാഗമായുള്ളത്. മറ്റ് ഇ–കൊമേഴ്സ് സ്ഥാപനങ്ങൾ വെയർഹൗസുകളെ ആശ്രയിക്കുമ്പോൾ 9,000 ലധികം ഓഫ്‍ലൈൻ ബ്രാൻഡഡ് സ്റ്റോറുകളെ ബന്ധിപ്പിച്ചാണു ഫൈൻഡ് പ്രവർത്തിക്കുന്നത്.

 

കമലേശ്വരം സ്വദേശിയും യൂണിവേഴ്സിറ്റി കോളജ് മുൻ അധ്യാപകനുമായ മോഹൻ കുമാറിന്റെയും വെള്ളായണി കാർഷിക സർവകലാശാലയിലെ പ്രഫസറായ ഗിരിജാ ദേവിയുടെയും മകനാണു ശ്രീരാമൻ. തിരുവല്ലം ക്രൈസ്റ്റ് നഗർ സ്കൂളിലെയും കൊല്ലം ടികെഎം എൻജിനീയറിങ് കോളജിലെയും പഠനത്തിനു ശേഷം ഐഐടി ബോംബെയിൽ മാസ്റ്റേഴ്സ് ചെയ്യുന്നതിനിടെയാണു കമ്പനി തുടങ്ങിയത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com