ADVERTISEMENT

അശ്ലീല ചിത്രങ്ങളും വിഡിയോയും അവയ്ക്കു മാത്രമായുള്ള വെബ്‌സൈറ്റുകളിലൂടെ മാത്രമല്ല പ്രചരിക്കുന്നത് മറിച്ച് എല്ലാവരും ഉപയോഗിക്കുന്ന സമൂഹ മാധ്യമങ്ങളിലൂടെയും യുട്യൂബിലൂടെയും മറ്റും യഥേഷ്ടം പ്രചരിക്കുന്നുണ്ട്. ഇത് നിരോധിക്കണമെന്ന തിരിച്ചറിവാണ് ഇപ്പോള്‍ കേന്ദ്ര സർക്കാരിന് ഉണ്ടായിരിക്കുന്നത്. ഈ പ്രശ്‌നം പരിഹരിക്കാനുള്ള ശ്രമത്തിലാണ് കോണ്‍ഗ്രസ് പാര്‍ട്ടിയുടെ രാജ്യ സഭാ എംപി ആയ ജയ്‌റാം രമേഷ് ( Jairam Ramesh) നയിക്കുന്ന കമ്മറ്റി. സമൂഹ മാധ്യമങ്ങളിലൂടെ പ്രചരിക്കുന്ന പോണ്‍ കുട്ടികള്‍ക്കും സമൂഹത്തിനും കനത്ത പ്രഹരമാണ് ഏല്‍പ്പിക്കുന്നതെന്നാണ് കരുതുന്നത്.

 

പ്രായപൂര്‍ത്തിയായവരുടെ അശ്ലീലതയും, കുട്ടികളെ ദുരുപയോഗം ചെയ്യുന്നതിന്റെ ഫോട്ടോകളും ക്ലിപ്പുകളും ഫെയ്‌സ്ബുക്, ട്വിറ്റര്‍, ടിക്‌ടോക് തുടങ്ങി സമൂഹ മാധ്യമങ്ങളിലും യുട്യൂബിലും എല്ലാം യഥേഷ്ടം പ്രചരിക്കുന്നുണ്ടോ എന്നു പരിശോധിക്കാനും കൂടെയാണ് രമേഷിന്റെ നേതൃത്വത്തിലുള്ള കമ്മറ്റി രൂപീകരിച്ചത്. പേടിപ്പിക്കുന്ന രീതിയില്‍ പോണ്‍ പ്രചരിക്കുന്നുവെന്ന കണ്ടെത്തലാണ് അവര്‍ നടത്തിയത്. തുടര്‍ന്ന് കമ്മറ്റി ഈ കമ്പനികളുടെ പ്രതിനിധികളെ ചോദ്യം ചെയ്യുകയും എന്തു പ്രതിവിധിയാണ് പെട്ടെന്നു ചെയ്യാനാകുകു എന്ന് ആരായുകയും ചെയ്തു.

 

ഡിസംബറില്‍ രൂപീകരിച്ച കമ്മറ്റി ഇതുവരെ ഫെയ്‌സ്ബുക്, ഗൂഗിള്‍, ട്വിറ്റര്‍, ടിക്‌ടോക്, ഷെയര്‍ ചാറ്റ് തുടങ്ങിയ കമ്പനികളുടെ പ്രതിനിധികളെയാണ് കണ്ടത്. ഇക്കാര്യത്തിൽ വിവിധ കമ്പനികളുടെ പ്രതികരണവും അറിയിച്ചിട്ടുണ്ട്.

 

ട്വിറ്റര്‍

 

തങ്ങളുടെ നയം പരസ്പര സമ്മതത്തോടെ ഷൂട്ടു ചെയ്ത അശ്ലീല കണ്ടെന്റ് പോസ്റ്റ് ചെയ്യാമെന്നാതാണ് എന്നാണ് ട്വിറ്റർ പ്രതിനിധി വിശദീകരിച്ചത്. എന്നാല്‍, വിദ്വേഷ പോണോ, കുട്ടികളെ ഉപദ്രവിക്കുന്നതിന്റെ കണ്ടെന്റോ അനുവദിക്കുകയുമില്ല. ട്വിറ്ററിന്റെ ഏറ്റവും പുതിയ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ അനുസരിച്ച് ഉപയോക്താക്കള്‍ക്ക് പോണ്‍ തങ്ങളുടെ അക്കൗണ്ട് വഴി പ്രചരിപ്പിക്കാം. പക്ഷേ, അത് സമ്മത പ്രകാരമായിരിക്കണം. കൂടാതെ ട്വീറ്റുകളില്‍ സെന്‍സിറ്റീവ് (sensitive) എന്ന് രേഖപ്പെടുത്തുകയും വേണം. എന്നാല്‍ ഇത് ഒരാളുടെ അക്കൗണ്ടിലേക്ക് കയറുമ്പോഴെ കാണാവുന്ന രീതിയില്‍ പോസ്റ്റ് ചെയ്യാന്‍ പാടില്ല. വേണ്ടവര്‍ സെന്‍സിറ്റീവ് എന്നു രേഖപ്പെടുത്തിയിരിക്കുന്നിടത്ത് ക്ലിക്കു ചെയ്ത് കാണണം.

 

ഗൂഗിള്‍

 

എല്ലാ പ്രായത്തിലുള്ളവരും ഉപയോഗിക്കുന്ന യുട്യൂബിന്റെ കാര്യത്തെക്കുറിച്ചും സേര്‍ച്ചില്‍ കടന്നു വരുന്ന ലിങ്കുകളെക്കുറിച്ചുമാണ് ഗൂഗിള്‍ വിശദീകരണം നല്‍കിയത്. ഗൂഗിളിന്റെ കുടുംബത്തില്‍ നിന്നുള്ളതാണ് യുട്യൂബും. യുട്യൂബില്‍ പോണ്‍ കാണാന്‍ അനുവദിക്കുന്നത് ലോഗ്-ഇന്‍ വിശാദംശങ്ങള്‍ പരിശോധിച്ച ശേഷമാണ് എന്നാണ് അവര്‍ പറഞ്ഞത്. യുട്യൂബിന്റെ പോളിസി പ്രകാരം പോസ്റ്റ് ചെയ്യുന്ന വിഡിയോകള്‍ കാണുന്ന ആളുടെ പ്രായമനുസരിച്ച് വിലക്കാം. അഡള്‍ട്ട് ആയി മാര്‍ക്ക് ചെയ്ത വിഡിയോകള്‍ കുട്ടികൾക്ക് കാണാനാകില്ല എന്നാണ് അവരുടെ വാദം. ചുരുക്കി പറഞ്ഞാല്‍, 18 വയസോ കൂടുതലോ ഉള്ളവരെയാണ് തങ്ങള്‍ പോണ്‍ കാണാന്‍ അനുവദിക്കുന്നതെന്ന് നിലപാടാണ് ഗൂഗിള്‍ കൈക്കൊണ്ടത്.

 

ഷെയര്‍ചാറ്റ്

 

ഇന്ത്യയില്‍ നിന്നുള്ള സമൂഹ മാധ്യമ സേവനമായ ഷെയര്‍ചാറ്റ് പറഞ്ഞത് അമേരിക്ക നടപ്പലാക്കിയതു പോലെയുള്ള ഒരു നിയമം കൊണ്ടുവരികയാണ് ചെയ്യേണ്ടത് എന്നാണ്. അമേരിക്ക ചില്‍ഡ്രന്‍സ് ഓണ്‍ലൈന്‍ പ്രൈവസി പ്രോട്ടക്ഷന്‍ ആക്ട് (Children's Online Privacy ProtectionAct (COPPA) എന്നൊരു നിയമം കൊണ്ടുവന്നിരിക്കുകയാണ്. ഇത്തരം ഒരു നിയമമായിരിക്കും കുട്ടികള്‍ക്ക് പോണ്‍ എത്തിച്ചു കൊടുക്കുന്നതു തടയാനുള്ള നല്ല മാര്‍ഗ്ഗമെന്നാണ് അവരുടെ വാദം.

 

ഫെയ്‌സ്ബുക്, ഇസ്റ്റഗ്രാം

 

തങ്ങള്‍ യാതൊരു തരത്തിലുമുള്ള പോണ്‍ കണ്ടെന്റും അനുവദിക്കുന്നില്ല എന്ന നിലപാടാണ് ഫെയ്‌സ്ബുക് കൈക്കൊണ്ടത്. തങ്ങളുടെ കീഴിലുള്ള ഇന്‍സ്റ്റഗ്രാമിന്റെ സിഥിതിയും വ്യത്യസ്തമല്ല എന്നും അവര്‍ പറയുന്നു. നിയമപരമായി പോസ്റ്റു ചെയ്യാവുന്നത് ഓപ്പറേഷന്‍ വഴി മാറിടം നീക്കം ചെയ്തവരുടെ ചിത്രങ്ങളും, മുലപ്പാല്‍ നല്‍കുന്ന അമ്മമാരുടെ ചിത്രങ്ങളുമാണ്. ഇതു കൂടാതെ, പ്രതിഷേധം എന്ന നിലയിലും അശ്ലീലം പ്രദര്‍ശിപ്പിക്കാമെന്നും കമ്പനി പറയുന്നു. ഒരു പ്രശ്‌നത്തെക്കുറിച്ചുള്ള അവബോധം കൂടുതല്‍ ആളുകളിലെത്തിക്കാൻ ഉള്ളതായിരിക്കണം ഇത്. വിദ്യാഭ്യാസപരമോ, ചികിത്സാ സംബന്ധമായോ ഇത്തരം ചിത്രങ്ങളും മറ്റും പോസ്റ്റ് ചെയ്യാനും അനുവദിക്കുന്നുണ്ട്. അല്ലാത്ത പോസ്റ്റുകള്‍ ഫെയ്‌സ്ബുക്കിലും ഇന്‍സ്റ്റഗ്രാമിലും നിയമവിരുദ്ധമാണ് എന്നാണ് കമ്പനി അറിയിച്ചത്.

 

ഇന്ത്യയില്‍ പോണ്‍ കാണുന്നത് നരോധിച്ചിട്ടില്ല എന്നത് മറ്റൊരു വസ്തുതയാണ്. കമ്പനികളുടെ പ്രതികരണങ്ങള്‍ വിശകലനം ചെയ്ത ശേഷമായിരിക്കും ഭാവി നടപടികള്‍ സർക്കാർ തീരുമാനിക്കുക.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com