sections
MORE

ജിയോ ഫ്രീ കോൾ അവസാനിപ്പിച്ചത് എന്തുകൊണ്ട്? അറിഞ്ഞിരിക്കണം 5 കാര്യങ്ങൾ

jio-airtel-
SHARE

റിലയൻസ് ജിയോ വരിക്കാർക്ക് മറ്റ് മൊബൈൽ നെറ്റ്‌വർക്കുകളിലേക്ക് (എയർടെൽ, വോഡഫോൺ–ഐഡിയ, ബിഎസ്എൻഎൽ) വിളിക്കാൻ മിനിറ്റിന് 6 പൈസ ചെലവാകുമെന്ന് റിപ്പോര്‍ട്ട് പുറത്തുവന്നത് കഴിഞ്ഞ ദിവസമാണ്. ഏറെ കാലത്തെ ചർച്ചകൾക്കും വിവാദങ്ങൾക്കും ശേഷമാണ് ജിയോ ഇത്തരമൊരു തീരുമാനം എടുക്കേണ്ടിവന്നിരിക്കുന്നത്. എന്താണ് ഇപ്പോൾ സംഭവിച്ചത്?

∙ ഇന്റർകണക്ട് യൂസേജ് ചാർജ്

കോൾ നടത്തുന്ന ഉപയോക്താവിന്റെ നെറ്റ്‌വർക്ക് കോൾ സ്വീകരിക്കുന്ന ഉപയോക്താവിന്റെ നെറ്റ്‌വർക്കിനു നിയമപ്രകാരം നൽകേണ്ടുന്ന ഫീസായ ഇന്റർകണക്ട് യൂസേജ് ചാർജ് (ഐയുസി) ആണ് ഈ തുക. ഇതുവരെ ഈ തുക ഉപയോക്താക്കളിൽ നിന്ന് ഈടാക്കാതെ ജിയോ തന്നെ നൽകുകയായിരുന്നു. മൂന്നു വർഷത്തിനുള്ളിൽ 13500 കോടി രൂപ ഇങ്ങനെ നൽകിയതായി ജിയോ അറിയിച്ചു. 

∙ പുതിയ കോൾ നിരക്കുകളും ഫ്രീ ഡേറ്റയും

വരിക്കാർ ഈ കോൾ നിരക്കിനായി 10 രൂപ (124 മിനിറ്റ്), 20 രൂപ (249 മിനിറ്റ്), 50 രൂപ (656 മിനിറ്റ്), 100 രൂപ (1362 മിനിറ്റ്) എന്നീ ടോപ് അപ് വൗച്ചറുകൾ ഉപയോഗിക്കണം. എന്നാൽ ഈ തുകയ്ക്കു തുല്യമായ ഡേറ്റ (യഥാക്രമം, 1 ജിബി, 2 ജിബി, 5 ജിബി, 10 ജിബി) ജിയോ സൗജന്യമായി ഉപയോക്താവിനു നൽകും. ഇൻകമിങ് കോളിനും ലാൻഡ് ഫോണിലേക്കുള്ള കോളിനും ജിയോയിൽ ജിയോയിലേക്കുള്ള കോളിനും ഐയുസി ബാധകമല്ല. വാട്സാപ് തുടങ്ങിയ ആപ്പുകൾ വഴിയുള്ള കോളിനും നിരക്ക് ബാധകമല്ല. 

∙ ജിയോയും മറ്റ് നെറ്റ്‌വർക്കുകളും തമ്മിലുള്ള തർക്കം

തർക്ക വിഷയം ഐയുസി ഏറെക്കാലമായി ജിയോയും മറ്റ് നെറ്റ്‌വർക്കുകളും തമ്മിലുള്ള തർക്ക വിഷയമാണ്. ഐയുസി വേണ്ടെന്ന നിലപാടാണ് ജിയോയ്ക്ക്. എന്നാൽ, ഇപ്പോഴത്തെ 6 പൈസ തന്നെ പോരെന്നും 14 പൈസ എന്ന പഴയ നിരക്കെങ്കിലും പുനഃസ്ഥാപിക്കണമെന്നുമാണ് എയർടെൽ, വോഡഫോൺ–ഐഡിയ എന്നിവയുടെ പക്ഷം. 

∙ മിസ്ഡ് കോൾ വിവാദം

ഫോൺകോൾ 25 സെക്കൻഡിനുള്ളിൽ എടുത്തില്ലെങ്കിൽ കട്ട് ആയി മിസ്ഡ് കോൾ ആക്കുന്ന രീതി ജിയോ നടപ്പാക്കിയെന്നു മറ്റുള്ളവരും മറ്റുള്ളവർ അതു ചെയ്യുന്നു എന്ന് ജിയോയും ആരോപിക്കുന്നു. മിസ്ഡ് കോൾ കാണുന്ന ഉപയോക്താവ് തിരികെവിളിക്കുമ്പോൾ ഐയുസി കിട്ടുമെന്നതിനാലാണ് ഈ കളി എന്നും പരസ്പരം ആരോപിക്കുന്നു. 

∙ട്രായിയുടെ നിലപാട്

ടെലികോം നിയന്ത്രണ അതോറിറ്റി (ട്രായി) ഐയുസി എടുത്തുകളയുമെന്നു തത്വത്തിൽ അംഗീകരിച്ചിരുന്നു. അടുത്ത ജനുവരി ഒന്നു മുതൽ ഐയുസി ഉണ്ടാകില്ലെന്നായിരുന്നു ട്രായിയുടെ നിലപാടെന്നും ജിയോ പറയുന്നു. അതുകൊണ്ടാണ് ഇതുവരെ നിരക്കു വേണ്ടെന്നു വച്ചത്. എന്നാൽ, ആ തീയതി പുനർനിർണയിക്കുന്ന കാര്യം പരിഗണിക്കുമെന്ന് കഴിഞ്ഞ മാസം ട്രായി പറ‍ഞ്ഞത് അനിശ്ചിതത്വമുണ്ടാക്കിയ സാഹചര്യത്തിലാണ് തുക ഈടാക്കേണ്ടിവരുന്നതെന്നും ജിയോ വിശദീകരിക്കുന്നു.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN TECHNOLOGY NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA