ADVERTISEMENT

ടെലികോം വിപണിയിൽ വൻ വിപ്ലവം കൊണ്ടുവന്ന മുകേഷ് അംബാനിയുടെ ജിയോ രാജ്യത്തെ സിനിമാ മേഖലയിലും പിടിമുറുക്കാൻ പോകുകയാണ്. ബോളിവുഡ് മുതൽ മോളിവുഡ് വരെ പിടിച്ചടക്കി സിനിമാ ലോകത്ത് വിപ്ലവം സൃഷ്ടിക്കാൻ തന്നെയാണ് ജിയോയുടെ നീക്കം. 'ഫസ്റ്റ് ഡേ ഫസ്റ്റ് ഷോ' എന്നതാണ് ജിയോയുടെ ലക്ഷ്യം. ജിയോ ഫൈബർ നെറ്റ്‌വർക്കിലൂടെ ആഴ്ചയിൽ ഒരു സിനിമ റിലീസ് ചെയ്യുക എന്ന ഉദ്ദേശ്യത്തോടെ ഇന്ത്യൻ ചലച്ചിത്ര-വിനോദ വ്യവസായത്തെ ഇളക്കിവിടാനാണ് കോടീശ്വരൻ മുകേഷ് അംബാനി പദ്ധതിയിടുന്നത്. ഇതോടെ രാജ്യത്തെ തിയേറ്ററുകൾ വൻ പ്രതിസന്ധിയിലാകുമെന്നാണ് കരുതുന്നത്.

 

റിലയൻസ് ജിയോയുടെ ബ്രോഡ്‌ബാൻഡ്, മൊബിലിറ്റി പ്ലാറ്റ്‌ഫോമുകൾക്കായി കണ്ടെന്റ് ജനറേഷൻ ബിസിനസ്സിലുള്ള ജിയോ സ്റ്റുഡിയോ വഴി ഒരു വർഷത്തിൽ 52 സിനിമകൾ നിർമിച്ച് റിലീസ് ചെയ്യാനാണ് ലക്ഷ്യം. രണ്ട് മൂന്ന് വർഷത്തിനുള്ളിൽ ഈ പദ്ധതി നടപ്പിലാക്കാനാണ് ജിയോയുടെ നീക്കം.

 

‘ഒരു വർഷത്തിൽ റിലീസ് ചെയ്യുന്നതിന് കുറഞ്ഞത് 52 സിനിമകളെങ്കിലും അണിനിരക്കാൻ ഞങ്ങൾ ആഗ്രഹിക്കുന്നു. മൂന്ന് സ്രോതസ്സുകൾ ഉണ്ടാകും. ഒന്ന് സ്വന്തം സ്ക്രിപ്റ്റ് വികസിപ്പിക്കുകയും സിനിമ നിർമിക്കുകയും ചെയ്യുക. രണ്ട് മറ്റ് പ്രൊഡക്ഷൻ ഹൗസുകളുമായി സഹകരിച്ച് നിർമിക്കുക. മൂന്നാമതായി മൂന്നാം കക്ഷികളിൽ നിന്ന് സിനിമകൾ സ്വന്തമാക്കുക. ആറു മുതൽ 11 വരെ ഭാഷകളിലുള്ള സിനിമകൾ പുറത്തിറക്കുമെന്നും റിലയൻസ് ഇൻഡസ്ട്രീസ് (ആർ‌ഐ‌എൽ) ചെയർമാൻ ഓഫിസ് പ്രസിഡന്റ് ജ്യോതി ദേശ്പാണ്ഡെ ദേശീയ മാധ്യമത്തോടു പറഞ്ഞു. 

 

സിനിമകൾ‌ കൂടാതെ 11 ഭാഷകളിലായി വെബ് സീരീസ്, സംഗീതം, മറ്റ് ദൈർഘ്യമേറിയതും ഹ്രസ്വവുമായ കണ്ടെന്റുകൾ എന്നിവയുടെ നിർമാണത്തിലാണ് ജിയോ സ്റ്റുഡിയോ. 'ഫസ്റ്റ് ഡേ ഫസ്റ്റ് ഷോ' സർവീസ് ആരംഭിക്കാൻ 10-15 സിനിമകളും രണ്ടു കോടി ബ്രോഡ്‌ബാൻഡ് കണക്റ്റു ചെയ്‌ത വീടുകളും സ്വന്തമാക്കാൻ ജിയോ കാത്തിരിക്കുകയാണ്. തുടക്കത്തിൽ മാസത്തിൽ ഒന്നോ രണ്ടോ സിനിമകൾ റിലീസ് ചെയ്യാൻ നോക്കും. പിന്നീട് ഇത് 'ആഴ്ചയിൽ ഒരു സിനിമ'യായി ഉയർത്തും. സിനിമകളുടെ ചെലവ് 15-20 കോടി രൂപയായിരിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.

 

സിനിമാ എക്സിബിറ്റർമാരുടെ റോൾ ഏറ്റെടുക്കാനും ജിയോയ്ക്ക് പദ്ധതിയുണ്ട്. എക്സിബിറ്ററുകൾ തിയേറ്ററുകൾ നിർമിക്കുന്നതിന് നിക്ഷേപം നടത്തിയപ്പോൾ ജിയോ ചെയ്തത് ഫൈബർ, ടിവി, സെറ്റ്-ടോപ്പ് ബോക്സുകൾ എന്നിവയ്ക്കായി പണം ചെലവഴിച്ചു. ഭാവിയിൽ നിർമാതാക്കൾക്ക് അവരുടെ സിനിമകൾ റിലീസ് ചെയ്യുന്നതിനും സ്‌ക്രീനുകളിൽ റിലീസ് ചെയ്യുന്നതിലൂടെ ലഭിക്കുന്ന ലാഭത്തിനു പുറമെ അധിക ലാഭം നേടുന്നതിനുമുള്ള ഒരു വേദിയായി 'ഫസ്റ്റ് ഡേ ഫസ്റ്റ് ഷോ' ഉയർത്താൻ ജിയോയ്ക്ക് സാധിച്ചേക്കും. പക്ഷേ, ബിസിനസ് മോഡലിന്റെ പ്രവർത്തനക്ഷമത ബോധ്യപ്പെടുത്താന്‍ ജിയോ സ്റ്റുഡിയോയ്ക്ക് തുടക്കത്തിൽ അതിന്റെ ഇൻ-ഹൗസ് മൂവി നിർമാണം വർധിപ്പിച്ച് സിനിമാ മേഖലയെ ബോധ്യപ്പെടുത്തേണ്ടതുണ്ട്.

 

രാജ്യത്ത് സിനിമാ സ്‌ക്രീൻ ക്ഷാമം രൂക്ഷമാണെന്നാണ് റിപ്പോർട്ടുകൾ പറയുന്നത്. ഏറ്റവും വലിയ സിനിമകൾ പോലും പരമാവധി 5,000 സ്ക്രീനുകളിലാണ് എത്തുന്നത്. ഇന്ത്യയിൽ വെറും 2000 മൾട്ടിപ്ലക്സുകൾ ഉണ്ട്. ചൈനയിൽ ഇത് 35,000 ആണ്. ബോക്സ് ഓഫിസ് വരുമാനം വികസിപ്പിക്കാൻ ബുദ്ധിമുട്ടുകയാണ്. ഈ സാധ്യത മനസിലാക്കിയാണ് ജിയോ 'ഫസ്റ്റ് ഡേ ഫസ്റ്റ് ഷോ' വിപുലീകരിക്കാനുള്ള നീക്കവുമായി രംഗത്തിറങ്ങിയത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com