ADVERTISEMENT

സ്പെക്ട്രം, യൂസർ ചാർജ്, ലൈസൻസ് ഫീസിനത്തിൽ ടെലികോം കമ്പനികളിൽ നിന്ന് 1.47 ലക്ഷം കോടി രൂപ ഈടാക്കാനുള്ള ടെലികോം വകുപ്പിന്റെ തീരുമാനം ശരിവച്ച സുപ്രീം കോടതി വിധി പുനഃപരിശോധിക്കണമെന്ന് ആവശ്യപ്പെട്ട് കമ്പനികൾ സമർപ്പിച്ച പുനഃപരിശോധനാ ഹർജി സുപ്രീം കോടതി തള്ളി. ഭാരതി എയർടെൽ, വോഡഫോൺ എന്നീ കമ്പനികളാണ് ഹർജി  നൽകിയത്. 

 

ഇതോടെ ഈ വിഷയത്തിൽ കേസുകൾ അവസാനിച്ചുവെന്നും തുക അടയ്ക്കാനുള്ള സമയക്രമം  ടെലികോം കമ്പനികൾ തീരുമാനിക്കണമെന്നും  കോടതി വിധിച്ചു. 15 വർഷത്തെ കുടിശിക 23–നകം അടയ്ക്കണമെന്നാണ് ഒക്ടോബർ 24ന് സുപ്രീം കോടതി വിധിച്ചത്. ഭാരതി എയർടെൽ, വോഡഫോൺ ഐഡിയ ഉൾപ്പെടെ 15 ടെലികോം കമ്പനികൾ സർക്കാരിന് 1.47 ലക്ഷം കോടി രൂപ നൽകാനുണ്ടെന്ന് ടെലികോം മന്ത്രി രവിശങ്കർ പ്രസാദ് നവംബറിൽ പറഞ്ഞിരുന്നു.

 

തിരുത്തൽ ഹർജിക്കു നീക്കം

 

കുടിശിക അയട്ക്കാൻ ഒരാഴ്ച്ച ബാക്കി നിൽക്കെ പുനപരിശോധനാ ഹർജി  സുപ്രീം കോടതി തള്ളിയതോടെ, തിരുത്തൽ ഹർജി നൽകുന്നതിന്റെ സാധ്യതകൾ വോഡഫോണും ഭാരതി എയർടെല്ലും തേടും. ജസ്റ്റിസ് അരുൺ മിശ്ര തലവനായ മൂന്നംഗ ബഞ്ചാണ് ഹർജി തള്ളിയത്. പിഴത്തുക, കുടിശിക തിരിച്ചടവ് എന്നിവയിൽ ഇളവ് ആവശ്യപ്പെട്ടാവും തിരുത്തൽ ഹർജി നൽകുക. 

 

ഓഹരി വില ഇടിഞ്ഞു

 

ബിഎസ്ഇ യിൽ വോഡഫോൺ ഐഡിയ ഓഹരിവില  25.21% ഇടിഞ്ഞ് 4.51 രൂപയിലെത്തി. ഒരവസരത്തിൽ 3.66 രൂപ വരെ എത്തിയിരുന്നു. എൻഎസ്ഇ യിൽ വില 25.83% താഴ്ന്നു. വിപണി മൂല്യം 4367.34 കോടി രൂപ കുറഞ്ഞു. അതേസമയം ഭാരതി എയർടെൽ വില 5.47% ഉയർന്ന് 500 രൂപയായി.

 

സെല്ലുലാർ ഓപ്പറേറ്റേഴ്സ് , അസോസിയേഷൻ ഓഫ് ഇന്ത്യ

"നിലവിലെ പ്രതിസന്ധിയിൽ നിന്ന് ടെലികോം മേഖല എന്ന് കരകയറുമെന്ന് അറിയില്ല. പുതിയ ബാധ്യത പ്രധാനമന്ത്രിയുടെ ഡിജിറ്റൽ ഇന്ത്യ പദ്ധതിക്ക് തിരിച്ചടിയാവും." 

 

കുമാർ മംഗലം ബിർല,ചെയർമാൻ, വോഡഫോൺ ഐഡിയ 

"സാമ്പത്തിക ബാധ്യതയ്ക്ക് ഇളവ് ലഭിക്കുന്നില്ലെങ്കിൽ കമ്പനിയുടെ നിലനിൽപ് തന്നെ ചോദ്യം ചെയ്യപ്പെടും. "

 

പ്രമുഖ ടെലികോം കമ്പനികളുടെ കുടിശിക (കോടി രൂപയിൽ)

എയർടെൽ: 21682.13, 

വോഡഫോൺ: 19,823.17, 

റിലയൻസ് കമ്യൂണിക്കേഷൻസ്: 16456.47

ബിഎസ്എൻഎൽ : 2098.72, 

എംടിഎൻഎൽ: 2537.48.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com