ADVERTISEMENT

കൃത്യമായ, കലര്‍പ്പില്ലാത്ത വാര്‍ത്തയ്ക്ക് മനുഷ്യര്‍ സന്തോഷത്തോടെ പൈസ നല്‍കുന്ന കാലം താമസിയാതെ വന്നേക്കുമെന്ന് വാദിക്കുന്നവരുണ്ട്. കാരണം വാര്‍ത്ത പലപ്പോഴും വളച്ചൊടിക്കപ്പെടുന്നു. ആ കാലത്തേക്ക് എത്തിയിട്ടില്ലെങ്കിലും ഗൂഗിളിന്റെ പുതിയ നീക്കം ആദ്യം വാര്‍ത്ത കൊടുക്കുന്ന മാധ്യമങ്ങള്‍ക്കും റിപ്പോര്‍ട്ടര്‍മാര്‍ക്കും ഗുണകരമാണ്. ഗൂഗിള്‍ നേരിടുന്ന ഒരു ആരോപണം നല്ല ജേണലിസത്തെ അവര്‍ പ്രോത്സാഹിപ്പിക്കുന്നില്ല എന്നതാണ്. വാര്‍ത്ത അടക്കമുള്ള കണ്ടെന്റ് പ്രക്ഷുബ്ധമായും ഉത്തരവാദിത്വമില്ലാതെയും പ്രകോപനപരമായും അവതരിപ്പിക്കുന്നവര്‍ക്കും ഇതുവരെ പ്രാധാന്യം കിട്ടിയിരുന്നു. ഇതാണ് ഗൂഗിളിന്റെ കീഴിലുള്ള യുട്യൂബിന്റെയും മറ്റു ടെക് പ്ലാറ്റ്‌ഫോമുകളും ഇതുവരെ ചെയ്തിരുന്നത്. ഇതിനൊരു മാറ്റം വരുത്താനായി കമ്പനി എടുക്കുന്ന ആദ്യ ചുവടാണ് ഒറിജിനല്‍ വാര്‍ത്തയ്ക്ക് പ്രാധാന്യം നല്‍കി തങ്ങളുടെ അല്‍ഗോറിതങ്ങളെ പുതുക്കുകയെന്നത്.

 

ഒരു വാര്‍ത്ത ആരെങ്കിലും പ്രസിദ്ധീകരിച്ചു കഴിഞ്ഞാല്‍ അതിനെ മസാല ചേര്‍ത്തും പ്രക്ഷുബ്ധമാക്കി അവതരിപ്പിച്ചും ഹിറ്റുണ്ടാക്കുന്ന രീതി ഓണ്‍ലൈന്‍ മാധ്യമങ്ങളില്‍ കൂടിക്കൂടി വരുന്ന കാലത്താണ് നാമിന്നു ജീവിക്കുന്നത്. ഇതിനൊരു മാറ്റം വേണമെന്ന് ആഗ്രഹിക്കാത്തവരുണ്ടാകില്ല. നിറം പിടിപ്പിച്ച കഥകള്‍ വാര്‍ത്തയുടെ മേലങ്കിയണിഞ്ഞ് എത്തുന്നതു തടയുക എന്നത് എളുപ്പമല്ല. പക്ഷേ, ഇനി ഗൂഗിള്‍ സേര്‍ച്ചില്‍ ഒരു വാര്‍ത്ത തിരഞ്ഞാല്‍ ആദ്യമെത്തുക അത് ആദ്യമായി പ്രസിദ്ധീകരിച്ച മാധ്യമത്തിന്റെയും റിപ്പോര്‍ട്ടറുകളുടെയും റിപ്പോര്‍ട്ട് ആയിരിക്കാം. ചുരുക്കിപറഞ്ഞാല്‍ ഒരു പത്രം അല്ലെങ്കില്‍ റിപ്പോര്‍ട്ടര്‍ അധ്വാനിച്ചുണ്ടാക്കുന്ന വാര്‍ത്ത മോഷ്ടിച്ച് മസാല പുരട്ടി ഹിറ്റ്‌സുണ്ടാക്കുന്നവര്‍ക്കുള്ള തിരിച്ചടിയാണിത്. എന്നാല്‍ പ്രാദേശിക ഭാഷകളില്‍ ഇത് ഇപ്പോള്‍ അത്രകണ്ട് ഫലിക്കണമെന്നില്ല.

 

എന്താണ് മാറ്റം?

 

ഒരു പതിറ്റാണ്ടു മുൻപൊക്കെ മാധ്യമങ്ങള്‍ക്കും മറ്റും 'എക്‌സ്‌ക്ലൂസീവ്' വാര്‍ത്തകള്‍ ഉണ്ടായിരുന്നു. എന്നാല്‍, 24-മണിക്കൂര്‍ വാര്‍ത്താ ചനലുകളും മറ്റും വന്നപ്പോള്‍ ഇത് തികച്ചും അപ്രസക്തമാകുകയായിരുന്നു. ഇത് ഒറിജിനല്‍ വാര്‍ത്തകള്‍ ഉണ്ടാക്കാനായി അധ്വാനിക്കുന്നവര്‍ക്ക് വളരെ വിഷമമുണ്ടാക്കുന്ന ഒരു കാര്യമായിരുന്നു. ആഴ്ചകളും മാസങ്ങളും അധ്വാനിച്ച് തയാറാക്കുന്ന റിപ്പോര്‍ട്ടുകള്‍ ഒരു ഡെസ്‌കും കംപ്യൂട്ടറും രണ്ടു പേരുമായി ഇരിക്കുന്ന സ്ഥാപനങ്ങള്‍ മോഷ്ടിച്ച്, ആവശ്യമില്ലാത്ത മസാല തിരുകി അവതരിപ്പിക്കുന്ന നാണമില്ലാത്ത പ്രവണത വല്ലാതെ പെരുകിയിരുന്നു. ഈ വളച്ചൊടിക്കലുകാർ ഹിറ്റ്‌സ് കൊണ്ടുപോകുകയും അധ്വാനിച്ചയാള്‍ക്ക് ഒന്നും ലഭിക്കാതിരിക്കുകയും ചെയ്യുന്ന രീതി ഗൂഗിളിലും യുട്യൂബിലും മറ്റുമുള്ള സേര്‍ച്ചുകളില്‍ പോലുമുണ്ടായിരുന്നു.

 

എവിടെ പ്രസിദ്ധീകരിച്ച റിപ്പോര്‍ട്ടാണിതെന്നു പോലും പറയാനുള്ള ധാര്‍മികതയില്ലാതെ, വള്ളിപുള്ളി വിടാതെ അടിച്ചു മാറ്റി, മസാല ഉൾപ്പെടുത്തി പ്രസിദ്ധീകരിക്കുന്ന പ്രവണത ഇന്നു അധികമാണ്. എന്തായാലും ആദ്യമായി ഒറിജിനല്‍ റിപ്പോര്‍ട്ടിന് പ്രാധാന്യമുണ്ടെന്ന് ലോകത്തെ ഏറ്റവും വലിയ ടെക്‌നോളജി കമ്പനി അംഗീകരിച്ചത് എല്ലാ നല്ല റിപ്പോര്‍ട്ടര്‍മാര്‍ക്കും നല്ല വാര്‍ത്തയാണ്. പ്രാദേശിക തലത്തിലേക്ക് എത്തണമെങ്കില്‍ ഇനിയും സമയമെടുക്കുമെങ്കിലും ഇത്തരം നീക്കങ്ങള്‍ വായനക്കാരില്‍ നല്ല വാര്‍ത്ത എന്നൊന്നുണ്ടെന്ന അവബോധം സൃഷ്ടിക്കാനുതകുമെന്ന കാര്യത്തില്‍ സംശയമില്ല. നല്ല ഭക്ഷണത്തിനും വസ്ത്രത്തിനും മറ്റു സാധനങ്ങള്‍ക്കുമൊക്കെ കാശു കൊടുക്കാന്‍ മടിക്കാത്തവര്‍ നല്ല വാര്‍ത്ത കാശുകൊടുത്തു പോലും വായിക്കുന്ന കാലമാണ് വരാന്‍ പോകുന്നത് എന്നാണ് പറയുന്നത്. മാധ്യമരംഗം എത്രമാത്രം മലീമസമായിരിക്കുന്നു എന്നതിന്റെ ഏറ്റവും വലിയ തെളിവാണിത്. 

 

റിപ്പോര്‍ട്ട് മോഷ്ടിക്കുന്നയാള്‍ അല്ലെങ്കില്‍ സ്ഥാപനം പലപ്പോഴും രചനാമോഷണം (plagiarism) എന്ന നിര്‍വചനത്തിനു വെളിയിലേക്ക് തന്റെ പാഠഭേദം എത്തിക്കുകയും ചെയ്യും. അതിനാല്‍ നിയമപരമായി ഒന്നും ചെയ്യാനാവില്ല. ചിലരാകട്ടെ ഇന്ന മാധ്യമത്തില്‍ വന്നതാണെന്ന് പറയുകയും ചെയ്യും. ചിലപ്പോള്‍ ഇവര്‍ ഒറിജിനല്‍ റിപ്പോര്‍ട്ട് ചുരുക്കും. പുതിയ കാര്യങ്ങള്‍ ചേര്‍ക്കും. ഇതെല്ലാം ഓണ്‍ലൈന്‍ വായനക്കാരെ ആകര്‍ഷിച്ചേക്കാം. ഒറിജിനല്‍ റിപ്പോര്‍ട്ട് പൂര്‍ണ്ണമായും അവഗണിക്കപ്പെടുകയും 'കോപ്പികള്‍' പ്രാധാന്യത്തോടെ വൈറലാകുകയും ചെയ്യും. ഇത് കൂടുതലും ബാധിക്കുക ചെറിയ സ്ഥാപനങ്ങളെയാണ്. അധാര്‍മികമായ ഈ കോപ്പിയടിക്കലിനെതിരെയുള്ള ആദ്യ വലിയ നീക്കങ്ങളിലൊന്നാണ് ഗൂഗിള്‍ ഇപ്പോള്‍ നടത്തുന്നത്.

 

ഇനി ഗൂഗിളില്‍ വരാവുന്ന മാറ്റം

 

വളരെയധികം സമയം ചെലവഴിച്ച് ഒരു റിപ്പോര്‍ട്ടര്‍ ആഴത്തില്‍ പഠിച്ചു തയാറാക്കുന്ന റിപ്പോര്‍ട്ടായിരിക്കും തങ്ങളുടെ സേര്‍ച്ചില്‍ ആദ്യം എത്തിക്കാന്‍ ശ്രമിക്കുക എന്നതിനായി അല്‍ഗോറിതങ്ങള്‍ക്ക് മാറ്റം വരുത്തുകയാണ് എന്നാണ് ഗൂഗിള്‍ പറയുന്നത്. കൂടാതെ ഒറിജിനല്‍ റിപ്പോര്‍ട്ടുകള്‍ കൂടുതല്‍ കാലം സേര്‍ച്ചില്‍ പിടിച്ചെടുക്കുന്ന രീതിയും അവര്‍ കൊണ്ടുവരും. ലേറ്റസ്റ്റ് ന്യൂസില്‍ പ്രിയമുള്ള വായനക്കാര്‍ക്ക് ഇതേപ്പറ്റി ആദ്യം വന്ന റിപ്പോര്‍ട്ട് തന്നെ എത്തിച്ചുകൊടുക്കാനാണ് ശ്രമം. റിപ്പോര്‍ട്ടറുടെയും സ്ഥാപനത്തിന്റെയും പ്രവര്‍ത്തനത്തിന് ഗുണകരമാകാനായിരിക്കും ഗൂഗിള്‍ ശ്രമിക്കുക.

 

ഒരു റിപ്പോര്‍ട്ട് വന്നില്ലായിരുന്നെങ്കില്‍ അതിനു ചുറ്റുമിറങ്ങുന്ന പടപ്പുകള്‍ ഉണ്ടാകുമായിരുന്നില്ലെങ്കില്‍ യഥാർഥ റിപ്പോര്‍ട്ടിന് കൂടുതല്‍ റെയ്റ്റിങ് കൊടുക്കാനാണ് തങ്ങളുടെ തീരുമാനമെന്നാണ് കമ്പനി പറയുന്നത്. ആഴത്തിലുള്ള, ഒറിജിനല്‍ റിപ്പോര്‍ട്ടുകള്‍ ഉണ്ടാക്കണമെങ്കില്‍ അതിന് കഴിവും സമയവും അധ്വാനവും വേണമെന്ന് ഗൂഗിള്‍ പറയുന്നു. റെയ്റ്റിങ് നല്‍കുമ്പോള്‍ വാര്‍ത്ത ആദ്യം നല്‍കിയ മാധ്യമത്തിന്റെ മതിപ്പും (reputation) പരിഗണിക്കുമെന്നു ഗൂഗിള്‍ പറയുന്നതും നല്ല കാര്യമാണ്. 

 

ഗൂഗിള്‍ തന്നെ ഉദാഹരണം

 

അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് ഗൂഗിളിനെതിരെയുണ്ട്. തന്നെക്കുറിച്ചുള്ള സേര്‍ച്ചുകളില്‍ നല്ല റിസള്‍ട്ടുകള്‍ അല്ല ആദ്യം കാണിക്കുന്നത് എന്നതാണ് അദ്ദേഹം ഉയര്‍ത്തുന്ന ആരോപണം. ഇത് ട്രംപിന്റെ കാര്യത്തില്‍ മാത്രമല്ല. മറ്റു രാജ്യങ്ങളും കമ്പനിക്കെതിരെ ആന്റിട്രസ്റ്റ് നീക്കത്തിനൊരുങ്ങുന്നുണ്ട്. ഇതാണ് ഗൂഗിളിന് ഇപ്പോള്‍ വീണ്ടുവിചാരമുണ്ടാകാനുള്ള ഒരു കാരണം. യുട്യൂബിലും ഹിറ്റ്‌സിനായി പ്രകോപനപരമായ കണ്ടെന്റ് പ്രോത്സാഹിപ്പിക്കുന്നുവെന്ന ആരോപണവും അവര്‍ നേരിടുന്നു. എന്തായാലും വളച്ചൊടിച്ച വാര്‍ത്തകള്‍ സൃഷ്ടിക്കുന്ന മലിനീകരണം ചെറുതല്ലെന്നും അതു ചെറുക്കപ്പെടണമെന്നും ആഗ്രഹിക്കുന്നവര്‍ക്ക് കിട്ടുന്ന ആദ്യ പിടിവള്ളികളിലൊന്നായി ഇതിനെ കാണാം.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com