ADVERTISEMENT

'നിങ്ങള്‍ സെക്സ് വിഡിയോ വെബ്സൈറ്റ് കാണുന്നതിന്റെ ദൃശ്യങ്ങൾ ഞങ്ങളുടെ പക്കലുണ്ട്. പറയുന്ന പണം തന്നില്ലെങ്കില്‍ സുഹൃത്തുക്കള്‍ക്കും കുടുംബക്കാര്‍ക്കും അത് അയക്കും...' ഇന്റര്‍നെറ്റ് സജീവമായ കാലം മുതല്‍ ഹാക്കര്‍മാരുടെ സ്ഥിരം ഭീഷണികളിലൊന്നാണിത്. പലപ്പോഴും യാതൊരു വിഡിയോയുമില്ലാത്തെ പൊള്ളയായ ഭീഷണിയായിരിക്കും ഇത്. എന്നാല്‍ ഇപ്പോള്‍ ഗൗരവത്തോടെ തന്നെ ആ ഭീഷണി മുഴക്കാന്‍ ശേഷിയുള്ള ആയുധം ഹാക്കര്‍മാരുടെ കൈകളിലെത്തിയിട്ടുണ്ടെന്നാണ് മുന്നറിയിപ്പ്. 

 

∙ പോൺ കാണുന്നവരുടെ ദൃശ്യങ്ങള്‍ ക്യാമറകള്‍ വഴി പകര്‍ത്തും

 

അശ്ലീല വെബ് സൈറ്റുകള്‍ കാണുന്നവരുടെ ദൃശ്യങ്ങള്‍ അവരുടെ തന്നെ കംപ്യൂട്ടറുകളിലെ ക്യാമറകള്‍ വഴി പകര്‍ത്തിയെടുക്കാന്‍ സഹായിക്കുന്ന ടൂളുകള്‍ യാഥാര്‍ഥ്യമായി എന്നാണ് റിപ്പോര്‍ട്ട്. കംപ്യൂട്ടര്‍ സുരക്ഷാ വിദഗ്ധരായ പ്രൂഫ്‌ പോയിന്റാണ് ഈ മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്. മൈക്രോസോഫ്റ്റിന്റെ വിന്‍ഡോസ് ഓപ്പറേറ്റിംങ് സിസ്റ്റത്തില്‍ മാത്രം പ്രവര്‍ത്തിക്കുന്ന 'PsiXBot' എന്ന സോഫ്റ്റ്‌വെയറാണ് ഹാക്കര്‍മാരെ ഇതിന് സഹായിക്കുന്നത്.

 

∙ പ്രശ്നക്കാരൻ  'PsiXBot'

 

സുരക്ഷിതമല്ലാത്ത വെബ്‌സൈറ്റുകളില്‍ നിന്നും ഫയലുകള്‍ ഡൗണ്‍ ലോഡ് ചെയ്യുമ്പോഴും വിഡിയോയോ പാട്ടുകളോ സോഫ്റ്റ്‌വെയറോ ഡൗണ്‍ലോഡ് ചെയ്യുമ്പോഴെല്ലാം 'PsiXBot' നിങ്ങളുടെ കംപ്യൂട്ടറിലെത്താം. സാധാരണ സെര്‍ച്ചുകളില്‍ കണ്ടെത്താനാകില്ലെന്നതും മറഞ്ഞിരുന്ന് ആവശ്യമുള്ളപ്പോള്‍ മാത്രം പ്രവര്‍ത്തിക്കുമെന്നതും ഇവയെ കൂടുതല്‍ അപകടകാരികളാക്കുന്നു.

 

∙ പകർത്തുന്ന സ്വകാര്യ ദൃശ്യങ്ങൾ രഹസ്യ സെര്‍വറുകളിലേക്ക്

 

അശ്ലീല വെബ്‌സൈറ്റുകള്‍ ഉപയോഗിക്കുമ്പോള്‍ മാത്രമാണ് 'PsiXBot' സജീവമാവുക. കംപ്യൂട്ടറുകൾ, ലാപ്ടോപ്, ടാബാ, ഫോൺ ഡിവൈസുകളിലെ ക്യാമറകള്‍ വഴി റെക്കോഡ് ചെയ്യുന്ന വിഡിയോകള്‍ സമയാസമയങ്ങളില്‍ നിശ്ചിത സെര്‍വറുകളിലേക്ക് ഈ മാൾവെയർ പ്രോഗ്രാം അയക്കും. 'PsiXBot' വര്‍ഷങ്ങളായി ഹാക്കര്‍മാര്‍ ഉപയോഗിക്കാറുണ്ടെങ്കിലും അതിന് അടുത്തിടെ വരുത്തിയ മാറ്റമാണ് അപകടകാരിയാക്കി മാറ്റിയത്.

 

∙ ബിറ്റ്കോയിനോ പണമോ നൽകിയില്ലെങ്കിൽ ഭീഷണി

 

ഇരകളെ കണ്ടെത്തി വിഡിയോ റെക്കോഡ് ചെയ്തു കഴിഞ്ഞാല്‍ ഭീഷണി സന്ദേശങ്ങളാണ് അടുത്തപടി. പണമോ ബിറ്റ് കോയിനോ തന്നില്ലെങ്കില്‍ അശ്ലീല സൈറ്റ് കാണുന്ന വിഡിയോയും തിരച്ചില്‍ ഹിസ്റ്ററിയുമെല്ലാം സുഹൃത്തുക്കള്‍ക്കും അടുത്ത കുടുംബക്കാര്‍ക്കും അയക്കുമെന്നതു തന്നെയാകും ഭീഷണി.

 

∙ ഹാക്കര്‍മാർക്ക് പണം നൽകരുതെന്ന് മുന്നറിയിപ്പ്

 

ഇത്തരമൊരു സാഹചര്യത്തില്‍ അകപ്പെട്ടാല്‍ ഒരു കാരണവശാലും ഹാക്കര്‍മാര്‍ പറയുന്ന പണം നല്‍കരുതെന്നാണ് സുരക്ഷാ ഉപദേശകര്‍ പറയുന്നത്. പണം നല്‍കുകയോ ഇ– മെയിലിന് മറുപടി നല്‍കുകയോ ചെയ്താല്‍ നിങ്ങള്‍ ഭീഷണിക്ക് വഴങ്ങുന്നതായാളാണെന്ന് തെളിയും. ഇതോടെ കൂടുതല്‍ ഭീഷണിയുമായി ഹാക്കര്‍മാര്‍ എത്തുകയും ചെയ്യും. പ്രാദേശിക പൊലീസ് സംവിധാനത്തില്‍ പരാതി നല്‍കുകയാണ് ചെയ്യേണ്ടത്.  

 

∙ ബാങ്ക്, സോഷ്യൽമീഡിയ, ഇ മെയിൽ അക്കൗണ്ട് പാസ്‌വേഡുകൾ സുരക്ഷിതമാക്കുക

 

അക്കൗണ്ടുകള്‍ക്ക് ശക്തമായ പാസ്‌വേഡുകള്‍ നല്‍കുന്നതും യഥാസമയം പുതുക്കുന്നതും ഹാക്കര്‍മാരെ പടിക്ക് പുറത്തു നിര്‍ത്താന്‍ സഹായിക്കും. ആന്റി വൈറസുകള്‍ ഉപയോഗിക്കുന്നതും സുരക്ഷിതമല്ലാത വെബ്‌സൈറ്റുകളില്‍ നിന്നും ഒരു കാരണവശാലും ഫയലുകള്‍ ഡൗണ്‍ലോഡ് ചെയ്യാതിരിക്കുന്നതും ആപ്ലിക്കേഷനുകളും സോഫ്റ്റ്‌വെയറുകളും യഥാസമയം അപ്‌ഡേറ്റ് ചെയ്യുന്നതും ഇത്തരം ഭീഷണികളുടെ സാധ്യത കുറക്കും.

English Summary: Hackers ARE able to capture video of people using porn websites.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com