ADVERTISEMENT

പല വെബ് സൈറ്റുകളെയും തിരച്ചില്‍ ഫലത്തില്‍ നിന്നും മാറ്റി നിര്‍ത്താനായി ഗൂഗിള്‍ രഹസ്യമായി കരിമ്പട്ടികയില്‍ പെടുത്താറുണ്ടെന്ന് റിപ്പോര്‍ട്ട്. ഇത്തരം വാദങ്ങളെ ഗൂഗിള്‍ ഔദ്യോഗകമായി തള്ളിക്കളയുമ്പോള്‍ തന്നെ തങ്ങളുടെ തിരച്ചില്‍ ഫലത്തില്‍ 2000ത്തിന്റെ തുടക്കം മുതല്‍ തന്നെ ഗൂഗിള്‍ കൈ കടത്താറുണ്ടെന്നാണ് വാള്‍സ്ട്രീറ്റ് ജേണല്‍ റിപ്പോര്‍ട്ടു ചെയ്തിരിക്കുന്നത്. 

 

തികച്ചും സാമ്പ്രദായികമായി വാര്‍ത്തകളെ കൈകാര്യം ചെയ്യുന്ന പല വലതുപക്ഷ മാധ്യമങ്ങളും ഗൂഗിള്‍ ന്യൂസില്‍ ഉള്‍പ്പെട്ടിട്ടില്ലെന്നും ഇത് അവരുടെ രാഷ്ട്രീയ പക്ഷപാദിത്വമാണ് കാണിക്കുന്നതെന്നും റിപ്പോര്‍ട്ട് ആരോപിക്കുന്നു. ദി ഗേറ്റ്‌വേ പണ്ഡിറ്റ് (The Gateway Pundit), ദി യുണൈറ്റഡ് വെസ്റ്റ് ( The United West) തുടങ്ങിയ വലതുപക്ഷമാധ്യമങ്ങള്‍ ഗൂഗിള്‍ തിരച്ചിലില്‍ കാണാറുണ്ടെങ്കിലും ന്യൂസില്‍ പ്രത്യക്ഷപ്പെടാറില്ല. എന്നാല്‍ തങ്ങളുടെ നയങ്ങള്‍ പാലിക്കാത്തതിനാലാണ് ഈ വെബ്സൈറ്റുകള്‍ ഗൂഗിള്‍ ന്യൂസില്‍ കാണാത്തതെന്നാണ് ഔദ്യോഗിക വിശദീകരണം.

 

രാഷ്ട്രീയത്തെ അടിസ്ഥാനപ്പെടുത്തി തിരച്ചില്‍ ഫലം തീരുമാനിക്കാറില്ലെന്നും പ്രത്യേകിച്ച് കരിമ്പട്ടികയൊന്നുമില്ലെന്നുമാണ് ഗൂഗിള്‍ നേരത്തെ മുതല്‍ പറഞ്ഞിട്ടുള്ളത്. മാനുഷികമായ കൈകടത്തലുകള്‍ തിരച്ചില്‍ ഫലത്തില്‍ ഉണ്ടാവാറില്ലെന്നും ഗൂഗിള്‍ പറഞ്ഞിട്ടുണ്ട്. രാഷ്ട്രീയമായ ഇടപെടലുകളും തീരുമാനങ്ങളും ഗൂഗിളിന്റെ തിരച്ചില്‍ ഫലവുമായി ബന്ധപ്പെട്ടില്ലെന്ന് മുന്‍ ജീവനക്കാരും പറഞ്ഞിട്ടുണ്ട്. 

 

എന്നാല്‍ ഗൂഗിളിന്റെ 2018ലെ നയത്തില്‍ തന്നെ കരിമ്പട്ടികയെക്കുറിച്ച് സൂചനയുണ്ടെന്നാണ് വാര്‍സ്ട്രീറ്റ് ജേണല്‍ റിപ്പോര്‍ട്ടില്‍ പറയുന്നത്. തെറ്റിദ്ധരിപ്പിക്കുന്നതും ഉത്തരവാദിത്വം ഏറ്റെടുക്കാത്തതുമായ വെബ് സൈറ്റുകളെയാണ് പലപ്പോഴും ഗൂഗിള്‍ ഇത്തരത്തില്‍ കരിമ്പട്ടികയില്‍ പെടുത്തുന്നതെന്നതും ശ്രദ്ധേയമാണ്. ഈ ജോലി ഏല്‍പ്പിക്കുന്ന എൻജിനീയര്‍മാരെ 'Maintainers' എന്നാണ് വിളിക്കുന്നത്. 

 

തങ്ങള്‍ക്ക് വലിയതോതില്‍ പരസ്യം നല്‍കുന്ന കമ്പനികള്‍ക്ക് അനുകൂലമായി ഗൂഗിള്‍ തിരച്ചില്‍ഫലങ്ങളെ മാറ്റുന്നുവെന്ന ഗുരുതരമായ ആരോപണവും വാള്‍സ്ട്രീറ്റ് ജേണല്‍ റിപ്പോര്‍ട്ട് ഉന്നയിക്കുന്നുണ്ട്. ഇബേ, ഫെയ്സ്ബുക്, ആമസോണ്‍ തുടങ്ങിയ വമ്പന്‍ പരസ്യ ദാതാക്കള്‍ക്ക് അനുകൂലമായി സ്വാഭാവികമല്ലാത്ത തിരച്ചില്‍ ഫലങ്ങള്‍ ഗൂഗിള്‍ നല്‍കുന്നുവെന്നാണ് ആരോപണം. 

ഗൂഗിള്‍ വഴിയുള്ള തിരച്ചിലിനിടെ കാണുന്ന ഓട്ടോ കംപ്ലീറ്റ് ഓപ്ഷന്‍ വഴി നല്‍കുന്ന നിര്‍ദേശങ്ങളിലും ഇടപെടലുകളുണ്ട്.  പ്രത്യേകിച്ചും കൂടുതല്‍ പേര്‍ സെര്‍ച്ച് ചെയ്യുന്ന വിഷയങ്ങള്‍ മാത്രമല്ല ഇത്തരത്തില്‍ സ്വാഭാവികമായി വാക്കുകള്‍ക്കൊപ്പം ചേര്‍ത്തു കാണിക്കുക. മറിച്ച് വിവാദവിഷയങ്ങളെ ഒഴിവാക്കിയുള്ളവയായിരിക്കും ഓട്ടോ കംപ്ലീറ്റ് ഓപ്ഷനില്‍ ഗൂഗിള്‍ കാണിച്ചു തരിക. 

 

അതേസമയം വാള്‍സ്ട്രീറ്റ് ജേണലിന്റെ റിപ്പോര്‍ട്ട് തങ്ങളുടെ നേരത്തേ പരസ്യമായ നയങ്ങളെ അടിസ്ഥാനപ്പെടുത്തിയുള്ളതാണെന്നും ഇത് ആര്‍ക്കും വായിച്ചു നോക്കാവുന്നതാണെന്നുമാണ് ഗൂഗിളിന്റെ പ്രതികരണം. ഏതാണ്ട് ഒരു പതിറ്റാണ്ട് മുൻപ് തങ്ങള്‍ തിരച്ചില്‍ ഫലത്തില്‍ വരുത്തിയ പലമാറ്റങ്ങളുമാണ് ഇപ്പോള്‍ ഈ റിപ്പോര്‍ട്ടില്‍ പറഞ്ഞിരിക്കുന്നതെന്നാണ് ഗൂഗിള്‍ വക്താവ് പറഞ്ഞത്. അതേസമയം, പൊതുസമൂഹത്തില്‍ നിന്നുള്ള ഇത്തരം വിമര്‍ശനങ്ങള്‍ ഭാവിയിലും പ്രതീക്ഷിക്കുന്നുവെന്നും അത് തങ്ങളുടെ പ്രവര്‍ത്തനത്തെ കൂടുതല്‍ മെച്ചപ്പെടുത്താന്‍ സഹായിക്കുമെന്നും ഗൂഗിള്‍ വക്താവ് കൂട്ടിച്ചേര്‍ക്കുന്നു.

English Summary: Google 'DOES blacklist sites, has targeted conservative news sites and changes its algorithms to favor big businesses

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com