ADVERTISEMENT

ടെലിക്കോം സേവനദാതാക്കളായ വോഡഫോൺ ഐഡിയക്ക് നവംബറിൽ മാത്രം നഷ്ടമായത് 3.7 കോടി ഉപയോക്താക്കളെ. കഴിഞ്ഞ ദിവസം ട്രായി പുറത്തുവിട്ട രേഖകളിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. ജിയോയും എയർടെലും മാത്രമാണ് വരിക്കാരെ പിടിച്ചുനിർത്തുന്നതിൽ വിജയിച്ചിരിക്കുന്നത്.

 

രാജ്യത്തെ മുന്‍നിര ടെലികോം സേവന ദാതാക്കളായ റിലയൻസ് ജിയോ ഫ്രീ വോയ്സ് കോൾ അവസാനിപ്പിച്ചത് കഴിഞ്ഞ ഒക്ടോബറിലാണ്. മറ്റുനെറ്റ്‌വർക്കുകളിലേക്ക് വിളിക്കാൻ മിനിറ്റിന് ആറു പൈസ ഈടാക്കാനായിരുന്നു ജിയോയുടെ തീരുമാനം. എന്നാൽ ആ മാസം ജിയോയിലേക്ക് വന്ന‍ത് 91 ലക്ഷം വരിക്കാരാണ്. നവംബറിലും ആ മുന്നേറ്റം തുടരാൻ ജിയോയ്ക്ക് സാധിച്ചു.

 

രാജ്യത്തെ ടെലികോം മേഖലയിൽ കഴിഞ്ഞ കുറച്ചു മാസങ്ങളായി വലിയ മാറ്റങ്ങളാണ് നടക്കുന്നത്. മുൻനിര ടെലികോം കമ്പനികൾക്കെല്ലാം വൻ തിരിച്ചടിയാണ് നേരിട്ടുക്കൊണ്ടിരിക്കുന്നത്. ട്രായിയുടെ നവംബർ മാസത്തിലെ കണക്കുകൾ പ്രകാരം വരിക്കാരുടെ എണ്ണത്തിൽ കാര്യമായി പിടിച്ചുനിന്നത് ജിയോയും എയർടെലും ബിഎസ്എൻഎലും മാത്രമാണ്. ശേഷിക്കുന്ന എല്ലാ കമ്പനികള്‍ക്കും വൻ തിരിച്ചടിയാണ് നേരിട്ടത്. ഏറ്റവും കൂടുതൽ വരിക്കാരുള്ള വോഡഫോൺ–ഐഡിയ കമ്പനികൾക്ക് 30 ദിവസത്തിനിടെ നഷ്ടമായത് 3.6 കോടി വരിക്കാരെയാണ്. എന്നാൽ ഭാർതി എയർടെല്ലിന് 16.59 ലക്ഷം അധിക വരിക്കാരെ ലഭിക്കുകയും ചെയ്തു. ജിയോയ്ക്ക് നവംബറിൽ ലഭിച്ചത് 56.08 ലക്ഷം വരിക്കാരെയാണ്.

 

കോടികളുടെ കടക്കെണിയില്‍ തുടരുന്ന ടെലികോം കമ്പനികൾക്ക് വൻ തിരിച്ചടിയാണ് വരിക്കാരുടെ ഭാഗത്തു നിന്നുണ്ടാകുന്നത്. കേന്ദ്ര സര്‍ക്കാരിലേക്ക് കോടികൾ കുടിശ്ശിക തീർക്കാനുള്ള കമ്പനികൾക്ക് ഓരോ മാസവും ലക്ഷക്കണക്കിന് വരിക്കാരെയാണ് നഷ്ടപ്പെടുന്നത്. ഇൻ കമിങ് കോളുകൾ ലഭിക്കാൻ ചില മുൻനിര ടെലികോം കമ്പനികൾ പ്രതിമാസ റീചാർജ് നേരത്തെ തന്നെ നിർബന്ധമാക്കിയിട്ടുണ്ട്. എന്നാൽ, ജിയോയ്ക്ക് ഇൻ കമിങ് കോളുകൾ ലഭിക്കാൻ പ്രതിമാസം റീചാർജ് ചെയ്യേണ്ടതില്ല. അതേസമയം, മറ്റു നെറ്റ്‌വർക്കുകളിലേക്ക് വിളിക്കാൻ മിനിറ്റിന് 6 പൈസ ഈടാക്കാനുളള ജിയോയുടെ തീരുമാനത്തിനെതിരെ വരിക്കാർ രംഗത്തുവന്നില്ലെന്നാണ് പുതിയ കണക്കുകള്‍ കാണിക്കുന്നത്.

 

ഇതോടെ ജിയോയുടെ മൊത്തം വരിക്കാരുടെ എണ്ണം 36.99 കോടിയായി. രാജ്യത്തെ മൊത്തം ടെലികോം കമ്പനികളുടെ വരിക്കാരുടെ എണ്ണം (വയർലെസ് പ്ലസ് വയർലൈൻ) 117.58 കോടിയാണ്. എയർടെല്ലിന്റെ ആകെ വരിക്കാർ 32.73 കോടിയാണ്. വോഡഫോൺ ഐഡിയ മൊത്തം വരിക്കാർ 33.62 കോടിയാണ്. നവംബർ മാസത്തിൽ ബിഎസ്എൻഎല്ലിന് നേടാനായത് 3.38 ലക്ഷം വരിക്കാരെയാണ്. ഇതോടെ ബിഎസ്എൻഎല്ലിന്റെ മൊത്തം വരിക്കാർ 11.75 കോടിയായി.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com