ADVERTISEMENT

അറ്റ്‌ലാന്റയിൽ നിന്ന് യാതൊരു പ്രശ്നങ്ങളുമില്ലാതെയായിരുന്നു യാത്രയുടെ തുടക്കം. ബുധനാഴ്ച വൈകീട്ട് 3.47 മണിയോടെയാണ് ഡെൽറ്റയുടെ ഫ്ലൈറ്റ് 2353 പറന്നുയർന്നത്. പക്ഷേ ഒന്നര മണിക്കൂർ വരുന്ന യാത്രയിൽ ആകാശത്തു വച്ചുണ്ടായത് തികച്ചും അപ്രതീക്ഷിത സംഭവങ്ങളായിരുന്നു. യാത്രക്കാരെല്ലാം നിലവിളിയോടെയാണ് അതിനെ നേരിട്ടത്. ഏറെ നേരത്തെ പരിഭ്രാന്തിക്കൊടുവിൽ വിമാനം സുരക്ഷിതമായി താഴെയെത്തിയപ്പോഴാണ് യാത്രക്കാർക്ക് ശ്വാസം നേരെ വീണത്.

plane-track

അറ്റ്ലാന്റയിൽ നിന്ന് ഫോർട്ട് ലോഡർഡെയ്‌ലിലേക്ക് പോകേണ്ട വിമാനം താംപായിൽ അടിയന്തരമായി ലാൻഡ് ചെയ്യുകയായിരുന്നു. വൈകീട്ട് അഞ്ചു മണിക്കാണ് താംപയിൽ ലാൻഡ് ചെയ്യുന്നത്. 39,000 അടി ഉയര‍ത്തിൽ പറക്കുകയായിരുന്നു വിമാനം 10,000 അടി താഴേക്ക് പതിക്കുകയായിരുന്നു. ഫ്ലൈറ്റ്റഡാർ24 ഡോട്ട് കോമിന്റെ റിപ്പോർട്ട് പ്രകാരം ഏഴര മിനിറ്റോളം 10,000 അടി ഉയര‍ത്തിൽ വിമാനം യാത്ര തുടർന്നുവെന്നാണ്.

യാത്രക്കാരെല്ലാം യാത്ര ആസ്വദിക്കുന്ന സമയത്താണ് ഈ സംഭവം ഉണ്ടാകുന്നത്. വിമാനം താഴേക്കു വന്നതോടെ കാബിനിലെ വായു മര്‍ദ്ദത്തിൽ മാറ്റം വന്നു. ഇതോടെ യാത്രക്കാർക്ക് അസ്വസ്തത നേരിടാൻ തുടങ്ങി. ചിലരുടെ മൂക്ക്, ചെവി പൊട്ടി രക്തം വന്നുവെന്നും റിപ്പോർട്ടുകളുണ്ട്. ഇതിനിടെ മുകളിൽ നിന്ന് ഓക്സിജൻ മാസ്കുകൾ യാത്രക്കാരുടെ സീറ്റിലേക്ക് വീണു. പിന്നീടുള്ള യാത്ര ഓക്സിജൻ മാസ്ക് ധരിച്ചായിരുന്നു. ഒരു മുന്നറിയിപ്പും ഇല്ലാതെ ഓക്സിജൻ മാസ്കുകൾ താഴേക്ക് വീണതോടെ യാത്രക്കാർ ഭയന്നു.

എന്താണ് സംഭവിക്കുന്നതെന്ന് പോലും അറിയിപ്പുണ്ടായില്ലെന്നാണ് യാത്രക്കാരിൽ മിക്കവരും സോഷ്യൽമീഡിയ വഴി അനുഭവം പങ്കുവച്ചത്. ഇതോടെ എല്ലാവരും ഓക്സിജൻ മാസ്ക് ധരിച്ചു, വിമാനത്തിനകത്ത് മൊത്തം കരച്ചിലും ബഹളവുമായിരുന്നു. വിവരിക്കാൻ കഴിയാത്ത കാഴ്ചകളാണ് ആ ഏഴര മിനിറ്റിൽ കണ്ടതെന്നാണ് യാത്രക്കാരിൽ ചിലർ പറഞ്ഞത്.

പൈലറ്റുമാരോ, വിമാനത്തിലെ ജീവനക്കാരോ എന്താണ് സംഭവിച്ചതെന്ന് മുൻപെ പറഞ്ഞിരുന്നില്ല. വിമാനം താഴേക്ക് വീഴുന്നുവെന്നും ഞങ്ങളെല്ലാം മരിക്കാൻ പോകുകയാണെന്ന് കരുതി വീട്ടിലേക്കും പ്രിയപ്പെട്ടവർക്കും സന്ദേശം അയച്ചവർ വരെയുണ്ട്. വിമാനത്തിനകത്തു നിന്നുള്ള ചിത്രങ്ങളും വിഡിയോയും യാത്രക്കാരുടെ ഭീതി വ്യക്തമാക്കുന്നുണ്ട്.

യാത്രയ്ക്കിടെ കാബിൻ പ്രഷറൈസേഷൻ ക്രമക്കേട് അനുഭവപ്പെട്ടതായി എയർലൈൻ അധികൃതർ പറഞ്ഞു. യാത്രക്കാർ പരിഭ്രാന്തരാകരുതെന്ന് ഫ്ലൈറ്റ് അറ്റൻഡന്റുകളിലൊരാൾ യാത്രക്കാരോട് ആവർത്തിച്ചു പറയുന്നുണ്ടായിരുന്നു. പക്ഷേ യാത്രക്കാർ പേടിച്ചു വിറച്ചു ബഹളമുണ്ടാക്കി. ഒരു യാത്രക്കാരൻ ഭയന്ന് മകനെ കെട്ടിപ്പിടിച്ച് തങ്ങളെ സ്നേഹിക്കുന്നുവെന്ന് കുടുംബത്തോട് പറയുന്നത് കാണാമായിരുന്നുവെന്ന് മറ്റൊരു ട്വീറ്റിൽ കാണാം.

60 മുതൽ 90 സെക്കൻഡ് വരെ ഭയാനകമായ ഒരു സംഭവമായിരുന്നു, അവിടെ എന്താണ് സംഭവിക്കുന്നതെന്ന് ഞങ്ങൾക്ക് ശരിക്കും അറിയില്ലായിരുന്നു. ഭയപ്പെടുത്തുന്ന നിമിഷമായിരുന്നുവെന്ന് യാത്രക്കാരിൽ ഒരാൾ പറഞ്ഞു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com