ADVERTISEMENT

സുന്ദര്‍ പിച്ചൈയ്ക്ക് 2019 ഒരു നല്ല വര്‍ഷമായിരുന്നു. അദ്ദേഹം ഗൂഗിള്‍ വിട്ടേക്കുമെന്ന അഭ്യൂഹങ്ങള്‍ക്ക് ശാശ്വത വിരാമമിടുക മാത്രമല്ല, ഗൂഗിളിന്റെ മാതൃകമ്പനിയായ അല്‍ഫബെറ്റിന്റെയും തലപ്പത്തേക്ക് എത്തുകയാണുണ്ടായത്. ഗൂഗിളിന്റെ സ്ഥാപകരായ സെര്‍ഗായ് ബ്രിന്നും ലാറിപേജും സ്ഥാനത്യാഗം നടത്തിയാണ് അദ്ദേഹത്തിന് പരിപൂര്‍ണ്ണ സ്വാതന്ത്ര്യം നല്‍കിയിരിക്കുന്നത്. ഒപ്പം ഗംഭീര ശമ്പള വര്‍ധനയും പിച്ചൈക്കു ലഭിച്ചു. ഇതോടൊപ്പം തന്നെ 2020ന്റെ തുടക്കവും ഇന്ത്യന്‍ വംശജനായ പിച്ചൈയ്ക്ക് നേട്ടത്തിന്റേതാണ്. ആല്‍ഫബെറ്റിന്റെ ഓഹരികളുടെ വില 1.2 ശതമാനമാണ് ഈ വര്‍ഷത്തെ പ്രീ-മാര്‍ക്കറ്റ് ട്രെയ്ഡിങ്ങില്‍ വര്‍ധിച്ചിരിക്കുന്നത്. ഈ വര്‍ഷം ആല്‍ഫബെറ്റിന് മികച്ചതായിരിക്കുമെന്ന് സാമ്പത്തിക കാര്യങ്ങളെക്കുറിച്ച് പ്രവചനം നടത്തുന്ന മൂന്നു കമ്പനികള്‍ നടത്തിയ പ്രവചനമാണ് കമ്പനിയുടെ ഓഹരികള്‍ക്ക് ഊര്‍ജ്ജം പകര്‍ന്നത്. ഈ വര്‍ഷം നടക്കാനിരിക്കുന്ന അമേരിക്കന്‍ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ആല്‍ഫബെറ്റിന്റെ പരസ്യ വരുമാനം കുതിക്കുമെന്നാണ് അവര്‍ പ്രവചിച്ചത്.

 

ഇതോടെ ആപ്പിളിനും മൈക്രോസോഫ്റ്റിനും പിന്നാലെ ആല്‍ഫബെറ്റും ആമസോണും 1 ട്രില്ല്യന്‍ ഡോളർ മൂല്യമുള്ള കമ്പനികളാകുമെന്നാണ് പറയുന്നത്. കഴിഞ്ഞ പതിറ്റാണ്ടില്‍ ഈ നാലു കമ്പനികളും ചേര്‍ന്നാല്‍ 3.25 ട്രില്ല്യന്‍ ഡോളര്‍ വിപണി മൂല്യമാണ് സൃഷ്ടിച്ചത്. ആല്‍ഫബെറ്റിന്റെ മൂല്യം ഇപ്പോള്‍ 969 ബില്ല്യന്‍ ഡോളറായി ഉയര്‍ന്നിരിക്കുകയാണ്. പിച്ചൈയ്ക്ക്ു നല്ല വര്‍ഷമായിരുന്നു 2019 എങ്കിലും ആല്‍ഫബെറ്റിന്റെ കാര്യം അങ്ങനെയായിരുന്നില്ല. എന്നാല്‍, 2020ല്‍ കാര്യങ്ങള്‍ മാറിയിരിക്കുകയാണ്. ഗൂഗിളിന്റെ പരസ്യ വരുമാനം വര്‍ധിക്കുമെന്നതു കൂടാതെ ആല്‍ഫബെറ്റിനു കിഴിലുള്ള യുട്യൂബും പ്രകടനം മെച്ചപ്പെടുത്തുമെന്നും പ്രവചനമുണ്ട്.

 

ബ്ലൂംബര്‍ഗിന്റെ റിപ്പോര്‍ട്ട് പ്രകാരം, ആല്‍ഫബെറ്റിന്റെ ഓഹരികള്‍ വാങ്ങുന്നതു ഗുണകരമാകുമെന്ന് 40 അവലോകകരാണ് പറഞ്ഞിരിക്കുന്നത്. ശരാശരി ഓഹരി വില 1,467 ഡോളറിലേക്ക് എത്തുമെന്നും അവര്‍ പ്രവചിക്കുന്നു. ഏകദേശം 4 ശതമാനം വര്‍ധനയാണിത്. ഇന്ത്യന്‍ സിഇഒമാരുടെ വിജയമായും ഇത് ആഘോഷിക്കപ്പെടുന്നുണ്ട്. കുതിപ്പില്‍ മുന്നില്‍ നില്‍ക്കുന്ന നാലു കമ്പനികളില്‍ രണ്ടിനും ഇന്ത്യന്‍ വംശജരാണ് നേതൃത്വം നല്‍കുന്നത്. ആല്‍ഫബെറ്റിനു മുന്നേ 1 ട്രില്ല്യന്‍ ഡോളര്‍ ക്ലബില്‍ പ്രവേശിച്ച മൈക്രോസോഫ്റ്റ് സത്യ നദെല്ലയുടെ സുരക്ഷിത കരങ്ങളിലാണ്.

 

പിച്ചൈയ്ക്കു നയിക്കാന്‍ കമ്പനികളേറെ

 

പൊതുവെയുള്ള ധാരണ ആല്‍ഫബെറ്റിനു കീഴില്‍ ഗൂഗിള്‍ സേര്‍ച്ചും യുട്യൂബും ആന്‍ഡ്രോയിഡും മാത്രമാണെന്നാണ്. പക്ഷേ, സെല്‍ഫ് ഡ്രൈവിങ് കാര്‍ പദ്ധതിയായ വെയ്‌മോ (Waymo), ആരോഗ്യപരിപാലന സോഫ്റ്റ്‌വെയറായ വെരിലി, ഹൈ-സ്പീഡ് ഇന്റര്‍നെറ്റ് കണക്ഷന്‍ നെറ്റ്‌വര്‍ക്കായ ഗൂഗിള്‍ഫൈബര്‍, അതിനൂതന ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് കമ്പനിയായ ഡീപ്‌മൈന്‍ഡ് തുടങ്ങിയ കമ്പനികളും ആല്‍ഫബെറ്റിന്റെ കീഴിലുണ്ട്. 2015ലാണ് ഗൂഗിളില്‍ അഴിച്ചുപണി നടത്തിയത്. എന്തായാലും ഇപ്പോള്‍ ഈ കമ്പനികളുടെയെല്ലാം മേധാവി പിച്ചൈ ആണ്.

 

തലവേദനകള്‍

 

ജോലിയിലെ 'ഗൂഗിള്‍ സംസ്‌കാരത്തെക്കുറിച്ച്' നിരവധി ആരോപണങ്ങളാണ് കഴിഞ്ഞ വര്‍ഷങ്ങളില്‍ ഉയര്‍ന്നത്. ജോലിക്കാര്‍ നേരിട്ട ലൈംഗീകാതിക്രമങ്ങള്‍ അടക്കം നാട്ടില്‍ പാട്ടായിരുന്നു. കമ്പനിയുടെ ചീഫ് ലീഗല്‍ ഓഫിസറായ ഡേവിഡ് ഡ്രമ്മണ്‍ഡ് ആയിരുന്നു ആരോപണ വിധേയരില്‍ ഒരാള്‍. അദ്ദേഹവും കഴിഞ്ഞ ദിവസം രാജിവയ്ക്കുക വഴി കമ്പനിക്കുള്ളില്‍ ഒരു ശുദ്ധികലശത്തിനും പിച്ചൈയ്ക്ക് അവസരം ലഭിച്ചിരിക്കുകയാണ്. തന്റെ പെരുമാറ്റം ദോഷമറ്റതൊന്നുമായിരുന്നില്ല എന്ന കുറ്റസമ്മതത്തോടെയാണ് ഡ്രമ്മണ്‍ഡ് പടിയിറങ്ങിയത്.

 

എന്തും അനുവദിച്ചുകൊടുക്കുന്ന ഗൂഗിള്‍ വര്‍ക്ക് കള്‍ച്ചറിന് ഇതോടെ വിരമാമാകുമോ എന്നാണ് ഇപ്പോള്‍ ലോകം ഉറ്റു നോക്കുന്നത്. ഉന്നത ഉദ്യോഗസ്ഥരില്‍ നിന്ന് ലൈംഗീകാതിക്രമണങ്ങള്‍ നേരിട്ടുവെന്ന് പറഞ്ഞ പല സ്ത്രീകളും കമ്പനിയിലുണ്ട്. പല ആരോപണ വിധേയരേയും കമ്പനി സംരക്ഷിക്കുന്നുവെന്ന ആരോപണവും നിലനില്‍ക്കുന്നു. ഇത്തരം ആരോപണങ്ങളില്‍ കഴമ്പുണ്ടെന്നു സമ്മതിച്ച പിച്ചൈ, പുതിയ തരം അന്വേഷണങ്ങള്‍ നടത്താൻ തീരുമാനിച്ചിരിക്കുകയാണ്.

 

ഡ്രമ്മണ്‍ഡിനെ കൂടാതെ, പഴയ മേധാവി എറിക് സ്മിഡ്റ്റ്, ആന്‍ഡ്രോയിഡിന്റെ സ്ഥാപകന്‍ ആന്‍ഡി റൂബിന്‍, സെര്‍ഗായ് ബ്രിന്‍ തുടങ്ങിയ താപ്പാനകളൊക്കെ ആരോപണം നേരിട്ടവരാണ്. ഇവരില്‍ റൂബിന്‍ മാത്രമാണ് തനിക്കെതിരെ ഉയര്‍ന്ന ആരോപണങ്ങള്‍ നിഷേധിച്ച ഒരാള്‍. എന്തായാലും പിച്ചൈയ്‌ക്കൊപ്പം പുതിയ ഗൂഗിള്‍ സംസ്‌കാരവും തുടങ്ങുമെന്നാണ് പല ജോലിക്കാരും കരുതുന്നത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com