ADVERTISEMENT

കംപ്യൂട്ടര്‍ ആന്റിവൈറസ് സോഫ്റ്റ്‌വെയറിന്റെ പിതാക്കന്മാരില്‍ ഒരാളായി അറിയപ്പെടുന്ന ജോണ്‍ മാകഫി ഇപ്പോള്‍ പാലായനത്തിലാണ്. അമേരിക്കന്‍ പൊലീസ് പിന്നാലെയുണ്ട്. കഴിഞ്ഞ ദിവസം അദ്ദേഹം ഒരു മാധ്യമത്തിനു നല്‍കിയ അഭിമുഖത്തിൽ പറഞ്ഞത് താനിപ്പോള്‍ എവിടെയാണെന്നു പറയില്ലെന്നും പല വിപിഎന്നുകള്‍ ഒരേസമയം പ്രതിരോധവലയം തീര്‍ത്ത, സിഗ്നല്‍ ജാമറുകള്‍ കാവല്‍ നില്‍ക്കുന്ന ഒരിടത്തു നിന്നാണ് സംസാരിക്കുന്നതെന്നുമാണ്. താനും തന്റെയൊപ്പം സഞ്ചരിക്കുന്നവരും ഫോണോ മറ്റെന്തെങ്കിലും ഇലക്ട്രോണിക് ഉപകരണമോ കൊണ്ടുനടക്കുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.

മാകഫി എന്ന സ്വന്തം പേരിലിറക്കിയ സോഫ്റ്റ്‌വെയര്‍ പണവും പ്രശസ്തിയും കൊണ്ടുവന്നതോടെ അദ്ദേഹത്തിന്റെ സ്വഭാവത്തിന് കാര്യമായ മാറ്റം വരികയായിരുന്നു. മാകഫി സോഫ്റ്റ്‌വെയറിലൂടെ 1990കളില്‍ അദ്ദേഹത്തിന് ഏകദേശം 100 മില്ല്യന്‍ ഡോളറാണ് ലഭിച്ചത്. 2009ല്‍ എല്ലാം വിറ്റുപെറുക്കി മധ്യ അമേരിക്കന്‍ രാജ്യമായ ബെലീസില്‍ (Belize) നിന്ന് കുറച്ചകലെയുള്ള ഒറ്റപ്പെട്ട ദ്വീപായ അബേര്‍ഗ്രിസ് കീയിലെ (Ambergris Caye) വന്മതിലുകള്‍ക്കുള്ളിലെ കൊട്ടാരം പോലുളള വീട്ടില്‍ അദ്ദേഹം താമസിച്ചു തുടങ്ങി. അവിടെ കാട്ടു മനുഷ്യനെപ്പോലെ ലൈംഗികതയും മയക്കുമരുന്നും യഥേഷ്ടം ഉപയോഗിച്ചു വരികയായിരുന്നു. നിറയെ പ്രാദേശിക പെൺസുഹൃത്തുക്കളെയാണ് അദ്ദേഹം അവിടെ താമസിപ്പിച്ചിരിക്കുന്നതത്രെ. അദ്ദേഹത്തിന്റെ രീതികള്‍ ഒരു ചിത്തഭ്രമക്കാരന്റെതു പോലെയാണെന്നു പോലും ആളുകള്‍ പറഞ്ഞു. വിശ്രുത അമേരിക്കന്‍ നോവലിസ്റ്റ് ജോസഫ് കോണ്‍റാഡിന്റെ ഹാര്‍ട്ട് ഓഫ് ഡാര്‍ക്‌നസിലെ കഥാപാത്രമായ കേണല്‍ കേട്‌സിനോടാണ് അദ്ദേഹം ഉപമിക്കപ്പെട്ടിരുന്നത്. ചുറ്റും തോക്കേന്തിയ ബോഡിഗാർഡുകളില്ലാതെ അദ്ദേഹം പുറത്തിറങ്ങിയിരുന്നില്ല.

സ്വന്തം കൊട്ടാരത്തിലെ ജീവിതം, കൊലപാതകം

അദ്ദേഹത്തിന്റെ പ്രശ്‌നങ്ങള്‍ തുടങ്ങുന്നത് 2012ല്‍ ആണ്. അദ്ദേഹം മയക്കുമരുന്നു നിര്‍മാണശാല നടത്തുന്നുണ്ടെന്നു കരുതി ബെലീസ് പൊലീസ് കൊട്ടാരത്തിലേക്ക് ഇരച്ചുകയറി. എന്നാല്‍ അവര്‍ക്ക് മയക്കുമരുന്നൊന്നും കിട്ടിയില്ല. അടുത്ത നാളുകളില്‍ മാകഫിയുടെ അയല്‍ക്കാരന്‍, അമേരിക്കയില്‍ നിന്നുള്ള ഗ്രിഗറി ഫോള്‍ മരിച്ചു. മാകഫിയായിരിക്കാം ഇതിനു കാരണക്കാരന്‍ എന്നായിരുന്നു പൊലീസിന്റെ നിഗമനം. കാരണം മാകഫിയുടെ പട്ടികള്‍ക്ക് വിഷം നല്‍കി കൊന്നതിനു ശേഷമാണ് ഗ്രിഗറി തലയില്‍ വെടിയേറ്റ് മരിച്ചത്. തനിക്ക് കൊലപാതകത്തില്‍ ഒരു പങ്കുമില്ലെന്നു പറഞ്ഞെങ്കിലും അദ്ദേഹം പിന്നെ തന്റെ കൊട്ടാരത്തില്‍ താമസം തുടര്‍ന്നില്ല. അവിടെ നിന്ന് ഒളിച്ചോടിയ അദ്ദേഹം പറഞ്ഞത് മെക്‌സിക്കന്‍ മയക്കുമരുന്നു രാജാക്കന്മാരുടെ നിര്‍ദ്ദേശപ്രകാരം ബെലീസ് പൊലീസ് തന്നെ കൊല്ലാന്‍ ശ്രമിക്കുകയാണ് എന്നാണ്. എന്നാല്‍ ഗോട്ടിമാലയില്‍ അഭയം തേടാനുള്ള വിഫലമായ ശ്രമത്തിനിടയില്‍ ആഴ്ചകള്‍ക്കുള്ളില്‍ പിടിയിലായി. അമേരിക്കയിലേക്ക് തിരിച്ചു നാടുകടത്തുകയും ചെയ്തു.

അമേരിക്കയിലെത്തിയ മാകഫി വെറുതെയിരിക്കുകയായിരുന്നില്ല. 2016ലെ അമേരിക്കന്‍ പ്രസിഡന്റ് സ്ഥാനത്തേക്കുള്ള തെരഞ്ഞെടുപ്പില്‍ ലിബര്‍ട്ടേറിയന്‍ പാര്‍ട്ടിയുടെ സ്ഥാനാര്‍ഥിയായി മത്സരിച്ചു. 2020ലെ തെരഞ്ഞെടുപ്പിലും താന്‍ മത്സരിക്കുമെന്ന് അദ്ദേഹം അറിയിച്ചു. ബ്ലോക്‌ചെയ്ന്‍, ക്രിപ്‌റ്റോകറന്‍സി വിപ്ലവത്തിലേക്ക് ആളുകളുടെ ശ്രദ്ധയാകര്‍ഷിക്കാനുള്ള സമയമായി എന്നാണ് അദ്ദേഹം തന്റെ സ്ഥാനാര്‍ഥിത്തത്തെക്കുറിച്ചു സംസാരിക്കവെ പറഞ്ഞത്.

എന്നാല്‍, ഈ വര്‍ഷം ജനുവരിയില്‍ അദ്ദേഹം ഒരു ബോട്ടില്‍ കയറി അമേരിക്ക വിട്ടു. എട്ടു വര്‍ഷമായി ടാക്‌സ് റിട്ടേണ്‍സ് ഫയല്‍ ചെയ്തില്ലെന്ന കാരണവും പറഞ്ഞ് അമേരിക്കയുടെ ഇന്റേണല്‍ റവന്യൂ സര്‍വീസ് തന്റെ പിന്നാലെ കൂടിയിരിക്കുകയാണ് എന്നാണ് അദ്ദേഹം പറഞ്ഞത്. പക്ഷേ, ഒളിവിലായിരുന്നെങ്കില്‍ പോലും പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ മത്സരിക്കുമെന്നും അദ്ദേഹം പ്രഖ്യാപിച്ചു.

John-McAfee-2

മാര്‍ച്ചില്‍ ഗ്രിഗറിയുടെ കൊലപാതകം പരിഗണിച്ചുവന്ന ഒരു ഫോളോറിഡാ കോടതി മാകഫി 25 മില്ല്യന്‍ ഡോളര്‍ പിഴയൊടുക്കണമെന്ന് വിധിച്ചു. ഗ്രിഗറിയെ ശാരീരികമായി ഉപദ്രവിച്ച ശേഷം മാകഫി കൊന്നുവെന്നാണ് കോടതി കണ്ടെത്തിയത്. ഗ്രിഗറിയുടെ മകള്‍ നല്‍കിയ കേസിലാണ് വിധി വന്നത്. എന്നാല്‍ താനൊരു പിഴയും അടയ്ക്കില്ലെന്നു മാകഫി പറഞ്ഞു. അല്ലെങ്കില്‍ തന്നെ കൈയ്യില്‍ നയാ പൈസയില്ലാത്ത താന്‍ എവിടുന്നെടുത്തിട്ടാണ് ഇതടയ്ക്കുന്നതെന്നും അദ്ദേഹം ചോദിച്ചു.

മാകഫിക്കെതിരെ 200ലധികം കേസുകള്‍

ഗ്രിഗറിയുടെ മരണം ഒരു സിവില്‍ കേസായിരുന്നു. ഇത്തരത്തിലുള്ള 200ലേറെ കേസുകള്‍ തന്റെ പേരിലുണ്ട്. ചിലരൊക്കെ എന്റെ വാസസ്ഥലത്തേക്കു വന്നുവെന്നും അവരടവിടെ വഴുതി വീണു എന്നുമൊക്കെ പറഞ്ഞാണ് ചില കേസുകള്‍ കൊടുത്തിരിക്കുന്നത്. ഞാനിത്തരം കേസുകളെക്കുറിച്ച് ഓര്‍ക്കാറുപോലുമില്ല. പ്രതികരിക്കുന്ന പ്രശ്‌നമേയില്ല. ചുരുക്കി പറഞ്ഞാല്‍ ഗ്രിഗറിയുടെ കേസില്‍ സംഭവിച്ചത് ഇതാണ്. വാദി പറഞ്ഞതെല്ലാം ന്യായാധിപന്‍ അംഗീകരിച്ചു. അതെല്ലാം അങ്ങനെയാണ്. ഞാന്‍ പ്രതികരിക്കാറില്ലെന്നും അദ്ദേഹം പറഞ്ഞു.

അതിശക്തമായ യുദ്ധോപകരണങ്ങള്‍ കൈയ്യില്‍ വച്ചിരിക്കുന്നു

അമേരിക്കയില്‍ നിന്നൊളിച്ചോടിയ മാകഫിയെ ജൂലൈയില്‍ ഡൊമിനിക്കന്‍ റിപ്പപ്ലിക്കിന്റെ നിയമപാലകര്‍ തടഞ്ഞുവച്ചു. മാകഫിയും സന്തതസഹചാരികളും യാത്രചെയ്യുന്ന നൗകയില്‍ പേടിപ്പിക്കുന്ന തരം ശക്തിയേറിയ ആയുധങ്ങളും യുദ്ധോപകരണങ്ങളും കണ്ടത്രെ. ഇവയില്‍ പലതും ആധുനിക സൈന്യങ്ങളുടെ മാത്രം കൈവശമുള്ളവയാണത്രെ.

McAfee-1

എന്തായാലും അദ്ദേഹം ഒരു കാര്യം സമ്മതിച്ചു. തനിക്കിനി അമേരിക്കന്‍ പ്രസിഡന്റ് സ്ഥാനാർഥിയായി മത്സരിക്കാനാവില്ല. ദേശീയതലത്തില്‍ തന്റെ സന്ദേശം എത്തിക്കുക എന്ന ഉദ്ദേശം മാത്രമായിരുന്നു തനിക്കുണ്ടായിരുന്നത്. അടുത്തിടെ നല്‍കിയ ഇന്റര്‍വ്യൂവിലും അദ്ദേഹം സർക്കാർ ഏജന്‍സികളുടെ നിരീക്ഷണ രീതിയെ വിമര്‍ശിക്കാതെ വിട്ടില്ല. ഏറ്റവും വലിയ ഭീഷണി സിഐഎ, എന്‍എസ്എ, എഫ്ബിഐ തുടങ്ങിയവരുടെ നിരീക്ഷണമാണ്. ഇക്കാലത്ത് എല്ലാവരുടെ ഡേറ്റയും നിയമപാലകരുടെ കൈയ്യിലുണ്ട്. അത് പ്രതികളെ പിടിക്കാന്‍ അവരെ സഹായിക്കുന്നുമുണ്ട്. എന്നാല്‍ ആളുകളുടെ സ്വകാര്യത പൂര്‍ണ്ണമായി നശിച്ചിരിക്കുന്നു. സ്വകാര്യതയില്ലെങ്കില്‍ സ്വാതന്ത്ര്യമില്ല. ഇതാണ് അമേരിക്കയിലെ ഏറ്റവും വലിയ പ്രശ്‌നം. ലോകത്തെ തന്നെ ഏറ്റവും വലിയ പ്രശ്‌നമെന്നും അദ്ദേഹം പറഞ്ഞു.

അമേരിക്കയിലെ രാഷ്ട്രീയ കാലാവസ്ഥ മാറാന്‍ പോകുകയാണെന്നും അദ്ദേഹം പ്രവചിച്ചു. കൂടുതല്‍ ആളുകള്‍ ഇന്‍കം ടാക്‌സിന്റെ കാര്യത്തില്‍ നിരാശരാകുകയാണ്. എന്റെ പേരിലുള്ള പ്രധാന ആരോപണം ഇന്‍കം ടാക്‌സ് നല്‍കാത്തതും വഞ്ചനയുമാണെന്നും അദ്ദേഹം പറഞ്ഞു. ഇന്‍കം ടാക്‌സ് നിയമവിരുദ്ധമാക്കണം. ഇതെല്ലാം മാറണമെങ്കില്‍ ക്രപ്‌റ്റോകറന്‍സി യുഗം തുടങ്ങണമെന്നാണ് അദ്ദേഹത്തിന്റെ അഭിപ്രായം.

അമേരിക്കയുടെ ഭരണാധികാരി പ്രസിഡന്റല്ല

അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിനെക്കുറിച്ചും മാകഫിയോടു ചോദിച്ചു. ആര് പ്രസിഡന്റിന്റെ കസേരയില്‍ ഇരിക്കുന്നു എന്നതില്‍ ഒരു കാര്യവുമില്ല. ഒരു പുതിയ പ്രസിഡന്റ് വരുമ്പോള്‍ സിഐഎ, എന്‍എസ്എ തുടങ്ങിയ രഹസ്യ ഏജന്‍സികളുടെ പ്രതിനിധികള്‍ അയാളെ തങ്ങള്‍ക്കു മുന്നില്‍ ഇരുത്തി ഈ ലോകം എന്താണെന്നു വിശദീകരിച്ചുകൊടുക്കും. അവര്‍ അധികമൊന്നും പറഞ്ഞുകൊടുക്കുകയുമില്ല. ഇയാള്‍ അടുത്ത നാലുകൊല്ലത്തേക്ക് ഇവിടെ കാണുമെന്നും പ്രാധാന്യമുളള പദവിയാണിതെന്നും അവര്‍ക്കറിയാം. പ്രസിഡന്റിനെ അത്രകാലം നിശബ്ദനാക്കി ഇരുത്തേണ്ട കാര്യം അവര്‍ക്കുണ്ട്. അതിനായി പ്രസിഡന്റിനെക്കൊണ്ട് എന്തെങ്കിലുമൊക്കെ ചെയ്യിപ്പിക്കും. അമേരിക്ക ഭരിക്കുന്നത് പ്രസിഡന്റല്ല. അതു നടത്തുന്നത് രഹസ്യാന്വേഷണ ഏജന്‍സികളാണ്. അതാണ് പരമമായ സത്യമെന്നും മാകഫി പറഞ്ഞു.

McAfee

ട്രംപ് നല്ലയാളോ ചീത്തയാളോ ആകട്ടെ. അദ്ദേഹം എന്തെങ്കിലും ചെയ്യുന്നുണ്ടോ? വലിയ കാര്യമൊക്കെ ചെയ്യുമെന്നു പറഞ്ഞ് പ്രസിഡന്റാകുകന്നവരെയൊക്കെ കണ്ടിട്ടില്ലേ. എന്നിട്ട് എന്തെങ്കിലും അവര്‍ ചെയ്തിട്ടുണ്ടോ? ചെയ്യണമെന്ന് ആഗ്രഹമില്ലാത്തതു കൊണ്ടല്ല. പ്രസിഡന്റിന്റെ കസേരിയില്‍ ഇരിക്കുമ്പോഴെ മനസ്സിലാകൂ എന്തും ചെയ്യാനുള്ള അധികാരമൊന്നുമില്ലെന്ന കാര്യം. പരിമിതമായ അധികാരമേ പ്രസിഡന്റിനുള്ളൂ എന്നും അദ്ദേഹം പറഞ്ഞു.

വാല്‍ക്കഷണം

പതിനഞ്ചു വര്‍ഷത്തിലേറെയായി തനിക്ക് മാകഫി ആന്റിവൈറസ് സോഫ്റ്റ്‌വെയറുമായി യാതൊരു ബന്ധവുമില്ലെന്ന് അദ്ദേഹം വ്യക്തമാക്കിയിട്ടുണ്ട്.

English Summary : The Untold Story of John McAfee

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com