sections
MORE

തൃശൂരിനെ ഇങ്ങെടുക്കുവാ... ഡിജിറ്റൽ ഇന്ത്യക്ക് വേണ്ടി.. കറൻസി നോട്ടുകൾ ഇനി മറന്നേക്കൂ...

digital-india
SHARE

കറൻസി രഹിത ഇക്കോസിസ്റ്റത്തിൽ പേയ്‌മെന്റുകൾ നടത്താനും സ്വീകരിക്കാനും പൗരന്മാരെ പ്രാപ്‌തമാക്കാൻ ഓരോ സംസ്ഥാനവും രംഗത്തിറങ്ങി കഴിഞ്ഞു. രാജ്യത്തെ ഓരോ സംസ്ഥാനത്തും ഒരു ജില്ലയെങ്കിലും ഡിജിറ്റൽ ഇന്ത്യയുടെ ഭാഗമായി എല്ലാം ഓൺലൈനിലേക്ക് മാറണമെന്ന് നിർദ്ദേശിച്ചിട്ടുണ്ട്. റിസർവ് ബാങ്ക് ഓഫ് ഇന്ത്യ തന്നെ ഇതിന് രംഗത്തിറങ്ങി കഴിഞ്ഞു. കേരളത്തിലെ ആദ്യത്തെ ഡിജിറ്റൽ ജില്ലയായി തൃശൂരിനെയാണ് തിരഞ്ഞെടുത്തിരിക്കുന്നത്.

രാജ്യത്തെ ഏറ്റവും വലിയ പണമിടപാടുകാരായ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ (എസ്‌ബി‌ഐ) ആണ് മിക്ക സംസ്ഥാനങ്ങളിലെയും ജില്ലകളെ കറൻസി രഹിത ഇടപാടിലേക്ക് നയിക്കുക. തിരഞ്ഞെടുത്ത ജില്ലകളെ അടുത്ത ഒരു വര്‍ഷത്തിനുള്ളിൽ 100% ഡിജിറ്റലാക്കാനാണ് നീക്കം.

രാജ്യത്തെ ഡിജിറ്റൽ പേയ്‌മെന്റ് സിസ്റ്റം വിപുലീകരിക്കുന്നതിനുള്ള റിസർവ് ബാങ്ക് (ആർബിഐ) സംരംഭമാണിത്. ഒരു പൈലറ്റ് പദ്ധതി അടിസ്ഥാനത്തിൽ, ഓരോ സംസ്ഥാനത്തും ഒരു ജില്ലയെയാണ് തിരഞ്ഞെടുക്കുക. ഈ ജില്ലയെ ഒരു പൊതുമേഖലാ ബാങ്ക് വഴി ഒരു വർഷത്തിനുള്ളിൽ 100 ശതമാനം ഡിജിറ്റലായി പ്രാപ്തമാക്കും. ജില്ലയിലെ ഓരോ വ്യക്തിക്കും ഡിജിറ്റലായി പേയ്‌മെന്റുകൾ നടത്താനും സ്വീകരിക്കാനും പ്രാപ്തമാക്കുന്നതിന് വിവിധ പദ്ധതികളാണ് ആസൂത്രണം ചെയ്യുന്നത്. എല്ലാ സംസ്ഥാനങ്ങൾക്കും ഇത് സംബന്ധിച്ച് റിസർവ് ബാങ്ക് കുറിപ്പ് നൽകിയിട്ടുണ്ട്.

ഇത്തരം ഇടപാടുകൾ കൈകാര്യം ചെയ്യുന്നതിന് ആവശ്യമായ അടിസ്ഥാന സൗകര്യങ്ങളും ഡിജിറ്റൽ സാക്ഷരതയും ഇതിൽ ഉൾപ്പെടുന്നുവെന്നും റിസർവ് ബാങ്ക് അറിയിച്ചു. ഇന്ത്യയിലുടനീളം, 115 ജില്ലകളെ എൻ‌ടി‌ഐ ആയോഗ് തിരഞ്ഞെടുത്തിട്ടുണ്ട്. എസ്‌ബി‌ഐയ്‌ക്കൊപ്പം തൃശൂർ ജില്ലാ ഭരണകൂടവും ഇതോടൊപ്പം ചേരുന്നുണ്ട്. രാജ്യം ഡിജിറ്റലിലേക്ക് പോകേണ്ടത് പ്രധാനമാണ്. അതേസമയം, ഇൻഫ്രാസ്ട്രക്ചറിന്റെ കാര്യത്തിൽ മിക്ക സംസ്ഥാനങ്ങളും പിന്നിലാണ്. ജില്ലയിൽ ഒന്നടങ്കം അതിവേഗം ഇന്റർനെറ്റ് ലഭ്യമാക്കേണ്ടതുണ്ട്. എന്നാൽ, ചില സ്ഥലങ്ങളിൽ കണക്റ്റിവിറ്റി ഒരു പ്രശ്നമാണ്.

8 മാസത്തിനുള്ളിൽ തൃശൂർ ജില്ലയിൽ നിന്നു കറൻസി നോട്ടുകൾ അപ്രത്യക്ഷമാക്കാനാണ് ഇപ്പോഴത്തെ ചെറിയ നീക്കം. എല്ലാ സാമ്പത്തിക ഇടപാടുകളും പൂർണമായി ഡിജിറ്റൽ സംവിധാനത്തിലേക്കു മാറും. ഇതേ പദ്ധതി പിന്നീട് മറ്റു ജില്ലകളിലേക്കും വ്യാപിപ്പിക്കും. പേപ്പർ കറൻസിയുടെ ഉപയോഗം കുറയ്ക്കുകയെന്ന ശീലം ജനങ്ങളിൽ വളർത്തുകയാണു സംരംഭത്തിന്റെ ലക്ഷ്യമെന്നു കലക്ടർ എസ്. ഷാനവാസ്, ജില്ലാ ലീഡ് ബാങ്ക് മാനേജർ കെ.കെ. അനിൽകുമാർ, കാനറാ ബാങ്ക് റീജനൽ ഹെഡ് ജി. പ്രശാന്ത് എന്നിവർ അറിയിച്ചു.

2020 സെപ്റ്റംബർ 30ന് ഉള്ളിൽ കേരളത്തിലെ ആദ്യ ഡിജിറ്റൽ കറൻസി ജില്ലയായി തൃശൂർ മാറും. ജില്ലയിലെ എല്ലാ സർക്കാർ സ്ഥാപനങ്ങളിലെ ഇടപാടുകളും പൂർണമായി ഡിജിറ്റലാക്കും. സർക്കാർ വകുപ്പുകൾ വഴി നൽകുന്ന എല്ലാ ആനുകൂല്യങ്ങളും ഇനി ഡിജിറ്റലാക്കും. പൊതുജനങ്ങൾക്കു ബാങ്കുകളിൽ സീറോ ബാലൻസ് അക്കൗണ്ട് ആരംഭിക്കാമെന്നും അറിയിച്ചിട്ടുണ്ട്. 

ഇത് സംബന്ധിച്ച് ജില്ലയിൽ കണക്കെടുപ്പ് നടത്തുന്നുണ്ട്. എത്രപേർ ഡിജിറ്റൽ സംവിധാനം ഉപയോഗിക്കുന്നെന്നും എത്രപേർക്ക് അക്കൗണ്ട് ഉണ്ടെന്നും അറിയാൻ സർവ്വേ നടത്തും. കുടംബശ്രീ വഴിയാണ് സർവേ നടത്തുക. വ്യക്തികൾക്കും വ്യാപാരികൾക്കും പ്രത്യേകം സർവേ നടത്തും. വൊളന്റിയർമാർക്കു പരിശീലനം തുടങ്ങി. 2 മാസത്തിനുള്ളിൽ സർവേ പൂർത്തിയാക്കാനാണ് നിർദേശം. പുള്ള് വില്ലേജിലും ചാലക്കുടി മാരാൻകോട് എസ് ടി കോളനി, തെക്കുംകര പഞ്ചായത്തിലെ പുന്നംപറമ്പ് എസ്‌സി കോളനി എന്നീ സ്ഥലങ്ങളിൽ സർവേ ആരംഭിക്കുന്നതിനു നടപടി തുടങ്ങി.

ഡിജിറ്റൽ ഇടപാടുകളുടെ സാധ്യതകളെ കുറിച്ച് ജില്ലയിൽ ബോധവൽക്കരണം നടത്തും. പൊതുജനങ്ങൾക്കു ഡിജിറ്റൽ ബോധവൽക്കരണം നടത്താനാണ് പദ്ധതി. ജില്ലയിൽ നിലവിൽ 13 ബ്ലോക്കുകളിൽ സാമ്പത്തിക സാക്ഷരതാ കൗൺസിലർമാർ പ്രവർത്തിക്കുന്നുണ്ട്. ബാങ്കുകളുടെ ഡിജിറ്റൽ ഡിപ്പാർട്ട്മെന്റുകളുടെ സഹകരണത്തോടെ സാമ്പത്തിക സാക്ഷരത കൗൺസിലർമാർ ക്ലാസെടുക്കും. സ്കൂൾ–കോളജ് തലങ്ങളിൽ ഡിജിറ്റൽ ബോധവൽക്കരണം നടത്താനും പദ്ധതിയുണ്ട്. ജില്ലയിലെ ബാങ്കുകൾ, സർക്കാർ ഓഫിസുകൾ, വിദ്യാഭ്യാസ സ്ഥാപനങ്ങൾ, ടെലികോം വകുപ്പ്, വ്യാപാര, വ്യവസായ സ്ഥാപനങ്ങൾ എന്നിവയിൽ ബോധവൽക്കരണം നടത്തും. ഇതോടൊപ്പം തന്നെ ബസ്–ഓട്ടോ–ടാക്സി തൊഴിലാളികൾ, തെരുവ് കച്ചവടക്കാർ എന്നിവർക്കും പരിശീലനം നൽകും.

ഡിജിറ്റൽ ഇടപാടുകൾ വ്യാപകമാക്കുന്നതിന്റെ ഭാഗമായി ജില്ലയിലെ എല്ലാവരോടും ബാങ്ക് അക്കൗണ്ട് തുടങ്ങാൻ നിർദ്ദേശിക്കും.
സീറോ ബാലൻസിൽ ഏതു ബാങ്കിലും  അക്കൗണ്ട് തുറക്കാൻ അവസരം നൽകുമെന്നാണ് ആർബിഐ കുറിപ്പിൽ പറയുന്നത്. സർക്കാർ, സ്വകാര്യ സ്ഥാപനങ്ങളിലെല്ലാം കാർഡ് സ്വൈപ്പിങ് യന്ത്രങ്ങൾ ഏർപ്പെടുത്തും.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN TECHNOLOGY NEWS
SHOW MORE
FROM ONMANORAMA