ADVERTISEMENT

ഇ–കൊമേഴ്‌സ് ഭീമനായ ആമസോൺ ഇന്ത്യയിലെ ചെറുകിട ബിസിനസ്സ് ഉടമകളുമായി ബന്ധപ്പെടുന്നതിന് രണ്ടു ദിവസത്തെ മെഗാ പരിപാടിയായ ‘സംഭവ് ഉച്ചക്കോടിക്ക്’ തുടക്കമായി. ഇരുപത്തിയൊന്നാം നൂറ്റാണ്ട് ഇന്ത്യയുടേതാണ് എന്നാണ് ആമസോൺ മേധവി ജെഫ് ബെസോസ് പറഞ്ഞത്. 21-ാം നൂറ്റാണ്ട് ഇന്ത്യൻ നൂറ്റാണ്ടായിരിക്കുമെന്ന് ഞാൻ പ്രവചിക്കുന്നു. ഇന്ത്യ ഒരു ജനാധിപത്യ രാജ്യമാണ്. അത് ഒരു രാജ്യത്തിന്റെ പ്രധാന ഭാഗമാണ്. 21-ാം നൂറ്റാണ്ട് അമേരിക്കയും ഇന്ത്യയും തമ്മിലുള്ള ഉഭയകക്ഷി ബന്ധത്തിന്റേത് കൂടിയായിരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ആമസോണ്‍ 1000 കോടി ഡോളറിന്റെ 'മെയ്ക് ഇന്‍ ഇന്ത്യാ' പ്രൊഡക്ടുകള്‍ 2025നു മുൻപ് ആഗോള വിപണിയിലെത്തിക്കുമെന്ന് ജെഫ് ബെസോസ് പ്രഖ്യാപിച്ചു. ഇന്ത്യയില്‍ മൂന്നു ദിവസത്തെ സന്ദര്‍ശനത്തിനെത്തിയതാണ് ലോകത്തെ ഏറ്റവും വലിയ ധനികരില്‍ ഒരാളായ ബെസോസ്. പല രാജ്യങ്ങളിലും പടര്‍ന്നു കിടക്കുന്നതാണ് ലോകത്തെ ഏറ്റവും വലിയ ഓണ്‍ലൈന്‍ വില്‍പ്പനാ ശാലയായ ആമസോണ്‍. തന്റെ കമ്പനിയുടെ അപാരമായ സ്വാധീനമുപയോഗിച്ച് ഇന്ത്യയില്‍ നിര്‍മിച്ച ഉൽപ്പന്നങ്ങൾ മറ്റു വിപണികളില്‍ വില്‍ക്കുമെന്ന പ്രസ്താവന ചെറുകിട ബിസിനസുകാര്‍ക്ക് വളരെ പ്രോത്സാഹനം നല്‍കുന്ന ഒന്നാണ്. ചെറുതും ഇടത്തരവുമായ ബിസിനസ് സ്ഥാപനങ്ങളെ പ്രോത്സാഹിപ്പിക്കാനായി 100 കോടി ഡോളര്‍ ഇന്ത്യയില്‍ നിക്ഷേപിക്കുമെന്നും അദ്ദേഹം പ്രഖ്യാപിച്ചു. ഇത്തരം പ്രഖ്യാപനങ്ങള്‍ ആമസോണ്‍ ഇന്ത്യയില്‍ നേരിടുന്ന അപ്രതീക്ഷിത പ്രതിസന്ധിക്കു അയവു വരുത്തുമോ എന്നു കണ്ടറിയേണ്ടിയിരിക്കുന്നു.

ഇന്ത്യയെ വാനോളം പുകഴ്ത്തി ബെസോസ്

ഇന്ത്യയും അമേരിക്കയും തമ്മിലുള്ള സഖ്യമായിരിക്കും 21-ാം നൂറ്റാണ്ടിലെ ഏറ്റവും പ്രധാനപ്പെട്ട ബന്ധമെന്നും ബെസോസ് പറഞ്ഞു. ഡൽഹിയിലെ ജവഹര്‍ലാല്‍ നെഹ്രു സ്റ്റേഡിയത്തില്‍ ആമസോണ്‍ സംഘടിപ്പിച്ച മീറ്റിങ്ങില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇത് 3,000 ചെറിയ ബിസിനസ് സംരംഭങ്ങളെ ഒരുമിച്ചു കൊണ്ടുവരാനുള്ള, ഇതിനു മുൻപ് നടന്നിട്ടില്ലാത്ത തരത്തിലുള്ള ഒരു മീറ്റിങ്ങാണ്. ആമസോണിന്റെ വലുപ്പവും വ്യാപ്തിയും ഉപയോഗിച്ച് ഇന്ത്യയിലെ ചെറുകിട സ്ഥാപനങ്ങള്‍ നിര്‍മിക്കുന്ന 1000 കോടി ഡോളറിനുള്ള പ്രൊഡക്ടുകള്‍ 2025 നുള്ളില്‍ ആഗോള വിപണിയില്‍ വില്‍ക്കുമെന്നാണ് ബെസോസ് പ്രഖ്യാപിച്ചിരിക്കുന്നത്. ഇന്ത്യയുടെ 'ചലനാത്മകതയും, ഊര്‍ജസ്വലതയും വളര്‍ച്ചയും' അദ്ദേഹം എടുത്തു പറഞ്ഞു പുകഴ്ത്തി. ഈ രാജ്യം വളരെ പ്രത്യേകതകളുള്ളതാണെന്ന് പറഞ്ഞ അദ്ദേഹം, ഇന്ത്യന്‍ ജനാധിപത്യത്തെ പുകഴ്ത്താനും മറന്നില്ല.

ഓണ്‍ലൈന്‍ വില്‍പ്പനയിലെ മുടിചൂടാ മന്നനായ ബെസോസ് മുതിര്‍ന്ന സർക്കാർ ഉദ്യോഗസ്ഥരുമായും കൂടിക്കാഴ്ച നടത്തിയേക്കും. രാജ്യത്തെ കോംപറ്റീഷന്‍ കമ്മിഷന്‍ ഓഫ് ഇന്ത്യ, ആമസോണിനും അമേരിക്കന്‍ കമ്പനിയായ വോള്‍മാര്‍ട്ടിന്റെ നിയന്ത്രണത്തിലുള്ള ഫ്ലിപ്കാര്‍ട്ടിനുമെതിരെ അന്വേഷണം പ്രഖ്യാപിച്ചിരിക്കുന്ന സമയത്താണ് ബെസോസ് ഇന്ത്യ സന്ദര്‍ശിക്കാൻ എത്തിയിരിക്കുന്നത്. രണ്ടു സ്ഥാപനങ്ങളും കോംപറ്റീഷന്‍ നിയമങ്ങള്‍ ലംഘിക്കുന്നുവെന്ന ആരോപണമുണ്ട്.

രാജ്യത്തൊട്ടാകെയുള്ള വ്യാപാരികള്‍ ഇരു സ്ഥാപനങ്ങള്‍ക്കുമെതിരെ നിരവധി ആരോപണങ്ങളാണ് ഉന്നയിച്ചിരിക്കുന്നത്. ഫോറിന്‍ ഡയറക്ട് ഇന്‍വെസ്റ്റ്‌മെന്റിന്റെ നിയമങ്ങള്‍ ഇരു കമ്പനികളും ലംഘിക്കുന്നു എന്നാണ് മറ്റു കമ്പനികള്‍ ആരോപിക്കുന്നത്. കോണ്‍ഫെഡറേഷന്‍ ഓഫ് ഓള്‍ ഇന്ത്യാ ട്രേയ്‌ഡേഴ്‌സ് ആണ് അമേരിക്കന്‍ ഭീമന്മാര്‍ക്കെതിരെയുള്ള യുദ്ധം നയിക്കുന്നത്.

സാംസങും ഷഓമിയും വഴങ്ങി

ആമസോണിലും ഫ്ലിപ്കാര്‍ട്ടിലും എക്‌സ്ക്ലൂസിവായി ഫോണുകള്‍ വില്‍ക്കുന്നതിനാല്‍ സാംസങ്, ഷഓമി കമ്പനികളെ ഓഫ്‌ലൈൻ കടകൾ ബഹിഷ്‌കരിക്കുമെന്ന് മുന്നറിയിപ്പ് നൽകിയിരുന്നു. എന്നാൽ, പുതിയ ഫോണുകൾ ഓണ്‍ലൈനില്‍ ലഭ്യമാക്കുന്ന ദിവസം തന്നെ കടകള്‍ക്കും വില്‍പ്പനയ്‌ക്കെത്തിക്കുമെന്ന് ഇരു കമ്പനികളും അറിയിച്ചിരിക്കുകയാണ്.

ബെസോസ് മോദിയെ കാണും

ബെസോസിന് പ്രധാനമന്ത്രി നരേന്ദ്ര മോദിയെയടക്കം പല പ്രമുഖരെയും കാണാന്‍ താത്പര്യമുണ്ട്. ആരെല്ലാം അദ്ദേഹത്തെ കാണാന്‍ അനുവദിക്കുമെന്ന കാര്യത്തില്‍ ഇപ്പോള്‍ തീരുമാനമായിട്ടില്ല. ആമസോണിനും ഫ്ലിപ്കാര്‍ട്ടിനുമെതിരെ ഇന്ത്യയില്‍ തുടങ്ങിയിരിക്കുന്ന വ്യാപാരികളുടെ യുദ്ധം വിജയിക്കുമെന്നാണ് പൊതുവെ വിലയിരുത്തപ്പെടുന്നത്. എന്തായാലും ബെസോസ് അടുത്ത ദിവസം അധികാരികളെ കണ്ട ശേഷം ഇത് വ്യക്തമാകും. ചൈനയിലും വന്‍ തോതില്‍ പണമിറക്കിയ ശേഷം പുറത്താക്കപ്പെട്ട ചരിത്രമാണ് ആമസോണിനുള്ളത്. ഏകദേശം 550 കോടി ഡോളറാണ് ഇതുവരെ ആമസോണ്‍ ഇന്ത്യയില്‍ നടത്തിയിരിക്കുന്ന നിക്ഷേപം.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com