ADVERTISEMENT

വ്യക്തിസ്വാതന്ത്ര്യം പഴങ്കഥയാക്കുന്ന ഫേഷ്യല്‍ റെക്കഗ്നിഷന്‍ സോഫ്റ്റ്‌വെയറിനെതിരെ അമേരിക്കയില്‍ പ്രതിഷേധം. വ്യക്തികളുടെ അനുമതിയില്ലാതെ അവരുടെ ചിത്രങ്ങളെടുക്കുകയും പരിശോധിക്കുകയും ചെയ്യുന്ന ഫേഷ്യല്‍ റെക്കഗ്നിഷന്‍ സോഫ്റ്റ്‌വെയറിനെതിരെയാണ് ആക്ടിവിസ്റ്റുകള്‍ തെരുവിലിറങ്ങിയത്. ആമസോണിന്റെ ഫേഷ്യല്‍ റെക്കഗ്നിഷന്‍ സോഫ്റ്റ്‌വെയര്‍ ഉപയോഗിച്ച് തെരുവിലെ ജനങ്ങളുടെ ചിത്രമെടുത്ത് പരിശോധിച്ചായിരുന്നു ഇവര്‍ ഇതില്‍ ഒളിച്ചിരിക്കുന്ന അപകടത്തെക്കുറിച്ച് പരസ്യമായി പ്രതിഷേധിച്ചത്. 

 

facial-recognition

ഈ സാങ്കേതികവിദ്യയെ നിയന്ത്രിക്കുക്കേണ്ടതിന്റെ ആവശ്യകതയെക്കുറിച്ച് ജനങ്ങളില്‍ ബോധവല്‍ക്കരണം നടത്തുകയായിരുന്നു ആക്ടിവിസ്റ്റുകളുടെ ലക്ഷ്യം. ഇതിനായി ജനപ്രതിനിധികളെ കൂടി ഉള്‍പ്പെടുത്തി ക്യാംപയിനുകള്‍ക്കും പദ്ധതിയുണ്ട്. പൊതുസ്ഥലത്തു നിന്നും ജനങ്ങളുടെ അനുമതിയില്ലാതെ ചിത്രങ്ങളെടുത്ത് വിവരങ്ങള്‍ ശേഖരിക്കുന്നത് നിയമം മൂലം നിരോധിക്കണമെന്നും അവര്‍ പറയുന്നു.

 

വെളുത്ത നിറമുള്ള മേലാകെ പൊതിയുന്ന സ്യൂട്ട് ധരിച്ച് തലയില്‍ സ്മാര്‍ട് ഫോണ്‍ ഘടിപ്പിച്ചാണ് ആക്ടിവിസ്റ്റുകള്‍ പ്രതിഷേധത്തിനിറങ്ങിയത്. ഇവരുടെ തലയിലെ സ്മാര്‍ട് ഫോണുകള്‍ വഴി വിഡിയോ എടുക്കുന്നുമുണ്ടായിരുന്നു. ആമസോണിന്റെ റെകൊഗ്നിഷൻ (Rekognition) എന്ന സോഫ്റ്റ്‌വെയര്‍ ഉപയോഗിച്ച് ഇവര്‍ എടുത്ത ദൃശ്യങ്ങളിലുള്ളവരുടെ മുഖം സ്‌കാന്‍ ചെയ്ത് വിവരങ്ങള്‍ ശേഖരിക്കുകയും ചെയ്തു. ഏകദേശം 14000ത്തോളം പേരുടെ മുഖങ്ങള്‍ ഇവര്‍ ഇങ്ങനെ സ്‌കാന്‍ ചെയ്ത് റെകൊഗ്നിഷനിലെ വിവരങ്ങളുമായി ഒത്തുനോക്കി. 

 

facial-recognition-1

തികച്ചും നിയമവിരുദ്ധമായ കാര്യങ്ങളാണ് തങ്ങള്‍ ചെയ്തതെന്ന് ഫൈറ്റ് ഫോര്‍ ദ ഫ്യൂച്ചര്‍ എന്ന പേരിലുള്ള ആക്ടിവിസ്റ്റുകളുടെ സംഘം പറയുന്നു. എന്നാല്‍ ഇതിനെതിരെ നടപടിയെടുക്കാന്‍ നിലവിലെ നിയമങ്ങള്‍കൊണ്ട് സാധിക്കില്ലെന്നും ഈ പരിമിതി മറികടക്കാന്‍ നിയമം കൊണ്ടുവരണമെന്നുമാണ് അവരുടെ ആവശ്യം.

 

facial-recognition-2

ആരുടേയും അനുമതി വാങ്ങാതെയാണ് സംഘം പൊതുസ്ഥലത്തു നിന്നും വിഡിയോ എടുത്തതെങ്കിലും അവരുടെ സ്യൂട്ടിന് മുന്നിലായി ഫേഷ്യല്‍ റെക്കഗ്നിഷന്‍ നടന്നുകൊണ്ടിരിക്കുന്നു' എന്ന് എഴുതിയിരുന്നു. ഇങ്ങനെ വിഡിയോ എടുത്ത് പരിശോധിച്ചപ്പോഴാണ് 1988ല്‍ മരിച്ചുപോയ അമേരിക്കന്‍ ഗായകന്‍ റോയ് ഓര്‍ബിസണിനെ സോഫ്റ്റ്‌വെയര്‍ കണ്ടെത്തിയത്! 

ഒറ്റനോട്ടത്തില്‍ ചിരിച്ചു തള്ളാവുന്ന സംഗതിയായി തോന്നാമെങ്കിലും അത് അങ്ങനെയല്ലെന്നാണ് ആക്ടിവിസ്റ്റുകള്‍ സൂചിപ്പിക്കുന്നത്. ഫേഷ്യല്‍ റെക്കഗ്നിഷന്‍ സംവിധാനത്തിന് തെറ്റുപറ്റാമെന്ന് കാണിക്കുക കൂടിയാണ് ഇത്. അതിനര്‍ഥം കുറ്റവാളിയെന്ന് കരുതി നിരപരാധിയെ തടവിലിട്ടേക്കാമെന്ന് കൂടിയാണെന്നും ഫൈറ്റ് ഫോര്‍ ദ ഫ്യൂച്ചര്‍ ഓര്‍മിപ്പിക്കുന്നു. 

 

നേരത്തെ സൂക്ഷിച്ചുവെച്ചിരിക്കുന്ന വിവരങ്ങളെ അടിസ്ഥാനപ്പെടുത്തി ദൃശ്യങ്ങളും ചിത്രങ്ങളും ഉപയോഗിച്ച് വ്യക്തികളെ തിരിച്ചറിയാന്‍ സഹായിക്കുന്ന സംവിധാനമാണ് ഫേഷ്യല്‍ റെക്കഗ്നിഷന്‍. ഓരോ മുഖത്തിനും 80 ഓളം തനതായ പോയിന്റുകളുണ്ടെന്നും ഇവ ഉപയോഗിച്ച് ഓരോ മുഖത്തേയും വേര്‍തിരിച്ചറിയാന്‍ സാധിക്കുമെന്നുമാണ് ഫേഷ്യല്‍ റെക്കഗ്നിഷന്‍ സാങ്കേതികവിദ്യ കരുതുന്നത്. മൂക്കിന്റെ വീതി, കണ്‍തടത്തിന്റെ തടിപ്പ്, കണ്ണുകള്‍ തമ്മിലെ അകലം, താടിയുടെ രൂപം തുടങ്ങി നിരവധി ഘടകങ്ങളാണ് ഈ സോഫ്റ്റ്#വെയര്‍ കണക്കുകൂട്ടുന്നത്. ഇങ്ങനെ ലഭിക്കുന്ന തനതായ അക്കങ്ങളുടെ കോഡായിട്ടാണ് ഓരോ മുഖവും സൂക്ഷിക്കുക. പിന്നീട് ഇതുമായി ഒത്തു നോക്കുകയാണ് ചെയ്യുന്നത്.

 

നിലവില്‍ ചൈന പോലുള്ള രാജ്യങ്ങള്‍ ഫേഷ്യല്‍ റെക്കഗ്നിഷന്‍ സംവിധാനം ട്രാഫിക്ക് നിയമലംഘങ്ങള്‍ക്കെതിരെയും മറ്റും ഉപയോഗിക്കുന്നുണ്ട്. ലക്ഷക്കണക്കിന് സിസിടിവി ക്യാമറകളാണ് ഇതിന് സഹായിക്കുന്നത്. സമീപഭാവിയില്‍ വിരലടയാളം ഉപയോഗിച്ച് വ്യക്തികളെ തിരിച്ചറിയുന്നത് ഫേഷ്യല്‍ റെക്കഗ്നിഷന്‍ സാങ്കേതികവിദ്യക്ക് വഴിമാറുമെന്നാണ് പ്രതീക്ഷിക്കുന്നത്.

 

എന്തായാലും ഇതൊക്കെ മനുഷ്യനെന്ന സങ്കല്‍പത്തിന്റെ, 'ഒടുക്കത്തിന്റെ തുടക്കം' ആയിരിക്കുമെന്നാണ് പൊതുവെ അഭിപ്രായം. ഞാന്‍, ഞാന്‍ എന്ന ഭാവമൊക്കെ അടങ്ങിയേക്കാം. സമീപ ഭാവിയില്‍ തന്നെ ഏതെങ്കിലും കമ്പനിയായിരിക്കാം നമ്മെ നിയന്ത്രിക്കുക തുടങ്ങിയ ഭീതിയുണര്‍ത്തുന്ന ആശയങ്ങളാണ് ഇപ്പോള്‍ പ്രചരിക്കുന്നത്. ഇതെല്ലാം വെറും ശാസ്ത്ര ഭാവനയെന്നു പറഞ്ഞു തള്ളിക്കളയേണ്ട.

English Summary: Long-dead singer Roy Orbison is spotted on Capitol Hill by facial recognition software

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com