ADVERTISEMENT

മുൻനിര ഓണ്‍ലൈന്‍ വില്‍പനശാലയായ ആമോസണിന്റെ ലോകത്തെ ഏറ്റവും വലിയ ഓഫിസ് ഹൈദരാബാദില്‍ പ്രവര്‍ത്തനമാരംഭിച്ചു. അമേരിക്കയ്ക്കു വെളിയില്‍ ആമസോണ്‍ സ്ഥാപിച്ച ഏക ക്യാംപസ് എന്ന ഖ്യാതിയും ഇതിനാണ്. ആമസോണിന്റെ കീഴിലുള്ള ഏറ്റവും വലിയ കെട്ടിടത്തിലാണിത്. ഇത് കമ്പനി എത്ര ഗൗരവമായാണ് ഇന്ത്യന്‍ വിപണിയെ കാണുന്നതെന്നതിനുള്ള ഏറ്റവും വലിയ തെളിവാണ്. ഹൈദരാബാദിന്റെ ഫൈനാന്‍ഷ്യല്‍ ഡിസ്ട്രിക്ടിലാണ് ക്യാംപസ്  സ്ഥാപിച്ചിരിക്കുന്നത്. ഇവിടെ 15,000ത്തിലേറെ ജോലിക്കാരാണുള്ളത്. ആമസോണിന്റെ ലോകത്തെ ഏറ്റവും വലിയ ഓഫിസിനെക്കുറിച്ചുള്ള ചില വിവരങ്ങള്‍ ഇതാ:

 

ആമസോണ്‍ ഈ കെട്ടിടത്തിന് തറക്കല്ലിട്ടത് 2016 മാര്‍ച്ച് 30നാണ്. അതായത് ആമസോണ്‍ ക്യാംപസ് എന്ന് അറിയപ്പെടുന്ന കെട്ടിടം നിര്‍മിക്കാന്‍ മൂന്നു വര്‍ഷമെടുത്തു. കെട്ടിടത്തിന്റെ പണി നടക്കുന്ന സമയത്ത് ഏകദേശം 2,000 പേര്‍ ഓരോ ദിവസവും സൈറ്റില്‍ ഉണ്ടായിരുന്നു. ഇത് 39 മാസക്കാലം തുടര്‍ന്നു. ജോലിക്കാരുടെ എണ്ണവും ഓരോരുത്തരുടെയും സേവന സമയവും പരിഗണിച്ചാല്‍ ഈ കെട്ടിടം നിര്‍മിക്കാന്‍ 18 ദശലക്ഷം മണിക്കൂറുകള്‍ ചിലവിട്ടതായി പറയുന്നു.

 

കെട്ടിടത്തിന്റെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ നടന്നിരിക്കുന്നത് 68 ഏക്കറിലാണ്. ഇതാകട്ടെ 68 ഫുട്‌ബോള്‍ കോര്‍ട്ടുകളുടെ വലുപ്പം വരുമെന്നു പറയുന്നു. ഓഫിസ് കെട്ടിടം 9.5 ഏക്കറിലാണെന്നു പറയുന്നു. ആമസോണിന്റെ പരിപൂര്‍ണ്ണ ഉടമസ്ഥതിയിലുള്ള ലോകത്തെ ഏറ്റവും വലിയ ഓഫിസ് എന്നാണ് ഇതിനെ വിശേഷിപ്പിക്കുന്നത്.

 

കെട്ടിടത്തിന്റെ 18-ലക്ഷം ചതുരശ്ര അടി സ്ഥലത്ത് 15,000 പണി കേന്ദ്രങ്ങള്‍ (work stations) ഉണ്ട്. കെട്ടിടത്തിന്റെ മൊത്തം വിസ്തീര്‍ണ്ണം 30 ലക്ഷം ചതുരശ്ര അടിയാണ്.

 

മൊത്തം വിസ്തീര്‍ണ്ണം പരിഗണിക്കുമ്പോഴാണ് ഇത് ആമോസോണിന്റെ ലോകത്തെ ഏറ്റവും വലിയ കെട്ടിടമായി തീരുന്നത്. ഉപയോഗിച്ച ഇരുമ്പിന്റെ ഭാരം പരിഗണിച്ചാല്‍ ഈഫല്‍ ടവറിന്റെ നിര്‍മാണത്തിന് വേണ്ടിവന്നതിന്റെ 2.5 ഇരട്ടിയാണെന്നാണ് കണക്കുകള്‍ പറയുന്നത്. 

 

സെക്കന്‍ഡില്‍ ഒരു ഫ്‌ളോര്‍ എന്ന കണക്കില്‍ നീങ്ങുന്ന 49 എലവേറ്ററുകളാണ് കെട്ടിടത്തിലുള്ളത്. ഏതു സമയത്തും എലവേറ്ററുകള്‍ക്ക് 972 ആളുകളെ ഒരേ സമയം കെട്ടിടത്തിലെ 290 കോണ്‍ഫറന്‍സ് ഹോളുകളില്‍ എത്തിക്കാനാകും. 

ആമസോണിന്റെ പുതിയ ക്യാംപസിനുള്ളില്‍ 300 മരങ്ങള്‍ ഉണ്ട്. 8.5 ലക്ഷം ലിറ്റര്‍ വെള്ളം റീസൈക്കിൾ ചെയ്യാനുള്ള സംവിധാനവും ഒരുക്കിയിരിക്കുന്നു. ക്യാംപസിനുള്ളില്‍ ഹെലിപാഡും ദിവസം മുഴുവന്‍ തുറന്നിരിക്കുന്ന കഫെറ്റീരിയയും ഉണ്ട്.

 

പണിയിടങ്ങള്‍ കൂടാതെ വിവിധ മതക്കാര്‍ക്കുള്ള പ്രാര്‍ഥനാ മുറികളും നിശബ്ദമായിരിക്കാനുള്ള ഇടങ്ങളും അമ്മമാര്‍ക്കുള്ള മുറികളും കുളിമുറികളും സജ്ജീകരിച്ചിരിക്കുന്നു. ക്യാംപസില്‍ ആദ്യ ദിവസം പണിക്കെത്തുന്നവരെ സഹായിക്കാനായി ഇന്‍സൈഡ് ഡേ-1 സ്‌കില്‍ (Inside Day 1 Skill) എന്നൊരു ടൂളുമുണ്ട്. ആമസോണിന്റെ വോയ്‌സ് അസിസ്റ്റന്റ് അലക്‌സ പുതിയ ജോലിക്കാര്‍്ക്ക് കമ്പനിയെക്കുറിച്ചും ഹൈദരാബാദിലെ പുതിയ ഓഫസിനെക്കുറിച്ചുമുള്ള വിവിധ കാര്യങ്ങള്‍ ഇതിലൂടെ മനസിലാക്കിക്കൊടുക്കും.

 

ആമസോണിന് നിലവില്‍ 62,000 ജോലിക്കാരാണ് ഇന്ത്യയിലുള്ളത്. ഇവരെക്കൂടാതെ 155,000 കരാര്‍ തൊഴിലാളികളും ഉണ്ട്. കമ്പനിക്ക് അമേരിക്കയ്ക്കു വെളിയിലുള്ള ഏറ്റവും വലിയ തൊഴിലാളി സംഘം ഇന്ത്യയിലാണ്. ഏകദേശം 60 കോടി ഇന്റര്‍നെറ്റ് ഉപയോക്താക്കള്‍ ഇപ്പോള്‍ത്തന്നെ ഇന്ത്യയില്‍ ഉണ്ടെന്നാണ് കണക്കുകള്‍ പറയുന്നത്. രാജ്യത്തെ ഇ-കൊമേഴ്‌സ് വിപണി പത്തു വര്‍ഷത്തിനുള്ളില്‍ ഏകദേശം 200 ബില്ല്യന്‍ മൂല്ല്യമുള്ളതാകുമെന്നു കരുതുന്നു. 2004ല്‍ ആണ് ആമസോണ്‍ ഇന്ത്യയില്‍ ആദ്യമായി കാലുകുത്തുന്നത്. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com