ADVERTISEMENT

ലോകത്ത് ഏറ്റവും കുറഞ്ഞ നിരക്കിൽ മൊബൈൽ ഡേറ്റ നൽകുന്നത് എവിടെ ആയിരിക്കും? അമേരിക്ക, ബ്രിട്ടൻ... ഒന്നുമല്ല ഇന്ത്യ തന്നെ. മുൻനിര ടെലികോം കമ്പനികൾ നിരക്കുകൾ വർധിപ്പിച്ചിട്ടും ലോകത്ത് ഏറ്റവും കുറഞ്ഞ നിരക്കിൽ കൂടുതൽ വരിക്കാർക്ക് മൊബൈൽ ഡേറ്റ നൽകുന്ന രാജ്യങ്ങളുടെ പട്ടികയിൽ ഇന്ത്യ തന്നെയാണ് ഒന്നാമത്. വികസിത രാജ്യങ്ങളിലെ നിരക്കുകളേക്കാൾ എത്രയോ കുറഞ്ഞ നിരക്കിലാണ് ഇന്ത്യയിൽ കോൾ, ഇന്റർനെറ്റ് സേവനങ്ങൾ നൽകുന്നത്.

 

കേബിൾ ഡോട്ട് കോ ഡോട്ട് യുകെ അടുത്തിടെ നടത്തിയ പഠനപ്രകാരം മൊബൈൽ ഡേറ്റയുടെ കാര്യത്തിൽ ഇന്ത്യയിൽ ഒരു ജിബിക്ക് 0.26 ഡോളർ ഈടാക്കുമ്പോൾ ബ്രിട്ടനിൽ 6.66 ഡോളറാണ് വാങ്ങുന്നത്. അമേരിക്കയിൽ ഒരു ജിബി ഡേറ്റയ്ക്ക് വാങ്ങുന്നത് 12.37 ഡോളറാണ്. യൂറോപ്പിലെ തന്നെ ഫിൻലൻഡ്, പോളണ്ട്, ഡെൻമാർക്ക്, ഇറ്റലി, ഓസ്ട്രിയ, ഫ്രാൻസ് എന്നിവടങ്ങളിലും ഉയർന്ന നിരക്കാണ് ഈടാക്കുന്നത്.

 

മൊബൈൽ ഡേറ്റ നിരക്കിൽ 230 രാജ്യങ്ങളുടെ പട്ടികയിൽ ഇന്ത്യ ഒന്നാം സ്ഥാനത്തെത്തിയത് റിലയൻസ് ജിയോയുടെ വരവോടെയാണെന്ന് പറയാം. ഏറ്റവും കുറഞ്ഞ നിരക്കിൽ കോൾ, ഡേറ്റ നൽകാൻ തുടങ്ങിയത് ജിയോ വന്നതോടെയാണ്. ജിയോക്കു പിന്നാലെ മറ്റു കമ്പനികളുടെ ഡേറ്റയുടെ നിരക്കുകൾ കുത്തനെ കുറക്കുകയായിരുന്നു. എന്നാൽ നാലു വർഷത്തിനു ശേഷമാണ് രാജ്യത്തെ ടെലികോം കമ്പനികൾ നിരക്കുകൾ കുത്തനെ കൂട്ടുന്നത്.

 

മൊബൈൽ ഡേറ്റ നിരക്ക് പട്ടികയിൽ ബ്രിട്ടൻ 134–ാം സ്ഥാനത്താണ്. അതേസമയം, സിംബാബ്‌വെയിൽ ഒരു ജിബി ഡേറ്റയുടെ നിരക്ക് 75.20 ഡോളറും ഗയാനയില്‍ 65.83 ഡോളറുമാണ്. ആഫ്രിക്കയില്‍ തന്നെ സുഡാൻ, കോംഗോ രാജ്യങ്ങളിൾ ഒരു ജിബി ഡേറ്റയ്ക്ക് ഒരു ഡോളറിനു താഴെയാണ് വാങ്ങുന്നത്.

 

സ്വകാര്യ ടെലികോം ഓപ്പറേറ്റർമാരുടെ താരിഫ് വർധനവ് ഉപഭോക്താക്കളെ കാര്യമായി ബാധിക്കില്ലെന്നാണ് സർക്കാരിന്റെ വാദം. ഡേറ്റയും വോയിസ് കോളുകളും ലോകത്തിലെ തന്നെ ഏറ്റവും കുറഞ്ഞ നിരക്കിലുള്ളതും നാല് വർഷം മുൻപുള്ളതിനേക്കാൾ കുറവായിരിക്കുമെന്നാണ് സർക്കാർ വൃത്തങ്ങൾ അറിയിച്ചത്.

 

താരിഫ് വർധനവിന് ശേഷം 2019 അവസാനത്തോടെ ശരാശരി വയർലെസ് ഡേറ്റാ നിരക്ക് ജിബിക്ക് 16.49 രൂപയായി ഉയരുമെന്നാണ് നിഗമനം. ഔട്ട്‌ഗോയിങ് കോളുകൾക്ക് മിനിറ്റിനു ശരാശരി 18 പൈസ ചെലവാകും. മാർച്ചിൽ ഇത് 13 പൈസയായിരുന്നു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com