ADVERTISEMENT

കഴിഞ്ഞ കുറച്ചു മാസങ്ങളായി കേരളത്തിൽ ഒളിച്ചോടുന്ന കുട്ടികളുടെ എണ്ണം കുത്തനെ കൂടിയിട്ടുണ്ട്. ഓരോ ദിവസവും സൈബർ സെല്ലിനു മുന്നിലെത്തുന്ന കേസുകൾ നിരവധിയാണ്. സൈബർ സുഹൃത്തിനൊപ്പം ഒന്നും നോക്കാതെ വീടുവിട്ടിറങ്ങുന്ന പെൺകുട്ടികളുടെ എണ്ണം കൂടുന്നത് പൊലീസിന് വൻ തലവേദനയായിട്ടുണ്ട്. സോഷ്യല്‍മീഡിയയും ഇന്റര്‍നെറ്റും സ്മാർട് ഫോണുകളും വ്യാപകമായി ഉപയോഗിക്കുന്ന കൗമാരക്കാർ വൻ ചതികളിലാണ് കുടുങ്ങുന്നത്.

ഇക്കഴിഞ്ഞ ചില്‍ഡ്രന്‍സ് ഡേയില്‍ കുട്ടികളുടെ ഓണ്‍ലൈന്‍ ജീവിതവുമായി ബന്ധപ്പെടുത്തി ചില ഗവേഷകര്‍ പുറത്തുവിട്ട വിവരങ്ങൾ പരിശോധിക്കാം. മൊബൈല്‍ അസോസിയേഷന്‍ ഓഫ് ഇന്ത്യ പുറത്തുവിട്ട ഞെട്ടിക്കുന്ന കണക്കുകള്‍ പരിഗണിച്ചാണ് അവര്‍ പഠനത്തിന് തുനിഞ്ഞത്. ഇന്ത്യയില്‍ 5 നും 11 വയസിനും ഇടയിലുള്ള ഏകദേശം 6.6 കോടി കുട്ടികള്‍ ഇന്റര്‍നെറ്റ് സന്ദര്‍ശകരാണ്. ഇവരില്‍ പലരും ഇന്റര്‍നെറ്റിലെത്തുന്നത് അവരുടെ മാതാപിതാക്കളുടെ ഡിവൈസുകള്‍ ഉപയോഗിച്ചോ അല്ലെങ്കില്‍ വീട്ടിലെ പൊതു ഉപകരണങ്ങളില്‍ കൂടെയോ ആണെന്നാണ് നിഗമനം.

ഇന്ത്യയില്‍ 60 ശതമാനം മാതാപിതാക്കളും കുട്ടികളുടെ ഓണ്‍ലൈന്‍ ജീവിതത്തെക്കുറിച്ച് ഒട്ടും ശ്രദ്ധയില്ലാത്തവരാണ് എന്നാണ് മറ്റൊരു പഠനം പറയുന്നത്. കുട്ടികളുടെ ശാരീരികാരോഗ്യത്തെയും മാനസികാരോഗ്യത്തെയും വരും കാലത്തെ സാമൂഹ്യ ജീവിതത്തെയും നേരിട്ടു ബാധിക്കുന്നതാണ് അവര്‍ ഇപ്പോള്‍ എന്തു ചെയ്യുന്നു എന്നത്. ഒരു ഫോണോ ടാബോ എല്ലാം നല്‍കിക്കഴിഞ്ഞാല്‍ കുട്ടികളുടെ ശല്യം ഒഴിവാക്കാമെന്ന ചിന്തയാണ് പല മാതാപിതാക്കളെയും കുട്ടികള്‍ ഓണ്‍ലൈനിലേക്കു പോകട്ടെ എന്ന തീരുമാനത്തിലെത്താന്‍ പ്രേരിപ്പിക്കുന്നത്.

∙ ഇന്റര്‍നെറ്റിനെക്കുറിച്ച് പ്രാഥമികവബോധം ഇല്ലാത്ത മാതാപിതാക്കള്‍

ഓണ്‍ലൈനില്‍ എന്തു നടക്കുന്നു എന്നതിനെക്കുറിച്ചൊന്നും മാതാപിതാക്കള്‍ക്ക് യാതൊരു ബോധവുമില്ല. അനലോഗ് ടിവിയുടെ തുടര്‍ച്ച എന്ന ലാഘവത്തോടെയാണ് പലരും തങ്ങളുടെയും കുട്ടികളുടെയും ഓണ്‍ലൈന്‍ ജീവിതത്തെ കാണുന്നത്. ആദ്യം അവര്‍ക്ക് ജാഗ്രത ലഭിക്കുകയാണ് വേണ്ടത്. സന്നദ്ധസംഘടനകളോ മറ്റോ ആ ദൗത്യം ഏറ്റെടുത്താലല്ലാതെ ബോധവല്‍ക്കരണം നടക്കാനുള്ള സാധ്യത തീരെ കാണുന്നില്ല.

∙ സ്റ്റീവ് ജോബ്‌സ്, പിച്ചൈ, ബിൽഗേറ്റ്സ് അവരുടെ മക്കള്‍ക്ക് സ്മാര്‍ട് ഉപകരണങ്ങള്‍ നല്‍കിയിരുന്നില്ല

ഐഫോണിന്റെ പിതാവായി അറിയപ്പെടുന്ന മുന്‍ ആപ്പിള്‍ മേധാവി സ്റ്റീവ് ജോബ്‌സ് സ്വന്തം മക്കള്‍ക്ക് അവർ മുതിർന്നവരാകാതെ സ്മാര്‍ട് ഉപകരണങ്ങള്‍ നല്‍കില്ലെന്ന പിടിവാശിയിലായിരുന്നു. മുന്‍ മൈക്രോസോഫ്റ്റ് മേധാവി ബില്‍ ഗെയ്റ്റ്‌സിന്റെ വീട്ടില്‍ 14 വയസാണ് സ്മാര്‍ട് ഫോണ്‍ ഉപയോഗിക്കാന്‍ എത്തേണ്ട പ്രായം. അതുമാത്രമല്ല, നിശ്ചിത സമയം കഴിഞ്ഞാല്‍ അവ തിരിച്ചു വയ്ക്കുകയും വേണം. ഭക്ഷണസമയം തുടങ്ങി പല നേരത്തും ഫോണുമായി വരാനും പാടില്ല. ഗൂഗിളിന്റെ ഇപ്പോഴത്തെ മേധാവി സുന്ദര്‍ പിച്ചൈ തന്റെ 11 വയസുള്ള മകന് മൊബൈല്‍ ഫോണ്‍ നല്‍കുകയോ, അധിക നേരം ടിവി കാണാന്‍ അനുവദിക്കുകയോ ചെയ്യില്ല. കുട്ടികള്‍ക്കു ഫോണ്‍ നല്‍കുന്ന കാര്യത്തില്‍ യാതൊരു വീണ്ടു വിചാരവുമില്ലാത്തയാളാണ് നിങ്ങളെങ്കില്‍, ഇവരെക്കാളേറെ ടെക്‌നോളജിയെപ്പറ്റി അറിയാവുന്നയാളാണോ എന്ന് ആത്മപരിശോധന നടത്തുകയാണ് ആദ്യം ചെയ്യേണ്ടത്. മുന്‍ വര്‍ഷങ്ങളില്‍ അമേരിക്കയിലെ മാതാപിതാക്കള്‍ ആപ്പിള്‍ കമ്പനിക്കു മുന്നിലും മറ്റും ഇത്രമേല്‍ ആകര്‍ഷകമായ ടെക്‌നോളജി പുറത്തിറക്കുന്നതിനെതിരെ പ്രതിഷേധം സംഘടിപ്പിച്ചിരുന്നു.

∙ ഡിജിറ്റല്‍ ഫുട്പ്രിന്റ്

ആളുകളുടെ ഓണ്‍ലൈന്‍ പ്രവൃത്തികള്‍ ഏറ്റവുമധികം നിരീക്ഷിക്കുന്നുവെന്ന ആരോപണം നേരിടുന്ന കമ്പനിയാണ് ഗൂഗിള്‍. അവര്‍ കുടുംബങ്ങള്‍ക്കായി ഒരു ബോധവല്‍ക്കരണ പേജ് തുറന്നിട്ടുണ്ട്. കുട്ടികളെ ഡിജിറ്റല്‍ ലോകത്തെ സ്മാര്‍ട് പൗരന്മാരാക്കാനാണ് ഈ നിര്‍ദ്ദേശങ്ങള്‍ എന്നാണ് കമ്പനി പറയുന്നത്. അതിലെ പ്രധാന നിര്‍ദ്ദേശങ്ങളിലൊന്ന് കുട്ടികളെ തങ്ങളുടെ ഡിജിറ്റല്‍ ഫുട്പ്രിന്റിനെക്കുറിച്ച് ബോധമുള്ളവരാക്കുക എന്നതാണ്. സ്വന്തം ഡിജിറ്റല്‍ ഫുട്പ്രിന്റിനെക്കുറിച്ചറിയാത്ത മാതാപിതാക്കൾ എങ്ങനെയാണ് കുട്ടികളുടെ ഫുട്പ്രിന്റിനെക്കുറിച്ച് ബോധമുള്ളവരാകുക? സെറ്റ് ടോപ് ബോക്‌സുകള്‍ക്കു മുൻപിലെ കേബിള്‍ ടിവിയില്‍ നിങ്ങള്‍ എന്തു കാണുന്നു എന്നതിനെക്കുറിച്ച് ആര്‍ക്കും അറിയില്ലായിരുന്നു. എന്നാല്‍, ഇന്ന് അതും അറിയാം.

ഓണ്‍ലൈനിലെ നമ്മുടെ ഓരോ നീക്കവും വീക്ഷിക്കപ്പെടുന്നുണ്ടെന്നു മനസിലാക്കുക എന്നതാണ് ആദ്യം വേണ്ടത്. ഓണ്‍ലൈനില്‍ നമ്മുടെ ഡിജിറ്റല്‍ കാലടികള്‍ പതിയുന്നത് നിരവധി കമ്പനികളും മറ്റും അറിഞ്ഞുകൊണ്ടിരിക്കുന്നു. ഇന്റര്‍നെറ്റ് തരുന്നയാള്‍ മുതല്‍ ഗൂഗിളും ഫെയ്‌സ്ബുക്കും വരെയുള്ള കമ്പനികള്‍ വരെ പലരും നിങ്ങളുടെ ഡിജിറ്റല്‍ സഞ്ചാരത്തെക്കുറിച്ച് പഠിച്ചുകൊണ്ടിരിക്കുന്നു. ഇത്തരത്തില്‍ അവര്‍ക്കു കിട്ടുന്ന ഡേറ്റ നിങ്ങളുടെ പ്രൊഫൈലുമായി ബന്ധപ്പെടുത്തി തന്നെ സൂക്ഷിക്കുന്നു എന്ന ആരോപണവും ഉണ്ട്. ഇതെല്ലാം ഭാവിയില്‍ എങ്ങനെ ഉപയോഗിക്കപ്പെടുമെന്ന കാര്യത്തില്‍ ഉത്കണ്ഠയുള്ളവരാണ് ടെക്‌നോളജി വിദഗ്ധര്‍. സാക്ഷാല്‍ ഗൂഗിള്‍ തന്നെ നിങ്ങളുടെ കുട്ടിയുടെ ഡിജിറ്റല്‍ നീക്കങ്ങളെക്കുറിച്ച് ബോധമുള്ളവരാകണമെന്ന് ആവശ്യപ്പെട്ടിരിക്കുന്നത് അതിനാലാണ്. കുട്ടികളുടെ ഭാവിയെ നിങ്ങള്‍ ഗൗരവത്തില്‍ എടുക്കുന്നുണ്ടോ? ഉണ്ടെങ്കില്‍, അവരുടെ ഓണ്‍ലൈന്‍ സേര്‍ച്ചുകളിലും മറ്റും കൂടെയിരിക്കണമെന്നാണ് മറ്റൊരു ഉപദേശം. സേര്‍ച്ച് റിസള്‍ട്ടുകള്‍ നിങ്ങളുടെ കുട്ടികളുടെ ഭാവിയെ നിര്‍ണയിക്കുന്നു.

representative image
representative image

∙ വീടുകളില്‍ നിയമങ്ങള്‍ വേണം

പിച്ചൈയുടെയും ഗെയ്റ്റ്‌സിന്റെയും മറ്റും വീടുകളിലുള്ളതു പോലെ നിങ്ങളുടെ വീട്ടിലും ചില നിയമങ്ങള്‍ വയ്ക്കുകയും അവ പാലിക്കപ്പെടുന്നുണ്ടെന്ന് ഉറപ്പാക്കുകയും വേണം. ഗൂഗിളിന്റെ നിര്‍ദ്ദേശങ്ങളില്‍ ഇതും ഉള്‍പ്പെടുത്തിയിരിക്കുന്നു. ഓണ്‍ലൈനില്‍ കുടുംബത്തെയും കുട്ടികളെയും കുറിച്ച് നിങ്ങള്‍ എന്തെല്ലാം വിവരങ്ങള്‍ നല്‍കുന്നുവെന്ന കാര്യത്തിലും ബോധപൂര്‍വ്വമുള്ള തീരുമാനങ്ങള്‍ എടുക്കണം. മറ്റുള്ളവര്‍ എന്താണ് ഓണ്‍ലൈനില്‍ പങ്കുവയ്ക്കുന്നത് എന്നോര്‍ക്കേണ്ട. ഏറ്റവും കുറച്ചു കാര്യങ്ങള്‍ മാത്രമേ പങ്കുവയ്ക്കാവൂ. ഇങ്ങനെ കുട്ടികളെക്കുറിച്ചു ഓണ്‍ലൈനില്‍ പറയുന്ന കാര്യങ്ങള്‍ പിന്നെ അവര്‍ക്ക് മുതിരുമ്പോള്‍ നാണക്കേടുണ്ടാക്കുന്നതായും കണ്ടെത്തിയിട്ടുണ്ട്. കുട്ടിയുടെ വളര്‍ച്ചയുടെ ഓരോ ഘട്ടവും നാട്ടുകാര്‍ക്കു കാണാനും കമ്പനികള്‍ക്ക് ഗവേഷണം നടത്താനും ഇട്ടുകൊടുക്കണോ എന്ന് മാതാപിതാക്കള്‍ തീരുമാനിക്കുക. ശരിക്കുള്ള അഡ്രസ് തുടങ്ങിയവയും ഓണ്‍ലൈനില്‍ പങ്കുവയ്ക്കരുതെന്നും ചിലര്‍ ഉപദേശിക്കുന്നു. കുട്ടികള്‍ പോകുന്ന സ്‌കൂളിനെക്കുറിച്ചുള്ള വിവരങ്ങളും കുറച്ചു പേര്‍ക്കുള്ള ഗ്രൂപ്പുകളില്‍ പോലും പങ്കുവയ്‌ക്കേണ്ടന്നാണ് അവര്‍ പറയുന്നത്.

∙ സ്വകാര്യ ഡേറ്റ

അനലോഗ് ടിവിയുടെ കാലത്തേതു പോലെയല്ലാതെ, ഓരോ ഓണ്‍ലൈന്‍ സന്ദര്‍ശനവും ഡേറ്റ സൃഷ്ടിക്കുന്നു. നിങ്ങളുടെയും കുട്ടികളുടെയും സ്വഭാവം, താൽപര്യങ്ങള്‍ തുടങ്ങിയവയെപ്പറ്റിയുള്ള വ്യക്തമായ സൂചനകളാണ് ഓരോ സന്ദര്‍ശനവും ബാക്കിവയ്ക്കുക. ഇതേപ്പറ്റിയുള്ള ബോധം കുട്ടികള്‍ക്കും പകരാന്‍ ശ്രമിക്കുക. ഓരോ മെസേജുകളിലും ക്ലിക്കു ചെയ്യുന്നതിനു മുൻപ് ഇവ ചിലപ്പോള്‍ ഫിഷിങ് (phishing) ആക്രമണങ്ങളാകാമെന്ന കാര്യം കുട്ടികളെ ബോധ്യപ്പെടുത്താന്‍ ശ്രമിക്കണം. സുരക്ഷിതമായ വെബ്‌സൈറ്റുകള്‍ എങ്ങനെയിരിക്കുമെന്ന കാര്യത്തെക്കുറിച്ചും കുട്ടികള്‍ക്കു പറഞ്ഞുകൊടുക്കണം.

∙ അപരിചിതരുടെ ഇടപെടല്‍

നിങ്ങളുടെ കുട്ടികള്‍ സ്വകാര്യമായി നടത്തുന്ന ഓണ്‍ലൈന്‍ യാത്രകളില്‍ അവര്‍ അപരിചിതരുമായി ഇടപെടേണ്ടിവന്നാല്‍ എന്തു സംഭവിക്കുമെന്ന് ചിന്തിച്ചിട്ടുണ്ടോ ? സാമൂഹ്യ മാധ്യമങ്ങളിലെ പ്രൊഫൈലുകള്‍ക്കു പിന്നില്‍ എന്തെല്ലാം തരം മൂര്‍ഖന്മാരാണ് പതിയിരിക്കുക എന്ന് ആര്‍ക്കും പറയാനാവില്ല. മറ്റൊന്ന് ബുള്ളിയിങ് ആണ്. സമൂഹ മാധ്യമ സൈറ്റുകളിലും മറ്റും ആരെങ്കിലുമൊക്കെയായി പരിചയത്തിലാകുന്ന കുട്ടികളെ പിന്നെ അപരിചിതരും ചിലപ്പോള്‍ പരിചയക്കാരും എല്ലാം ഭീഷണിപ്പെടുത്തുന്ന അവസരങ്ങള്‍ നിരവധിയാണ്. കുട്ടികള്‍ക്ക് അകാരണമായ മാറ്റങ്ങള്‍ വന്നിട്ടുണ്ടെങ്കില്‍ അവരെ സ്‌നേഹപൂര്‍വ്വം ചോദ്യം ചെയ്യുക. കുട്ടികള്‍ക്ക് സമൂഹമാധ്യമ പ്രൊഫൈലുകള്‍ ഉണ്ടെങ്കില്‍ അത് പൊതുമധ്യത്തില്‍ എത്താതിരിക്കാന്‍ ശ്രദ്ധിക്കുക.

∙ ആരോഗ്യം

Representative Image
Representative Image

ഇതെല്ലാം പുതിയ കാര്യങ്ങളാണെന്ന് എല്ലാവര്‍ക്കും അറിയാമല്ലോ. അപ്പോള്‍ ആരോഗ്യപരമായ വരുംവരായ്കകളെക്കുറിച്ച് ഇപ്പോള്‍ തീര്‍പ്പുകല്‍പ്പിക്കാനാകില്ല. പക്ഷേ, ദീര്‍ഘനേരം സ്‌ക്രീനുകള്‍ക്കു മുന്നില്‍ ചിലവഴിക്കുന്ന ചില കുട്ടികളുടെയെങ്കിലും കണ്ണുകള്‍ക്ക് അസുഖം വന്നേക്കാമെന്നു പറയുന്നു. ഓടി നടക്കേണ്ട പ്രായത്തില്‍, സ്മാര്‍ട് ഉപകരണങ്ങളുടെ വശീകരണവലയത്തില്‍ പെടുന്ന കുട്ടികളുടെ ശരീരത്തിനു വന്നേക്കാവുന്ന മാറ്റങ്ങള്‍ അവരുടെ ഭാവിയെ എങ്ങനെ ബാധിക്കുമെന്ന കാര്യത്തെക്കുറിച്ചും ഇന്ന് ആധിപുലര്‍ത്തുന്നവരുണ്ട്.

∙ അഡിക്ഷന്‍

ഡിജിറ്റല്‍ ഉപകരണങ്ങള്‍ യഥേഷ്ടം ഉപയോഗിക്കാന്‍ അനുവദിച്ചാല്‍ അത് കുട്ടികള്‍ക്ക് അഡിക്ഷനുണ്ടാക്കും. പിന്നെ മാതാപിതാക്കള്‍ക്കൊന്നും അവരെ നിയന്ത്രിക്കാനാകില്ല എന്ന വാദമുയര്‍ത്തുന്നവരുമുണ്ട്. കുട്ടികളുമൊത്ത് സമയം ചെലവഴിക്കാന്‍ താത്പര്യപ്പെടാത്ത മാതാപിതാക്കള്‍ തന്നെയാണ് കുട്ടികളെ ഓണ്‍ലൈന്‍ ലോകത്തേക്ക് തള്ളിയിടുന്നതെന്നാണ് മറ്റൊരു ആരോപണം. സ്മാര്‍ട് ഫോണ്‍, സോഷ്യല്‍ മീഡിയ അഡിക്ഷനുള്ള മാതാപിതാക്കള്‍ക്ക് തങ്ങള്‍ക്ക് വരുന്ന സന്ദേശങ്ങളും മറ്റും പരിശോധിക്കുന്നതിലായിരിക്കും ആവേശം.

English Summary: Online Privacy and child

mobile
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com