ADVERTISEMENT

മരിയ ഡേറ്റിങ് ആപ്പിലൂടെയാണ് സാമിനെ പരിചയപ്പെടുന്നത്. താന്‍ അതീവ അനുകമ്പയുള്ളയാളാണെന്നും നിരവധി കാരുണ്യപ്രവര്‍ത്തനങ്ങളില്‍ പങ്കാളിയായിരുന്നു എന്നുമെല്ലാമുള്ള പ്രൊഫൈല്‍ വളരെ ആകര്‍ഷകമായിരുന്നു. ചാറ്റിലും തികഞ്ഞ പക്വത സാമിനു തോന്നിയതു കൊണ്ടാണ് മരിയ അയാളുമൊത്ത് ഒന്നു കറങ്ങാനും അവിഹിതത്തിനും തീരുമാനിച്ചത്. എന്നാല്‍ കോഫീ ഹൗസിലെ വെയ്റ്ററോട് ഒരു കാര്യവുമില്ലാതെ തട്ടിക്കയറുന്നതു കണ്ടതോടെ താന്‍ പ്രതീക്ഷിച്ചയാളല്ല ഇതെന്ന് അവള്‍ക്കു തോന്നി. ഏതാനും മണിക്കൂര്‍ നേരത്തെ ഇടപെടലില്‍ തന്നെ ഇത്തരം ഒരാളുമായി അടുത്താലുള്ള അപകടം മനസ്സിലാക്കി തന്റെ ഫോണ്‍ നമ്പറും മെയിൽ ഐഡിയും കളഞ്ഞ് രക്ഷപ്പെടുകയായിരുന്നു മരിയ. ഒറ്റപ്പെട്ട സംഭവമല്ല ഇത്. ഡേറ്റിങ് ആപ്പുകളിലൂടെ പാര്‍ട്ണര്‍മാരെ തേടിയിറങ്ങിയ സ്ത്രീകളില്‍ 31 ശതമാനം പേരും ബലാത്സംഗം ചെയ്യപ്പെടുകയോ ആക്രമിക്കപ്പെടുകയോ ചെയ്തുവെന്ന് പഠനം പറയുന്നു.

 

എന്നാല്‍, അമേരിക്കിയിലേയും മറ്റും ശിക്ഷിക്കപ്പെട്ടവരെ മാത്രമെ വെബ്സൈറ്റുകള്‍ കുറ്റവാളികളായി കാണുന്നുള്ളു. ഇതുവരെ വലയില്‍ വീഴാത്ത ഇരപിടിയന്മാരും അവടെ യഥേഷ്ടം വിഹരിക്കുന്നുണ്ടാകാം. സ്ത്രീകള്‍ക്കിടയില്‍ ഈ വര്‍ഷം നടത്തിയ ഒരു സര്‍വെ കണ്ടെത്തിയത് ഞെട്ടിപ്പിക്കുന്ന വിവരങ്ങളാണ്. 

 

നിങ്ങള്‍ ഡേറ്റിങ് ആപ്പിലൂടെ ഒരാളെ പരിചയപ്പെടുന്നു. അയാളുടെ പ്രൊഫൈലും അയാള്‍ പറയുന്നതുമെല്ലാം ഇഷ്ടപ്പെട്ടു തന്നെ അയാളുമായി ചങ്ങാത്തത്തിലാകുന്നു. എന്നാല്‍, ഇതെല്ലാം ഒരാള്‍ തന്നെക്കുറിച്ചു പറയുന്ന കാര്യങ്ങളാണ്. അവയൊന്നും അങ്ങനെയല്ലെങ്കിലോ? അതുപോട്ടെ, നിങ്ങള്‍ ചെന്നു പെടുന്നത് ഒരു സ്ഥിരം കുറ്റവാളി ഒരുക്കിയ വലയിലാണെങ്കിലോ? ഇത്തരം അവസരങ്ങളില്‍ നിഷ്‌കളങ്കരായ ആളുകളെ ചതിയില്‍ ചാടിച്ചതിന്റെ ഉത്തരവാദിത്വം ആര് ഏറ്റെടുക്കും?  ഡേറ്റിങ് ആപ്പുകളില്‍ സ്ഥിരം ലൈംഗിക കുറ്റവാളികള്‍ പതിയിരിക്കുന്നുവെന്ന റിപ്പോര്‍ട്ടാണ് ഇപ്പോള്‍ പുറത്തുവരുന്നത്.

 

മറ്റ് ആപ്പുകളുടെ കാര്യത്തിലെന്ന പോലെ ഡേറ്റിങ് ആപ്പുകളിലെ ടേംസ് ആന്‍ഡ് കണ്ടീഷന്‍സും ആരും വായിച്ചു നോക്കാറില്ല. വെറുതെയങ്ങു ചേരുകയാണ്. ഒരു ലൈംഗികാക്രമണകാരി വെബ്സൈറ്റില്‍ പതുങ്ങിയിരുന്നാല്‍ എന്തു സംഭവിക്കുമെന്ന കാര്യം നിങ്ങളെ പേടിപ്പിക്കുന്നുണ്ടെങ്കല്‍ അതൊന്നു വായിച്ചു നോക്കുന്നതു നന്നായിരിക്കും. പലരുടെയും ഇഷ്ട ആപ്പിന്റെ നിബന്ധനകള്‍ പരിശോധിച്ചാല്‍ മധ്യ ഭാഗത്തായി ഇങ്ങനെ അര്‍ഥം വരുന്ന വരികള്‍ കാണാം. മറ്റുള്ളവരുമായി ഇടപഴകുന്നതിന്റെ ഉത്തരവാദിത്വം മുഴുവന്‍ നിങ്ങളുടേതാണ്. ടിന്‍ഡര്‍ ഉപയോക്താക്കളുടെ ക്രിമിനല്‍ പശ്ചാത്തലമൊന്നുംപരിശോധിച്ചിട്ടല്ല അവര്‍ക്ക് അംഗത്വം കൊടുത്തിരിക്കുന്നതെന്നും കാണാം. മറ്റൊരു പ്രശസ്ത ആപ്പായ ഹിഞ്ജ് പറയുന്നത് തങ്ങള്‍ യൂസര്‍മാരുടെ ക്രിമിനല്‍ പശ്ചാത്തലം പരിശോധിക്കുകയോ ഐഡന്റിറ്റി വേരിഫിക്കേഷന്‍ നടത്തുകയോ ചെയ്യുന്നില്ല എന്നാണ്. വിദേശ സ്ത്രീകള്‍ വളരെയധികം ഇഷ്ടപ്പെടുന്ന ബംബ്ള്‍ പോലും ഇതിന് അപവാദമല്ല. ബംബ്ള്‍ നല്‍കുന്ന മുന്നറിയിപ്പു നോക്കൂ: നിങ്ങള്‍ ആപ്പോ സൈറ്റോ ഉപയോഗിക്കുന്നത് നിങ്ങളുടെ റിസ്‌കിലാണ്.

 

എന്നാല്‍, മാച്.കോം പോലെയുള്ള വെബ്‌സൈറ്റുകള്‍ ചില്ലറ കാര്യങ്ങളൊക്കെ ചെയ്യുന്നുണ്ടു താനും. അമേരിക്കയിലെ സെക്‌സ് കുറ്റവാളികളുടെ പട്ടികയുമായി വെബ്സൈറ്റിലെ ആളുകളുടെ പേരുകള്‍ തട്ടിച്ചു നോക്കാറുണ്ട്. തന്നെ ഒരു ബലാത്സംഗിയുടെ കൈയ്യിലേക്ക് തള്ളിയിട്ടു കൊടുത്തുവെന്നു പറഞ്ഞ് ഒരു സ്ത്രീ അവരെ കോടതി കയറ്റിയതിനു ശേഷം ഒരു പതിറ്റാണ്ടോളമായി അവര്‍ ചെറിയ രീതിയില്‍ പശ്ചാത്തല അന്വേഷണം നടത്താറുണ്ട്. എന്നാല്‍ മറ്റു പല ഡേറ്റിങ് ആപ്പുകളും സേവനങ്ങളും അത്തരം ഒരു നടപടി പോലും സ്വീകരിക്കുന്നില്ല.

 

മാച്.കോമില്‍ പോലും ലൈംഗിക കുറ്റവാളികള്‍ ഒളിഞ്ഞിരിപ്പുണ്ടാകാം. എന്നാല്‍, തങ്ങള്‍ അത്തരക്കാരെ കണ്ടെത്തിയാല്‍ നിര്‍ദാക്ഷിണ്യം പുറംതള്ളുമെന്നാണ് കമ്പനിയുടെ പ്രതിനിധിയായ വിദ്യ മുരുഗേശന്‍ പറഞ്ഞത്. ഇപ്പോള്‍ ലഭ്യമായ ടെക്‌നോളജി ഉപയോഗിച്ച് ചെയ്യാവുന്ന കാര്യങ്ങള്‍ തങ്ങള്‍ ചെയ്യുന്നുവെന്നാണ് അവര്‍ പറയുന്നത്. ടെക്‌നോളജി കൂടുതല്‍ മെച്ചപ്പെടുമ്പോള്‍ കൂടുതല്‍ നടപടികള്‍ സ്വീകരിക്കാന്‍ മടിക്കില്ലെന്നും അവര്‍ പറഞ്ഞു.

 

ഇതൊക്കെയാണെങ്കിലും ഡേറ്റിങ് ആപ്പുകള്‍ ഒന്നുമറിയാത്തതു പോലെ നിലകൊള്ളുന്നത് എന്തെന്നാണ് ഒരു കൂട്ടം ഉത്കണ്ഠാകുലരായ ആളുകള്‍ ചോദിക്കുന്നത്. ഉപയോക്താക്കാളെക്കുറിച്ചു ചെറുതായെങ്കിലും പശ്ചാത്തല പരിശോധന നടത്തുന്ന മാച്.കോം പോലും പറയുന്നത് തങ്ങള്‍ക്ക് ആളുകളെക്കുറിച്ചുള്ളകുറച്ചു വിവരങ്ങള്‍ മാത്രമേയുള്ളൂ എന്നാണ്. ലൈംഗിക ഇരപിടയിന്മാരുടെയും മറ്റു ക്രിമിനലുകളുടെയും കയ്യില്‍ പെടാതിരിക്കേണ്ടത് ഉപയോക്താക്കളുടെ മാത്രം കാര്യമാണെന്നാണ് അവരുടെ നിലപാട്. 

 

ഡേറ്റിങ് സൈറ്റിലുടെ സുഹൃത്തുക്കളെ അന്വേഷിക്കുന്ന സ്ത്രീകള്‍ മനസ്സില്‍വയ്‌ക്കേണ്ട ചിലകാര്യങ്ങള്‍

 

ഒരാളെ കാണാനിറങ്ങുന്നതിനു മുൻപ് അയാളെക്കുറിച്ച് ഓണ്‍ലൈനിലടക്കം കിട്ടാവുന്ന വിശദാംശങ്ങള്‍ പൂര്‍ണ്ണമായും പരിശോധിക്കുക എന്നതാണ് ജൂലി സ്പിറാ എന്ന എഴുത്തുകാരി നല്‍കുന്ന ഉപദേശം. ഈ അറിവ് എന്തുകൊണ്ടും ഉപകരിക്കും. ഏതെങ്കിലും കാരണവശാല്‍ നിങ്ങള്‍ ഒരാളെ കാണാന്‍ ഇറങ്ങിപ്പുറപ്പെടുന്നുണ്ടെങ്കില്‍, പൊതു സ്ഥലത്തുവച്ചു തന്നെയാണ് ആദ്യ കൂടിക്കാഴ്ച എന്ന് ഉറപ്പു വരുത്തുക. സ്വകാര്യ സ്ഥലത്തേക്ക് തനിയെ വരാനൊക്കെ ആവശ്യപ്പെടുകയും, ഒരാള്‍ അതിന് ഒരുങ്ങുകയും ചെയ്ത് പ്രശ്‌നത്തില്‍ വീണാല്‍ പിന്നെ പറഞ്ഞിട്ടു കാര്യമുണ്ടാവില്ല. നിങ്ങള്‍ പ്രതീക്ഷിക്കാത്ത പെരുമാറ്റം ഉണ്ടായാല്‍ ഏതു ഘട്ടത്തിലും രക്ഷപ്പെടാനുള്ള വഴി നോക്കുക.

 

ഏറ്റവും അടുത്ത ഒരു സുഹൃത്തിനോടെങ്കിലും നിങ്ങളുടെ നീക്കത്തെക്കുറിച്ച് സൂചിപ്പിക്കുക. നിങ്ങള്‍ കാണാന്‍ പോകുന്നയാളുടെ ഫോണ്‍ നമ്പര്‍ സുഹൃത്തിനു നല്‍കുന്നതും പലപ്പോഴും സഹായകമാകാം. മറ്റൊരു പ്രധാന ഉപദേശം വളരെ പതുക്കെ മാത്രം നീങ്ങുക. ദിവസങ്ങളോ, ആഴ്ചകളോ, മാസങ്ങളോ എടുത്ത് ആളെ പഠിച്ച ശേഷം മാത്രം കൂടുതല്‍ അടുക്കുക. അപക്വമായ പെരുമാറ്റം കണ്ടാല്‍ ബന്ധം വേണ്ടെന്നു വയ്ക്കുക തന്നെ ചെയ്യണം.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com