ADVERTISEMENT

ഒരു വെടിക്കു പല പക്ഷികളെ കൊല്ലാനുള്ള ശ്രമമാണ് ഇന്ത്യ ഇപ്പോള്‍ നടത്തുന്നതെന്നാണ് വിലയിരുത്തല്‍. മൊബൈല്‍ ഹാന്‍ഡ്‌സെറ്റ് നിര്‍മ്മാതാക്കള്‍ക്ക് സബ്‌സിഡിയോടെ ലോണ്‍ നല്‍കാനുള്ള തീരുമാനത്തിലൂടെ ആപ്പിളിന്റെയും സാംസങ്ങിന്റെയും സ്മാര്‍ട് ഫോണ്‍ നിര്‍മ്മാണ സഹായികളായ കമ്പനികളെ രാജ്യത്തെത്തിക്കാനുള്ള നീക്കമാണ് മോദി സർക്കാർ നടത്തുന്നത്. ഇത്തരം കമ്പനികള്‍ ഇന്ത്യയില്‍ ഫാക്ടറികള്‍ തുറന്നാല്‍ പലതാണ് ഗുണം. കയറ്റുമതി വര്‍ധിക്കും, ചൈനയ്ക്ക് തട്ടു കൊടുക്കാം, വര്‍ധിച്ചുവെന്നു പറയുന്ന തൊഴിലില്ലായ്മ പരിഹരിക്കാം, രാജ്യത്തെ സാമ്പത്തിക പ്രതിസന്ധിക്കും പരിഹാരം കാണാം.

 

ഇലക്ട്രോണിക്‌സ് ആന്‍ഡ് ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജിയാണ് കുറഞ്ഞ പലിശയ്ക്ക് ആപ്പിളിന്റെയും സാംസങ്ങിന്റെയും പോലെയുള്ള നിര്‍മ്മാണ സഹായ കമ്പനികള്‍ക്ക് ലോണ്‍ കൊടുക്കാമെന്ന ആശയം മുന്നോട്ടുവയ്ക്കുന്നത്. ഇത് ഫെബ്രുവരി 1ന് അവതരിപ്പിക്കാന്‍ പോകുന്ന കേന്ദ്രബജറ്റില്‍ പ്രഖ്യാപിച്ചേക്കാമെന്നാണ് ഇപ്പോള്‍ മനസ്സിലാകുന്നത്. ഈ ആശയം പ്രാവര്‍ത്തികമാക്കാനായി പുതിയ വ്യവസായ മേഖലകള്‍ സ്ഥാപിച്ചേക്കും. നികുതിയിളവ്, കസ്റ്റംസ് ക്ലിയറന്‍സ്, അടിസ്ഥാന സൗകര്യമൊരുക്കല്‍ എന്നിവയെല്ലാം അടങ്ങുന്നതായിരിക്കും പാക്കേജ്. ഇത്തരം മേഖലകളിലേക്കുള്ള റോഡ്, വൈദ്യുതി, ജല വിതരണം തുടങ്ങിയവയൊക്കെ അടിസ്ഥാന സൗകര്യവികസനത്തിന്റെ പരധിയില്‍ വരും.

 

ഇതെല്ലാം 2025ല്‍ 19,000 കോടി ഡോളര്‍ മൂല്യത്തിനുള്ള ഫോണ്‍ നിര്‍മ്മാണം സാധിക്കണമെന്ന ലക്ഷ്യത്തിനായാണ്. ഇപ്പോള്‍ 2400 കോടി ഡോളറിനുള്ള ഫോണ്‍ നിര്‍മ്മാണമാണ് ഇന്ത്യയിൽ നടക്കുന്നത്. സ്മാര്‍ട് ഫോണുകളുടെയും അവയുടെ ഘടകഭാഗങ്ങളുടെയും നിര്‍മ്മാണത്തിന്റെ സിംഹഭാഗവും ഇപ്പോഴും നടക്കുന്നത് ചൈനയിലാണ്. വിയറ്റ്‌നാം, ഇന്ത്യ, ബ്രസീല്‍ തുടങ്ങിയ രാജ്യങ്ങള്‍ ചൈനയുടെ മേധാവിത്വം തച്ചു തകര്‍ക്കാനുള്ള ശ്രമം നടത്തുന്നുണ്ട്. ഈ രാജ്യങ്ങളെ സംബന്ധിച്ച് അമേരിക്കയിലെ ട്രംപ് ഭരണകൂടം ചൈനയ്‌ക്കെതിരെ കഴിഞ്ഞ വര്‍ഷം കൈക്കൊണ്ട നടപടികള്‍ ഗുണകരമാണ്. അമേരിക്കൻ കമ്പനികള്‍ പോലും ചൈനയില്‍ നിര്‍മ്മിച്ച് അമേരിക്കയില്‍ വില്‍പ്പനയക്ക് എത്തിക്കുന്ന പ്രൊഡക്ടുകള്‍ക്ക് അധിക ടാക്‌സ് ഈടാക്കാനും മറ്റുമാണ് നീക്കം.

 

ഇതിനാല്‍, പല കമ്പനികളും ചൈനയ്ക്കു വെളിയില്‍ എവിടെയാണ് സൗകര്യമെന്ന് ഗൗരവത്തില്‍ ആരായുന്ന സമയവുമാണിത്. പക്ഷേ, ഇപ്പോഴും ഒരു പ്രൊഡക്ട് നിര്‍മ്മിച്ചെടുക്കാന്‍ ആഗ്രഹിക്കുന്നവര്‍ ആദ്യം ചിന്തിക്കുന്ന രാജ്യത്തിന്റെ പേര് ചൈനയുടേതാണ്. ചൈനയില്‍ ആശയവുമായി എത്തുന്നയാള്‍ക്ക് അത് പ്രൊഡക്ടാക്കി തിരിച്ചുപോരാമെന്നതാണ് അവിടുത്തെ മെച്ചം. വ്യവസായ മേഖലകളും നയങ്ങളുമെല്ലാം കമ്പനികളെ രണ്ടുകൈയും നീട്ടി സ്വാഗതം ചെയ്യുന്നു. ഇത്തരത്തിലൊരു പ്രതിച്ഛായ കെട്ടിപ്പടുക്കാനാണ് ഇന്ത്യ അടക്കമുള്ള രാജ്യങ്ങള്‍ ശ്രമിക്കുന്നത്.

 

INDIA-POLITICS

എവിടെ തൊഴിലവസരങ്ങള്‍?

 

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തിലുള്ള കേന്ദ്ര സർക്കാർ നേരിടുന്ന ചോദ്യങ്ങളിലൊന്ന് എവിടെയാണ് തൊഴിലവസരങ്ങള്‍ എന്നാണ്. അതു പോരെങ്കില്‍ പുതിയ കണക്കുകള്‍ പറയുന്നത് കഴിഞ്ഞ 45 വര്‍ഷത്തിനിടയില്‍ വന്നിരിക്കുന്ന തൊഴിലില്ലായ്മ നിരക്കാണ് ( joblessrate) ഇപ്പോള്‍ കാണാനാകുന്നതെന്നാണ്. എന്നാല്‍, വിദേശത്തു നിന്നുള്ള സ്മാര്‍ട് ഫോണ്‍ ഘടകഭാഗ നിര്‍മ്മാതാക്കള്‍ ഇന്ത്യയിലെത്തിയാല്‍ അതിനൊരു മാറ്റം വന്നേക്കാമെന്നതും പുതിയ നയത്തിലേക്ക് നയിക്കുന്ന കാര്യങ്ങളിലൊന്നാണത്രെ. ഏഷ്യയിലെ മൂന്നാമത്തെ വലിയ സമ്പദ്‌വ്യവസ്ഥയായ ഇന്ത്യയ്ക്ക് പുതിയ വ്യവസായങ്ങള്‍ വരുന്നത് വലിയൊരു ഗുണകരമായ മാറ്റമായിരിക്കും സമ്മാനിക്കുക. മെയ്ക് ഇന്‍ ഇന്ത്യ പ്രോഗ്രാമിന് പലയിടത്തും റോഡുകള്‍ അടക്കമുള്ള അടിസ്ഥാന സൗകര്യങ്ങളില്ല എന്ന പ്രശ്‌നം നേരിട്ടുവെന്നും പറയുന്നു. വേണ്ട അടിസ്ഥാന സൗകര്യങ്ങളുടെ അഭാവമാണ് വന്‍ കമ്പനികളെ ആകര്‍ഷിക്കാന്‍ കഴിയാതെ പോയതിന്റെ ഒരു കാരണമെന്നും പറയുന്നു.

 

ചില വിജയങ്ങളും

 

ഇതിനിടയിലും ചില വജയങ്ങളും ഇന്ത്യയ്ക്ക് ഉണ്ടായിട്ടുണ്ടെന്ന കാര്യവും സ്മരിക്കാതെ വയ്യ. ആപ്പിളിനായി ഘടകഭാഗങ്ങള്‍ അടക്കമുള്ള നിര്‍മ്മാണ യൂണിറ്റുകള്‍ പ്രവര്‍ത്തിപ്പിക്കുന്ന ഫോക്‌സകോണ്‍ ടെക്‌നോളജി ഗ്രൂപ്പിന്റെ യൂണിറ്റ് ഇന്ത്യയിലും പ്രവര്‍ത്തനമാരംഭിച്ചു. ഫോക്‌സ്‌കോണ്‍ ആണ് ഏറ്റവുമധികം ഐഫോണ്‍ നിര്‍മ്മിച്ചു നല്‍കുന്ന കമ്പനി. ഇപ്പോള്‍ത്തന്നെ അവരുടെ രണ്ടു യൂണിറ്റുകള്‍ തമിഴ്‌നാട്ടിലും ആന്ധ്രാ പ്രദേശിലുമായി പ്രവര്‍ത്തിക്കുന്നുണ്ട്. ഈ രണ്ടു യൂണിറ്റുകളിലും അവര്‍ പ്രധാനമായും നിര്‍മ്മിക്കുന്നത് ഷഓമിയുടെയും നോക്കിയയുടെയും ഫോണുകളും മറ്റുമാണ്. എന്നാല്‍, ഫോക്‌സ്‌കോണ്‍ ഒരു പക്ഷേ ഇന്ത്യയില്‍ കൂടുതല്‍ യൂണിറ്റുകള്‍ തുടങ്ങാന്‍ താത്പര്യമുള്ള കമ്പനിയായിരിക്കും. പ്രത്യേകിച്ചും അമേരിക്കയും ചൈനയും തമ്മിലുള്ള വാണിജ്യ പ്രശന്ങ്ങളുടെ പശ്ചാത്തലത്തില്‍.

 

കൈമാറി

 

ഇതെല്ലാം സംബന്ധിച്ച നിര്‍ദ്ദേശങ്ങള്‍ ധനകാര്യ വകുപ്പിന് കൈമാറിക്കഴിഞ്ഞതായാണ് റിപ്പോര്‍ട്ടുകള്‍. എന്നാല്‍, ഇതേപ്പറ്റി ഇതുവരെ തീരുമാനം ഒന്നും എടുത്തതായി അറിയില്ലെന്ന് പേരുവെളിപ്പെടുത്താന്‍ തയാറല്ലാത്ത ഒരു ഉദ്യോഗസ്ഥന്‍ പറഞ്ഞു. ആപ്പിളിന്റെയും സാംസങ്ങിന്റെയും മുന്തിയ ഹാന്‍ഡ്‌സെറ്റുകളുടെ നിര്‍മ്മാണം തുടങ്ങിയാല്‍ അവ അമേരിക്കയിലും പല യൂറോപ്യന്‍ രാജ്യങ്ങളിലുമായിരിക്കും വില്‍ക്കുക എന്നും ഉദ്യോഗസ്ഥന്‍ പറഞ്ഞു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com