ADVERTISEMENT

രാജ്യത്തെ മുൻനിര ടെലികോം സേവനദാതാക്കളായ റിലയൻസ് ജിയോയുടെ മൂന്നാം പാദത്തിലെ വന്‍ കുതിപ്പിനെ കുറിച്ചാണ് മിക്ക ടെക്, സാങ്കേതിക വിദഗ്ധരും ചർച്ച ചെയ്യുന്നത്. ഇത്രയും കുറഞ്ഞ കാലത്തിനിടെ ഒരു സംരംഭത്തിന്റെ ലാഭം കുത്തനെ ഉയർന്നത് ശ്രദ്ധേയമാണ്. അതേസമയം, ഏതെല്ലാം വഴിയാണ് മുകേഷ് അംബാനിയുടെ ജിയോ ഈ നേട്ടം കൈവരിച്ചത്? ഇത്രയും ഫ്രീ നൽകിയിട്ടും കമ്പനിക്ക് നഷ്ടമില്ലെ എന്ന് ചോദിക്കുന്നവരും ഉണ്ട്.

 

2019 ഡിസംബർ 31 ന് അവസാനിച്ച മൂന്നാം പാദത്തിൽ റിലയൻസ് ജിയോയുടെ അറ്റാദായം 63 ശതമാനം ഉയർന്ന് 1,360 കോടി രൂപയായി. ഈ കാലയളവിൽ 16,517 കോടി രൂപയുടെ വരുമാനം രേഖപ്പെടുത്തി. വരുമാനം 28.2 ശതമാനം വർധിച്ച് 16,517 കോടി രൂപയായി. അറ്റാദായം 63.1 ശതമാനം വർധിച്ച് 1,360 കോടി രൂപയായതായി മുംബൈ ആസ്ഥാനമായുള്ള ടെലികോം കമ്പനി പുറത്തുവിട്ട കണക്കുകൾ പറയുന്നു.

 

ജിയോയുടെ പ്രതിമാസ ശരാശരി വരുമാനം (ARPU) ഈ പാദത്തിൽ 128.40 രൂപയായിരുന്നു. ഡിസംബർ അവസാനത്തോടെ മൊത്തം വരിക്കാരുടെ എണ്ണം 37 കോടിയായിട്ടുണ്ട്. ക്ലാസ് മൊബൈൽ കണക്റ്റിവിറ്റി സേവനങ്ങളിൽ മികച്ച ഉപയോക്താക്കളുടെ പ്രതികരണമാണ് ജിയോയുടെ അഭൂതപൂർവമായ വളർച്ചയ്ക്ക് പിന്നിലെന്നാണ് വിദഗ്ധർ പറയുന്നത്. രാജ്യത്തെ ഡിജിറ്റൽ വിപ്ലവത്തിന്റെ ഡ്രൈവർ ആകാമെന്ന വാഗ്ദാനം ഞങ്ങൾ നിറവേറ്റുകയാണെന്ന് റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാനും മാനേജിങ് ഡയറക്ടറുമായ മുകേഷ് അംബാനി പറഞ്ഞു.

 

ഇന്ത്യയിലെ വയർലൈൻ ഇൻഫ്രാസ്ട്രക്ചർ, ഹോം എന്റർടെയിൻമെന്റ്, എന്റർപ്രൈസ് മാർക്കറ്റ് എന്നിവ പുനർ‌നിർവചിക്കാനും ജിയോ തീരുമാനിച്ചിട്ടുണ്ടെന്ന് അംബാനി പറഞ്ഞു. ഉപഭോക്തൃ കേന്ദ്രീകൃത സമീപനം തുടരുന്ന ജിയോ, 2019 ഡിസംബർ 6 മുതൽ പരിധിയില്ലാത്ത വോയ്സ്, ഡേറ്റയ്ക്ക് പുതിയ ഓൾ-ഇൻ-വൺ പ്ലാനുകൾ അവതരിപ്പിച്ചിരുന്നു.

 

ഈ പുതിയ പ്ലാനുകളിൽ മറ്റ് മൊബൈൽ നെറ്റ്‌വർക്കുകളിലേക്കുള്ള കോളുകൾക്ക് വേണ്ട നിരക്കുകളും ഉൾപ്പെടുന്നതാണ്. ഫൈബർ, ടവർ സ്ഥാപനങ്ങൾ മാർച്ച് 31 മുതൽ പ്രാബല്യത്തിൽ വന്നതോടെ ജിയോ ഡിജിറ്റൽ ഫൈബർ പ്രൈവറ്റ് ലിമിറ്റഡിലേക്കും റിലയൻസ് ജിയോ ഇൻഫ്രാടെൽ പ്രൈവറ്റ് ലിമിറ്റഡിലേക്കും മാറ്റിയിരുന്നു. ബ്രൂക്ക്ഫീൽഡും അനുബന്ധ സ്ഥാപനങ്ങളും ടവർ ഇൻവിറ്റിൽ 25,215 കോടി ഡോളർ നിക്ഷേപിക്കുമെന്ന് കമ്പനിയുടെ പ്രസ്താവനയിൽ പറയുന്നുണ്ട്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com