ADVERTISEMENT

അമേരിക്കന്‍ കമ്പനികളുടെ ടെക്‌നോളജി ഉപയോഗിക്കാന്‍ ചൈനീസ് ടെലികമ്യൂണിക്കേഷന്‍സ് ഭീമന്‍ വാവെയ്ക്ക് 90 ദിവസം കൂടി ഇളവു നല്‍കുന്നതായി ട്രംപ് ഭരണകൂടം അറിയിച്ചു. എന്നാൽ വിലക്കു നീക്കുന്നത് സംബന്ധിച്ചുള്ള കാര്യങ്ങളൊന്നും അധികൃതർ വ്യക്തമാക്കിയിട്ടില്ല. 90 ദിവസം കൂടി നീട്ടിയതായി തിങ്കളാഴ്ചയാണ് അറിയിച്ചത്. ഈ കാലയളവില്‍ അമേരിക്കയില്‍ നിന്നുള്ള ഗൂഗിളിന്റെ ആന്‍ഡ്രോയിഡ് പോലെയുള്ള സോഫ്റ്റ്‌വെയര്‍ സേവനങ്ങളും ഇന്റലിന്റെയും ക്വാല്‍കമിന്റെയും ഹാര്‍ഡ്‌വെയര്‍ സേവനങ്ങളും കമ്പനിക്ക് ഉപയോഗിക്കാം. ഇതിലൂടെ കമ്പനിയുടെ നിലവിലുള്ള ഉപയോക്താക്കള്‍ക്ക് സേവനം നല്‍കാനാകട്ടെ എന്നാണ് അമേരിക്കന്‍ സർക്കാരിന്റെ നിലപാട്.

അമേരിക്ക ഉപരോധം പൂര്‍ണ്ണമായും നീക്കം ചെയ്യുമെന്നായിരുന്നു അവസാന നിമിഷം വരെ വാവെയ് പ്രതീക്ഷിച്ചിരുന്നത്. കഴിഞ്ഞ മേയിലാണ് വാവെയ് കമ്പനിയെ രാജ്യ സുരക്ഷയുടെ പേരിൽ അമേരിക്ക വിലക്കിയത്. വാവെയ് കമ്പനിയുടെ 50 ഉല്‍പന്നങ്ങളാണ് അമേരിക്ക കരിമ്പട്ടികയില്‍ പെടുത്തിയിരിക്കുന്നത്. എന്നാൽ അമേരിക്ക വിലക്കേര്‍പ്പെടുത്തിയെങ്കിലും രാജ്യാന്തര വിപണിയിൽ വാവെയ് വൻ മുന്നേറ്റമാണ് നടത്തുന്നത്.

വാവെയുടെ പ്രൊഡക്ടുകള്‍ ഉപയോഗിക്കുന്നതില്‍ നിന്ന് വിട്ടുനില്‍ക്കാനാണ് ഉപയോക്താക്കളോട് ആവശ്യപ്പെട്ടിരിക്കുന്നത്. ഉപയോക്താക്കള്‍ക്ക് കൂടുതല്‍ സമയം കാത്തിരിക്കണമെന്നും വാവെയുടെ കാര്യത്തിൽ വൈകാതെ തീരുമാനം വരുമെന്നുമാണ് അധികൃതർ അറിയിച്ചത്. ഇതിനാൽ തന്നെ 90 ദിവസത്തേക്കു കൂടെ ഇളവു പ്രഖ്യാപിക്കുകയാണെന്നുമാണ് അറിയിച്ചത്. വാവെയുമായി ബന്ധപ്പെട്ടു പ്രവര്‍ത്തിക്കുന്ന 46 കമ്പനികളെ കൂടെ എന്റിറ്റി ലിസ്റ്റില്‍ ഉള്‍പ്പെടുത്തുകയും ചെയ്തു. ഇത് ഈ കമ്പനികളെ അമേരിക്കന്‍ ഉപയോക്താക്കള്‍ ആശ്രയിക്കുന്നതു നിരോധിക്കുന്നതിനു തുല്യമാണെന്നു പറയുന്നു. 

ഇതോടെ, വാവെയുമായി ബന്ധപ്പെട്ടു പ്രവര്‍ത്തിക്കുന്ന നൂറിലേറെ കമ്പനികള്‍ എന്റിറ്റി പട്ടികയിലാണ്. അര്‍ജന്റീന, ഓസ്‌ട്രേലിയ, ഇന്ത്യ, ബെലാറൂസ്, ചൈന, കോസ്റ്റാ റീക്ക, ഇറ്റലി, മെക്‌സിക്കോ തുടങ്ങി നിരവധി രാജ്യങ്ങളില്‍ വാവെയ്ക്കായി പ്രവര്‍ത്തിക്കുന്ന കമ്പനികളെ നേരത്തെ തന്നെ അമേരിക്ക നിരോധിച്ചിരുന്നു. അമേരിക്കയുടെ ഉള്‍ഭാഗങ്ങളിലാണ് ഇത്തരം വാവെയും കമ്പനിയുമായി ബന്ധപ്പെട്ട മറ്റു കമ്പനികളും പ്രവര്‍ത്തിക്കുന്നത്.

വാവെയെ കഴിഞ്ഞ മെയ് മാസത്തിലാണ് അമേരിക്കയുടെ കൊമേഴ്‌സ് ഡിപ്പാര്‍ട്ട്‌മെന്റ് ആദ്യമായി കരിമ്പട്ടികയില്‍ പെടുത്തിയത്. പിന്നെ നല്‍കിയ 180 ദിവസത്തെ ഇളവ് കഴിഞ്ഞ ദിവസം തീരുകയായിരുന്നു. പുതിയ സംഭവവികാസങ്ങള്‍ ലോകത്തെ ഏറ്റവും വലിയ ടെക്‌നോളജി കമ്പനികളിലൊന്നിന് വമ്പന്‍ തിരിച്ചടിയാണ്. അമേരിക്കന്‍ കമ്പനികള്‍ വാവെയ്ക്ക് താത്കാലിക ലൈസന്‍സുകളാകും നല്‍കുക. എന്നാല്‍ കാലാവധി കഴിയുമ്പോള്‍ എന്തു സംഭവിക്കുമെന്നതിനെക്കുറിച്ച് വ്യക്തമായ സൂചനയൊന്നും അധികൃതർ നല്‍കിയുമില്ല.

ചൈന-അമേരിക്ക വാണിജ്യ യുദ്ധത്തിന്റെ ഭാഗമാണ് വാവെയ് കമ്പനിക്ക് ഏര്‍പ്പെടുത്തിയ വിലക്കെന്ന് വശ്വസിക്കുന്നവരുണ്ട്. രാജ്യ സുരക്ഷയ്ക്ക് വാവെയുടെ സാന്നിധ്യം ഭീഷണിയാണ് എന്നാണ് അമേരിക്ക ചൂണ്ടിക്കാണിച്ചത്. വാവെയെ ടെലികോം നെറ്റ്‌വര്‍ക്കുകള്‍ ഇടാന്‍ അനുദവദിച്ചാല്‍ ചൈനയ്ക്ക് അമേരിക്കയുടെ മേല്‍ കണ്ണുവയ്ക്കാനാകുമെന്ന ഭീതിയാണ് അവര്‍ പങ്കുവയ്ക്കുന്നത്.

2020തോടെ ലോകത്തെ ഏറ്റവും വലിയ സ്മാര്‍ട് ഫോണ്‍ നിര്‍മാതാകാന്‍ സാധ്യതയുള്ള കമ്പനിയായിരുന്നു വാവെയ്. ഇനിയിപ്പോള്‍ അവര്‍ക്ക് ചൈനയടക്കം ചില രാജ്യങ്ങളിലേക്ക് തങ്ങളുടെ പ്രവര്‍ത്തനം ചുരുക്കേണ്ടിവന്നേക്കും. പല യൂറോപ്യന്‍ രാജ്യങ്ങളും അമേരിക്ക പറയുന്നിടത്തു നില്‍ക്കാനാണ് സാധ്യത. അമേരിക്കയുടെയും ചൈനയുടെയും പ്രസിഡന്റുമാര്‍ തമ്മില്‍ നടത്തിയ സംഭാഷണത്തില്‍ മഞ്ഞുരുകി എന്നൊരു തോന്നലുണ്ടായിരുന്നെങ്കിലും കാര്യങ്ങള്‍ അങ്ങനെയല്ല എന്നാണ് പുതിയ സംഭവവികാസങ്ങള്‍ കാണിച്ചുതരുന്നത്. ഇരു രാജ്യങ്ങളും തമ്മില്‍ അനുരഞ്ജനത്തിലാകാനും വാവെയ്ക്കുമേലുള്ള വിലക്ക് നീക്കം ചെയ്യപ്പെടാനുമുള്ള സാധ്യത നിലനില്‍ക്കുന്നുണ്ട്. എന്നാല്‍ അത് എന്തുമാത്രമുണ്ടെന്ന് ഇപ്പോള്‍ പറയാനാവില്ല.

വാവെയ് തങ്ങളുടെ ഓപ്പറേറ്റിങ് സിസ്റ്റമായ ഹാര്‍മണിഒഎസ് കഴിഞ്ഞ ദിവസം അനവാവരണം ചെയ്യുകയുണ്ടായി. എന്നാല്‍ ഇത് സ്മാര്‍ട് ഫോണുകളില്‍ പ്രവര്‍ത്തിക്കാന്‍ പൂര്‍ണ്ണമായും സജ്ജമല്ലെന്ന വാര്‍ത്തകളാണ് വരുന്നത്. കൂടാതെ ആപ്പുകളുടെ ഉപയോഗമാണ് ഉപയോക്താക്കള്‍ തങ്ങളുടെ ഫോണുകളിലൂടെ നടത്തുന്നത്. ഗൂഗിള്‍, ഫെയ്‌സ്ബുക്, മാപ്‌സ്, യുട്യൂബ് തുടങ്ങി നിരവധി ആപ്പുകള്‍ വാവെയുടെ ഓപ്പറേറ്റിങ് സിസ്റ്റത്തില്‍ ഇന്‍സ്‌റ്റാള്‍ ചെയ്യാന്‍ സാധിക്കണമെന്നില്ല. അതേപ്പറ്റിയൊക്കെ ഇനിയും വ്യക്തത വരാനുണ്ട്. അങ്ങനെ വന്നാല്‍ എത്ര ഉപയോക്താക്കള്‍ക്ക് അത്തരം ഫോണ്‍ സ്വീകാര്യമാകുമെന്ന കാര്യവും കണ്ടറിയേണ്ടിയിരിക്കുന്നു.

വാവെയ് തങ്ങളുടെ സ്വന്തം മാപ്‌സ് സൃഷ്ടിക്കുകയാണ്. എന്നാല്‍ ഇതിനു ഗൂഗിള്‍ മാപ്‌സിന്റെ മികവു ലഭിക്കാന്‍ ഇനിയെത്ര കാലം കാത്തിരിക്കേണ്ടിവരുമെന്നതാണ് ചോദ്യം. തങ്ങളുടെ മാപ്‌സ് കിറ്റ് വാവെയ് 150 രാജ്യങ്ങളിലെ മാപ്പിങ് സംവിധാനത്തോട് ഘടിപ്പിക്കുകയാണ് വാവെയ് ഇപ്പോള്‍ ചെയ്യുന്നതെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു. വെബ്കിറ്റ് 40 ഭാഷകളിലും ലഭ്യമാക്കിയിട്ടുണ്ട്. എന്നാല്‍, ഇത് ഒട്ടും എളുപ്പമുള്ള കാര്യമല്ല. ആപ്പിളിനെ പോലെയൊരു കമ്പനി വരെ ഇതില്‍ പരാജയപ്പെട്ട കാര്യം ഓര്‍ക്കണം.

ഗൂഗിള്‍ മാപ്‌സ് ഒരു രാജ്യത്തു മാത്രമാണ് പ്രവര്‍ത്തന സജ്ജമല്ലാത്തത്. വാവെയുടെ മാതൃരാജ്യമായ ചൈനയില്‍. തങ്ങളുട രാജ്യത്ത് സര്‍വെ നടത്താന്‍ പ്രത്യേക അനുവാദം വാങ്ങണമെന്നാണ് ഗൂഗിളിനോട് ചൈന പറഞ്ഞിരിക്കുന്നത്. ചൈനയില്‍ വാവെയ് ഗൂഗിളിനെ മലര്‍ത്തിയടിക്കുമെന്ന കാര്യത്തില്‍ സംശയമില്ല. പക്ഷേ, വിശ്വസനീയമായ രീതിയില്‍ മറ്റു രാജ്യങ്ങളില്‍ വാവെയ്ക്ക മാപ്‌സ് സേവനമൊരുക്കല്‍ എളുപ്പമല്ല. എന്തായാലും അതിന് ചുരുങ്ങിയ വര്‍ഷങ്ങൾ മതിയാകില്ല.

English Summary: Huawei Granted New 90-Day Licence Extension by the US

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com