ADVERTISEMENT

മൂന്ന് ദിവസത്തെ സന്ദർശനത്തിന് ഇന്ത്യയിലെത്തിയ ആമസോൺ സ്ഥാപകനും സിഇഒയുമായ ജെഫ് ബെസോസ് പ്രധാനമന്ത്രി നരേന്ദ്ര മോദിയെയും മന്ത്രിമാരെയും കാണില്ല. നേരത്തെ വന്ന റിപ്പോർട്ടുകൾ പ്രകാരം ആമസോൺ മേധാവി മോദിയുമായും മുൻനിര മന്ത്രിമാരുമായും കൂടിക്കാഴ്‌ചയ്ക്ക് സമയം തേടിയിരുന്നു. എന്നാൽ, നിലവിലെ സാഹചര്യത്തിൽ ബെസോസിനെ കാണേണ്ടെന്നാണ് മോദി സർക്കാർ തീരുമാനിച്ചിരിക്കുന്നത്. ഇതിനാൽ തന്നെ ആമസോണിന്റെ ഇന്ത്യയിലെ നിലനിൽപ്പ് ഭീഷണിയിലാണെന്നും വിപണി വിദഗ്ധർ മുന്നറിയിപ്പ് നൽകുന്നുണ്ട്.

 

ഇക്കണോമിക് ടൈംസ് റിപ്പോർട്ട് അനുസരിച്ച് മോദിയെ കാണാൻ കഴിയില്ലെന്ന് കഴിഞ്ഞ മാസം തന്നെ ആമസോണിനെ അറിയിച്ചിരുന്നു എന്നാണ്. മോദി മാത്രമല്ല, മന്ത്രി മന്ത്രി പ്യൂഷ് ഗോയൽ ഉൾപ്പെടെയുള്ള മന്ത്രിമാരും ഇത്തവണ ബെസോസിനെ കാണില്ലെന്ന് വ്യക്തമായി കഴിഞ്ഞു.

 

ഓൺലൈനിൽ വൻ കിഴിവ് നൽകുന്നത് സംബന്ധിച്ച് ഓഫ്‌ലൈൻ വ്യാപാരികൾ ആമസോണിനും ഫ്ലിപ്കാർട്ടിനുമെതിരെ രംഗത്തെത്തിയ സമയത്താണ് ബെസോസിന്റെ ഇന്ത്യ സന്ദർശനം. എഫ്ഡിഐ മാനദണ്ഡങ്ങൾ ലംഘിക്കുന്നുവെന്നും സ്വന്തം വിൽപ്പനക്കാരെ മറ്റുള്ളവരെക്കാൾ മുൻഗണന നൽകുന്നുവെന്നും ഇന്ത്യയിലെ വ്യാപാരികൾ ആരോപിക്കുന്നുണ്ട്.

 

എന്നാൽ, ഈ അവസരത്തിൽ മോദി ബെസോസിനെ കണ്ടുമുട്ടുന്നത് വ്യാപാരികളെ കൂടുതൽ അകറ്റിക്കളയുമെന്ന രാഷ്ട്രീയ ഭയമാണ് ഇതിനു പിന്നിലെന്നാണ് കരുതുന്നത്. കോൺഫെഡറേഷൻ ഓഫ് ഓൾ ഇന്ത്യ ട്രേഡേഴ്സിന്റെ (സിഐഐടി) നേതൃത്വത്തിൽ രാജ്യത്തുടനീളമുള്ള വ്യാപാരികൾ ബെസോസിന്റെ ഇന്ത്യ സന്ദർശനത്തെ എതിർക്കുന്നുണ്ട്. ബെസോസുമായുള്ള കൂടിക്കാഴ്ചയ്ക്ക് മുമ്പ് പ്രധാനമന്ത്രിയെ കാണാനും സിഐഐടി രംഗത്തെത്തിയിരുന്നു.

 

ആമസോണിന്റെയും ഫ്ലിപ്കാർട്ടിന്റെയും ബിസിനസ്സ് രീതികളെക്കുറിച്ച് അന്വേഷിക്കാൻ കോമ്പറ്റീഷൻ കമ്മീഷൻ ഓഫ് ഇന്ത്യ (സിസിഐ) ഉത്തരവിട്ട സമയത്താണ് ബെസോസിന്റെ ഇന്ത്യ സന്ദർശനം. ഇ-കൊമേഴ്‌സ് ഭീമന്മാർ അവരുമായി ബന്ധമുള്ളതോ നിയന്ത്രിക്കുന്നതോ ആയ ചില വിൽപ്പനക്കാർക്ക് മുൻഗണന നൽകുന്നുവെന്ന് ഡൽഹി വ്യാപർ മഹാസംഗ് ആരോപിച്ചിരുന്നു. ഇത് കാരണം നിരവധി വ്യാപാരികൾക്കും വിൽപ്പനക്കാർക്കും കടകൾ അടയ്‌ക്കേണ്ടിവന്നിട്ടുണ്ട്.

 

പ്രധാനമന്ത്രി മോദി ബെസോസിനെ കാണാൻ വിസമ്മതിച്ചത് സംബന്ധിച്ച് മറ്റ് റിപ്പോർട്ടുകളും വരുന്നുണ്ട്. ബെസോസിന്റെ കീഴിലുള്ള വാഷിംഗ്ടൺ പോസ്റ്റ് ഇന്ത്യൻ സർക്കാരിനെതിരെ സ്വീകരിച്ച വിമർശനാത്മക നിലപാട് കാരണം മോദി ബെസോസിനെ സന്ദർശിക്കാൻ വിസമ്മതിച്ചു എന്നും റിപ്പോർട്ടുണ്ട്.

 

കഴിഞ്ഞ ദിവസം  ബെസോസ് ഇന്ത്യയിൽ 200 കോടി ഡോളർ നിക്ഷേപം പ്രഖ്യാപിച്ചിരുന്നു. 2016 ൽ മോദി യുഎസ് സന്ദർശിച്ചപ്പോഴും അവർ കണ്ടുമുട്ടിയിരുന്നു. ഈ യാത്രയിൽ ആമസോൺ തങ്ങളുടെ ഇന്ത്യയുടെ പ്രതിബദ്ധത 200 കോടി ഡോളറിൽ നിന്ന് 500 കോടി ഡോളറായി ഉയർത്തുകയാണെന്ന് പ്രഖ്യാപിച്ചിരുന്നു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com