sections
MORE

സിലിക്കന്‍ വാലിയിലും യൂണിയന്‍ തുടങ്ങി? തൊഴിലാളികളെ പുറത്താക്കി ഗൂഗിള്‍ പക തീര്‍ത്തെന്ന് ആരോപണം

google-employess
SHARE

ഏതാനും വര്‍ഷം മുൻപ് വരെ ഗൂഗിളില്‍ ഒരു ജോലി കിട്ടുക എന്നത് സ്വപ്‌നമായാണ് ലോകമെമ്പാടുമുള്ള തൊഴില്‍ മോഹികള്‍ കരുതിയിരുന്നത്. ഓഫിസ് എന്നാൽ എന്താണെന്ന് കമ്പനി പുനഃവ്യാഖ്യാനം ചെയ്യുക തന്നെയായിരുന്നു. മറ്റു കമ്പനികളെ അപേക്ഷിച്ച് നിരവധി ആനുകൂല്യങ്ങളായിരുന്നു അവര്‍ നല്‍കിയിരുന്നത്. ഫ്രീ ഭക്ഷണം, കുട്ടികളെ ഓഫിസിലെത്തിച്ചാല്‍ അവരെ പരിചരിക്കാൻ ചൈല്‍ഡ്‌കെയര്‍ തുടങ്ങിയവയടക്കം പല നേട്ടങ്ങളും ഗൂഗിളിന്റെ ജോലിക്കാര്‍ക്ക് ലഭിച്ചിരുന്നു. എല്ലാറ്റിലുമുപരി സുതാര്യമായിരുന്നു ഓഫിസിലെ കാര്യങ്ങള്‍. എന്നാല്‍ കഴിഞ്ഞ ഏതാനും വര്‍ഷങ്ങളായി ഇതെല്ലാം പൊളിച്ചെഴുതപ്പെടുകയാണ് എന്നാണ് പുതിയ റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.

കമ്പനിക്കുള്ളില്‍ നിന്ന് ഗൂഗിളിനെ വിമര്‍ശിക്കുന്നവര്‍ പല ആരോപണങ്ങളുമാണ് ഉയര്‍ത്തുന്നത്. മേലുദ്യോഗസ്ഥരുടെ ലൈംഗിക പീഡന പരാതികള്‍ തീര്‍ക്കുന്ന രീതി, അമേരിക്കന്‍ സേനയെ സഹായിക്കാന്‍ ശ്രമിക്കല്‍ തുടങ്ങിയവയാണ് അവയില്‍ പ്രധാനപ്പെട്ടത്. ചൈനയ്ക്കായി പ്രത്യേക സേര്‍ച് എൻജിന്‍ നിര്‍മിക്കാന്‍ ശ്രമിച്ചതിനെതിരെയും കമ്പനിയില്‍ വന്‍ പ്രതിഷേധം ഉയര്‍ന്നിരുന്നു. എന്നാല്‍ മാനേജ്‌മെന്റും ജോലിക്കാരും തമ്മിലുള്ള സംഘര്‍ഷം പുതിയ തലത്തിലേക്കുയര്‍ന്നിരിക്കുകയാണ്. കമ്പനിക്കെതിരെ ഏറ്റവുമധികം വിമര്‍ശനങ്ങള്‍ ഉയര്‍ത്തിയരുന്ന പല ജോലിക്കാരെയും പിരിച്ചുവിട്ടാണ് മാനേജ്‌മെന്റെ് പക തീര്‍ത്തത് എന്നാണ് പുതിയ ആരോപണം. എന്നാല്‍ കമ്പനി പറയുന്നത് ഈ ജോലിക്കാര്‍ കമ്പനിക്കുള്ളിലെ ഡേറ്റാ സുരക്ഷ തകര്‍ത്തതിനാലാണ് പറഞ്ഞുവിട്ടത് എന്നാണ്. വിമര്‍ശകരുടെ വായടയ്ക്കാനുള്ള ശ്രമമാണ് കമ്പനി നടത്തുന്നതെന്നാണ് ചില ജോലിക്കാര്‍ ഇപ്പോള്‍ ആരോപിക്കുന്നത്.

ചോദ്യങ്ങള്‍ ഉന്നയിച്ചതിന്റെ പേരില്‍ ഗൂഗിള്‍ ഇപ്പോള്‍ എന്റെ നാലു സഹപ്രവര്‍ത്തകരെ പുറത്താക്കിയിരിക്കുകയാണ് എന്നാണ് ഗൂഗിളിലെ അമര്‍ ഗാബര്‍ (Amr Gaber) എന്ന സോഫ്റ്റ്‌വെയര്‍ എൻജിനീയര്‍ ട്വീറ്റ് ചെയ്തത്. ഗാബര്‍ നേരത്തെയും കമ്പനിക്കെതിരെ പ്രതിഷേധം സംഘടിപ്പിച്ചിട്ടുണ്ട്. പറഞ്ഞുവിട്ട ജോലിക്കാര്‍ക്കെതിരെ ആര്‍ക്കും ലഭ്യമാകുന്ന വിവരങ്ങള്‍ 'കണ്ടെത്തിയ' ശേഷം അവരെ പറഞ്ഞുവിട്ടിരിക്കുകയാണ് എന്നാണ് ആരോപണം. മറ്റു ചില ജോലിക്കാരും തങ്ങളുടെ പ്രതിഷേധം രേഖപ്പെടുത്തിയിരിക്കുകയാണ്. അവര്‍ പറയുന്നത് തങ്ങളെ ഭയപ്പെടുത്താനാണ് പുതിയ നടപടികള്‍ എന്നാണ്. ജോലിക്കാരുടെ ഒത്തൊരുമ തകര്‍ക്കാനുള്ള ശ്രമത്തിന്റെ ഭാഗമാണിത്. എന്നാല്‍ ഇതു കണ്ടു നില്‍ക്കില്ല എന്നാണ് ജോലിക്കാരുടെ നിലപാട്.

എന്നാല്‍, ഗൂഗിള്‍ പറയുന്നത് പുറത്താക്കിയ ജോലിക്കാര്‍ സ്വകാര്യമായി സൂക്ഷിച്ചിരുന്ന വിവരങ്ങള്‍ അറിയാന്‍ ശ്രമിച്ചതിനാണ് എന്നാണ്. പുറത്താക്കിയതില്‍ ഒരു ഉദ്യോഗസ്ഥന്‍ സഹപ്രവര്‍ത്തകരുടെ കലണ്ടറിന് അവരറിയാതെ സബ്‌സ്‌ക്രൈബ് ചെയ്തിരുന്നു. മറ്റു ജോലിക്കാര്‍ക്ക് ഇത് കടന്നുകയറ്റമായി തോന്നിയെന്നും കമ്പനി പറയുന്നു.

പക്ഷേ, ഇങ്ങനെ ചെയ്യരുതെന്ന നിയമം അടുത്ത കാലത്തുമാത്രമാണ് പരിഷ്‌കരിച്ചത്. എന്തു ചെയ്യണം, ചെയ്യരുത് എന്ന കാര്യത്തില്‍ പൂര്‍ണ്ണമായ വ്യക്തതയില്ലായിരുന്നു എന്നാണ് ജോലിക്കാര്‍ സംയുക്തമായി ഇറക്കിയ കുറിപ്പില്‍ ആരോപിക്കുന്നത്. 'മറ്റുള്ളവരുടെ കാര്യത്തില്‍ തലയിട്ടാല്‍ നിങ്ങള്‍ ശിക്ഷിക്കപ്പെടുമോ എന്ന് പിന്നീട് തീരുമാനിക്കപ്പെടും,' എന്നാണ് ഗൂഗിള്‍ പറഞ്ഞത്. ഇതു കെണിയാണെന്ന് ഞങ്ങള്‍ക്ക് അപ്പോഴെ തോന്നിയിരുന്നു. ഇപ്പോള്‍ അതു വ്യക്തമായിരിക്കുന്നു. ഇതിന്റെ മറയില്‍ കമ്പനിക്ക് പ്രതികാര നടപടികള്‍ സ്വീകരിക്കാനാകുന്നുവെന്നും ജോലിക്കാര്‍ പറയുന്നു. മാനേജ്‌മെന്റും ജോലിക്കാരും തമ്മിലുളള ഉരസല്‍ പുതിയ തലത്തിലേക്ക് ഉയരുകയാണ്.

സിലിക്കന്‍ വാലിയില്‍ ആക്ടിവിസ്റ്റുകള്‍

എന്നാല്‍, ആക്ടിവിസ്റ്റുകളാകാന്‍ ശ്രമിക്കുന്ന ജോലിക്കാര്‍ ഗൂഗിളിനു മാത്രമല്ല പ്രശ്‌നമായിരിക്കുന്നതെന്നും വാര്‍ത്തകളുണ്ട്. സിലിക്കന്‍ വാലിയില്‍ മൊത്തം ഈ പ്രശ്‌നം കാണാമെന്നാണ് റിപ്പോര്‍ട്ടുകള്‍. ഫെയ്‌സ്ബുക്കിന്റെ നൂറുകണക്കിനു ജോലിക്കാര്‍ രാഷ്ട്രീയ പരസ്യങ്ങള്‍ സ്വീകരിക്കുന്നതിനെതിരെ രംഗത്തുവന്നിരുന്നു. കാലാവസ്ഥാ വ്യതിയാനത്തിനെതിരെ വേണ്ട നടപടികള്‍ സ്വീകരിക്കുന്നില്ലെന്നു പറഞ്ഞ് ആമസോണ്‍ മേധാവി ജെഫ് ബെയ്‌സോസിന്റെ മീറ്റിങ് ജോലിക്കാര്‍ ബഹിഷ്‌കരിക്കുകയുണ്ടായി. മൈക്രോസോഫ്റ്റ്, സെയ്ല്‍സ്‌ഫോഴ്‌സ് തുടങ്ങിയ കമ്പനികളുടെ മാനെജ്‌മെന്റിനും അതു ചെയ്യരുത്, ഇതു ചെയ്യരുത് എന്നൊക്കെ പറഞ്ഞ് തൊഴിലാളികളുടെ കത്തുകള്‍ ലഭിക്കുന്നു.

ജോലിക്കാരെ പറഞ്ഞുവിട്ടതു കൂടാതെ, പുതിയ ജോലിക്കാരെ എടുക്കുന്ന കാര്യത്തിലും പുതിയ ചില നീക്കങ്ങള്‍ നടത്താനാണ് ഗൂഗിള്‍ ശ്രമിക്കുന്നതെന്നു വ്യക്തമാണ്. യൂണിയന്‍ പ്രവര്‍ത്തനമില്ലാത്തവരെ ഇനി ജോലിക്കെടുക്കാനാണ് അവര്‍ ശ്രമിക്കുക. ഇതിനായി കണ്‍സള്‍ട്ടിങ് കമ്പനികളുടെ സഹായവും അവര്‍ തേടിയിരിക്കുകയാണ്. പല തരത്തിലും 2018 മുതല്‍ കമ്പനിയുടെ നീക്കങ്ങളെ ജോലിക്കാര്‍ ചോദ്യം ചെയ്തുവരികയായിരുന്നു. തുറന്ന സമീപനമാണ് നല്ലതെന്നു തോന്നിയതിനാലാണ് കമ്പനി പല കാര്യത്തിലും ജോലിക്കാരുടെ അഭിപ്രായം ചോദിച്ചത്.

പൊതുജനമധ്യത്തില്‍ നിന്നു നോക്കിയാല്‍ ഗൂഗിളിലെ തൊഴിലിടം സ്വാതന്ത്ര്യത്തിന്റെ പറുദീസയാണ്. ലോകത്തെ കൂടുതല്‍ മികച്ചതാക്കാന്‍ ശ്രമിക്കുന്നവരാണ് തങ്ങളെന്ന തോന്നല്‍ ഗൂഗിള്‍ ജോലിക്കാര്‍ക്കും ഉണ്ടായിരുന്നു. ടെക്‌നോളജി നമ്മളെയെല്ലാം ഉയര്‍ത്തുന്നു എന്ന തോന്നലാണ് പൊതുവെ നിലനിന്നിരുന്നത്. എന്നാല്‍ ഗൂഗിളിന്റെ നീക്കം ജോലിക്കാരെ കൂടുതല്‍ മോഹഭംഗം വളര്‍ത്തുമെന്നു വാദിക്കുന്നവരും ഉണ്ട്.

യൂണിയന്‍ പ്രവര്‍ത്തനത്തെ തകര്‍ക്കാന്‍ ഗൂഗിള്‍ ശ്രമിക്കുന്നതിനെതിരെ 2020ലെ അമേരിക്കന്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ മത്സരാര്‍ത്ഥിയാകാന്‍ ആഗ്രഹിക്കുന്ന ബേണി സാന്‍ഡേഴ്‌സ് രംഗത്തുവന്നു. അത് അംഗീകരിക്കാനാവില്ല എന്നാണ് അദ്ദേഹം പറഞ്ഞത്. തൊഴിലിടത്തിലെ പ്രശ്‌നങ്ങള്‍ തീര്‍ക്കുകയും തൊഴിലാളികളോട് മാന്യമായി പെരുമാറുകയും വേണമെന്നാണ് അദ്ദേഹം ഗൂഗിളിനു മുന്നറിയിപ്പു നല്‍കിയിരിക്കുന്നത്. അതേസമയം, സിലിക്കൻ വാലിയയിലും യൂണിയൻ പ്രവർത്തനങ്ങൾ തുടങ്ങിയതോടെ വൻകിട കമ്പനികൾ വൻ പ്രതിസന്ധിയിലേക്ക് നീങ്ങുമെന്നാണ് ഒരു വിഭാഗം വിദഗ്ധരുടെ വിലയിരുത്തൽ.

English Summary: Google's tensions with employees reach a breaking point

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN TECHNOLOGY NEWS
SHOW MORE
FROM ONMANORAMA