sections
MORE

ആൻഡ്രോയിഡിനെ വെല്ലാൻ വരുന്നു വാവെയുടെ ഹോങ്‌മെങ് ഫോണ്‍! ഗൂഗിളിന് ചങ്കിടിപ്പ്

huawei
SHARE

വിവാദ ചൈനീസ് സമാര്‍ട്ഫോണ്‍ നിര്‍മാതാവ് തങ്ങളുടെ സ്വന്തം ഓപ്പറേറ്റിങ് സിസ്റ്റമായ ഹോങ്‌മെങ് (Hongmeng) ഉപയോഗിച്ചു സൃഷ്ടിച്ച ഫോണ്‍ അധികം താമസിയാതെ വിപണിയിലെത്തിക്കാനൊരുങ്ങുകയാണ്. ആദ്യ ബാച്ച് ഫോണുകള്‍ ഈ വര്‍ഷംതന്നെ മാര്‍ക്കറ്റിലെത്തിക്കാനാണ് വാവെയുടെ ശ്രമം. ഹോങ്‌മെങ് ഒഎസ് ഉള്ള ഫോണിന്റെ ടെസ്റ്റുകള്‍ തുടങ്ങിക്കഴിഞ്ഞു. ലോകത്തെ ഏറ്റവുമധികം പ്രാധാന്യമുള്ള സ്മാര്‍ട്ഫോണ്‍ നിര്‍മാതാക്കളില്‍ ഒരാളായ വാവെയുടെ ഈ നീക്കം പുതിയ യുഗത്തിനു തുടക്കമിടാന്‍ പര്യാപ്തമാണ്. അമ്പേ പരാജയപ്പെടാനും വഴിയുണ്ട്.

പുതിയ ഓപ്പറേറ്റിങ് സിസ്റ്റത്തിന്റെ വരവ് വേഗത്തിലാക്കിയത് അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ട് ട്രംപ് വാവെയ് കമ്പനിക്കെതിരെ ഏര്‍പ്പെടുത്തിയ ഉപരോധമാണ്. സ്വന്തമായി ഓപ്പറേറ്റിങ് സിസ്റ്റം സൃഷ്ടിക്കാനുള്ള ശ്രമം മുമ്പേ ഉണ്ടായിരുന്നുവെങ്കിലും വാവെയ് അത് ത്വരിതപ്പെടുത്താനുള്ളകാരണം ട്രംപ് തന്നെയാണ്. ഈ ഓപ്പറേറ്റിങ് സിസ്റ്റത്തിന്റെ ജയപരാജയങ്ങളും ടെക് വ്യവസായത്തെ മൊത്തത്തിലും സ്മാര്‍ട്ഫോണ്‍ നിര്‍മാണത്തെ പ്രത്യേകിച്ചും ബാധിച്ചേക്കാമെന്നതാണ് ഇത് സവിശേഷ പ്രാധാന്യമുള്ള ഒരു സംഭവമായി മാറുന്നത്. ലോകത്ത് മൂന്നാമതൊരു മൊബൈല്‍ ഓപ്പറേറ്റിങ്സിസ്റ്റത്തിന് സ്ഥാനമില്ല എന്നാണ് മുന്‍ മൈക്രോസോഫ്റ്റ് മേധാവി ബില്‍ ഗെയ്റ്റസ് പ്രസ്താവിച്ചത്. എന്നാല്‍ ഇത് തെറ്റാണെന്നു തെളിഞ്ഞേക്കാം. ചൈന കേന്ദ്രീകൃതമായി വരുന്ന ഓപ്പറേറ്റിങ് സിസ്റ്റം എന്ന നിലയിലും, ആന്‍ഡ്രോയിഡിന് കടുത്ത വെല്ലുവിളിയാകാം. ഹോങ്‌മെങിന്റെ കടന്നു വരവ് ആകാംക്ഷയോടെയാണ് ടെക് ലോകം കാണുന്നത്. സമീപ കാലത്തൊന്നും ഇതുപോലെ ആന്‍ഡ്രോയിഡ് ഉടമ ഗൂഗിളിന്റെ ചങ്കിടിപ്പു കൂട്ടിയിട്ടുള്ള സംഭവങ്ങള്‍ ഉണ്ടായിരിക്കാനിടയില്ല. ഹോങ്‌മെങ് വിജയിച്ചാല്‍ ആന്‍ഡ്രോയിഡിന്റെ പകിട്ടു കുറയുമെന്ന കാര്യത്തില്‍ ആര്‍ക്കും സംശയമില്ല.

ഗൂഗിള്‍ തന്നെ ആന്‍ഡ്രോയിഡ് ഉപേക്ഷിച്ച് ഫ്യൂഷാ എന്നൊരു പുതിയ ഓപ്പറേറ്റിങ് സിസ്റ്റത്തിലേക്കു മാറാന്‍ ശ്രമിക്കുന്ന സമയത്താണ് ഹോങ്മങ് എത്തുന്നത്. പുതിയ ഓപ്പറേറ്റിങ് സിസ്റ്റങ്ങള്‍ക്ക് തുടക്കത്തില്‍ പ്രശ്‌നങ്ങള്‍ കണ്ടേക്കാം. ഇവ ഉപയോക്താക്കളുടെ പ്രതികരണങ്ങളറിഞ്ഞ് കാലക്രമത്തില്‍ പരിഹരിക്കുകയാണ് പതിവ്. ആന്‍ഡ്രോയിഡ് സുഗമമായി പ്രവര്‍ത്തിക്കുന്നുണ്ടെങ്കിലും, ഫ്യൂഷെയലേക്കു മാറുമ്പോൾ ഗൂഗിളിനും ചില പ്രശ്‌നങ്ങള്‍ നേരിട്ടേക്കാം. ചൈനീസ് സ്മാര്‍ട്ഫോണ്‍ നിര്‍മാതാക്കളില്‍ പലരും ഹോങ്‌മെങ് പരീക്ഷിച്ചു നോക്കി കഴിഞ്ഞു എന്നതും ഗൂഗിളിന് നല്ല വാര്‍ത്തയല്ല.

ഹോങ്മങ് എങ്ങനെ അവതരിപ്പിക്കാനാണ് വാവെയ് ശ്രമിക്കുന്നതെന്ന് ഇപ്പോഴും അറിയില്ല. ഗൂഗിള്‍ പ്ലേസ്റ്റോറിലേക്ക് കടക്കാവുന്ന രീതിയിലായിരിക്കാം ഇതിന്റെ നിര്‍മിതി എന്നു ചില അഭ്യൂഹങ്ങളുണ്ട്. ഇത് ഗൂഗിള്‍ ബ്ലോക് ചെയ്യുമോ എന്നതാണ് ഉയരുന്ന ഒരു ചോദ്യം. ലോകത്തെ ഏറ്റവും വലിയ സ്മാര്‍ട്ഫോണ്‍ നിര്‍മാതാവായ സാംസങ് സ്വന്തം ഓപ്പറേറ്റിങ് സിസ്റ്റവുമായി വന്ന് അമ്പേ പരാജയപ്പെട്ടിരുന്നു. വാവെയെ കാത്തിരിക്കുന്നതും അത്തരമൊരു വിധിയായിരിക്കുമോ എന്നാണ് ടെക് പ്രേമികൾ ഉറ്റു നോക്കുന്ന കാര്യം. വിന്‍ഡോസ് മൊബൈല്‍പ്ലാറ്റ്‌ഫോമില്‍ ഒരു യൂട്യൂബ് ആപ്പ് ഇടുന്നതില്‍ പോലും ഗൂഗിള്‍ ഇടങ്കോലിട്ടിരുന്നു എന്നോര്‍ക്കുക. ഗൂഗിളിന്റെ സേവനങ്ങളായ യൂട്യൂബ്, മാപ്‌സ്, ക്രോം ബ്രൗസര്‍, പ്ലേ സ്റ്റോര്‍ തുടങ്ങിയവ ഹോങ്‌മെങില്‍ എങ്ങനെ സന്നിവേശിപ്പിക്കും എന്നതായിരിക്കും വാവെയ് നേരിടുന്ന പ്രധാനവെല്ലുവിളികളില്‍ ഒന്ന്.

പുതിയ ഓപ്പറേറ്റിങ് സിസ്റ്റത്തെക്കുറിച്ചുള്ള വിശദാംശങ്ങളൊന്നും പുറത്തെത്തിയിട്ടില്ല. എന്നാല്‍, ഗൂഗിളിനും ആപ്പിളിനുമിടയില്‍ വാവെയ് സ്വന്തം സ്ഥാനം ഉറപ്പിച്ചാല്‍ അദ്ഭുതപ്പെടേണ്ട എന്നാണ് ചിലര്‍ വാദിക്കുന്നത്. തങ്ങള്‍ക്ക് ഹോങ്‌മെങ് ഒരു ദീര്‍ഘകാല പദ്ധതിയുടെ ഭാഗമാണെന്ന് വാവെയ് പ്രതികരിച്ചിരുന്നു. എന്നാല്‍, ഗൂഗിളിനെ പിണക്കി മുന്നേറാനാവില്ല എന്ന കാര്യം പകല്‍പോലെ വാവെയ്ക്കു വ്യക്തമാണ്. അവരിറക്കാന്‍ പോകുന്ന ആദ്യ ഹോങ്‌മെങ് ഫോണിന് ഏകദേശം 300 ഡോളറായിരിക്കും വില എന്നാണ് കേള്‍ക്കുന്നത്. ഇതു വിജയിക്കുകയാണെങ്കില്‍ തങ്ങളുടെ തുടക്കഫോണുകള്‍ ഹോങ്‌മെങിലേക്കു മാറ്റിയേക്കും. പക്ഷേ, പി സീരിസ്, മെയ്റ്റ് സീരിസ് തുടങ്ങിയവയടക്കം ചില വില കൂടിയ ഹാന്‍ഡ്‌സെറ്റുകള്‍ ആന്‍ഡ്രോയിഡില്‍ തന്നെ നില നിര്‍ത്തുകയും ചെയ്യും. ചൈനീസ് ഓപ്പറേറ്റിങ് സിസ്റ്റത്തിന് എത് രാജ്യങ്ങൾ സ്വാഗതമരുളും എന്നതും കണ്ടറിയേണ്ട കാര്യമായിരിക്കും.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN TECHNOLOGY NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA