ADVERTISEMENT

ഇന്ത്യന്‍ റെയില്‍വെയുടെ പ്രവര്‍ത്തനരീതിയെ മാറ്റിമറിക്കുന്ന ഓന്നാകാം ഇസ്രോയുമായി (ISRO) ചേര്‍ന്ന് അവതരിപ്പിക്കുന്ന സാറ്റലൈറ്റ് കേന്ദ്രീകൃത ഓഗ്‌മെന്റേഷന്‍ സിസ്റ്റമായ ഗഗന്‍ (GAGAN (GPS Aided GEO Augmented Navigation) എന്നാണ് പുതിയ വാര്‍ത്തകള്‍ പറയുന്നത്. ട്രെയിനുകളുടെ ഓട്ടത്തെക്കുറിച്ചുള്ള തത്സമയ ഡേറ്റാ-ലൊക്കേഷനും സ്പീഡും അടക്കമുള്ള വിവരങ്ങള്‍ ഓരോ 30 സെക്കന്‍ഡിലും സാറ്റലൈറ്റിലൂടെ അറിയിക്കുക എന്നതായിരിക്കും പുതിയ സിസ്റ്റം ചെയ്യുക. ഈ പ്രൊജക്ടിനായി ഇതുവരെ റെയില്‍വെ 120 കോടി രൂപ മുടക്കി കഴിഞ്ഞു.

 

സ്റ്റേഷനുകള്‍ക്കിടയില്‍ പോലും ട്രെയിനുകളെക്കുറിച്ചുള്ള തത്സമയ വിവരം അറിയാമെന്നത് കൂടുതല്‍ കൃത്യതയോടെ അവയുടെ നീക്കം നിയന്ത്രിക്കാന്‍ കണ്ട്രോള്‍ റൂമുകളിലുള്ളവരെ അനുവദിക്കും. പാസഞ്ചര്‍, ചരക്കു തീവണ്ടികളെ ഓട്ടോമാറ്റിക്കായി ട്രാക്കു ചെയ്യുന്നതിനാല്‍ സമയനഷ്ടം ഒഴിവാക്കാനായേക്കുമെന്നു കരുതുന്നു. ട്രെയിനുകളില്‍ കൊണ്ടുപോകുന്ന കല്‍ക്കരി, എണ്ണ തുടങ്ങിയ വസ്തുക്കള്‍ മോഷ്ടിക്കപ്പെടാറുണ്ട്. ഇത് ആവര്‍ത്തിക്കാതിരിക്കാനും പുതിയ സിസ്റ്റം സഹായകമായേക്കുമെന്ന് കരുതുന്നു. റെയില്‍വെയ്ക്ക് നല്ല വരുമാനം നല്‍കുന്ന ഒന്നാണ് ചരക്കു നീക്കം.

 

ഒരു വര്‍ഷത്തിനുള്ളില്‍ ഇന്ത്യന്‍ റെയില്‍വെയുടെ കീഴിലുള്ള ട്രെയിനുകളെ മുഴുവന്‍ പുതിയ സിസ്റ്റത്തിനു കീഴില്‍ കൊണ്ടുവരിക എന്നതാണ് ഇപ്പോഴത്തെ ലക്ഷ്യം. ആര്‍ടിഐഎസ് (Real-time Train Information System (RTIS) എന്നാണ് പുതിയ സിസ്റ്റത്തിന്റെ പേര്. 

 

പ്രവര്‍ത്തനം പരിശോധിക്കാം

 

എല്ലാ ട്രെയിനുകളുടെയും എൻജിനുകളില്‍ ഓരു ആര്‍ട്ടിഎസ് ഉപകരണം പിടിപ്പിക്കും. ഇതിനു രണ്ടു യൂണിറ്റുകള്‍ ഉണ്ടായിരിക്കും. ഒരെണ്ണം എൻജിനിലും രണ്ടാമത്തേത് ട്രെയിനിനു മുകളിലും പിടിപ്പിക്കും. രണ്ടു മൊബൈല്‍ ഓപ്പറേറ്റര്‍മാരുടെ ( എയര്‍ടെലും വൊഡാഫോണും) സിമ്മുകള്‍ ഇവയില്‍ പിടിപ്പിച്ചിരിക്കും. ഇസ്രോയുടെ സാറ്റലൈറ്റുമായി നേരിട്ടു ബന്ധിപ്പിച്ചിരിക്കുന്നതിനാല്‍ മൊബൈല്‍ കണക്ടിവിറ്റി ഇല്ലെങ്കില്‍ പോലും ട്രെയിനിനെക്കുറിച്ചുള്ള കൃത്യമായ വിവരങ്ങള്‍ അറിയിച്ചുകൊണ്ടിരിക്കും. ഗഗന്‍ ഉപയോഗിച്ചാണ് സിഗ്നലുകള്‍ അയയ്ക്കുന്നത്. സാറ്റലൈറ്റുകളില്‍ നിന്നാണ് ഡേറ്റാ നേരെ കണ്ട്രോള്‍ റൂമുകളിലെത്തുന്നു. പിന്നെ എന്‍ക്വയറി സിസ്റ്റത്തില്‍ പ്രവേശിക്കുന്നു. ഇതു കൂടാതെ ട്രെയിനിന് എന്തെങ്കിലും അപകടം ഉണ്ടായാല്‍ ഡ്രൈവര്‍ക്ക് നേരിട്ട് കണ്ട്രോള്‍ റൂമുമായി ബന്ധപ്പെടാന്‍ ഒരു ബട്ടണില്‍ അമര്‍ത്തിയാല്‍ മതിയാകും. സുരക്ഷ പരിഗണിച്ച് ട്രെയിന്‍ ഡ്രൈവര്‍മാര്‍ക്ക് മൊബൈല്‍ ഫോണ്‍ ഉപയോഗം അനുവദിച്ചിട്ടില്ല എന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്. 

 

കണ്ട്രോള്‍ റൂമില്‍ അറിയിക്കാതെ ട്രെയിന്‍ നിർത്തുന്ന രീതി ഇനി നടന്നേക്കില്ല. പുതിയ സിസ്റ്റത്തിലൂടെ പ്രതിദിനം മൊത്തം ട്രെയിനുകളില്‍ നിന്നുമായി ഏകദേശം ഒരു കോടി നാല്‍പ്പതു ലക്ഷം അപ്‌ഡേറ്റുകളാണ് ലഭിക്കുന്നത്. പുതിയ സിസ്റ്റം വരുന്നതിനു മുൻപ് ഏകദേശം അഞ്ചുലക്ഷം അപ്‌ഡേറ്റുകളായിരുന്നു റെയില്‍വേക്ക് ലഭിച്ചിരുന്നത്. മൊത്തമുളള 12,000 ട്രെയിനുകളും പുതിയ സിസ്റ്റത്തിന്റെ പരിധിയില്‍ വരുമ്പോള്‍ ദിവസേനയുള്ള അപ്‌ഡേറ്റുകളുടെ എണ്ണം 3 കോടി കവിയും.

 

ട്രാക്കില്‍ എന്തു സംഭവിക്കാമെന്ന കാര്യം പോലും ഡ്രൈവര്‍ക്ക് മുന്‍കൂട്ടി അറിയാന്‍ സാധിക്കാവുന്ന സാധ്യത പോലും വന്നേക്കാം. എന്നാല്‍ ദിവസം ലഭിക്കുന്ന 3 കോടി അപ്‌ഡേറ്റ് എങ്ങനെ പ്രോസസ് ചെയ്യുമെന്ന കാര്യത്തിലാണ് ഇപ്പോള്‍ റെയില്‍വേ ശ്രദ്ധിക്കുന്നത്. ഇതുവരെ 6,000 ട്രെയിനുകളിലാണ് പുതിയ സിസ്റ്റം പിടിപ്പിച്ചിരിക്കുന്നത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com