ADVERTISEMENT

ഒരു വിചിത്രമായ ഒരു പരസ്യം. ഇത് തലപൊക്കിയതാകട്ടെ പാക്കിസ്ഥാന്റെ ഫാത്തിമ ജിന്ന വിമെന്‍ യൂണിവേഴ്‌സിറ്റിയുടെ (Fatima Jinnah Women University) വെബ്‌സൈറ്റിൽ. ഉദ്യോഗാര്‍ത്ഥിക്കു വേണ്ട യോഗ്യതകള്‍ വായിക്കുമ്പോഴാണ് തേന്‍കെണിയൊരുക്കാനുള്ള ശ്രമമാണ് പരസ്യത്തിൽ മൂലതന്തുവെന്ന് മനസിലാകുക.

വെര്‍ച്വല്‍ സമൂഹങ്ങളും നെറ്റ്‌വര്‍ക്ക് ഉപയോക്താക്കളുമായും ഇടപഴകാനും ആകര്‍ഷിക്കാനും സേനയുടെ കീഴിലുള്ള മാധ്യമ സ്ഥാപനത്തിന് ഒരു സോഷ്യല്‍ മീഡിയ സ്‌പെഷ്യലിസ്റ്റിനെ (സ്ത്രീ) ആവശ്യമുണ്ട്, എന്നാണ് പരസ്യം. ഇതേക്കുറിച്ച് കൂടുതല്‍ അന്വേഷിച്ചപ്പോഴാണ് യഥാര്‍ഥ വിവരങ്ങള്‍ മനസിലാകുന്നത്. ഫാത്തിമാ ജിന്നാ വിമെന്‍സ് യൂണിവേഴ്‌സിറ്റിക്ക് ശരിക്കും അങ്ങനെ ഒരാളെ വേണം. തങ്ങളുടെ ഔദ്യോഗിക വെബ്‌സൈറ്റിലും ഈ പരസ്യം പതിച്ചിട്ടുണ്ട്.

പരസ്യത്തില്‍ പറയുന്ന രണ്ടു കാര്യങ്ങളാണ് ഏവരുടെയും ശ്രദ്ധയാകര്‍ഷിക്കുന്നത്.

1. പാക്കിസ്ഥാന്‍ സേനയ്ക്ക് ഒരു മാധ്യമ സ്ഥാപനം തന്നെയുണ്ട്.

2. അവര്‍ക്ക് വെര്‍ച്വല്‍ സമൂഹങ്ങളും നെറ്റ്‌വര്‍ക്ക് ഉപയോക്താക്കളുമായി ഇടപഴകാനും ആകര്‍ഷിക്കാനും ഒരു സോഷ്യല്‍ മീഡിയ സ്‌പെഷ്യലിസ്റ്റിനെ ആവശ്യമുണ്ട്.

പരസ്യത്തിലെ മറ്റു വിശദാംശങ്ങളില്‍ അസാധാരണമായി ഒന്നുമില്ല എന്നും കാണാം. എന്നാല്‍, സേനയ്ക്ക് ഒരു മാധ്യമ സ്ഥാപനം ഉണ്ടെന്നു കേള്‍ക്കുന്നതു തന്നെ ആരിലും ജിജ്ഞാസയുണര്‍ത്താന്‍ പോന്നതാണ്. ഒരു രാജ്യത്തിന്റെ സൈന്യം മാധ്യമ സ്ഥാപനം നടത്തുന്നു. എന്തായാലും പാക്കിസ്ഥാന്‍ സേന രാജ്യത്തിനു വേണ്ടി പോരാടുന്നതു കൂടാതെ മറ്റു പല പ്രവൃത്തികളിലും ഏര്‍പ്പെടുന്നു എന്നറിയുന്നതും രസകരമാണ്. പാക്കിസ്ഥാന്‍ സേനയ്ക്ക് ബില്ല്യന്‍ കണക്കിനു ഡോളര്‍ കൈമറിയുന്ന വാണിജ്യപരമായ പല താത്പര്യങ്ങളും ഉണ്ട്. മാധ്യമ സ്ഥാപനം നടത്തല്‍ മുതല്‍ പ്രഭാത ഭക്ഷണത്തിനുള്ള ധാന്യ ഇടപാടു വരെ എന്നു നേരത്തെ വെളിപ്പെട്ട കാര്യമാണ്.

തേന്‍കെണിയൊരുക്കുന്ന കാര്യത്തില്‍ പാക്കിസ്ഥാന്റെ ചരിത്രം തന്നെ ഒന്നു വേറിട്ടതാണ്. അത്, ഈ പരസ്യം നല്‍കിയതിലൂടെ ഒരിക്കല്‍ കൂടെ വെളിപ്പെടുന്നു. പരസ്യത്തിലെ പ്രധാന വാക്കുകളെല്ലാം തേന്‍ കെണിയിലേക്ക് വിരല്‍ ചൂണ്ടുന്നു.

തേന്‍കെണി അഥവാ ഹണീ ട്രാപ്പിങ്

ഒരു രാജ്യം തങ്ങളുടെ ശത്രു രാജ്യത്തിന്റെ സൈനികോദ്യോഗസ്ഥരെ, സാമൂഹ്യ മാധ്യമങ്ങളിലെ വ്യാജ അക്കൗണ്ടുകളോ, സ്ത്രീകളുടെ അക്കൗണ്ടുകളോ ഉപയോഗിച്ച് വീഴിക്കുന്ന പരിപാടിക്കാണ് ഹണീ ട്രാപ്പിങ് എന്നു വിളിക്കുന്നത്. പലപ്പോഴും ഒരു ബന്ധത്തിലേക്കു വരെ ആകര്‍ഷിച്ചാനയിക്കാറുണ്ട്. അതിനു ശേഷം സൂക്ഷ്മതയോടെ രഹസ്യ വിവരങ്ങള്‍ ചോര്‍ത്തിയെടുക്കാന്‍ ശ്രമിക്കും.

കുടുങ്ങിയ സൈനികർ

അടുത്ത കാലത്ത് ഇന്ത്യയുടെ ജവാന്‍ രവീന്ദര്‍ കുമാര്‍ ജാദവിനെ അറസ്റ്റു ചെയ്തത് പാക്കിസ്ഥാന്റെ ചാര സംഘടനയായ ഇന്റര്‍ സര്‍വീസസ് ഇന്റലിജന്‍സ്, അഥവാ ഐഎസ്‌ഐക്ക് (Inter-Services Intelligence (ISI) വിവരങ്ങള്‍ ചോര്‍ത്തി നല്‍കിയതിനാണ്. ഇന്ത്യന്‍ സേനയുടെ നേഴ്‌സിങ് വിഭാഗത്തിലെ ക്യാപ്റ്റനാണെന്നു സ്വയം പരിചയപ്പെടുത്തിയ സ്ത്രീയാണ് തേന്‍ കെണിയില്‍ വീഴിച്ചത് എന്നാണ് വിശ്വസിക്കപ്പെടുന്നത്. ജാദവിനെ വീഴിച്ച സ്ത്രീ ഐഎസ്‌ഐ ഏജന്റാണെന്നും അവര്‍ കുറഞ്ഞത്, രണ്ട് ഇന്ത്യന്‍ സൈനികോദ്യോഗസ്ഥരെക്കൂടി കഴിഞ്ഞ 15 മാസത്തിനുള്ളില്‍ തേന്‍ കെണിയില്‍വീഴ്ത്തി എന്നും കരുതുന്നു.

ഇതിനെക്കുറിച്ചുള്ള അന്വേഷണം കണ്ടെത്തിയ വിവരങ്ങള്‍ പ്രകാരം ഈ സ്ത്രീ വ്യാജ ഫെയ്‌സ്ബുക്ക് പ്രൊഫൈലിലൂടെ ഈ പുരുഷന്മാരെ സമീപിക്കുകയായിരുന്നു എന്നാണ്. ഈ സ്ത്രീ ഒരു ഇന്ത്യന്‍ ഫോണ്‍ നമ്പറാണ് അവരുടെ വാട്‌സാപ് സന്ദേശങ്ങള്‍ക്കായി ഉപയോഗിച്ചത് എന്നും കണ്ടെത്തിയിട്ടുണ്ട്. അടുത്തിടെ പാക്ക് സേനയ്ക്ക് രഹസ്യ വിവരങ്ങള്‍ കൈമാറിയ 100 പേരെ ഇന്ത്യന്‍ സൈന്യം കണ്ടെത്തിയിട്ടുണ്ട്. ഇവരെല്ലാം തേന്‍ കെണിയില്‍ വീണവരാണ് എന്നാണ് പറയുന്നത്. അവരെയല്ലാം ഇപ്പോള്‍ കര്‍ശന നിരീക്ഷണത്തില്‍ വച്ചിരിക്കുകയാണ്.

മുന്നറിയിപ്പ്

ഇന്ത്യന്‍ സൈനികോദ്യോസ്ഥരെ വളയ്ക്കാനായി ചില നീക്കങ്ങള്‍ സജീവമായി നടക്കുന്നുണ്ടെന്ന് സൈന്യം മനസിലാക്കുന്നു. യൂണിഫോമണിഞ്ഞ ഉദ്യോഗസ്ഥരെ കുരുക്കി രഹസ്യങ്ങള്‍ ചോര്‍ത്താനുള്ള വന്‍ ഗൂഢാലോചനയുടെ ഫലമാണിത് എന്നും സേന കരുതുന്നു. ആര്‍മി ചീഫ് ജനറല്‍ ബിപിന്‍ റാവത്ത് സൈനികോദ്യോഗസ്ഥകരോട് വാട്‌സാപ് ഉപേക്ഷിക്കാന്‍ ആവശ്യപ്പെട്ടത് ഇതുമായി കൂട്ടിവായിക്കാം. ഐഎസ്‌ഐയുമായി ബന്ധപ്പെട്ട ഒരു സ്ത്രീ വാട്‌സാപ്പിലൂടെ തേന്‍കെണിയൊരുക്കുന്നു എന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു. അതിനാലാണ് സാമുഹ്യ മാധ്യമങ്ങള്‍ ഉപയോഗിക്കുന്ന കാര്യത്തില്‍ വിലക്കുകൾ വരുന്നത്.

ഈ പശ്ചാത്തലത്തില്‍ നോക്കിയാല്‍ ഫാത്തിമാ ജിന്നാ വിമന്‍ യൂണിവേഴ്‌സിറ്റിയുടെ പരസ്യം വെറും തമാശയല്ല എന്നു മനസിലാകും.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com