ADVERTISEMENT

വാട്‌സാപ്പിലും, ഇന്‍സ്റ്റഗ്രാമിലും തങ്ങളുടെ പേര് രേഖപ്പെടുത്താനുള്ള ഫെയ്‌സ്ബുക്കിന്റെ നീക്കത്തെ 'അവിശ്വസനീയ'മെന്നാണ് ചില ടെക് റിപ്പോര്‍ട്ടുകള്‍ വിശേഷിപ്പിക്കുന്നത്. വാട്‌സാപ്പും ഇന്‍സ്റ്റഗ്രാമും ഫെയ്‌സ്ബുക്ക് വാങ്ങിയ കമ്പനികളാണ്. അവയില്‍ ഉടമയുടെ പേരെഴുതിവയ്ക്കുന്നതിൽ എന്താണ് തെറ്റ്? സംഭവം വലിയ ചർച്ചകൾക്ക് വഴിവച്ചിരിക്കുകയാണ്.

 

എന്താണ് ഫെയ്സ്ബുക്ക് ചെയ്യാനൊരുങ്ങുന്നത്?

 

ഇപ്പോള്‍ ഇന്‍സ്റ്റാഗ്രാം എന്നു കാണുന്ന ചിലയിടങ്ങളില്‍ ഇന്‍സ്റ്റഗ്രാം ഫ്രം ഫെയ്‌സ്ബുക്ക് ('Instagram from Facebook') എന്നെഴുതിവയ്ക്കാനാണ് കമ്പനി തീരുമാനിച്ചിരിക്കുന്നത്. അതുപോലെ, വാട്‌സാപ് ഫ്രം ഫെയ്‌സ്ബുക്ക് എന്നും രേഖപ്പെടുത്തും. ഈ ആപ്പുകളിലേക്ക് ഉപയോക്താക്കൾ സൈന്‍ ഇന്‍ ചെയ്യുമ്പോഴും അല്ലെങ്കില്‍ ഗൂഗിള്‍ പ്ലേ സ്റ്റോറിലും ആപ്പിള്‍ ആപ് സ്റ്റോറിലും ഈ ആപ്പുകള്‍ ഡൗണ്‍ലോഡ് ചെയ്യാനെത്തുമ്പോഴും പുതിയ പേരു കാണാന്‍ തുടങ്ങിയേക്കും. ഈ കമ്പനികള്‍ ഫെയ്‌സ്ബുക്കിന്റേതാണ്. അതുകൊണ്ട് പേരെഴുതി വയ്ക്കുന്നതില്‍ എന്താണ് തെറ്റ്?

 

ഫെയ്‌സ്ബുക്ക് മേധാവി മാര്‍ക്ക് സക്കര്‍ബര്‍ഗിന്റെ കടുംപിടുത്തമാണ് പുതിയ നീക്കത്തിനു പിന്നില്‍. വാട്‌സാപ്പിന്റെയും, ഇന്‍സ്റ്റഗ്രാമിന്റെയും വിജയത്തിന് ഫെയ്‌സ്ബുക്ക് നല്‍കിയ പിന്തുണ ഇതുവരെ അംഗീകരിക്കപ്പെട്ടിട്ടില്ല എന്നതാണ് സക്കര്‍ബര്‍ഗിനെ ചൊടിപ്പിക്കുന്നത്. വാട്‌സാപ്, ഇന്‍സ്റ്റഗ്രാം സേവനങ്ങള്‍ ഫെയ്‌സ്ബുക്കിന്റേതാണെന്നു വ്യക്തമാക്കാനാണ് പുതിയ നീക്കമെന്ന് കമ്പനിയുടെ വക്താവ് പ്രതികരിച്ചു.

 

എന്നാല്‍, ഈ നീക്കം കണ്ട് ചിരിക്കാനാണ് തോന്നുന്നതെന്ന് ചില ടെക് നിരൂപകര്‍ പ്രതികരിക്കുന്നു. കമ്പനിയുടെ 'ബാലനായ' മേധാവിയുടെ തോന്നലാണിത് എന്നാണ് അവരുടെ വിലയരുത്തല്‍. ഫെയ്‌സ്ബുക്ക് വിവിധ കാരണങ്ങളാല്‍ പ്രശ്‌നങ്ങളിലേക്ക് നീങ്ങിക്കൊണ്ടിരിക്കുകയാണ്. ഈ വിവാദങ്ങളൊന്നും ഇന്നുവരെ വാട്‌സാപ്പിനോ, ഇന്‍സ്റ്റഗ്രാമിനോ ലവലേശം ഏറ്റിട്ടില്ല. ആ സാഹചര്യത്തില്‍ അവയിലേക്ക് ശ്രദ്ധ ആകര്‍ഷിക്കുന്ന തരം നീക്കമാണ് ഇപ്പോള്‍ ഉണ്ടായിരിക്കുന്നതെന്നാണ് അവര്‍ വാദിക്കുന്നത്. ആന്റിട്രസ്റ്റ് അന്വേഷണങ്ങള്‍, സ്വകാര്യതയുടെ പ്രശ്‌നങ്ങള്‍, സുരക്ഷാ പ്രശ്‌നങ്ങള്‍, ഇനിയും കണ്ടെത്തിയേക്കാവുന്ന മണ്ടത്തരങ്ങള്‍ തുടങ്ങി നിരവധി പ്രശ്‌നങ്ങളില്‍ പെട്ട് ഉഴലുകയാണ് ഫെയ്‌സ്ബുക്ക്.

 

അതുകൂടാതെ, ഫെയ്‌സ്ബുക്കിന്റേതാണ് വാട്‌സാപും ഇന്‍സ്റ്റഗ്രാമും എന്നറിയാത്ത വളരെയധികം ഉപയോക്താക്കളും കണ്ടേക്കില്ല. അതിനായി ഇത്തരം ഒരു നീക്കം വേണ്ടിയിരുന്നില്ല എന്നാണ് ചില നിരീക്ഷകര്‍ പറയുന്നത്. ആപ്പുകള്‍ തമ്മിലുള്ള ബന്ധം തുറന്നു കാട്ടുന്നത് മൂന്ന് ആപ്പുകള്‍ക്കും നിയമപരമായി ഗുണകരമാകില്ല എന്നും അവര്‍ വാദിക്കുന്നു.

 

സക്കര്‍ബര്‍ഗിന്റെ അഹങ്കാരമോ?

 

വാട്‌സാപ്പിന്റെയും ഇന്‍സ്റ്റഗ്രാമിന്റെയും സ്ഥാപകര്‍, കമ്പനി വിറ്റതിനു ശേഷവും ഫെയ്‌സ്ബുക്കിനൊപ്പം ജോലി ചെയ്തിരുന്നു. അവര്‍ കഴിഞ്ഞവര്‍ഷങ്ങളില്‍ രാജിവച്ചു പുറത്തു പോകുകയായിരുന്നു. ഇത് സക്കര്‍ബര്‍ഗുമായി ഉണ്ടായ ഉരസലുകളെത്തുടര്‍ന്നാണ് എന്ന് ചില അഭ്യൂഹങ്ങളുണ്ട്. എന്തായാലും താന്‍ കാശുമുടക്കി കൊണ്ടു നടക്കുന്ന കമ്പനികള്‍ക്ക് തന്റെ ബാനര്‍ പതിക്കാന്‍ തന്നെയാണ് സക്കര്‍ബര്‍ഗിന്റെ തീരുമാനം.

 

ഇതിനിടെ, വാട്‌സാപ്പും ഇന്‍സ്റ്റഗ്രാമുമടക്കം ഫെയ്‌സ്ബുക്ക് നടത്തിയ ഏറ്റെടുക്കലുകളെക്കുറിച്ച് പഠിക്കാന്‍ അമേരിക്ക സമിതിയെ നിയമിക്കുകയാണ് എന്നും വാര്‍ത്തകളുണ്ട്. ഇതൊന്നും ഒരു തരിമ്പും തന്നെ ബാധിക്കില്ല എന്ന ആത്മവിശ്വാസത്തോടെയാണ് 'ബാല കോടീശ്വരന്‍' നീങ്ങുന്നത്. മൂന്നു ആപ്പുകളും കൂട്ടിയിണക്കാനുള്ള പദ്ധതിയും ഫെയ്‌സ്ബുക്കിനുണ്ട്. ഇതിലൂടെ കൂടുതല്‍ ബിസിനസ് നടത്താനായിരിക്കാം കമ്പനിയുടെ ലക്ഷ്യം എന്നു വാദിക്കുന്നവരും ഉണ്ട്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com