ADVERTISEMENT

ഒരേസമയം ഭീതിജനകവും, ആവേശംകൊള്ളിക്കുന്നതുമായ സാങ്കേതികവിദ്യയായ, ത്വക്കിനടിയില്‍ പിടിപ്പിച്ച ചിപ്പുകള്‍ എന്ന ആശയം നമ്മുടെ അടുത്തേക്കു വരികയാണ്. സ്വീഡനിലായിരിന്നു ഇത് കൂടുതല്‍ പേര്‍ ഉപയോഗിച്ചിരുന്നതെങ്കില്‍ ഇപ്പോള്‍ യുഎഇയിലെ ടെലികോം ഭീമനായ എത്തിസലാത്തും അവതരിപ്പിച്ചു കഴിഞ്ഞു. ഇനി കൂടുതല്‍ രാജ്യങ്ങള്‍ ഇതിനെ സ്വാഗതം ചെയ്‌തേക്കാം. (സ്വന്തം പൗരന്മാരെ പരീക്ഷണ മൃഗങ്ങളാക്കാന്‍ യാതൊരുമടിയുമില്ല എന്നു കരുതുന്ന ചൈന ഇത് നേരത്തെ നടപ്പാക്കാതിരുന്നത് എന്താണ് എന്നത് ഒരുസമസ്യ തന്നെയാണ്.) 

 

ത്വക്കിനടിയില്‍ വയ്ക്കുന്ന ചിപ് എന്ന ആശയത്തെ പുതുലോകത്തേക്കുള്ള താക്കോലായി കാണുന്നവരാണ് ടെക്‌നോളജി ലോകത്തുള്ളവരില്‍ പലരും. എന്നാല്‍ ഇത് സ്വകാര്യതയുടെ ശവപ്പെട്ടിയില്‍ അടിക്കുന്ന അവസാന ആണിയായിരിക്കുമെന്നു കരുതുന്നവരും ഉണ്ട്. എത്തിസലാത് ഉപയോഗിക്കാന്‍ ആഗ്രഹിക്കുന്ന സാങ്കേതികവിദ്യ സ്വീഡിഷ് കമ്പനിയായ ബയോഹാക്‌സ് ആണ് നല്‍കുന്നത്. ഇതിലൂടെ, 2030തോടെ വരാനിരിക്കുന്നുവെന്നു കരുതുന്ന സാങ്കേതികവിദ്യയുടെ വഴിയൊരുക്കല്‍ മാത്രമാണ് നടക്കുന്നത്. എങ്കിലും ചരിത്രപ്രാധാന്യമുള്ള ഒന്നാണ് ഈ നീക്കം.

 

കുത്തിവയ്ക്കാവുന്ന മൈക്രോച്ചിപ്പുകള്‍ (injectable microchips) ആണ് എത്തിസലാത് അനാവരണം ചെയ്തതെന്നാണ് റിപ്പോര്‍ട്ടുകള്‍. ഇതില്‍ നിങ്ങളുടെ ഐഡി, ക്രെഡിറ്റ് കാര്‍ഡ് വിവരങ്ങള്‍, ബിസിനസ് കാര്‍ഡ് ഡേറ്റാ തുടങ്ങിയവയാണ് സ്‌റ്റോര്‍ ചെയ്യുക. മധ്യേഷ്യയില്‍ ഇതാദ്യമായിആണ് ഈ സാങ്കേതികവിദ്യ എത്തുന്നത്. ഇതിനെ ബയോ-ഹാക്കിങ് എന്നാണ് വിളിക്കുന്നത്. ഒരു പ്രത്യേക സിറിഞ്ച് ഉപയോഗിച്ച് തള്ളവിരലിനും ചൂണ്ടുവിരലിനുമിടയില്‍ അരിമണിയുടെ വലുപ്പമുള്ള ചിപ്പ് പിടിപ്പിക്കുകയാണ് ചെയ്യുന്നതെന്നാണ് മെഡിക്കല്‍ ടാറ്റൂ കലാകാരനായ ഹാസിം നവോറി പറഞ്ഞത്.

 

ത്വക് സാനിറ്റൈസര്‍ ഉപയോഗിച്ച് നന്നായി ശുദ്ധിചയ്യും. പിന്നീട് ചിപ്പ് എവിടെയാണ് സ്ഥാപിക്കേണ്ടതെന്ന് വ്യക്തമായി അടയാളപ്പെടുത്തും. പിന്നീട് സൂചി ത്വക്കിനടിയലൂടെ കടത്തും. സൂചിയുടെ ഒരു ഭാഗം ചിപ്പിനെ പുറത്തേക്കു തള്ളും. പിന്നെ അതവിടെയിരിക്കും. ത്വക്കിലെ ഈ പ്രദേശം 'സുഖപ്പെടാന്‍' ഒരാഴ്ച എടുക്കുമെന്നാണ് അദ്ദേഹം പറഞ്ഞത്. എത്തിസലാത്തിന്റെ ഇനവേഷന്‍ ടീമിലുള്ള ജോര്‍ജ് ഹെല്‍ഡിന്റെ കൈയ്യില്‍ ഓക്ടോബര്‍ 7ന് ചിപ് സ്ഥാപിക്കല്‍ നടത്തിയിരുന്നു.

 

ചിപ് സ്ഥാപിക്കുമ്പോള്‍ എന്താണ് സംഭവിക്കുക? തുളച്ചു കയറല്‍ തന്നെയാണ് നടക്കുന്നത്. എന്നാല്‍, വേദന എടുക്കില്ല. ചിപ്പ് വയ്ക്കുന്ന ദിവസം മുഴുവന്‍ അസ്വസ്ഥത അനുഭവപ്പെടും. എന്നാല്‍ ഇതു സുഖപ്പെടും. ഇതു വെറുമൊരു ധരിക്കാവുന്ന ഉപകരണമല്ല. മറിച്ച് നിങ്ങളില്‍ തന്നെ ഇരിക്കുന്ന ഒരു ഉപകരണമാണ്. നിങ്ങള്‍ക്ക് ഇത് മാറ്റിവയ്ക്കാന്‍ സാധിക്കില്ല. നഷ്ടപ്പെടുകയുമില്ല. അപകടം ഉണ്ടായാല്‍ പോലും അത് നിങ്ങളില്‍ തന്നെയിരിക്കുമെന്നും ഹെല്‍ഡ് പറഞ്ഞു. 

 

എന്നാല്‍, ഇത് അവതരിപ്പിക്കുന്നതിനു മുൻപ സമൂഹത്തിലുണ്ടാക്കാവുന്ന മാറ്റങ്ങളെക്കുറിച്ച് അവബോധം സൃഷ്ടിക്കേണ്ടതായിട്ടുണ്ടെന്നും ഹെല്‍ഡ് പറഞ്ഞു. ഇതു ധിരിക്കുന്നതിന് യുഎഇയില്‍ നിയമപ്രശ്‌നമൊന്നുമില്ല. എമിറേറ്റ്‌സ് ഐഡിയും വീസായുമായി (Visa) എത്തിസലാത് ധാരണയിലെത്തിക്കഴിഞ്ഞുവെന്നും അദ്ദേഹം പറഞ്ഞു. ചെലവ് ഏകദേശം 500 ദിര്‍ഹം (100 ഡോളര്‍) ആയിരിക്കുമെന്നാണ് കരുതുന്നത്. ഇന്‍ജക്ഷനും ഉപകരണത്തിനും കൂടിയുള്ള തുകയാണിത്. 

 

എന്നാല്‍ വേണ്ട ഉപകരണങ്ങള്‍ ഉപയോഗിച്ചാല്‍ ഇതു ഹാക്കു ചെയ്യപ്പെട്ടുകൂടെ എന്ന ചോദ്യത്തിന് നവോറി പറഞ്ഞത് അതിന് പല യാഥാർഥ്യം തെളിയിക്കല്‍ (authentication) കടമ്പകൾ കടക്കേണ്ടിവരുമെന്നാണ്. ഇക്കാര്യത്തില്‍ രാജ്യാന്തര തലത്തില്‍ ചില ധാരണകള്‍ എത്തിച്ചേരേണ്ടതായിട്ടുണ്ട് എന്നാണ് അദ്ദേഹം പറഞ്ഞത്. 

 

എത്തിസലാത്തിന്റെ ചിപ് ഉപയോഗിക്കുന്നവര്‍ക്ക് ക്രെഡിറ്റ് കാര്‍ഡ് ഉപയോഗിക്കേണ്ട

 

'മുപ്പതു നാല്‍പ്പതു വര്‍ഷം മുൻപ് ബാങ്ക് കാര്‍ഡുകള്‍ ഉണ്ടായിരുന്നില്ല. ഇന്നെനിക്ക് അത്തരം ഒരു കാര്‍ഡ് ഉണ്ട്. അതില്‍ എന്റെ ഐഡിയും സിം കാര്‍ഡും ഉള്‍ക്കൊള്ളിച്ചിരിക്കുന്നു. അത് മെഷീനിലിട്ട് പണമെടുക്കാം. പുതിയ ചിപ്പിനെ ഒരു ഇലക്ട്രോണിക് സ്മാര്‍ട് കവാടം (electronicsmart gate) എന്നാണ് അദ്ദേഹം വിശേഷിപ്പിച്ചത്. കാര്‍ഡിനു പകരം ത്വക്കിനുളളിലെ ചിപ്പ് നിങ്ങളുടെ ഐഡന്റിറ്റി ഉറപ്പാക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.

 

ചിപ്പ് വയ്ക്കലിന് ചില ഗുണങ്ങള്‍ ഉണ്ടെങ്കിലും പരമ്പരാഗതമായി മനുഷ്യര്‍ ആസ്വദിച്ചു വന്ന അജ്ഞാതാവസ്ഥ (anonymity) പിന്നെ ഇല്ലാതായേക്കും. ഒരാള്‍ ബാത്‌റൂമില്‍ പോകുന്നതടക്കമുള്ള കാര്യങ്ങളൊക്കെ വരെ മറ്റുള്ളവര്‍ക്ക് അറിയാന്‍ സാധിച്ചേക്കാം. എന്നാല്‍ ഇത് ചിപ്പ്‌ വയ്ക്കലിന്റെ 'കാളവണ്ടി യുഗം' മാത്രമാണ്. അടുത്തവര്‍ഷം സ്‌പെയ്‌സ്എക്‌സിന്റെ മേധാവി ഇലോണ്‍ മസ്‌ക് തലച്ചോറിനുള്ളില്‍ വിവിധോദ്ദേശ ചിപ്പുകള്‍ സ്ഥാപിക്കാന്‍ ഒരുങ്ങുകയാണ് എന്നാണ് കേള്‍ക്കുന്നത്. ആദ്യകാലത്ത് ചില അസുഖങ്ങളുള്ളവര്‍ക്ക് താങ്ങായിട്ടായിരിക്കും ഇതെങ്കിലും പിന്നീട് ഇന്റര്‍നെറ്റ് ബ്രൗസിങ് അടക്കമുള്ള നിരവധി കാര്യങ്ങള്‍ ഇതിലൂടെ ചെയ്യിപ്പിക്കാനാണ് മസ്‌കിന്റെ ശ്രമം. അണിയറയില്‍ ഒരുങ്ങുന്ന ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സിന്റെ കടന്നുവരവോടെ മനുഷ്യര്‍ അപ്രസക്തരായേക്കാമെന്നു ഭയക്കുന്നവര്‍ തന്നെയാണ് ചിപ്പ് വയ്ക്കേണ്ടിവരുമെന്ന് പ്രചരിപ്പിക്കുന്നത്.

ഇത്തരം നീക്കങ്ങള്‍ പരമ്പരാഗതമായി മനുഷ്യന്‍ തന്നെത്തന്നെ കണ്ടുവന്ന രീതിക്ക് മറ്റം വരുത്തും. മനുഷ്യനും യന്ത്രവും കൂടിച്ചേര്‍ന്ന സൈബോര്‍ഗുഗളുമായി നമ്മള്‍ തോളുരുമ്മുന്ന കാലമായിരിക്കും വരിക. (അതോ നാമും സൈബോര്‍ഗുഗള്‍ ആകുമോ?) എന്തായാലും ഇതൊക്കെ മനുഷ്യനെന്ന സങ്കല്‍പത്തിന്റെ, 'ഒടുക്കത്തിന്റെ തുടക്കം' ആയിരിക്കുമെന്നാണ് പൊതുവെ അഭിപ്രായം. ഞാന്‍, ഞാന്‍ എന്ന ഭാവമൊക്കെ അടങ്ങിയേക്കാം. സമീപ ഭാവിയില്‍ തന്നെ ഏതെങ്കിലും കമ്പനിയായിരിക്കാം നമ്മെ നിയന്ത്രിക്കുക തുടങ്ങിയ ഭീതിയുണര്‍ത്തുന്ന ആശയങ്ങളാണ് ഇപ്പോള്‍ പ്രചരിക്കുന്നത്. ഇതെല്ലാം വെറും ശാസ്ത്ര ഭാവനയെന്നു പറഞ്ഞു തള്ളിക്കളയേണ്ട.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com