ADVERTISEMENT

രാജ്യത്തെ ടെലികോം മേഖല വൻ പ്രതിസന്ധിയിലൂടെയാണ് കടന്നുപോകുന്നത്. മിക്ക കമ്പനികളും വൻ സാമ്പത്തിക പ്രതിസന്ധിയിലാണ്. എയർടെൽ, വോഡഫോൺ ഐഡിയ കമ്പനികളുടെ രണ്ടാം പാദ റിപ്പോർട്ട് പുറത്തുവന്നതോടെ ഇക്കാര്യം വ്യക്തമാണ്. രാജ്യത്തെ ഏറ്റവും വലിയ ടെലികോം കമ്പനിയായ വോഡഫോൺ ഐഡിയയുടെ കടം 1.02 ലക്ഷം കോടി രൂപയാണ്.

സുപ്രീംകോടതി ഉത്തരവുപ്രകാരം സർക്കാരിന് ലൈസൻസ്, സ്പെക്ട്രം ഫീസ് കുടിശിക നൽകാനായി വൻ തുക നീക്കിവയ്ക്കേണ്ടിവന്നതോടെ മൊബൈൽ ടെലികോം സേവനദാതാക്കളായ എയർടെലും വോഡഫോൺ ഐഡിയയും ജൂലൈ– സെപ്റ്റംബർ ത്രൈമാസത്തിൽ ഭീമമായ നഷ്ടം രേഖപ്പെടുത്തി. എയർടെൽ 23,045 കോടി രൂപ നഷ്ടം നേരിട്ടപ്പോൾ വോഡഫോൺ ഐഡിയ രേഖപ്പെടുത്തിയ നഷ്ടം 50,921 കോടിയാണ്. സർക്കാരിനായി 28,450 കോടി നീക്കിവച്ചതാണ് ഇത്രയും ഉയർന്ന നഷ്ടത്തിനു കാരണമെന്ന് എയർടെൽ പറ‍ഞ്ഞു.

ഇതു മാറ്റിനിർത്തിയാൽ നഷ്ടം 1123 കോടി രൂപ. മുൻകൊല്ലം ഇതേസമയം 118 കോടി രൂപ ലാഭമായിരുന്നു. വരുമാനം മുൻകൊല്ലം ഇതേ കാലയളവിലെക്കാൾ 4.7% ഉയർന്ന് 21,199 കോടി രൂപയായി. മൊബൈൽ സേവനത്തിൽനിന്നു മാത്രമുള്ള വരുമാനം 10,811 കോടി രൂപയാണ്. മൊത്തം വരിക്കാരുടെ എണ്ണം 27.94 കോടി. മുൻ ത്രൈമാസത്തിൽ 27.68 കോടിയായിരുന്നു. വോഡഫോൺ സർക്കാരിനായി നീക്കിവച്ചത് 25,680 കോടി രൂപയാണ്. വരുമാനം മുൻകൊല്ലം ഇതേ കാലത്തെക്കാൾ 42% ഉയർന്ന് 11,146.4 കോടി രൂപയായി. മുൻകൊല്ലം നഷ്ടം 4874 കോടിയായിരുന്നു.

കമ്പനികൾ ടെലികോം–ഇതര വരുമാനം കൂടി കണക്കിലെടുത്തുള്ള മൊത്തം വരുമാനത്തിന്റെ നിശ്ചിത ശതമാനമാണു സർക്കാരിനു ഫീസായി നൽകേണ്ടതെന്നു സുപ്രീംകോടതി കഴിഞ്ഞ മാസമാണ് ഉത്തരവിട്ടത്. ദീർഘകാല കേസിൽ വിധി വന്നതോടെ കുടിശികയും അതിനുള്ള പിഴയും പലിശയുമായി എയർടെൽ 62,187.73 കോടി, വോഡഫോൺ ഐഡിയ 54,183.9 കോടി, ബിഎസ്എൻഎൽ–എംടിഎൻഎൽ 10,675.18 കോടി എന്നിങ്ങനെ നൽകേണ്ടിവരുമെന്നാണു ടെലികോം വകുപ്പിന്റെ കണക്ക്.

പ്രതിസന്ധിയിൽനിന്നു കരകയറാൻ രക്ഷാപാക്കേജ് പ്രഖ്യാപിക്കണമെന്നാവശ്യപ്പെട്ട് കമ്പനികൾ സർക്കാരിനെ സമീപിച്ചിട്ടുണ്ട്. എന്നാൽ അതു പരിഗണനയിലിരിക്കെതന്നെ, കോടതി വിധി പ്രകാരമുള്ള കുടിശിക ആവശ്യപ്പെട്ട് ടെലികോം വകുപ്പ് കഴിഞ്ഞ ദിവസം കമ്പനികൾക്കു നോട്ടിസ് അയയ്ക്കുകയും ചെയ്തു. 3 മാസത്തിനകം തുക നൽകാനാണു നിർദേശം.

ഇതിനിടെ, ഇന്ത്യയിലെ ടെലികോം ബിസിനസ് അന്തരീക്ഷം വളരെ ഗുരുതരാവസ്ഥയിലാണെന്നും ഇവിടെ തുടരാൻ പ്രയാസമാണെന്നും വോഡഫോൺ ആഗോള മേധാവി നിക് റീഡ് പറഞ്ഞതായി വാർത്തകൾ വന്നതു വിവാദമായി. സർക്കാർ എതിർപ്പു രേഖപ്പെടുത്തിയതോടെ, തന്റെ വാക്കുകൾ മാധ്യമങ്ങൾ തെറ്റായി വ്യാഖ്യാനിച്ചതാണെന്നു നിക് റീഡ് പ്രധാനമന്ത്രിയെ അറിയിച്ചു. ഇന്ത്യയിൽ ബിസിനസ് തുടരുമെന്ന് അദ്ദേഹം വ്യക്തമാക്കി. ഓഹരി വിപണിയിൽ വോഡഫോൺ ഐഡിയ കനത്ത തിരിച്ചടി നേരിട്ടു. ഇന്നലെ ഓഹരിവില 20.27% താഴ്ന്ന് 2.95 രൂപയായി. 

English Summary: Voda Idea & Airtel post Rs 74,000 crore loss in Q2 on AGR provisioning

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com