sections
MORE

വോട്ടിങ് മെഷീനുകൾ സുരക്ഷിതമല്ല, തെരഞ്ഞെടുപ്പുകൾ അട്ടിമറിക്കപ്പെടും, അമേരിക്കയിൽ ജാഗ്രത!

EVM
SHARE

ഈ വര്‍ഷത്തെ അമേരിക്കന്‍ തെരഞ്ഞെടുപ്പിൽ ഇലക്ട്രോണിക് വോട്ടിങ് യന്ത്രങ്ങളില്‍ പിഴവുകള്‍ വരുത്തിയും റഷ്യ ഉൾപ്പടെയുള്ള രാജ്യങ്ങള്‍ നടത്തിയേക്കാവുന്ന സൈബര്‍ ആക്രമണങ്ങള്‍ വഴിയും അട്ടിമറിക്കപ്പെട്ടേക്കാമെന്ന് സുരക്ഷാ വിദഗ്ധരുടെ മുന്നറിയിപ്പ്. നിര്‍ണ്ണായകമായ തെരഞ്ഞെടുപ്പു പോരാട്ടം പ്രതീക്ഷിക്കുന്ന പെന്‍സില്‍വേനിയയില്‍ 2019 നവംബറില്‍ നടന്ന തെരഞ്ഞെടുപ്പില്‍ വേട്ടിങ് യന്ത്രങ്ങളില്‍ വ്യാപകമായ പ്രശ്‌നങ്ങള്‍ കണ്ടെത്തിയിരുന്നു. ഇതേ തുടര്‍ന്ന് ഇലക്ട്രോണിക് വോട്ടിങ് മഷീന്‍ സുരക്ഷിതമല്ലെന്നു കാണിച്ച് അഡ്വകസി ഗ്രൂപ്പുകള്‍ കേസ് നല്‍കിയിരുന്നു. 

മറ്റു പ്രധാന സ്റ്റേറ്റുകളായ ഫ്‌ളോറിഡയിലും നോര്‍ത് കാരൊലീനയിലും വോട്ടിങ് യന്ത്രങ്ങളില്‍ 2016ലെ പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ ഗുരുതരമായ പ്രശ്‌നങ്ങള്‍ കണ്ടെത്തിയിരുന്നു. ഈ സ്‌റ്റേറ്റുകളോട് കൂടുതല്‍ മുന്‍കരുതല്‍ എടുക്കണമെന്ന് വിദഗ്ധര്‍ ആവശ്യപ്പെട്ടിരിക്കുകയാണ്.

ബ്രണ്ണന്‍ സെന്ററിന്റെ തെരഞ്ഞെടുപ്പു നവീകരണ പ്രോഗ്രാമിനു പിന്നില്‍ പ്രവര്‍ത്തിക്കുന്നവര്‍ പുറത്തുവിട്ട പഠനം ഊന്നല്‍ നല്‍കുന്നത് തെരഞ്ഞെടുപ്പിനുള്ള ബാക്അപ് സിസ്റ്റങ്ങളും ഇലക്ട്രോണിക് വോട്ടിങ് യന്ത്രങ്ങളും നവംബറില്‍ നടക്കാനിരിക്കുന്ന തെരഞ്ഞെടുപ്പിനു മുൻപ് പരിശോധിച്ച് പ്രശ്‌നങ്ങളില്ലെന്ന് ഉറപ്പുവരുത്തുന്നതിനാണ്. സൈബര്‍ ആക്രമണങ്ങളും വോട്ടിങ് മെഷീനുകളില്‍ പിഴവു വരുത്തലും സാധ്യതയുള്ളതായി അവര്‍ മുന്നറിയിപ്പ് നൽകുന്നു. ഇത്തരം ഭീഷണികളുടെ കാര്യം പരിഗണിച്ച് അമേരിക്കന്‍ കോണ്‍ഗ്രസ് തെരഞ്ഞെടുപ്പ് പഴുതില്ലാത്തതാക്കാനായി 425 ദശലക്ഷം ഡോളര്‍ അനുവദിച്ചു. കൂടുതല്‍ തുകയും ഉപയോഗിക്കാം. ഇത് 1.4 ട്രില്ല്യന്‍ ഡോളര്‍ വരെയാകാം.

എന്നാല്‍, ഡെമോക്രാറ്റിക് പാര്‍ട്ടിയുടെ സെനറ്റര്‍മാരായ മാര്‍ക് വോര്‍ണറും റോണ്‍ വൈഡനും പറയുന്നത് അതൊന്നും പോരെന്നാണ്. കൂടുതല്‍ സുരക്ഷ ഏര്‍പ്പെടുത്തണമെന്നും സ്ഥിരമായ സുരക്ഷാ ഫണ്ട് വേണമെന്നുമാണ് അവര്‍ വാദിക്കുന്നത്. വോര്‍ണറും മറ്റും സുരക്ഷാ മുന്നറിയിപ്പുകളെ ഉദ്ധരിച്ചുകൊണ്ടു പറയുന്നത് ക്രെംലിന്‍, 2016ല്‍ ചെയ്തതു പോലെ 2020ലെ തെരഞ്ഞെടുപ്പിലും തലയിടാന്‍ നോക്കിയിരിക്കുകയാണെന്നാണ്. സൈബര്‍ ആക്രമണങ്ങളും വിദേശികള്‍ സോഷ്യല്‍ മീഡിയയില്‍ അഴിച്ചുവിട്ട ക്യാംപെയ്‌നുകളുമാണ് തെരഞ്ഞെടുപ്പ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന് അനുകൂലമാക്കിയതെന്ന് അവര്‍ കരുതുന്നു.

നിരവധി മാസങ്ങള്‍ നീണ്ടുനിന്ന സമ്മര്‍ദ്ദങ്ങള്‍ക്കൊടുവില്‍ ട്രംപിന്റെ റിപ്പബ്ലിക്കന്‍ പാര്‍ട്ടിയും അട്ടിമറി സാധ്യത ശരിവയ്ക്കുന്നു. സ്റ്റേറ്റുകള്‍ കൂടുതല്‍ ശ്രദ്ധാലുക്കളായിരിക്കണമെന്നാണ് അവരും പറയുന്നത്. എന്നാല്‍, സുരക്ഷയ്ക്കായി കൂടുതല്‍ പണമിറക്കുന്നതില്‍ വലിയ അര്‍ഥം അവര്‍ കാണുന്നില്ല. മറിച്ച് പെര്‍മനെന്റ് ഫണ്ടിങ് മെക്കാനിസമാണ് ആവശ്യമെന്നാണ് അവരും പറയുന്നത്. തെരഞ്ഞെടുപ്പില്‍ പുറം രാജ്യക്കാരുടെ ഇടപെടല്‍ ഒഴിവാക്കാനായി പഴുതടച്ച നിയമനിര്‍മ്മാണം വേണമെന്നും അവരും പറയുന്നു.

എഫ്ബിഐയും സിഐഎയുമടക്കം അമേരിക്കയിലെ ഏറ്റവും പ്രധാനപ്പെട്ട ഏഴ് ഏജന്‍സികള്‍ സംയുക്തമായി പുറത്തുവിട്ട പ്രസ്താവനയിലും പറയുന്നത് റഷ്യ അടക്കമുള്ള രാജ്യങ്ങള്‍ 2020ലെ ഇലക്ഷനില്‍ ഇടപെട്ടേക്കുമെന്നാണ്. റഷ്യ, ചൈന, ഇറാന്‍ തുടങ്ങിയവ അടക്കമുള്ള രാജ്യങ്ങള്‍ സമൂഹ മാധ്യമങ്ങളിലൂടെയടക്കം അഴിഞ്ഞാടാനുള്ള സാധ്യതയാണ് അവര്‍ കാണുന്നത്. സൈബര്‍ ആക്രമണങ്ങള്‍, സാമൂഹ്യ മാധ്യമങ്ങള്‍ വഴിയുള്ള വ്യജ വാര്‍ത്തയുടെ പ്രചാരണം തുടങ്ങിയവ വോട്ടര്‍മാരില്‍ തെറ്റിധാരണ ജനിപ്പിക്കുമെന്നും അവര്‍ ഭയക്കുന്നു. 2019 മധ്യത്തില്‍ പുറത്തിറക്കിയ സെനറ്റ് ഇന്റലിജന്‍സ് കമ്മറ്റി റിപ്പോര്‍ട്ട് പേടിപ്പിക്കുന്നതാണ്. 50 സ്റ്റേറ്റുകളിലേയും ഇലക്ഷന്‍ സിസ്റ്റങ്ങളെ ക്രെംലിനില്‍ നിന്നുള്ള ഹാക്കര്‍മാര്‍ ആക്രമിച്ചുവെന്നും രണ്ടു ഫ്‌ളോറിഡ കൗണ്ടികളിലേയും മറ്റൊരു സേറ്റേറ്റിലെയും സിസ്റ്റങ്ങൾ തകര്‍ത്തുവെന്നും പറയുന്നു. എന്നാല്‍, മൊത്തം പോള്‍ ചെയ്ത വോട്ടിന്റെ എണ്ണം കൂടിയിട്ടില്ല. 

2020ലെ ഇലക്ഷന് സുരക്ഷയൊരുക്കാനായി അനുവദിച്ച 425 ദശലക്ഷം ഡോളര്‍ ഇതിനായി ഉപയോഗിക്കാതെ വഴിമാറ്റി ചെലവഴിച്ചേക്കാമെന്ന് താന്‍ ഭയക്കുന്നതായി വൈഡന്‍ പറഞ്ഞു. ഉദ്ദേശശുദ്ധിയെ താന്‍ ആദരിക്കുന്നു എങ്കിലും ഈ പൈസയെല്ലാം ഗുണനിലവാരമില്ലാത്ത വോട്ടിങ് മെഷീനുകള്‍ നിര്‍മ്മിക്കുന്ന കമ്പനികള്‍ക്ക് വന്‍ ലോട്ടറിയായി തീരുമെന്നാണ് അദ്ദേഹം ഭയക്കുന്നത്. ഈ കമ്പനികള്‍ ഇറക്കുന്ന ഗുണനിലവാരമില്ലാത്ത വോട്ടിങ് മെഷീനുകള്‍ വാങ്ങിക്കൂട്ടാന്‍ ഫണ്ട് ഉപയോഗിക്കുമെന്നതു കൂടാതെ ഇതുപയോഗിച്ച് ഓഫിസ് കസേരകളും പ്രിന്ററുകളും മറ്റു സാധനങ്ങളും വാങ്ങിക്കാന്‍ ഉപയോഗിച്ചേക്കുമെന്നും അദ്ദേഹം പറയുന്നു. വോട്ടിങ് സിസ്റ്റം മൊത്തം പിഴവറ്റതാക്കാനുള്ള നിയമനിര്‍മ്മാണം വേണമെന്നാണ് അദ്ദേഹം പറയുന്നത്.

ഇലക്ട്രോണിക് വോട്ടിങ് മെഷീനുകള്‍ ആണു തമാശ

വോട്ടിങ് മെഷീനുകളെ ഹാക്കു ചെയ്യാമെന്നതാണ് അവയ്‌ക്കെതിരെ ഉയരുന്ന ആരോപണം. 2019ലും 2018ലും യഥാക്രമം പെന്‍സില്‍വേനിയയിലും ജോര്‍ജിയയിലും നടന്ന തെരഞ്ഞെടുപ്പുകള്‍ ഇവയുടെ മികവിനെ ചോദ്യം ചെയ്യുന്നു. നവംബറില്‍ നടന്ന വോട്ടെടുപ്പില്‍ പ്രശ്‌നം കാണിച്ചതരം മെഷീനുകള്‍ ഗുണനിലവാരമുള്ളതാണെന്ന് അംഗീകരിക്കുന്നതിനെതിരെ ഇപ്പോള്‍ കേസു ഫയല്‍ ചെയ്തിരിക്കുകയാണ്. ഇവയില്‍ കൗണ്ടിങ്ങില്‍ വരെ പ്രശ്‌നം കണ്ടെത്തിയിരുന്നു. ഈ മെഷീനുകള്‍ നിര്‍മ്മിച്ചത് നെബ്രാസ്‌ക കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന ഇഎസ് ആന്‍ഡ് എസ് കമ്പനിയാണ്. ദേശീയ തലത്തില്‍ 50 ശതമാനം മെഷീനുകളും നിര്‍മ്മിക്കുന്നതും ഈ കമ്പനിയാണ്. ഇവര്‍ നിര്‍മ്മിച്ച വോട്ടിങ് മെഷീന്‍ ഉപയോഗിച്ചു ജോര്‍ജിയയില്‍ നടത്തിയ തെരഞ്ഞെടുപ്പില്‍ രേഖപ്പെടുത്താത്ത 80,000 വോട്ട് എണ്ണി എന്ന ആരോപണവും നേരിടുന്നു. ഇതേപ്പറ്റിയുള്ള കേസ് നടന്നുകൊണ്ടിരിക്കുകയാണ്.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN TECHNOLOGY NEWS
SHOW MORE
FROM ONMANORAMA