ADVERTISEMENT

രാജ്യത്തെ ടെലികോം മേഖല വൻ പ്രതിസന്ധികളിലൂടെയാണ് കടന്നുപോകുന്നത്. ഒരു ഭാഗത്ത് മുകേഷ് അംബാനിയുടെ ജിയോ നേട്ടമുണ്ടാക്കുമ്പോൾ മറുഭാഗത്ത് എയർടെൽ, വോഡഫോൺ ഐഡിയ, ബിഎസ്എൻഎൽ തുടങ്ങി കമ്പനികൾ വൻ നഷ്ടത്തിലാണ്. അനിൽ അംബാനിയുടെ ആർകോം പൂട്ടുകയും ചെയ്തു.

 

നിലവിലുള്ള രീതികളെ അട്ടിമറിച്ച് പുതിയൊരു കമ്പനി വന്നതും അതു മറ്റുള്ള കമ്പനികളുടെ ലാഭത്തെ ബാധിച്ചതുമൊക്കെ വ്യവസായലോകത്തു സജീവ ചര്‍ച്ചയായി നില്‍ക്കുമ്പോള്‍ മൊബൈല്‍ ടെലികോം ഉപയോക്താക്കളാണ് വൻ‌ നേട്ടമുണ്ടാക്കിയത്. ഫോണില്‍ ഇന്റര്‍നെറ്റ് കിട്ടുമെങ്കിലും അത് ഉപയോഗിക്കാന്‍ രണ്ടു തവണ ആലോചിക്കേണ്ടിയിരുന്ന കാലം ഒരുപാടൊന്നും പഴയതല്ല. ഒരു ജിബി ഡേറ്റയ്ക്ക് 250 രൂപയെങ്കിലും നല്‍കേണ്ടിയിരുന്നു. ഇപ്പോഴോ, ദിവസം ഒരു ജിബി എങ്കിലും ഉപയോഗിക്കൂ എന്ന ആഹ്വാനമാണ് മൊബൈല്‍ കമ്പനികളുടേത്. വൻ നഷ്ടത്തിലാണെന്ന് പറയുന്ന കമ്പനികൾ പോലും ദിവസം ഡേറ്റ വാരിക്കോരി നൽകേണ്ട സ്ഥിതിയിലായി.

 

അത്യാവശ്യം ഇമെയിലും ഫെയ്സ്ബുക്കും വാട്സാപ്പുമൊക്കെ ഉപയോഗിക്കുന്നയാള്‍ക്ക് 1500 രൂപ പ്രതിമാസം ചെലവായിരുന്നത് ഇപ്പോള്‍ ബില്‍ 150– 200 രൂപയിലൊതുങ്ങും. ദിവസവും 1 മുതൽ 2 ജിബി വരെ ഡേറ്റയും അൺലിമിറ്റഡ് കോളുകളും ലഭിക്കുന്നു.

 

2016 സെപ്റ്റംബറിൽ ജിയോ വന്നതോടെയാണ് രാജ്യത്തെ ടെലികോം മേഖല ഒന്നടങ്കം മാറിമറിഞ്ഞത്. 4ജി ഇന്റർനെറ്റ് സേവനം വ്യാപകമായി. 4ജി സൗകര്യമുളള ഫോണുകളുടെ വില കുത്തനെ താഴ്ന്നു. മൊബൈൽ ഇന്റർനെറ്റിന്റെ നിരക്ക് ഒരു ജിബിക്ക് 250 രൂപ തലത്തിൽനിന്ന് ഒരു ജിബിക്ക് 3 രൂപ എന്ന തലത്തിലെത്തി. വോയ്സ് കോൾ സൗജന്യമോ തീരെ കുറഞ്ഞ നിരക്കിലോ ആയി.

 

ഇന്ത്യയിലെ ഇന്റര്‍നെറ്റ് വിപ്ലവത്തിന് തീ കൊളുത്തിയതില്‍ റിലയന്‍സ് ജിയോയ്ക്കുള്ള പങ്ക് കുറച്ചു കാണാനാകില്ല. ഒരു ജിബി ഡേറ്റയ്ക്ക് 250 മു‍തൽ 300 രൂപ വരെ വാങ്ങിയിരുന്ന പകല്‍ക്കൊള്ളക്കാരായ ചില മൊബൈല്‍ ഡേറ്റാ സേവനദാതാക്കള്‍ സ്പീഡിന്റെ കാര്യത്തില്‍ പോലും തങ്ങളുടെ ഉപയോക്താക്കളോട് നീതി പുലര്‍ത്തിയിരുന്നില്ല എന്നത് ചരിത്രം. അതുകൊണ്ടു തന്നെ അവരുടെ പതനത്തില്‍ അധികമാരും മുതലക്കണ്ണീര്‍ പൊഴിച്ചേക്കുകയുമില്ല.

 

2016 സെപ്റ്റംബറില്‍ ജിയോ അവതരിപ്പിക്കുന്നതിനു തൊട്ടു മുൻപത്തെ മാസം ഇന്ത്യയിലെ ഡേറ്റാ ഉപയോഗം 20 കോടി ജിബി ആയിരുന്നു. ജിയോ എത്തി ആദ്യ മാസത്തിനു ശേഷം അത് 370 കോടി ജിബി ആയി വര്‍ധിച്ചു. ഡേറ്റയുടെ വില 1 ജിബിക്ക് 250 രൂപ എന്നതില്‍ നിന്ന് 3 രൂപയില്‍ താഴേക്ക്നിലം പൊത്തി. 2016-17ല്‍ ജിയോയ്ക്ക് 10 കോടി ഉപയോക്താക്കളായിരുന്നു ഉണ്ടായിരുന്നതെങ്കില്‍ 2019 ല്‍ അത് 34 കോടിയായി വര്‍ധിച്ചിരിക്കുകയാണ്. ജിയോയുടെ എതിരാളികളും ഡേറ്റാ വില കുറയ്‌ക്കേണ്ടി വന്നതോടെ ലോകത്ത് ഏറ്റവും കുറഞ്ഞ ചിലവില്‍ ഡേറ്റ ലഭിക്കുന്ന രാജ്യങ്ങളിലൊന്നായി ഇന്ത്യ തീര്‍ന്നു. ഇത് പലതരം മാറ്റങ്ങള്‍ക്കും വഴിവച്ചിരിക്കുകയാണ്. വാട്‌സാപ്പിലൂടെ സാമ്രാജ്യം വികസിപ്പിക്കുന്ന രാഷ്ട്രീയപ്പാര്‍ട്ടികള്‍ മുതല്‍ പ്രാദേശിക യുട്യൂബ്-ടിക്‌ടോക് സ്റ്റാറുകള്‍ വരെ സജീവമായി.

 

ഡേറ്റയുടെ വില കുറഞ്ഞതിനും സ്പീഡ് കൂടിയതിനുമൊപ്പം സ്മാര്‍ട് ഫോണ്‍ എന്ന ഉപകരണത്തിന്റെ പ്രചാരവും നാട്ടിന്‍പുറങ്ങളെ വരെ മാറ്റിമറിച്ചിരിക്കുകയാണ്. ഫോണിന്റെ ദീര്‍ഘചതുരക്കളത്തിലേക്ക് കണ്ണും നട്ടിരിക്കുന്നവരെ എമ്പാടും കാണാം. പലരും യുട്യൂബ് ചാനലുകളില്‍ മുഴുകുന്നുവെന്നത് ഒരു വന്‍മാറ്റമാണ് കൊണ്ടുവന്നിരിക്കുന്നത്. കുറച്ചാളുകള്‍ ഒന്നിച്ചിരുന്ന് ടിവി കാണുന്നതു പോലെയല്ലാതെ വ്യക്തിപരമായ താത്പര്യങ്ങള്‍ സംരക്ഷിച്ചു കണ്ടെന്റ് കാണാന്‍ ഓരോരുത്തരെയും സജ്ജരാക്കുകയാണ് ഈ വിപ്ലവം ചെയ്തിരിക്കുന്നത്. ഒരു ദിവസം ഓണ്‍ലൈന്‍ വിഡിയോ കാണാന്‍ ഇന്ത്യയില്‍ ഒരാള്‍ 2012ല്‍ ശരാശരി 2 മിനിറ്റാണ് ചിലവഴിച്ചിരുന്നതെങ്കില്‍ 2019ല്‍ അത് ഏകദേശം ഒന്നര മണിക്കൂര്‍ ആയി വര്‍ധിച്ചു.  2021ല്‍ ഇന്റര്‍നെറ്റ് ഉപയോഗത്തിന്റെ 75 ശതമാനവും വിഡിയോ സ്ട്രീമിങ്ങിനു വേണ്ടിയായിരിക്കും ഉപയോഗിക്കുക എന്നും പറയുന്നു.

 

ടെലികോം മല്‍സരത്തിന്റെ നേട്ടം ഇങ്ങനെ വ്യക്തിഗത ബില്‍ കുറയുന്നതില്‍ ഒതുങ്ങുന്നില്ല. രാജ്യത്തെ ഡിജിറ്റല്‍വല്‍ക്കരിക്കാനുള്ള ശ്രമങ്ങള്‍ക്ക് ഏറ്റവുമധികം സഹായകമാകുന്നത് അതിവേഗ ഇന്റര്‍നെറ്റ് ഫോണില്‍ കുറഞ്ഞ ചെലവില്‍ കിട്ടുന്നു എന്നതുതന്നെ.

 

ബാങ്ക് അക്കൗണ്ടും ആധാറും മൊബൈലും ബന്ധിപ്പിക്കാനുള്ള സ്വപ്നപദ്ധതി നഗരങ്ങളിലെ സാമ്പത്തികശേഷിയുളളവരിലൊതുങ്ങാതെ എല്ലാ പ്രദേശങ്ങളിലേക്കും എല്ലാ വിഭാഗങ്ങളിലേക്കും എത്തണമെങ്കില്‍ ഇത് അത്യാവശ്യം.

 

ബ്രോഡ്ബാന്‍ഡ് ഇന്റര്‍നെറ്റ് (സെക്കന്‍ഡില്‍ 512 കിലോബൈറ്റ് എങ്കിലും ഡൗണ്‍ലോഡ് വേഗം) ഉണ്ടെങ്കില്‍ മാത്രമേ മൊബൈല്‍ വഴിയും കാര്‍ഡ് ഇടപാടുകള്‍ നടക്കുന്ന ടെര്‍മിനലുകള്‍ വഴിയും അനായാസം പണമിടപാടുകള്‍ നടക്കൂ. നോട്ട് അസാധുവാക്കലിനെത്തുടർന്ന് ‘കാഷ്‌െലസ്’ ഇടപാടുകൾ പ്രോൽസാഹിപ്പിക്കാൻ നടന്ന ശ്രമങ്ങൾ കുറെയെങ്കിലും വിജയിച്ചത് ഡേറ്റ ഉപയോഗത്തിനുള്ള നിരക്ക് കുറഞ്ഞതുകൊണ്ടുതന്നെ.

 

ഇന്റർനെറ്റ് ഉപയോഗിച്ച് ബിസിനസ്‍ നടത്തുന്ന, സ്റ്റാർട്ടപ്പുകൾ അടക്കമുള്ള സംരംഭകർക്കു വലിയ ആശ്വാസമാണ് ഡേറ്റ നിരക്കു കുറയുന്നത്. ലാപ്ടോപ് അടക്കം വിവിധ ഉപകരണങ്ങളിൽ 4ജി ലഭ്യമാക്കുന്ന വൈഫൈ ഹോട്സ്പോട്ടുകൾ വൻ ജനപ്രീതിയാണു നേടുന്നത്.

 

വിനോദ വ്യവസായം മൊബൈൽ ഫോണിൽ കേന്ദ്രീകരിക്കുന്ന സ്ഥിതിയിലേക്കും രാജ്യമെത്തിക്കൊണ്ടിരിക്കുന്നു. 4ജി അതിവേഗ ഇന്റർനെറ്റ് വ്യാപകമായതോടെയാണ് വിഡിയോ സ്ട്രീമിങ്, ലൈവ് ടിവി സ്ട്രീമിങ് രംഗത്തെ ആഗോള കമ്പനികൾ ഇന്ത്യയിലേക്കു നോക്കിയതുതന്നെ. ലൈവ് ടിവി ആസ്വദിക്കാനാവശ്യമായ ഡേറ്റ പോലും പോക്കറ്റ് കാലിയാക്കാതെ കിട്ടുമെന്നായി.

 

റിലയൻസ് ജിയോ ലൈവ് ടിവി, സിനിമ തുടങ്ങിയവ നൽകുന്നതിനുമുൻപുതന്നെ മറ്റു പലർക്കും അതൊക്കെ ഉണ്ടായിരുന്നെങ്കിലും ഡേറ്റ നിരക്കു കാരണം ജനപ്രിയമായില്ല. യൂട്യൂബിലെ ചെറു വിഡിയോകൾ പോലും ബഫറിങ് എന്ന ‘കറങ്ങിനിൽക്കൽ’ ഇല്ലാതെ കാണാനാകാതിരുന്ന നമുക്കിപ്പോൾ അത് ഭൂതകാലം മാത്രം.

 

ഇന്റർനെറ്റ് വിരൽത്തുമ്പിലുള്ളത് വിദ്യാർഥികളെ എത്ര സഹായിക്കുമെന്നു പറയേണ്ടതില്ല. വിദൂര വിദ്യാഭ്യാസവും വിദൂര ചികിൽസ(ടെലി മെഡിസിൻ)യും മുതൽ യാത്രാരംഗത്തു വിപ്ലവം സൃഷ്ടിക്കുന്ന ഊബർ– ഒല മാതൃകകളുമൊക്കെ സാധാരണക്കാർക്കു ലഭ്യമാകണമെങ്കിൽ ഇപ്പോഴത്തെപ്പോലെ കുറഞ്ഞ നിരക്കിൽ ഇന്റർനെറ്റ് കിട്ടണം. അത് രാജ്യം മുഴുവൻ എത്തുകയും വേണം.

 

രാജ്യത്തിനു വൻ നേട്ടമേകുന്ന ഒന്നായി മൊബൈൽ ഇന്റർനെറ്റ് രംഗത്തെ ഇങ്ങനെ മാറിക്കൊണ്ടിരിക്കുമ്പോൾ, ടെലികോം രംഗത്തു നൂതന ആശയങ്ങൾ പൊട്ടിമുളയ്ക്കുന്നതും അതുവഴി മൽസരം ഉണ്ടാകുന്നതും ജനം സ്വാഗതം ചെയ്യും.

English Summary: Indian Telecom Companies Past and future

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com