sections
MORE

കേന്ദ്ര സർക്കാരിന്റെ കുരുക്കു മുറുകുന്നു, ആമസോണും ഫ്ളിപ്കാർട്ടും ഇന്ത്യ വിടേണ്ടിവരുമോ?

amazon-flipkart
SHARE

കോംപറ്റീഷന്‍ കമ്മിഷന്‍ അഥവാ സിസിഐ, രാജ്യത്തെ പ്രമുഖ ഇകൊമേഴ്‌സ് സ്ഥാപനങ്ങളായ ഫ്‌ളിപ്കാര്‍ട്ടിനും ആമസോണിനുമെതിരെ അന്വേഷണം നടത്തുമെന്നു മുന്നറിയിപ്പു നല്‍കിയിരിക്കുകയാണ്. അവരുടെ 'സുതാര്യമല്ലാത്ത' ബിസിനസ് രീതികള്‍ക്കും, 'അന്യായമായ' പ്രവൃത്തികള്‍ക്കും എതിരെയാണ് വേണ്ടിവന്നാല്‍ അന്വേഷണം നടത്തുമെന്നു പറഞ്ഞിരിക്കുന്നത്. ചില വില്‍പ്പനക്കാരുടെ പ്രൊഡക്ടുകള്‍ തങ്ങളിലൂടെ മാത്രം വില്‍ക്കല്‍ നടത്തുന്ന രീതിയെയാണ് സിസിഐ ചോദ്യം ചെയ്തരിക്കുന്നത്. പ്രത്യേകിച്ചും ചില മൊബൈല്‍ ഫോണുകള്‍ ഫ്‌ളിപ്കാട്ടിലും ആമസോണിലും എക്‌സ്‌ക്ലൂസീവ് വില്‍പ്പന നടത്തുന്നു എന്നാണ് ആരോപണം.

ഫ്‌ളിപ്കാര്‍ട്ടിനും ആമസോണിനും 'സുതാര്യമല്ലാത്ത' ചില വ്യവഹാരങ്ങളുണ്ടെന്നും സിസിഐ ചെയര്‍മാന്‍ അശോക് കുമാര്‍ ഗുപ്ത പറഞ്ഞു. ഉദാഹരണത്തിന് ഉപയോക്താവ് ഈ വെബ്‌സൈറ്റുകളില്‍ ഒരു പ്രൊഡക്ട് സേര്‍ച്ച് ചെയ്യുമ്പോള്‍ വരുന്ന റിസള്‍ട്ടിന്റെ ക്രമം സിസിഐ എടുത്തുകാണിക്കുന്നു. ഏറ്റവും പ്രാധാന്യമുള്ള പ്രശ്‌നങ്ങളിലൊന്നായി ഉയര്‍ത്തിക്കാണിക്കുന്നത് ആമസോണും ഫ്‌ളിപ്കാര്‍ട്ടും ചില വില്‍പ്പനക്കാരുമായി എക്‌സ്‌ക്ലൂസീവ് സഖ്യത്തിലേര്‍പ്പെടുന്നതാണത്രെ. ഇതിലൂടെ, ചില മൊബൈല്‍ ഫോണുകള്‍ ഓണ്‍ലൈനില്‍ മാത്രമായിരിക്കും ലഭ്യമാകുക. ഈ കമ്പനികളുടെ എതിരാളികള്‍ക്ക് ഇക്കാര്യത്തില്‍ ആശങ്കയുണ്ട്. ഇത് അവർ തന്നെ പരിഹരിച്ചില്ലെങ്കില്‍ കമ്പനികളുടെ നടപടിക്രമങ്ങളിലേക്ക് അന്വേഷണം നടത്തുമെന്നാണ് സിസിഐയുടെ മുന്നറിയിപ്പ്.

ഇതു വെറും നിരീക്ഷണമാണെന്നു പറഞ്ഞു തള്ളിക്കളഞ്ഞാല്‍ വിവരമറിയുമെന്നും പറയുന്നു. സ്വന്തം വീട്ടിലെ പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ സമയം നല്‍കുകയാണ് ഇപ്പോള്‍ ചെയ്യുന്നത്. ഓരോ പ്രശ്‌നത്തെക്കുറിച്ചും ഞങ്ങളുടെ പ്രതിനിധികൾ നിരീക്ഷണങ്ങളുണ്ട്. അവരുടെ റിപ്പോർട്ട് അടിസ്ഥാനമാക്കി കേസെടുക്കാം. അവയില്‍ പരാമര്‍ശിക്കുന്ന ഓരോ പ്രശ്‌നത്തിനും കേസെടുക്കാം. ഇതിനാല്‍ ഇക്കാര്യത്തില്‍ സ്വയം പരിഹാരം കാണാന്‍ ആമസോണിനോടും ഫ്‌ളിപ്കാര്‍ട്ടിനോടും തങ്ങള്‍ ആഹ്വാനം ചെയ്യുകായണെന്നാണ് കമ്മിഷന്റെ നിലപാട്. ഇക്കാര്യങ്ങള്‍ നാളെ ഇവരുടെ എതിരാളികളാരെങ്കിലും കമ്മിഷന്റെ മുൻപില്‍ അവതരിപ്പിച്ചാല്‍ മൊത്തം പ്രശ്‌നത്തിന്റെ പ്രകൃതം മാറുമെന്നും തങ്ങള്‍ നടപടി സ്വീകരിച്ചു തുടങ്ങുമെന്നും സിസിഐ അറിയിച്ചു.

പരമ്പരാഗത വില്‍പ്പനക്കാരുടെ സംഘടന സിസിഐയ്ക്കു മുന്നില്‍ തങ്ങളുടെ പരാതി സമര്‍പ്പിച്ചു കഴിഞ്ഞു. ഓണ്‍ലൈനിലെ എക്‌സ്‌ക്ലൂസീവ് സ്മാര്‍ട് ഫോണ്‍ വില്‍പ്പനയാണ് അവര്‍ ഉയര്‍ത്തുന്ന പ്രധാന പരാതികളിലൊന്ന്. ഇന്ത്യയില്‍ വില്‍ക്കുന്ന മൊബൈല്‍ ഫോണുകളില്‍ 40-45 ശതമാനവും ഓണ്‍ലൈനിലൂടെയാണ് ആവശ്യക്കാര്‍ സ്വന്തമാക്കുന്നത് എന്നാണ് ഗുപ്ത പറഞ്ഞത്. ഓണ്‍ലൈന്‍ വില്‍പ്പനക്കാരുടെ വെബ് സൈറ്റുകളില്‍ ഒരു പ്രൊഡക്ട് സേര്‍ച്ച് ചെയ്യുമ്പോള്‍ റിസള്‍ട്ട് ലിസ്റ്റ് ചെയ്യന്ന രീതിയില്‍ കൂടുതല്‍ സുതാര്യത വേണമെന്നും സിസിഐ ആവശ്യപ്പെട്ടു. കൂടാതെ, ഉപയോക്താക്കളുടെ റിവ്യു എന്ന പേരില്‍ പബ്ലിഷ് ചെയ്യുന്ന കുറിപ്പുകൾ സത്യസന്ധമാണെന്ന് ഉറപ്പുവരുത്തണമെന്നും സിസിഐ ആവശ്യപ്പെട്ടു.

സ്വാഭാവികമായും ഉപയോക്താവ് ഓണ്‍ലൈന്‍ സെറ്റുകളില്‍ നിന്ന് എന്തെങ്കിലും വാങ്ങുമ്പോള്‍ ഡേറ്റാ സൃഷ്ടിക്കപ്പെടും. ഈ ഡേറ്റ എന്തു ചെയ്യുന്നു എന്നതിനെക്കുറിച്ചും വെബ്‌സൈറ്റുകള്‍ പറയണമെന്നും സിസിഐ പറയുന്നു. ന്യായരഹിതമായ വില്‍പ്പനാ തന്ത്രങ്ങള്‍ക്കെതിരെയും തങ്ങളുടെ മേല്‍ക്കോയ്മ ഉപയോഗിച്ച് വില്‍പ്പന വര്‍ധിപ്പിക്കുന്നതിനെതിരെയും കേസെടുത്തേക്കാമെന്നും ഗുപ്ത മുന്നറിയിപ്പു നല്‍കി. സിസിഐയ്ക്ക് സ്വമേധയാ കേസെടുക്കാനാകുമെന്നും അദ്ദേഹം പറഞ്ഞു. വിപണിയിലേക്ക് അധികം കയറാന്‍ തങ്ങള്‍ ആഗ്രഹിക്കുന്നില്ല. നിങ്ങള്‍ സ്വയം പ്രശ്‌നപരിഹാരം കാണുകയാണെങ്കില്‍ വിപണിയിലേക്കു കടക്കുന്നില്ലെന്നു വച്ചേക്കാമെന്നും ഗുപ്ത പറഞ്ഞു. ഇന്ത്യയുടെ ഇകൊമേഴ്‌സ് വിപണിയെപ്പറ്റി തങ്ങള്‍ ഇറക്കിയ റിപ്പോര്‍ട്ടില്‍ പല പ്രശ്‌നങ്ങളും എടുത്തു പറയുന്നുണ്ട്. അവയ്ക്കും പരിഹാരം കാണണമെന്ന് സിസിഐ ഫ്‌ളിപ്കാര്‍ട്ടിനോടും ആമസോണിനോടും ആവശ്യപ്പെട്ടു.

മാര്‍ക്കറ്റ് പിടിക്കാനായി ഫ്‌ളിപ്കാര്‍ട്ടും ആമസോണും വിലകുറച്ചു വില്‍ക്കല്‍ അടക്കം പല നീക്കങ്ങളും നടത്തിയിട്ടുണ്ട്. ഇതാകട്ടെ, എംആര്‍പി പിടിച്ചു മേടിച്ചിരുന്ന കടകള്‍ക്ക് വന്‍ തിരിച്ചടിയുമായിരുന്നു. ഓണ്‍ലൈന്‍ വില്‍പ്പനാ മേളകളിലും മറ്റും പല പ്രൊഡ്ക്ടുകളും വളരെ വില കുറച്ചു വിറ്റിട്ടുണ്ട്. ഇതെല്ലാം പുതിയൊരു വാങ്ങല്‍ സംസ്‌കാരം കൊണ്ടുവന്നു. എന്നാല്‍, ഓണ്‍ലൈന്‍ വില്‍പ്പനക്കാരുടെ എല്ലാ നീക്കങ്ങളും സുതാര്യമാണെന്നോ അവയുടെ മേല്‍ നിയന്ത്രണം വേണ്ടെന്നോ വാദിക്കുന്നതില്‍ അര്‍ഥമില്ലെങ്കില്‍ പോലും ഫ്‌ളിപ്കാര്‍ട്ടും ആമസോണും ക്ഷീണിച്ചാല്‍ വിലക്കുറവ് പഴങ്കഥയായേക്കുമോ എന്നാണ് ഉപയോക്താക്കള്‍ ഭയക്കുന്നത്. എന്തായാലും ഈ കമ്പനികള്‍ക്കെതിരെയുള്ള നടപടികള്‍ ശക്തമാക്കും എന്നതിന്റെ വ്യക്താമായ സൂചനകളാണ് ഇപ്പോള്‍ ലഭിക്കുന്നതെന്ന വാദവുമുണ്ട്.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN TECHNOLOGY NEWS
SHOW MORE
FROM ONMANORAMA