sections
MORE

മോദിയുടെ ഡിജിറ്റൽ ഇന്ത്യ കശ്മീരികളോട് ചെയ്തത്; നടക്കുന്നത് കൊള്ള, ജനം പട്ടിണിയിലേക്ക്

kashmir-internet
SHARE

തണുപ്പും വകവയ്ക്കാതെ ആയിരക്കണക്കിനു കശ്മീരികളാണ് മണിക്കൂറുകളെടുത്ത് ജമ്മുവിലേക്ക് ഇന്റര്‍നെറ്റ് സേവനങ്ങള്‍ക്കായി ട്രെയിനില്‍ പോകുന്നത്. തിങ്ങി ഞെരുങ്ങി ആളുമായി നീങ്ങുന്ന ട്രെയിനിന് അവരൊരു പേരും നല്‍കി – ഇന്റര്‍നെറ്റ് എക്‌സ്പ്രസ്. ലോകത്ത് ഒരു ജനാധിപത്യരാഷ്ട്രം ഏര്‍പ്പെടുത്തിയിട്ടുള്ളതിൽ വച്ച് ഏറ്റവും വലിയ ഇന്റര്‍നെറ്റ് നിരോധനത്തിലൂടെയാണ് കശ്മീരി ജനത ഇപ്പോള്‍ കടന്നുപോയ്‌ക്കൊണ്ടിരിക്കുന്നത്. 

വെബിലെത്താനായി കശ്മീരികള്‍ യാത്രചെയ്യുന്നത് ബനിഹാള്‍ (Banihal) എന്ന പട്ടണത്തിലേക്കാണ്. അവിടെയുള്ള ഇന്റര്‍നെറ്റ് കഫേകള്‍ക്ക് കഴിഞ്ഞ കുറച്ചു മാസങ്ങളായി ചാകരയാണ്. അവര്‍ നടത്തുന്നത് പകല്‍ക്കൊള്ളയാണെങ്കിലും ഇന്റര്‍നെറ്റ് സേവനത്തിനായി ആളുകള്‍ ക്യൂ നിര്‍ക്കുകയാണ്. ഒരു മണിക്കൂര്‍ നേരം ബ്രൗസ് ചെയ്യുന്നതിന് 300 രൂപ വരെ നല്‍കേണ്ട അവസ്ഥയിലാണ് കശ്മീരികള്‍. ഒരു പ്രദേശത്ത് ഇന്റര്‍നെറ്റ് വിച്ഛേദിക്കപ്പെട്ടാല്‍ സംഭവിക്കാവുന്നത് എന്തെല്ലാമാണ് എന്നതിന്റെ മികച്ച ഉദാഹരണമാണ് കശ്മീര്‍ എന്നാണ് പറയുന്നത്.

ജോലിക്ക് അപേക്ഷ അയയ്ക്കാന്‍ മുതല്‍ പല തരം ഇടപാടുകള്‍ക്ക് ഇന്റര്‍നെറ്റ് ഇന്ന് അനിവാര്യമാണ്. ഓഗസ്റ്റ് 5-ാം തിയതി മുതല്‍ ഇന്റര്‍നെറ്റില്ലാതെ ജീവിതം മുന്നോട്ടുനയിക്കുകയാണ് കശ്മീരി ജനത. ഐക്യരാഷ്ട്ര സംഘടന 2016ല്‍ ഇന്റര്‍നെറ്റ് സേവനങ്ങള്‍ മനുഷ്യാവകാശത്തിന്റെ ഭാഗമാണെന്ന് പ്രഖ്യാപിച്ചിരുന്നു. എന്നാല്‍, ഇന്റര്‍നെറ്റ് നിരോധിക്കുന്ന രാജ്യങ്ങളുടെ എണ്ണം വര്‍ധിക്കുകയാണ്. ഫിലിപ്പൈന്‍സും, യെമനും എല്ലാം ഇതിന് ഉദാഹരണമാണ്. 

ഇന്റര്‍നെറ്റ് ഇല്ലാത്തതിനാല്‍ ഓഗസ്റ്റ് മുതല്‍ ഇതുവരെ കശ്മീരിന് ഉണ്ടായിരിക്കുന്ന നഷ്ടം 240 കോടി ഡോളറാണെന്നാണ് കണക്കുകള്‍ പറയുന്നത്. ഇകൊമേഴ്‌സ്, ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി വിഭാഗങ്ങള്‍ മുതല്‍ ദാല്‍ തടാകത്തിലെ ബോട്ടിങ്ങിനു വരെ പ്രശ്‌നങ്ങള്‍ സൃഷ്ടിച്ചു നീങ്ങുകയാണ് ഇന്റർനെറ്റ് നിരോധനം എന്നാണ് ദേശീയ മാധ്യമങ്ങള്‍ പറയുന്നത്.

കശ്മീര്‍ ചേംബര്‍ ഓഫ് കൊമേഴ്‌സ് ആന്‍ഡ് ഇന്‍ഡസ്ട്രിയുടെ വൈസ് പ്രസിഡന്റ് ആയ അബ്ദുള്‍ മജീദ് മിര്‍ പറയുന്നത്, ഇന്റര്‍നെറ്റില്ലാതെ ബിസിനസു നടത്തുക എന്നു പറയുന്നത് ഇക്കാലത്ത് ചിന്തിക്കാന്‍ പോലും പറ്റാത്ത കാര്യമാണെന്നാണ്. ചേംബര്‍ ഓഫ് കൊമേഴ്‌സിന്റെ ആന്‍ഡ് ഇന്‍ഡസ്ട്രിയുടെ കണക്കുകള്‍ പ്രകാരം ഇതുവരെ ഏകദേശം 500,000 ജോലികള്‍ നഷ്ടമായിട്ടുണ്ട്. സമ്പദ്‌വ്യവസ്ഥയ്ക്ക് തിരുത്താനാകാത്ത തരം നാശനഷ്ടമാണ് ഇതു വരുത്തിവച്ചിരിക്കുന്നതെന്നു പറയുന്നു.

ഇന്റര്‍നെറ്റ് വിച്ഛേദിക്കല്‍ വ്യക്തി ബന്ധങ്ങള്‍ മുതല്‍ ആരോഗ്യപരിപാലന മേഖല വരെയുള്ള നിരവധി മേഖലകളിൽ കാര്യമായ ആഘാതമേല്‍പ്പിച്ചു കഴിഞ്ഞിരിക്കുന്നതായാണ് ഗ്ലോബല്‍ ഡിജിറ്റല്‍ അവകാശ സംഘടനയായ അക്‌സസ് നൗവിന്റെ ഏഷ്യ പോളിസി ഡയറക്ടറായ രാമന്‍ ജിത് സിങ് ചിമാ പറഞ്ഞത്. ജനാധിപത്യ ലോകത്ത് നടന്നിരിക്കുന്നതില്‍ വച്ച് ഏറ്റവും ദൈര്‍ഘ്യമേറിയ ഈ ഇന്റര്‍നെറ്റ് വിച്ഛേദനം കൂടാതെ, ലോകത്തു നടന്നിരിക്കുന്ന ഇന്റര്‍നെറ്റ് വിച്ഛേദനത്തിന്റെ മൂന്നില്‍ രണ്ടും നടന്നിരിക്കുന്ന രാജ്യം എന്ന പേരും ഇന്ത്യയ്ക്കാണ്. അക്രമ സംഭവങ്ങളോ, ഭീകരാക്രമണമോ ഉണ്ടായേക്കാമെന്ന് പറഞ്ഞ് ഒരു ജനതയെ മുഴുവന്‍ ശ്വാസം മുട്ടിക്കുന്നത് അസാധാരണമായ കാര്യമാണെന്നാണ് ചിമ പറയുന്നത്. ഇതേപ്പറ്റി പ്രതികരിക്കാന്‍ ആഭ്യന്തര മന്ത്രാലയമോ, ഇന്‍ഫര്‍മേഷന്‍ മന്ത്രാലയമോ തയാറായില്ല.

ബനിഹാളിലെ ഒരു ഇന്റര്‍നെറ്റ് കഫെയില്‍ കയറിയശേഷം ശ്വാസം മുട്ടിയിട്ട് പുറത്തിറങ്ങിയതാണ് കശ്മീര്‍ യൂണിവേഴ്‌സിറ്റിയിലെ ഗവേഷണ വിദ്യാര്‍ഥിയായ ഡാനിഷ്. തന്റെ മുഴുവന്‍ പേരു വെളിപ്പെടുത്താന്‍ വിസമ്മതിച്ച ഡാനിഷ് പറഞ്ഞത് ഇന്റര്‍നെറ്റില്ലാത്തതിനാല്‍ തനിക്കു ഭ്രാന്തുപിടിക്കുകയാണെന്നാണ്. ഇതിനാല്‍ തന്നെ ഇന്റര്‍നെറ്റ് എക്‌സ്പ്രസില്‍ ഇടിച്ചു കയറി ഇടംപിടിച്ച് ബനിഹാളിലെത്തുകയാണ് ഡാനിഷ്. കശ്മീരികളുടെ ഇരച്ചുകയറല്‍ മുതലാക്കാന്‍ നുറു കണക്കിനു കഫേകളാണ് ബനിഹാളില്‍ സ്ഥാപിച്ചിരിക്കുന്നത്. അപ്പോള്‍ പോലും എല്ലാവര്‍ക്കും ഇന്റര്‍നെറ്റ് ഉപയോഗിക്കാന്‍ സാധിക്കുന്നില്ലെന്ന പരാതി ഉയരുന്നു.

കശ്മീരിലെ പ്രധാന നഗരമായ ശ്രീനഗറില്‍ രണ്ടു ഡെലിവറി ബോയിമാര്‍ പറഞ്ഞത് ഇന്റര്‍നെറ്റ് ഇല്ലാത്തതിനാല്‍ എത്തിച്ചുകൊടുക്കാൻ ഒരു പായ്ക്കും വരുന്നില്ലെന്നാണ്. ഈ കമ്പനിയില്‍ എന്നും ജോലിക്കെത്തുന്ന രണ്ടേ രണ്ടുപേര്‍ തങ്ങള്‍ മാത്രമാണെന്നും അവര്‍ പറഞ്ഞു. തങ്ങളുടെ കമ്പനിയില്‍ മാത്രം 50 പേര്‍ക്ക് തൊഴില്‍ നഷ്ടമായെന്നും അവര്‍ അറിയിച്ചു. ഇന്റര്‍നെറ്റ് ഉടനെയന്നൈങ്കലും പുനഃസ്ഥാപിച്ചില്ലെങ്കില്‍ തങ്ങളുടെ ജോലിയും പോകുമെന്ന് അവര്‍ ഭീതിയോടെ പറഞ്ഞു.

ഇരുളടഞ്ഞ ഭാവി

പ്രകൃതി സൗന്ദര്യത്തിനു പുകഴ്‌പെറ്റ കശ്മീരിന്റെ സമ്പദ്‌വ്യവസ്ഥയുടെ നട്ടെല്ല് ടൂറിസമാണ്. അതിനും കാര്യമായ ആഘാതമാണ് ഇന്റര്‍നെറ്റ് വിച്ഛേദിച്ചതു വഴി സംഭവിച്ചിരിക്കുന്നത്. എല്ലാവര്‍ഷവും ഇന്ത്യയില്‍ നിന്ന് നിരവധിയാളുകളാണ് കശ്മീരിന്റെ മഞ്ഞണിഞ്ഞ മലനിരകളുടെ സൗന്ദര്യം ആസ്വദിക്കാനായി ഈ സീസണില്‍ എത്തിയിരുന്നത്. അവരെക്കാത്ത് ദാല്‍ തടാകത്തില്‍ നൂറു കണക്കിന് ബോട്ടുകളും കിടന്നിരുന്നു. അവയുടെ ഉടമകളുടെ ആശ്രയമാണ് ടൂറിസം.

കശ്മീര്‍ ശിക്കാരാ അസോസിയേഷന്റെ പ്രസിഡന്റായ ബഷീര്‍ അഹമദ് സുല്‍ത്താനി പറയുന്നത് 4,000ത്തോളം വരുന്ന ബോട്ടു ഉടമകൾക്ക് ഒരു പണിയുമില്ല എന്നാണ്. കടുത്ത പട്ടിണിയിലാണ് പലരുടെയും കുടംബംഗങ്ങള്‍. രണ്ടു നേരം പോലും ഭക്ഷണം കഴിക്കാനാകാതെ വിഷമിക്കുകയാണവരും കുടുംബാംഗങ്ങളും. ഞങ്ങളുടെ ഭാവി ഇരുളടഞ്ഞിരിക്കുന്നു എന്നാണ് അവരില്‍ ഒരാളായ മുഹമ്മദ് ഷാഫി പറഞ്ഞത്. ടൂര്‍ ഓപ്പറേറ്റര്‍മാര്‍ക്കും ഹോട്ടല്‍ വ്യവസായത്തിലുള്ളവര്‍ക്കും കനത്ത ആഘാതമാണ് ഇന്റര്‍നെറ്റ് ബാന്‍ ഏല്‍പ്പിച്ചിരിക്കുന്നത്. ഓണ്‍ലൈന്‍ ബുക്കിങും പണമിടപാടുകളും പാടേ ഇല്ലാതായിരിക്കുന്നതിനാല്‍ ബിസിനസ് തകര്‍ന്നിരിക്കുന്നു. തന്റെ മകളുടെ സ്‌കൂള്‍ ഫീസ് കൊടുക്കാന്‍ പോലുമാകാതെ വിഷമിക്കുകയാണ് താനെന്നാണ് ജിലാനി പറഞ്ഞത്. തന്റെ ശമ്പളം മൂന്നിലൊന്നായി വെട്ടിക്കുറച്ചു കഴിഞ്ഞു. 6,000 രൂപ മാത്രമാണ് ഒക്ടോബര്‍ മുതല്‍ പ്രതിമാസം ലഭിക്കുന്നതെന്നും ജിലാനി അറിയിച്ചു. ഐക്യരാഷ്ട്ര സംഘടനയുടെ അഭ്യര്‍ഥനയ്ക്കു ശേഷവും ഇന്റര്‍നെറ്റ് എന്നു പുനഃസ്ഥാപിക്കുമെന്നതിനെക്കുറിച്ച സർക്കാര്‍ ഒരു സൂചനയും നല്‍കിയിട്ടില്ല. പല കശ്മീരികള്‍ക്കും കഴിഞ്ഞുകൂടാനുള്ള പൈസ ലഭിക്കണമെങ്കില്‍ കൈത്തൊഴിലുകള്‍ വല്ലതും ലഭിക്കണം. അല്ലെങ്കില്‍ നാടുവിടണമെന്ന അവസ്ഥായാണെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN TECHNOLOGY NEWS
SHOW MORE
FROM ONMANORAMA