sections
MORE

ജനങ്ങൾക്കെതിരെ ചൈനീസ് സർക്കാരിന്റെ കൊടുംക്രൂരത, അവർക്കിനി സ്വകാര്യത ഇല്ല!

face
SHARE

ഡിസംബര്‍ 1 മുതല്‍ മൊബൈല്‍ ഫോണ്‍ സിം കാര്‍ഡ് ഉടമകള്‍ക്ക് മുഖം തിരിച്ചറിയല്‍ സ്‌കാന്‍ നിര്‍ബന്ധമാക്കിയിരിക്കുകയാണ് അയല്‍ രാജ്യമായ ചൈന. രാജ്യത്തുടനീളം ഫേഷ്യല്‍ റെക്കഗ്നിഷന്‍ ടെക്‌നോളജി കൊണ്ടുവന്നു കഴിഞ്ഞ ചൈനയുടെ പുതിയ നീക്കം ഉപയോക്താക്കളുടെ സ്വകാര്യത സമ്പൂര്‍ണ്ണമായി ലംഘിക്കുന്നതിനു തുല്യമാണെന്നാണ് ഉയരുന്ന ആരോപണം. സമൂഹ മാധ്യമങ്ങളിലും മറ്റും സർക്കാരിനെതിരെ പോസ്റ്റിടുന്നവരെയും മറ്റും എളുപ്പത്തില്‍ പിടിക്കാനുളള നീക്കമാണിതെന്നാണ് പറയുന്നത്.

സെപ്റ്റംബറിലാണ് ഇതുമായി ബന്ധപ്പട്ട കുറിപ്പ് സർക്കാർ പുറത്തിറക്കിയത്. സിം കാര്‍ഡ് നല്‍കുന്ന ടെലികോം സേവനദാതാക്കള്‍ക്കായാണ് സര്‍ക്കുലര്‍. ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സും മറ്റു സാങ്കേതികവിദ്യയും ഉപയോഗിച്ച് ഇന്റര്‍നെറ്റില്‍ ഉപയോക്താക്കളുടെ അവകാശങ്ങള്‍ സംരക്ഷിക്കാനാണ് ഇതെന്നാണ് സർക്കാർ പറയുന്നത്. സിംകാര്‍ഡ് വാങ്ങാനെത്തുന്നയാള്‍ ഹാജരാക്കുന്ന ഐഡന്റിറ്റി കാര്‍ഡിലെ ഫോട്ടോയോടു യോജിക്കുന്നതാണോ വന്നിരിക്കുന്നയാളിന്റെ മുഖമെന്നു പരിശോധിച്ചുറപ്പിക്കാനാണിത്.

ഓണ്‍ലൈനില്‍ ആരും ഇന്റര്‍നെറ്റ് ഉപയോഗിക്കേണ്ട എന്ന തീരുമാനമാണ് ഈ നീക്കത്തിനു പിന്നിലെന്നാണ് വിമർശകര്‍ പറയുന്നത്. ഇതുവരെ പ്രാബല്യത്തിലിരുന്ന നിയമം വച്ച് സിം കാര്‍ഡ് എടുക്കാന്‍ വരുന്നയാള്‍ ദേശീയ ഐഡന്റിറ്റി കാര്‍ഡ് കാണിക്കുകയും അവരുടെ ഫോട്ടോ എടുക്കാന്‍ അനുവദിക്കുകയുമായിരുന്നു ചെയ്യേണ്ടിയിരുന്നത്. എന്നാല്‍ മുഖം സ്‌കാന്‍ ചെയ്താല്‍ മാത്രമെ സിം കാര്‍ഡ് ഉപയോഗിക്കാനാകൂ എന്ന നിയമം കാര്യങ്ങളെ പുതിയൊരു തലത്തിൽ എത്തിച്ചിരിക്കുകയാണ് എന്നാണ് മനുഷ്യാവകാശ പ്രവര്‍ത്തകരും മറ്റും പറയുന്നത്.

സോഷ്യല്‍ മീഡിയയിലൂടെയും മറ്റും ജനാധിപത്യത്തിനുവേണ്ടി ശബ്ദിക്കുന്നവര്‍ക്ക് പുതിയ നീക്കം കനത്ത പ്രഹരമേല്‍പ്പിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. ഫേഷ്യല്‍ റെക്കഗ്നിഷന്‍ സാങ്കേതികവിദ്യ പണമിടപാടടക്കം പല സേവനങ്ങള്‍ക്കും ചൈന ഉപയോഗിച്ചുവരുന്നുണ്ട്. വിരലടയാളം പതിച്ചാല്‍ മതിയായിരുന്ന പല കാര്യങ്ങളും ഇപ്പോള്‍ ഫേഷ്യല്‍ റെക്കഗ്നിഷനിലേക്ക് മാറ്റിയിരിക്കുകയാണ്.

രാജ്യത്തെ പൗരന്മാരെല്ലാം ശരിക്കുള്ള പേരു തന്നെയാണ് ഉപയോഗിക്കുന്നത് എന്നുറപ്പാക്കാനാണ് ചൈനയുടെ പുതിയ നീക്കം. ചൈനയില്‍ സോഷ്യല്‍ മീഡിയ പോസ്റ്റുകളിടുന്നവര്‍ ശരിയായ പേരു തന്നെ ഉപയോഗിച്ചിരിക്കണമെന്ന നിയമം 2017 മുതല്‍ പ്രാബല്യത്തിലുണ്ട്. മറ്റു പേരുകളിലായി ആളുകള്‍ സമൂഹ മാധ്യമങ്ങള്‍ ഉപയോഗിക്കുന്നത് പാടെ ഇല്ലാതാക്കാനുള്ള ചൈനയുടെ ശ്രമത്തിന്റെ ഭാഗമാണ് പുതിയ നീക്കവുമെന്നാണ് ചൈനയുടെ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സിനെക്കുറിച്ച് ഗവേഷണം നടത്തുന്ന ജെഫ്രി ഡിങ്ങിന്റെ അഭിപ്രായം. എന്നാല്‍ ജനങ്ങളോരോരുത്തരും എന്തു ചെയ്യുന്നു എന്നറിയാനുള്ള ആഗ്രഹവും ഇതിനു പിന്നിലുണ്ടാകാമെന്നും അദ്ദേഹം പറയുന്നു.

പുതിയ നിയമം പ്രഖ്യാപിച്ചപ്പോള്‍ ചൈനയിലെ മാധ്യമങ്ങള്‍ അതിന് വലിയൊരു പ്രാധാന്യമൊന്നും നല്‍കിയില്ല. എന്നാല്‍, സോഷ്യല്‍ മീഡിയ ഉപയോക്താക്കള്‍ ഇതിനെതിരെ ശക്തമായി പ്രതിഷേധിച്ചു. പൗരന്മാരെ കൂടുതല്‍ സൂക്ഷ്മമായി നിരീക്ഷിക്കുകായണ് സർക്കാർ. ആരെയാണവര്‍ ഭയപ്പെടുന്നത് തുടങ്ങിയ കമന്റുകളാണ് പ്രത്യക്ഷപ്പെട്ടത്.

ഇങ്ങനെ ശേഖരിക്കുന്ന ഡേറ്റ സർക്കാരിന്റെ കയ്യില്‍ നിന്നു പുറത്താകുന്നുണ്ടെന്നാണ് വേറെ ചിലര്‍ ചൂണ്ടിക്കാണിച്ചത്. നേരത്തെ കള്ളന്മാര്‍ക്ക് നിങ്ങളുടെ പേരെന്തെന്ന് അറിയാമായിരുന്നു. ഇനി നിങ്ങളെ കണ്ടാല്‍ എങ്ങനെയിരിക്കുമെന്നും അറിയാനാകുമെന്നാണ് ഒരാള്‍ പ്രതികരിച്ചത്. പേരും മറ്റും അറിഞ്ഞ് തട്ടിപ്പുകാര്‍ തന്നെ വിളിച്ചിട്ടുണ്ട്. ഇനിയിപ്പോള്‍ ഞാൻ എങ്ങനെയിരിക്കുമെന്നു മനസിലാക്കിയായിരിക്കും എന്നെ സമീപിക്കുക എന്നും മറ്റൊരാള്‍ കുറിച്ചു. 

china-app

ചൈനയില്‍ ഫേഷ്യല്‍ റെക്കഗ്നിഷന്‍ എന്തുമാത്രമുണ്ട്?

2017ല്‍ തന്നെ നിരീക്ഷണത്തില്‍ അഗ്രഗണ്യരാണ് തങ്ങളെന്ന് ചൈന സ്ഥാപിച്ചിരുന്നു. അന്നുതന്നെ 170 ദശലക്ഷം സിസിടിവി രാജ്യത്തുടനീളം സ്ഥാപിച്ചിരുന്നു. 2020 ആകുമ്പോഴേക്ക് 400 മില്ല്യന്‍ സിസിടിവികള്‍ സ്ഥാപിക്കാനാണ് ചൈനയുടെ ലക്ഷ്യം. ചൈനയുടെ ഫേഷ്യല്‍ റെക്കഗ്നിഷന്‍ സിസ്റ്റത്തിന് 60,000 പേർക്കിടയില്‍ നിന്ന് ഒരാളെ തിരിച്ചറിയാനാകും.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN TECHNOLOGY NEWS
SHOW MORE
FROM ONMANORAMA