ADVERTISEMENT

രാജ്യാന്തര തലത്തിൽ ഓൺലൈൻ ടാക്സി സർവീസ് നടത്തുന്ന ഊബറിന്റെ തെറ്റുതിരുത്തി ഇന്ത്യന്‍ ഹാക്കർ വീണ്ടും ശ്രദ്ധേയമായി. ഊബര്‍ ആപ്പിലെ വലിയൊരു തെറ്റുതിരുത്തിയാണ് ഇന്ത്യൻ ഹാക്കർ ആനന്ദ് പ്രകാശ് വാർത്തകളിൽ വീണ്ടും ഇടംപിടിച്ചത്. ആപ്പിലെ ചെറിയൊരു പിഴവ് കാരണം വൻ നഷ്ടം സംഭവിച്ചേക്കാവുന്ന തെറ്റാണ് ആനന്ദ് ചൂണ്ടിക്കാട്ടി തിരുത്തിച്ചത്. ഊബർ ആപ്പിലെ പ്രശ്നം കണ്ടെത്തിയ ആനന്ദിന് 4.6 ലക്ഷം രൂപയാണ് സമ്മാനമായി നല്‍കിയത്.

 

ആപ്പിലെ കോഡിങ്ങിൽ ചെറിയൊരു തിരുത്ത് നടത്തിയാൽ ഹാക്കര്‍ക്ക് മറ്റുള്ളവരുടെ അക്കൗണ്ട് ഉപയോഗിക്കാൻ കഴിയുന്ന പ്രശ്നമാണ് കണ്ടെത്തിയത്. ആപ്പിലെ ഈ തെറ്റ് ഊബർ ടെക്ക് വിഭാഗത്തെ അറിയിച്ച് തിരുത്തിയ ശേഷമാണ് ആനന്ദ് ഈ വിവരം പുറത്തുവിട്ടത്. നേരത്തെ ഊബർ ആപ് വഴി എവിടെയും സൗജന്യ യാത്ര നടത്താൻ കഴിയുന്ന ബഗും ആനന്ദ് കണ്ടെത്തി തിരുത്തിയിരുന്നു.

 

'ഊബറില്‍ എങ്ങനെ സൗജന്യമായി യാത്രം ചെയ്യാം?' എന്ന തലക്കെട്ടോടെയാണ് അന്ന് ആനന്ദ് ബ്ലോഗിൽ കുറിപ്പ് എഴുതിയത്. എന്നാൽ സാധാരണക്കാർക്ക് ഇത്തരം തെറ്റുകൾ കണ്ടെത്താൻ സാധിക്കില്ല. ഹാക്കിങ് വിദഗ്ധർക്ക് പെട്ടെന്ന് കോഡിങ്ങിൽ ചെറിയ മാറ്റം വരുത്തി ആപ്പ് ഉപയോഗിക്കാനാകും. ഇന്ന് തെറ്റ് ചൂണ്ടിക്കാട്ടിയ ആനന്ദ് പ്രകാശിന് ഊബർ നല്‍കിയത് മൂന്നു ലക്ഷം രൂപയാണ്. അന്നത്തെ തെറ്റു തിരുത്തി ഊബറിനെ സഹായിച്ചതിന് ആനന്ദിന് ജീവിതകാലം മുഴുവൻ സൗജന്യ യാത്രയും അനുവദിച്ചിരുന്നു.

 

ആരാണ് ആനന്ദ് പ്രകാശ് എന്ന ഹാക്കർ?

 

കൂട്ടുകാരുടെ സോഷ്യല്‍മീഡിയ അക്കൗണ്ടുകള്‍ ഹാക്കുചെയ്ത് തുടങ്ങിയ ആനന്ദ് പ്രകാശിന്റെ ഹാക്കിങ് പ്രേമം ഇപ്പോള്‍ ഫെയ്സ്ബുക്കിലെ 90ലേറെ തെറ്റുകള്‍ വരെ കണ്ടെത്തുന്നതിലെത്തിയിരിക്കുന്നു. വിവരങ്ങള്‍ ചോര്‍ത്തി വെബ് സൈറ്റുകളെ തകര്‍ക്കുന്നതിലല്ല സുരക്ഷാ പാളിച്ചകള്‍ ചൂണ്ടിക്കാണിച്ച് വെബ് സൈറ്റുകളെ സഹായിക്കുന്നതിലാണ് എത്തിക്കല്‍ ഹാക്കറായ ഈ ഇരുപത്തിമൂന്നുകാരന്‍ കഴിവ് പ്രകടിപ്പിക്കുന്നത്. ഇതുവരെ ഫെയ്സ്ബുക്കും ട്വിറ്ററും അടക്കമുള്ള വെബ്‌സൈറ്റുകളിലെ പഴുതുകള്‍ ചൂണ്ടിക്കാണിച്ച് ആനന്ദ് നേടിയത് 1.20 കോടി രൂപയാണ്.

രാജസ്ഥാനിലെ കോട്ടയില്‍ വെച്ച് എൻജിനീയറിങ് എന്‍ട്രന്‍സ് പരീക്ഷക്ക് തയ്യാറെടുക്കുമ്പോഴാണ് ആനന്ദിന് ആദ്യമായി ഹാക്കിംഗില്‍ താത്പര്യം തോന്നുന്നത്. സ്മാര്‍ട്ട്‌ഫോണ്‍ കയ്യിലുണ്ടായിരുന്നെങ്കിലും ഇന്റര്‍നെറ്റ് പാക്കേജുകള്‍ക്ക് സേവനദാതാക്കള്‍ വലിയ പണമാണ് ഈടാക്കിയിരുന്നത്. അതുകൊണ്ട് എങ്ങനെയെങ്കിലും സൗജന്യമായി ഇന്റര്‍നെറ്റ് സംഘടിപ്പിക്കാനായിരുന്നു ആനന്ദിന്റെ ശ്രമം. പലദിവസത്തെ പരിശ്രമത്തിനൊടുവില്‍ ആനന്ദ് പണം മുടക്കാതെ ഇന്റര്‍നെറ്റ് വളഞ്ഞ മാര്‍ഗത്തിലൂടെ ഉപയോഗിച്ച് തുടങ്ങുകയും ചെയ്തു. കൂടുതല്‍ പേര്‍ ഈ വഴി ഉപയോഗിച്ച് ഇന്റര്‍നെറ്റ് എടുത്തുതുടങ്ങിയതോടെ സേവനദാതാക്കള്‍ പഴുത് അടച്ചു. എങ്കിലും ഹാക്കിങിന്റെ ബാലപാഠം പഠിക്കാന്‍ ആനന്ദിന് ആ അനുഭവം കൊണ്ട് സാധിച്ചു. ഇന്ന് ഇരുപത്തിമൂന്നുകാരനായ ആനന്ദ് ഫ്ലിപ്കാര്‍ട്ടിലെ സെക്യൂരിറ്റി എൻജിനീയറാണ്.

സുഹൃത്തുക്കളുടെ അനുമതിയോടെ തന്നെ അവരുടെ പാസ്‌വേർഡുകള്‍ മോഷ്ടിച്ചാണ് ആനന്ദ് ഹാക്കിങ് തുടങ്ങിയത്. സുഹൃത്തിന്റെ ഓര്‍ക്കുട്ട് അക്കൗണ്ടിന്റെ പാസ്‌വേർഡായിരുന്നു ആദ്യമായി ആനന്ദ് ഹാക്ക് ചെയ്‌തെടുത്തത്. വെല്ലൂര്‍ ഐഐടിയില്‍ കംപ്യൂട്ടര്‍ സയന്‍സ് എൻജിനീയറിംഗ് ബിരുദത്തിന് ചേര്‍ന്നപ്പോളാണ് ഹാക്കിങ് കൂടുതല്‍ ഗൗരവത്തോടെ എടുത്തത്. പഠനത്തിന്റെ ഭാഗമായി കംപ്യൂട്ടര്‍ ലാഗ്വേജുകള്‍ കൂടി പഠിച്ചതോടെ ഓട്ടോമാറ്റിക് ടൂള്‍സ് ഉപയോഗിച്ചുള്ള ഹാക്കിങ് അവസാനിപ്പിച്ചു. പിന്നീട് സ്വന്തമായി കോഡ് ചെയ്ത പ്രോഗ്രാമുകള്‍ ഉപയോഗിച്ചായി ആനന്ദിന്റെ ഹാക്കിങ്.

കോളജില്‍ മൂന്നാം വര്‍ഷമെത്തിയപ്പോഴാണ് ഫെയ്സ്ബുക്കിന്റെ ബഗ് ബൗണ്ടി പ്രോഗ്രാമിനെക്കുറിച്ച് ആനന്ദ് അറിയുന്നത്. തെറ്റുകള്‍ കണ്ടുപിടിച്ചാല്‍ പ്രശസ്തിയും പണവും ഒരു പോലെ ലഭിക്കും എന്നറിഞ്ഞതോടെ ഫെയ്സ്ബുക്കിലെ തെറ്റുകള്‍ കണ്ടുപിടിക്കാനുള്ള ശ്രമമായി. വെറും ഒരുമാസത്തിനുള്ളില്‍ ഫെയ്സ്ബുക്കിലെ ആദ്യത്തെ പിശക് ആനന്ദ് കണ്ടെത്തി. ഓഫ് ലൈനാക്കി ഇട്ടാലും സുഹൃത്തുക്കള്‍ ആരൊക്കെ ഓണ്‍ലൈനിലുണ്ടെന്ന് കണ്ടെത്താന്‍ സഹായിക്കുന്ന മാര്‍ഗമായിരുന്നു ആനന്ദ് ആദ്യം കണ്ടെത്തിയത്. ഇതിന് 500 ഡോളറാണ് പാരിതോഷികമായി ഫെയ്സ്ബുക്ക് നല്‍കിയത്.

ഇതുവരെ ഫെയ്സ്ബുക്കില്‍ മാത്രം 90ലേറെ തെറ്റുകള്‍ ആനന്ദ് കണ്ടെത്തിയിട്ടുണ്ട്. ഫെയ്സ്ബുക്കിന്റെ 2015ലെ വാള്‍ ഓഫ് ഫെയിമില്‍ നാലാം റാങ്കാണ് ആനന്ദിനുള്ളത്. 12,500 ഡോളറാണ് ഇതുവരെ ഫെയ്സ്ബുക്കില്‍ നിന്നും ലഭിച്ച ഏറ്റവും വലിയ സമ്മാന തുക. സുഹൃത്തുക്കളുടെ പേരില്‍ സ്വന്തം അക്കൗണ്ടിലെ ടൈം ലൈനില്‍ ചിത്രങ്ങളും വിഡിയോയും ടെക്‌സ്റ്റും അപ്‌ഡേറ്റ് ചെയ്യാന്‍ സാധിക്കുമെന്ന കണ്ടെത്തലിനായിരുന്നു ഇത്. ട്വിറ്ററും ഗൂഗിളും അടക്കമുള്ള ലോകോത്തര വെബ് സൈറ്റുകളിലെ പഴുതുകള്‍ ഈ എത്തിക്കല്‍ ഹാക്കര്‍ കണ്ടെത്തിയിട്ടുണ്ട്. ഇതുവരെ വിവിധ വെബ് സൈറ്റുകളില്‍ നിന്നായി 1.20 കോടി രൂപയാണ് ആനന്ദ് ഈ ഇനത്തില്‍ മാത്രം സ്വന്തമാക്കിയിട്ടുള്ളത്.

ഇന്ത്യന്‍ കമ്പനികള്‍ എത്തിക്കല്‍ ഹാക്കര്‍മാരോട് പ്രതികരിക്കുന്നത് പലപ്പോഴും മോശമായാണെന്നാണ് ആനന്ദിന്റെ അനുഭവം. തങ്ങളുടെ വെബ് സൈറ്റിലെ പോരായ്മകള്‍ ചൂണ്ടിക്കാണിച്ചാല്‍ വിദേശകമ്പനികള്‍ മിക്കവാറും അനുകൂലമായാണ് പ്രതികരിക്കുക. വളരെ പെട്ടെന്ന് തന്നെ ഈ പ്രശ്‌നം പരിഹരിച്ച് എത്തിക്കല്‍ ഹാക്കര്‍ക്ക് അര്‍ഹമായ പ്രതിഫലം നല്‍കാനും ഇവര്‍ മടികാണിക്കാറില്ല. അതേസമയം, ഇന്ത്യയിലെ വെബ് സൈറ്റുകളിലെ തെറ്റുകള്‍ ചൂണ്ടിക്കാണിച്ചാല്‍ കേസ് കൊടുക്കുമെന്ന ഭീഷണിയായിരിക്കും പലപ്പോഴും ഇ–മെയില്‍ രൂപത്തില്‍ വരികയെന്നും ആനന്ദ് പറയുന്നു. പതുക്കെയാണെങ്കിലും എത്തിക്കല്‍ ഹാക്കിംങിന്റെ പ്രാധാന്യത്തെക്കുറിച്ച് ഇന്ത്യയിലും അവബോധം വര്‍ധിക്കുന്നതിന്റെ സന്തോഷവും ആനന്ദ് പങ്കുവെക്കുന്നു. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com