ADVERTISEMENT

വ്ലോഗർ‌മാർക്ക് യുട്യൂബ് അവരുടെ സ്വന്തം ടിവി ചാനലായിരുന്നു. എല്ലാ മാസവും ഗൂഗിളിന്റെ അക്കൗണ്ടിലേക്ക് പണം വരുമ്പോൾ യുട്യൂബിനെ സ്വന്തം കമ്പനിയെപ്പോലെ സ്നേഹിച്ച ആ വ്ലോഗർ സമൂഹത്തിന്റെ നെഞ്ചിലാണു യുട്യൂബിന്റെ കുത്ത്. ഇന്നല്ലെങ്കിൽ നാളെ വരുമാനമുണ്ടാകുമെന്നു കരുതി ജോലി വരെ ഉപേക്ഷിച്ച് വൈവിധ്യമാർന്ന വിഡിയോകൾ അപ്‍ലോഡ് ചെയ്യുന്നവരുടെ നെഞ്ചിടിപ്പ് കൂട്ടിക്കൊണ്ട് യുട്യൂബ് ഔദ്യോഗികമായി പ്രഖ്യാപിച്ചിരിക്കുന്നു – ആരുടെയും വിഡിയോ പ്രസിദ്ധീകരിക്കാൻ ഞങ്ങൾക്കു ബാധ്യതയില്ല. വേണ്ട എന്നു തോന്നുന്ന വിഡിയോകൾ കമ്പനി വേണ്ടെന്നു വയ്ക്കുക തന്നെ ചെയ്യും, അക്കൗണ്ടുകൾ ഡിലീറ്റ് ചെയ്യും. ഡിസംബർ 10നു പ്രാബല്യത്തിൽ വരുന്ന യുട്യൂബിന്റെ പുതിയ നയത്തിലാണ് ഈ വകുപ്പ് എഴുതിച്ചേർത്തിരിക്കുന്നത്.

 

സൗജന്യസേവനമാണെന്നതു കൊണ്ട് ഉപയോക്താക്കളുടെ വിഡിയോകൾ അവർ ആഗ്രഹിക്കുന്നത്രയും കാലം യുട്യൂബിൽ ഉണ്ടാകുമെന്ന് ഉറപ്പിക്കേണ്ടതില്ലെന്നു വ്യക്തമാക്കുകയാണ് പുതിയ നയത്തിൽ. അക്കൗണ്ട് സസ്പെൻഷൻ ആൻഡ് ടെർമിനേഷൻ എന്ന വിഭാഗത്തിനു കീഴിലാണ് വ്ലോഗർമാർ സസൂക്ഷ്മം വായിക്കേണ്ട പുതിയ നയങ്ങൾ യുട്യൂബ് എഴുതിച്ചേർത്തിരിക്കുന്നത്. 

 

ഇതിൽ ഏറ്റവും നിർണായകമായത് സാമ്പത്തികമായി മെച്ചമല്ലാത്ത യുട്യൂബ് അക്കൗണ്ടുകൾ വേണ്ടി വന്നാൽ നീക്കം ചെയ്യുമെന്ന പ്രഖ്യാപനമാണ്. അക്കൗണ്ട് നീക്കം ചെയ്യുന്നതു സംബന്ധിച്ച യുട്യൂബിന്റെ തീരുമാനം അന്തിമമായിരിക്കും എന്ന പ്രഖ്യാപനും ആശങ്കാജനകമാണ്. സൗജന്യ സേവനമാണെങ്കിലും നിങ്ങളുടെ അക്കൗണ്ടിലൂടെ യുട്യൂബിനു പണം ഉണ്ടാക്കാനാകുന്നില്ലെങ്കിൽ അക്കൗണ്ട് ഡിലീറ്റ് ചെയ്യപ്പെടാമെന്നു ചുരുക്കം. പരസ്യവരുമാനമുണ്ടാക്കാത്ത യുട്യൂബ് ചാനലുകൾക്കും അക്കൗണ്ടുകൾക്കും വെല്ലുവിളിയാണ് പുതിയ യുട്യൂബ് നയം.

English Summary: YouTube may delete your account if your channel is not commercially viable

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com