ADVERTISEMENT

കുട്ടികൾക്കു മാത്രമായി ഗൂഗിൾ അവതരിപ്പിച്ച യു ട്യൂബ് കിഡ്സ് ആപ്പ് വെബ്സൈറ്റ് രൂപത്തിലും. യു ട്യൂബിൽ പേരന്റൽ കൺട്രോൾ സംവിധാനങ്ങൾ നേരത്തെയുണ്ടെങ്കിലും കുട്ടികൾക്ക് അനുയോജ്യമല്ലാത്ത ഉള്ളടക്കം വ്യാപകമായതോടെയാണു ഫോണുകൾക്കായി യു ട്യൂബ് കിഡ്സ് ആപ്പ് അവതരിപ്പിച്ചത്. 

 

കംപ്യൂട്ടറിൽ നിന്നു യു ട്യൂബ് കാണുന്ന കുട്ടികൾക്ക് ഈ സംരക്ഷണവും രക്ഷിതാക്കളുടെ നിരീക്ഷണവും അപ്പോഴും ലഭിച്ചിരുന്നില്ല. പുതിയ യു ട്യൂബ് കിഡ്സ് വെബ്സൈറ്റ് വഴി കുട്ടികൾക്കു മാത്രമായുള്ള സുരക്ഷിതമായ വിഡിയോകൾ ലഭിക്കും. യു ട്യൂബിലെ ലോഗിൻ സൗകര്യം തൽക്കാലം യു ട്യൂബ് കിഡ്സിൽ ഇല്ല. 

 

യു ട്യൂബ് കിഡ്സ് വഴി വിഡിയോ കാണുന്ന കുട്ടിയുടെ പ്രായം ക്രമീകരിക്കാനും കുട്ടി കണ്ട വിഡിയോകൾ എന്തൊക്കെയാണെന്നു പിന്നീട് നിരീക്ഷിക്കാനും ഒഴിവാക്കേണ്ടത് ഗൂഗിളിനു റിപ്പോർട്ട് ചെയ്യാനുമൊക്കെ സൗകര്യമുണ്ട്. കുട്ടികൾക്കു തന്നെ യു ട്യൂബ് കിഡ്സ് ഉപയോഗിച്ചു തുടങ്ങാനാവില്ല. രക്ഷിതാക്കളുടെ സാന്നിധ്യം ആവശ്യമാണ്. വിലാസം:  youtubekids.com

 

പഠനവിഡിയോകളിൽ പണംമുടക്കാൻ യു ട്യൂബ്

 

പഠനവിഡിയോകൾ നിർമിക്കുന്ന ചാനലുകളിൽ പണം നിക്ഷേപിക്കാൻ യു ട്യൂബ് ഇന്ത്യ. പ്രാദേശിക ഭാഷകളിലുള്ള പഠനവിഡിയോകൾ പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായാണ് അത്തരം വിഡിയോകൾ നിർമിക്കുന്ന ഇന്ത്യൻ യു ട്യൂബ് ചാനലുകളിൽ കമ്പനി നിക്ഷേപം നടത്തുന്നത്. പ്രാദേശികഭാഷകളിലുള്ള ഉന്നതനിലവാരമുള്ള വിദ്യാഭ്യാസ വിഡിയോ നിർമാതാക്കൾക്കാണു ഫണ്ടിങ്. 

 

ചെറുപട്ടണങ്ങളിൽ നിന്നും ഗ്രാമങ്ങളിൽ നിന്നും യു ട്യൂബിൽ സന്ദർശകരേറുന്ന സാഹചര്യത്തിലാണ് അവരെ തൃപ്തിപ്പെടുത്തും വിധത്തിലുള്ള വിഡിയോകൾ യു ട്യൂബിലെത്തിക്കാൻ കമ്പനി മുൻകൈ എടുക്കുന്നത്. യു ട്യൂബ് ലേണിങ് ഫണ്ട് എന്ന പേരിലാണു വിദ്യാഭ്യാസ വിഡിയോ നിർമാതാക്കൾക്കു പണം നൽകുന്നത്.

 

ആദ്യ ഘട്ടത്തിൽ എട്ടു ചാനലുകളിലാണ് യു ട്യൂബ് നിക്ഷേപം നടത്തിയിരിക്കുന്നത്. എക്സാം ഫിയർ എജ്യുക്കേഷൻ ഹിന്ദി, ലേൺ എൻജിനീയറിങ്, ഡോൺട് മെമ്മറൈസ്, സ്റ്റഡി ഐക്യു എജ്യുക്കേഷൻ, ദ് ആർട് ഓഫ് സയൻസ്, ലേണെക്സ് ഇംഗ്ലിഷ് ലെസൺസ് ത്രു ഹിന്ദി, ഗെറ്റ്സെറ്റ് ഫ്ലൈ സയൻസ്, ലെറ്റ്സ് മേക്ക് എൻജിനീയറിങ് സിംപിൾ എന്നീ യു ട്യൂബ് ചാനലുകൾക്കാണ് ആദ്യഘട്ട ഫണ്ടിങ് ലഭിച്ചിരിക്കുന്നത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com