കഴിഞ്ഞ എട്ടു വര്‍ഷം വളര്‍ച്ച കാണിച്ച ശേഷം 2020ല്‍ രാജ്യത്തെ മൊബൈല്‍ സിം ഉപയോക്താക്കളുടെ എണ്ണത്തില്‍ കുറവുവരാന്‍ പോകുകയാണെന്ന് റിപ്പോര്‍ട്ടുകള്‍. സേവനദാതാക്കള്‍ കോള്‍ ചാര്‍ജ് വര്‍ധിപ്പിച്ചതോടെ, ആളുകള്‍ തങ്ങളുടെ നാലാമത്തെയും മൂന്നാമത്തെയും രണ്ടാമത്തെയുമൊക്കെ സിം കാര്‍ഡുകള്‍ ഉപേക്ഷിക്കാന്‍ ഒരുങ്ങുകയാണെന്നാണ് പറയുന്നത്. ഇവ നിലനിര്‍ത്താന്‍ വേണ്ടിവരുന്ന ചെലവ് ആവശ്യമില്ലാത്തതാണെന്ന തോന്നല്‍ മൂലമാണ് ആളുകള്‍ അധിക കണക്ഷനുകള്‍ കളയുക.
ശരിക്കു പറഞ്ഞാല്‍, ആക്ടിവ് ഉപയോക്താക്കളുടെ എണ്ണം 2019ല്‍ തന്നെ കുറഞ്ഞിരുന്നുവെന്നാണ് കണക്കുകള്‍ പറയുന്നത്. കഴിഞ്ഞ വര്‍ഷം ഓക്ടോബര്‍ അവസാനം തന്നെ മൊത്തം ആക്ടീവ് ഉപയോക്താക്കളുടെ എണ്ണത്തില്‍ 4 ശതമാനം കുറവുവന്നെന്നാണ് കണക്കുകള്‍ പറയുന്നത്. ഓക്ടോബര്‍ അവസാനത്തെ കണക്കു പ്രകാരം മൊത്തം 981 ദശലക്ഷം ഉപയോക്താക്കളായിരുന്നു ഉണ്ടായിരുന്നത്. എന്നാല്‍, 2019 ആദ്യ ഘട്ടത്തില്‍ ഉപയോക്താക്കളുടെ എണ്ണം 1.02 ബില്ല്യന്‍ ആയിരുന്നുവെന്ന് ട്രായി പുറത്തുവിട്ട കണക്കുകള്‍ പറയുന്നു. ഈ പ്രവണത 2020ലും തുടരുമെന്നാണ് വിദഗ്ധര്‍ പറയുന്നത്.
കാരണങ്ങള്‍
ചാര്‍ജ് വര്‍ധന, മിനിമം ചാര്‍ജ് വര്‍ധിപ്പിച്ചത് എന്നിവ കൂടാതെ 4ജി സേവനദാതാക്കള്‍ നല്കുന്ന ഡേറ്റാ-കോള്‍-എസ്എംഎസ് ഒറ്റ പായ്ക്കിനോട് ഏറിവരുന്ന പ്രിയം എന്നിവയാണ് കൂടുതലുള്ള സിം കാര്‍ഡുകള്‍ ഉപേക്ഷിക്കാൻ കാരണം. പലരും ഇരട്ട സിം എല്ലാം വാങ്ങിക്കൂട്ടിക്കൊണ്ടിരുന്നത് കോളിന് ഒരു സിം, കുറഞ്ഞ നിരക്കില്‍ ഡേറ്റയ്ക്ക് വേറൊന്ന് എന്നിങ്ങനെയുള്ള താത്പര്യങ്ങള്‍ക്കായി ആയിരുന്നു. എന്നാല്‍, പല കമ്പനികളും 4ജി സേവനങ്ങള്‍ നല്കി തുടങ്ങിയതോടെ എല്ലാ കണക്ഷനുകളും വേണ്ടെന്ന തോന്നലാണ് പല ഉപയോക്താക്കള്‍ക്കും വന്നിരിക്കുന്നത്. ഈ ചിന്താഗതി പടരുന്നതോടെ, പുതിയ മൊബൈല്‍ കണക്ഷനുകളുടെ വളര്‍ച്ച 25-30 ശതമാനത്തോളം മുരടിക്കുമെന്നു കരുതുന്നു. അടുത്ത ഘട്ടത്തില്‍ ഇരട്ട സിമ്മുകള്‍ ഉപേക്ഷിച്ചു തുടങ്ങിയേക്കും. 2020ല്‍ ഒറ്റ സിം മതിയെന്നു കരുതുന്നവരുടെ എണ്ണം വര്‍ധിക്കുമെന്നാണ് വിദഗ്ധര്‍ പറയുന്നത്. അതോടെ, വര്‍ഷങ്ങളായി വര്‍ധിച്ചു വന്നിരുന്ന മൊബൈല്‍ സിം വില്‍പ്പനയുടെ തോതും കുറയും.
മൊബൈല്‍ സിം കാര്‍ഡുകളുടെ വില്‍പ്പന അവസാനമായി കുറഞ്ഞത് 2012ല്‍ ആയിരുന്നു. 2009നു ശേഷം ഉപയോക്താക്കളുടെ എണ്ണത്തില്‍ ഒരിക്കലും കുറവു വന്നിരുന്നുമില്ല. ആളുകള്‍ സിം കാര്‍ഡുകള്‍ ഉപേക്ഷിക്കുമ്പോള്‍ ഏറ്റവുമധികം നഷ്ടം സംഭവിക്കാന്‍ പോകുന്നത് വോഡഫോണ്‍-ഐഡിയായ്ക്കായിരിക്കുമെന്നാണ് പ്രവചനം. പല നഗരങ്ങളിലും അവരുടെ നെറ്റ്വര്‍ക്ക് അപ്ഗ്രേഡിങ് പണി പൂര്‍ത്തിയായിട്ടില്ല എന്നതും അവര്‍ക്കു വിനയാകും.
എന്നാല്‍, ഉപയോക്താക്കളുടെ എണ്ണത്തല്‍ കാര്യമായ കുറവുവരില്ലെന്നു കരുതുന്നവരും ഉണ്ട്. ചില ഉപയോക്താക്കള്‍ മാത്രമായിരിക്കും പൈസ കൂട്ടി എന്ന കാരണത്താല്‍, ഇരട്ട സിം ഉപേക്ഷിക്കുക എന്നാണ് അവര്‍ പറയുന്നത്. എന്നാല്‍, ഐസിഐസിഐ സെക്യൂരിറ്റീസ് പറയുന്നത് ഇന്ത്യയിലെ 4ജി സബ്സ്ക്രൈബ്രര്മാരുടെ എണ്ണം വളരുക തന്നെ ചെയ്യുമെന്നാണ്. കഴിഞ്ഞ വര്‍ഷം സ്മാര്‍ട് ഫോണുകളുടെ വില്‍പ്പനയും വര്‍ധിച്ചിട്ടുണ്ട്. പലരും 4ജി സേവനങ്ങളിലേക്ക് കയറുന്ന സമയമാണിത്. ഉടമകള്‍ സിം കാര്‍ഡുകള്‍ കളഞ്ഞാലും, 4 ജി സേവനങ്ങള്‍ ആസ്വദിക്കാനായി പൈസ മുടക്കുമെന്നതിനാല്‍ സേവനദാതാക്കള്‍ക്ക് അതൊരു പ്രശ്നമായേക്കില്ല, പ്രത്യേകിച്ചും മുകേഷ് അംബാനിയുടെ ജിയോ പോലെയുള്ള കമ്പനികള്‍ക്ക്.
ഇന്റര്‍നെറ്റ് സമ്പദ്വ്യവസ്ഥയും മന്ദീഭവിക്കുന്നോ?
ചൈനീസ് കമ്പനിയായ ആലിബാബ തങ്ങള്‍ ഇന്ത്യന്‍ കമ്പനികളില്‍ ഇറക്കുന്ന നിക്ഷേപത്തിന്റെ തോതു കുറയ്ക്കുകയാണെന്ന് കഴിഞ്ഞ വര്‍ഷം പ്രഖ്യാപിച്ചിരുന്നു. ഇന്ത്യയുടെ ഇന്റര്‍നെറ്റ് ഇക്കോണമിയുടെ വളര്‍ച്ചാ നിരക്കും കുറയുകയാണോ എന്ന സംശയവും ചിലര്‍ ഉന്നയിക്കുന്നു. ആര്‍ബിഐയുടെ കണക്കു പ്രകാരം ഡിജിറ്റല്‍ പണമിടപാടുകളുടെ വളര്‍ച്ചാ നിരക്ക് കുറഞ്ഞിരിക്കുന്നു.
2014ല്‍ ഒരു ജിബി ഡേറ്റയ്ക്ക് 269 രൂപ നല്‍കേണ്ടിയിരുന്ന സ്ഥാനത്ത്, 2019ല്‍ കേവലം 8 രൂപ എന്ന നിലയിലേക്ക് വില നലംപൊത്തിയിരുന്നു. ഈ നിരക്ക് നിലനിര്‍ത്തി പോകുക എന്നത് അസാധ്യമാണെന്നും ഡേറ്റയുടെ വില ഉയരുമെന്നുമാണ് പറയുന്നത്. ഇതിനാല്‍, കഴിഞ്ഞ വര്‍ഷങ്ങളില്‍ സംഭവിച്ചതുപോലെ ഡേറ്റാ ഉപയോഗിക്കുന്നതില്‍ വര്‍ധന ഉണ്ടാകണമെന്നില്ല എന്നും അവര്‍ പറയുന്നു. ഗ്രാമങ്ങളില്‍ സ്മാര്‍ട് ഫോണ്‍ ഉപയോക്താക്കളുടെ എണ്ണം വര്‍ധിച്ചാല്‍ അതു ഗുണകരമായേക്കും എന്നാണ് കരുതുന്നത്. മറ്റിടങ്ങളില്‍ തല്‍സ്ഥിതി തുടരുകയല്ലാതെ ഇനി വലിയ മാറ്റം സംഭവിക്കുമോ എന്നത് കണ്ടറിയണം.