ADVERTISEMENT
മൈക്രോസോഫ്റ്റ് ക്ലൗഡ് (Microsoft Azure) പ്ലാറ്റ്‌ഫോമുമായി തങ്ങള്‍ കൂട്ടുകെട്ടിലേര്‍പ്പെടുകയാണ് എന്ന റിലയന്‍സ് ഇന്‍ഡ്‌സ്ട്രീസിന്റെ പ്രസ്താവിച്ചതോടെ ഇന്ത്യന്‍ ടെക്‌നോളജി മേഖലയ്ക്ക് പുത്തനുണര്‍വു വന്നിരിക്കുകയാണ്. ഏഷ്യയിലെ ഏറ്റവും വലിയധനികനെന്നു ഫോബ്‌സ് വിലയിരുത്തുന്ന (46.2 ബില്ല്യന്‍  ഡോളര്‍ ആസ്തി) മുകേഷ് അംബാനിയുടെ അധീനതയിലുള്ള റിലയന്‍സും ജിയോയും നേതൃത്വം നല്‍കാന്‍ പോകുന്നത് ഒരു വന്‍ ടെക് വിപ്ലവത്തിനാകാം. ജിയോയെ ഒരു ടെക്‌നോളജി പ്ലാറ്റ്‌ഫോം എന്നാണ് അധികാരികള്‍ ആദ്യം മുതൽക്കേ വിശേഷിപ്പിച്ചിരുന്നത്. ഇന്ത്യയ്ക്കു വേണ്ട തനതു ടെക്‌നോളജി പ്രക്രിയകള്‍ ഇവിടെ തന്നെ വികസിപ്പിച്ചെടുക്കുക എന്നതായിരിക്കും കമ്പനിയുടെ ലക്ഷ്യം.

ലോകമെമ്പാടും ഡേറ്റ സെന്ററുകൾ തുറക്കുമോ?

മൈക്രോസോഫ്റ്റിനോടൊത്തു ചേര്‍ന്ന് ക്ലൗഡ് സേവനങ്ങള്‍ ഇന്ത്യയില്‍ അംബാനി അവതരിപ്പിക്കുമ്പോള്‍ അദ്ദേഹത്തിന് പല ലക്ഷ്യങ്ങളുണ്ട്. രാജ്യമെമ്പാടും ഡേറ്റാ സെന്ററുകള്‍ തുറക്കുക എന്നതായിരിക്കും അതില്‍ മുഖ്യം. ഇവ മൈക്രോസോഫ്റ്റിന്റെ ക്ലൗഡിലായിരിക്കും ഹോസ്റ്റു ചെയ്യുക. വെബ്‌സൈറ്റുകള്‍ക്ക് ഈ ക്ലൗഡ് സേവനം പ്രയോജനപ്പെടുത്താം. ക്ലൗഡില്‍ ഡേറ്റാ സംഭരിക്കാനാഗ്രഹിക്കുന്നവര്‍ക്കും ഇതു പ്രയോജനപ്പെടുത്താം. രാജ്യത്ത് നിലവില്‍ ഈ മേഖലിയില്‍ മുന്നില്‍ നില്‍ക്കുന്നത് ആമസോണ്‍ ക്ലൗഡ് സര്‍വീസസ് ആണ്. ടെലികോം മേഖലയെ അംബാനി കുലുക്കി മറിക്കാൻ തുടങ്ങിയത് 2016 അവസാനമാണ്. ഈ ചെറിയ കാലയളവിനുള്ളില്‍ വന്നിരിക്കുന്ന മാറ്റം ആര്‍ക്കും കാണാവുന്നതാണ്. അംബാനി ഇറങ്ങുന്നതിനു മുമ്പ് പത്തിലേറെ സേവനദാതാക്കളായിരുന്നു ഇന്ത്യന്‍ ടെലികോം മേഖലയിലുണ്ടായിരുന്നത്. പലരും പൂട്ടിപ്പോയി. ക്ലൗഡ് സേവന മേഖലയിലേക്ക് അംബാനി ഇറങ്ങുമ്പോള്‍ ആമസോണും ഗൂഗിളും വില കുറഞ്ഞ പ്ലാനുകളുമായി എത്തിയില്ലെങ്കില്‍ അവര്‍ക്കും നിലനില്‍പ്പുണ്ടാവില്ല എന്നാണ് വിദഗ്ധര്‍ പറയുന്നത്.

സ്റ്റാര്‍ട്-അപ്പുകള്‍ അംബാനിക്കു കീഴിലേക്കു വന്നേക്കും

റിലയന്‍സ്-മൈക്രോസോഫ്റ്റ് കൂട്ടികെട്ടിലൂടെ ഇന്ത്യയുടെ സ്റ്റാര്‍ട്-അപ്പുകളെ തങ്ങളുടെ കുടക്കീഴിലാക്കുക എന്ന ലക്ഷ്യം അംബാനിക്കുണ്ട്. ഇന്റര്‍നെറ്റ് കേന്ദ്രീകൃത ഉപകരണങ്ങളും ബ്രോഡ്ബാന്‍ഡ് സേവനങ്ങളും വിനോദ വ്യവസായത്തിലുള്ള താൽപര്യവും ക്ലൗഡ് സേവനങ്ങൾ നല്‍കാനുള്ള തീരുമാനവും ഒരുമിപ്പിക്കുമ്പോള്‍ റിലയൻസ് വൻകമ്പനികൾക്ക് ഭീഷണിയാകും. ഇരു കമ്പനികളുമൊത്തു നടത്താന്‍ പോകുന്ന നീക്കത്തെക്കുറിച്ച് മൈക്രോസോഫ്റ്റിന്റെ ഇന്ത്യന്‍ വംശജനായ മേധാവി സത്യ നഡേലയും ശുഭാപ്തിവിശ്വാസം പ്രകടിപ്പിച്ചു.

വില യുദ്ധം

സ്റ്റാര്‍ട്-അപ്പുകള്‍ക്ക് ഇന്റര്‍നെറ്റ് കണക്ടിവിറ്റിക്കും അടിസ്ഥാന സൗകര്യങ്ങള്‍ പ്രയോജനപ്പെടുത്തുന്നതിനുമായി പ്രതിമാസം നല്‍കേണ്ടത് കേവലം 1500 രൂപയാണ്. ഡേറ്റയുടെ കാര്യത്തില്‍ സംഭവിച്ചതുപോലെ വില തറപറ്റുകയാണിവിടെ. ആമസോണിന്റെയും ഗൂഗിളിന്റെയും സേവനങ്ങള്‍ക്ക് ഇതിന്റെ പലമടങ്ങ് പൈസ നല്‍കണം എന്നതാണ് ജിയോയുടെ പ്ലാന്‍ ആകര്‍ഷകമാക്കുന്നത്. ഇന്ത്യയുടെ ക്ലൗഡ് മാര്‍ക്കറ്റിന്റെ വളര്‍ച്ച പ്രതിവര്‍ഷം 23 ശതമാനം വച്ചായിരിക്കുമെന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്. അടുത്ത അഞ്ചു കൊല്ലത്തിനിടയില്‍ ഇത് പ്രതിവര്‍ഷം 5.6 ബില്ല്യൻ ഡോളറാകുമെന്നാണ് പ്രതീക്ഷ.

തങ്ങള്‍ക്കു നേരിട്ടിരിക്കുന്ന വെല്ലുവിളിയെക്കുറിച്ച് തങ്ങള്‍ പ്രതികരിക്കുന്നില്ലെന്ന് ആമസോണ്‍ പറഞ്ഞു. ഗൂഗിളാകട്ടെ ഉടനടി മറുപടി നല്‍കിയുമില്ല. ഇന്ത്യയില്‍ ക്ലൗഡ് സേവനങ്ങള്‍ ഉപയോഗിക്കുന്ന കമ്പനികള്‍ പറയുന്നത് തങ്ങള്‍ പുതിയ സാഹചര്യത്തെക്കുറിച്ച് പഠിച്ച് ഉചിതമായ നടപടി സ്വീകരിക്കുമെന്നാണ്. പലരും ആമസോണ്‍ ക്ലൗഡ് സേവനങ്ങള്‍ ഉപയോഗിക്കുന്നവരാണ്. വില നോക്കി പ്രതികരിക്കുന്ന മാര്‍ക്കറ്റുകളിലൊന്നാണ് ഇന്ത്യ. അതിനാല്‍ അംബാനിയുടെ നീക്കം വിജയം കാണുമെന്നു തന്നെയാണ് ആദ്യ സൂചനകള്‍.

ഇന്ത്യ സ്വന്തം ഡേറ്റാ സ്വകാര്യതാ നിയമങ്ങള്‍ നടപ്പാക്കാനൊരുങ്ങവെയാണ് റിലയന്‍സിന്റെ നീക്കമെന്നതും പ്രത്യേകം ശ്രദ്ധിക്കേണ്ട കാര്യമാണ്. ഉപയോക്താക്കളുടെ ഡേറ്റ ഇന്ത്യയില്‍ തന്നെ സൂക്ഷിക്കണം എന്നു നിഷ്‌കര്‍ഷിക്കുന്നതാണ് വരുന്ന നിയമങ്ങള്‍ എന്ന് കരടു രേഖകള്‍കാണിച്ചു തരുന്നു. ഇത് ആമസോണിനും മറ്റും കാര്യങ്ങള്‍ കൂടുതല്‍ വിഷമകരമാക്കും. രാജ്യത്ത് വെബ് സേവനങ്ങള്‍ അതിവേഗം വളരുകയുമാണ്.

റിസേര്‍വ് ബാങ്ക്, മാസ്റ്റര്‍കാര്‍ഡിനോടും, വീസാ കാര്‍ഡിനോടും ഉപയോക്താക്കളുടെ ഡേറ്റാ ഇന്ത്യയില്‍ മാത്രമേ സൂക്ഷിക്കാവൂ എന്ന് ആവശ്യപ്പെട്ടു കഴിഞ്ഞു. കമ്പനികളെല്ലാം തന്നെ റിലയന്‍സിന്റെ ക്ലൗഡ് സേവനം എടുക്കാനുള്ള സാധ്യതയാണ് കാണുന്നത് എന്നാണ് ആദ്യ സൂചന. പത്തുവര്‍ഷത്തേക്കായിരിക്കും മൈക്രോസോഫ്റ്റ്-റിലയന്‍സ് ധാരണ.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com