ADVERTISEMENT

കേന്ദ്ര വാണിജ്യ, വ്യവസായ മന്ത്രി പീയൂഷ് ഗോയൽ ഒരു പൊതുപരിപാടിയിൽ ആമസോൺ മേധാവി ജെഫ് ബെസോസിനെ പരസ്യമായി അപമാനിച്ചിരുന്നു. ഇതിന് ഒരു ദിവസം കഴിഞ്ഞാണ് ആമസോൺ സ്ഥാപകനും സിഇഒയുമായ ജെഫ് ബെസോസ് വൻ പ്രഖ്യാപനവുമായി രംഗത്തെത്തിയത്. 2025 ഓടെ സാങ്കേതികവിദ്യ, അടിസ്ഥാന സൗകര്യങ്ങൾ, ലോജിസ്റ്റിക് ശൃംഖല എന്നിവയിൽ തുടർച്ചയായ നിക്ഷേപത്തിലൂടെ ഇക്കോമേഴ്‌സ് ഭീമൻ ഇന്ത്യയിൽ 10 ലക്ഷം പുതിയ തൊഴിലവസരങ്ങൾ സൃഷ്ടിക്കുമെന്നതാണ് പ്രഖ്യാപിച്ചത്. 

 

രാജ്യത്തെ തൊഴിൽ മേഖലയിൽ വൻ പ്രതിസന്ധി നേരിടുന്ന സമയത്താണ് 10 ലക്ഷം പേർക്ക് ജോലി നൽകുമെന്ന് ലോകത്തെ ഏറ്റവും വലിയൊരു കമ്പനി പ്രഖ്യാപിച്ചത്. 2013 മുതൽ ആമസോൺ രാജ്യത്ത് സൃഷ്ടിച്ച 700,000 തൊഴിലുകൾക്ക് പുറമെയാണ് 10 ലക്ഷം പേർക്കും കൂടി ജോലി നൽകുന്നത്.

 

അടുത്ത അഞ്ച് വർഷത്തിനുള്ളിൽ ഇന്ത്യയിൽ ഒരു ദശലക്ഷം പുതിയ തൊഴിലവസരങ്ങൾ സൃഷ്ടിക്കാൻ ഞങ്ങൾ നിക്ഷേപം നടത്തുമെന്നും ബെസോസ് പറഞ്ഞു. ഞങ്ങളുടെ ജീവനക്കാരിൽ നിന്നുള്ള വലിയ സംഭാവനകളും, ഞങ്ങളുമായി പങ്കാളിത്തമുള്ള ചെറുകിട ബിസിനസ്സുകളിൽ നിന്നുള്ള അസാധാരണമായ സാന്നിധ്യവും, ഞങ്ങളോടൊപ്പം ഷോപ്പിംഗ് നടത്തുന്ന ഉപഭോക്താക്കളിൽ നിന്നുള്ള വലിയ ഉത്സാഹവും കമ്പനി കണ്ടു, ഒപ്പം വരാനിരിക്കുന്ന കാര്യങ്ങളിലും ഞങ്ങൾ ആവേശത്തിലാണെന്നും ആമസോൺ സ്ഥാപകൻ പറഞ്ഞു.

 

11,700 കോടി ഡോളർ ആസ്തിയുള്ള ലോകത്തെ ഏറ്റവും ധനികനായ വ്യക്തിയെ പ്രധാനമന്ത്രി നരേന്ദ്ര മോദി സന്ദർശിക്കാത്തതിനെ തുടർന്നാണ് പ്രഖ്യാപനം. 100 കോടി ഡോളർ നിക്ഷേപിച്ച് ഇന്ത്യയ്ക്ക് ഒരു ഉപകാരവും ചെയ്യുന്നില്ലെന്ന് വ്യാഴാഴ്ച ഗോയൽ ബെസോസിനെ സൂചിപ്പിച്ച് പറഞ്ഞിരുന്നു.

 

ഏറ്റവും പ്രധാനമായി, ഇന്ത്യയിൽ ബെസോസ് പ്രഖ്യാപിച്ച ഒരു ബില്യൺ ഡോളർ നിക്ഷേപത്തെ സൂചിപ്പിക്കുമ്പോൾ ഗോയലിന് വ്യത്യസ്തമായ ഒരു നിരീക്ഷണം ഉണ്ടായിരുന്നു. അവർക്ക് 100 കോടി ഡോളർ നഷ്ടമുണ്ടാക്കിയിട്ടുണ്ടെങ്കിൽ അവർക്ക് 100 കോടി ഡോളർ ധനസഹായം നൽകേണ്ടിവരും. ഇതിനാൽ, അവർ 100 കോടി ഡോളർ നിക്ഷേപിക്കുമ്പോൾ അവർ ഇന്ത്യയ്ക്ക് വലിയൊരു സഹായം ചെയ്യുന്നതുപോലെ അല്ലെന്നാണ് മന്ത്രി പറഞ്ഞത്.

 

ഇന്ത്യയിലുടനീളം ഒരു കോടി വ്യാപാരികളെയും മൈക്രോ, ചെറുകിട, ഇടത്തരം ബിസിനസുകളെയും (എം‌എസ്‌എംഇ) ഓൺ‌ലൈനിൽ എത്തിക്കാൻ സഹായിക്കുന്നതിനായി 100 കോടി ഡോളർ നിക്ഷേപിക്കാൻ കമ്പനി പദ്ധതിയിടുന്നതായി ബെസോസ് പ്രഖ്യാപിച്ചിരുന്നു. 2025 ഓടെ 1000 കോടി യുഎസ് ഡോളർ കയറ്റുമതി സാധ്യമാക്കുകയും ഇന്ത്യയെ സാമ്പത്തികമാി പിന്തുണയ്ക്കുകയും ചെയ്യുമെന്ന് അറിയിച്ചു.

 

ഇൻഫർമേഷൻ ടെക്നോളജി, ക്ലൗഡ് കംപ്യൂട്ടിങ്, കണ്ടെന്റ് സൃഷ്ടിക്കൽ, റീട്ടെയിൽ, ലോജിസ്റ്റിക്സ്, മാനുഫാക്ചറിംഗ് എന്നിവയുൾപ്പെടെ വ്യവസായങ്ങളിലുടനീളം 10 ലക്ഷം പുതിയ ജോലികൾ ഉണ്ടായിരിക്കുമെന്ന് ആമസോൺ പറയുന്നു. 2014 മുതൽ ആമസോൺ അതിന്റെ ജീവനക്കാരുടെ എണ്ണം നാല് മടങ്ങ് വർധിപ്പിച്ചു. കഴിഞ്ഞ വർഷം ഹൈദരാബാദിൽ പുതിയ കാമ്പസ് കെട്ടിടം ഉദ്ഘാടനം ചെയ്തു. ആമസോണിന്റെ യുഎസിന് പുറത്തുള്ള ആദ്യത്തെ സമ്പൂർണ്ണ ഉടമസ്ഥതയിലുള്ള കാമ്പസും ജീവനക്കാരുടെ കാര്യത്തിൽ ആഗോളതലത്തിൽ ഏറ്റവും വലിയ കെട്ടിടവും (15,000 ജീവനക്കാർ) (9.5 ഏക്കർ) ഇതു തന്നെയാണ്.

 

ആമസോണിന്റെ പ്രവർത്തന ശൃംഖല രാജ്യമെമ്പാടും ഉൾക്കൊള്ളുന്ന തൊഴിലവസരങ്ങൾ സൃഷ്ടിച്ചിട്ടുണ്ടെന്ന് കമ്പനി അറിയിച്ചു. നൂറുകണക്കിന് അസോസിയേറ്റുകൾ ഉൾപ്പെടെ, അതിന്റെ പൂർത്തീകരണ കേന്ദ്രങ്ങൾ, സോർട്ടേഷൻ സ്റ്റേഷനുകൾ, ഡെലിവറി സ്റ്റേഷനുകൾ എന്നിവയിൽ ശാരീരിക വൈകല്യമുള്ളവർക്ക് വരെ ജോലി നൽകി.

 

ഓട്ടിസവും വൈകല്യവുമുള്ള വ്യക്തികൾക്കായി ഒരു പൈലറ്റ് ഇന്റേൺഷിപ്പ് പ്രോഗ്രാമിനൊപ്പം ആമസോണിന് ഒരു വനിതാ ഡെലിവറി സ്റ്റേഷനുമുണ്ട്. സഹേലി, കരിഗാർ, ഐ ഹാവെ സ്പേസ് തുടങ്ങിയ സംരംഭങ്ങളിലൂടെ പ്രാദേശിക ഷോപ്പുകൾ ഉൾപ്പെടെ 550,000 വ്യാപാരികൾക്കും മൈക്രോ, ചെറുകിട, ഇടത്തരം ബിസിനസുകൾക്കുമായി വളർച്ചാ അവസരങ്ങൾ വിപുലീകരിച്ചതായി കമ്പനി അറിയിച്ചു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com