വരുമാനമുണ്ടാക്കാത്ത സേവനങ്ങൾ ആളുകൾക്ക് പ്രയോജനമുള്ളതാണെങ്കിലും അവസാനിപ്പിക്കുന്നതാണു ഗൂഗിളിന്റെ പുതിയ ശൈലി. 2010 മുതൽ പരമ്പരാഗത പ്രിന്ററുകളെ ഓൺലൈൻ പ്രിന്ററുകളാക്കി മാറ്റിയിരുന്ന ഗൂഗിളിന്റെ ഏറ്റവും ഉപകാരപ്രദമായ സേവനങ്ങളിലൊന്നായ ക്ലൗഡ് പ്രിന്റ് കമ്പനി അവസാനിപ്പിക്കുകയാണ്. 2020 ഡിസംബർ 31നു ശേഷം ക്ലൗഡ് പ്രിന്റിനു പകരം മറ്റെന്തെങ്കിലും സംവിധാനം ഉപയോഗിക്കാനുള്ള തയാറെടുപ്പുകൾ ആരംഭിച്ചുകൊള്ളാനാണു ഗൂഗിളിന്റെ ആഹ്വാനം.
കംപ്യൂട്ടറിൽ നിന്ന് ക്ലൗഡ് പ്രിന്റ് പേജിൽ പോയി സാധാരണ പ്രിന്റർ ആഡ് ചെയ്താൽ ആ വെബ് പേജ് മിനിമൈസ് ചെയ്തിട്ടുകൊണ്ട് അതേ ഗൂഗിൾ അക്കൗണ്ടിൽ ലോഗിൻ ചെയ്തിരിക്കുന്ന ആൻഡ്രോയ്ഡ് ഫോണുകളിൽ നിന്ന് നേരിട്ട് പ്രിന്റ് ചെയ്യാൻ വഴിയൊരുക്കിയിരുന്ന സംവിധാനമാണ് ഗൂഗിൾ നിർത്തലാക്കുന്നത്.
ക്രോംബുക്കുകളിലും വിൻഡോസ്, മാക് കംപ്യൂട്ടറുകളിലുമെല്ലാം പ്രവർത്തിച്ചിരുന്ന ക്ലൗഡ് പ്രിന്റ് നിർത്തലാക്കുന്നത് എന്തുകൊണ്ടാണെന്നു മാത്രം ഗൂഗിൾ പറയുന്നില്ല. ക്ലൗഡ് പ്രിന്റ് സംവിധാനം ഇതുവരെ ഉപയോഗിച്ചിട്ടില്ലാത്തവർക്ക് ഇനി ഉപയോഗിക്കാൻ ഒരു വർഷം കൂടി മാത്രം. google.com/cloudprint