ADVERTISEMENT

വിൻഡോസ് 7 ഓപ്പറേറ്റിങ് സിസ്റ്റം ഉപയോഗിക്കുന്നവരും മൈക്രോസോഫ്റ്റുമായുള്ള ബന്ധം കഴിഞ്ഞ ചൊവ്വാഴ്ചയോടെ അവസാനിച്ചു. മുൻകൂട്ടി അറിയിച്ചതു പ്രകാരമാണു ജനുവരി 14ന് വിൻഡോസ് 7 ഓപ്പറേറ്റിങ് സിസ്റ്റവുമായുള്ള എല്ലാ ബന്ധവും മൈക്രോസോഫ്റ്റ് വിഛേദിച്ചത്. സോഫ്റ്റ്‍വെയർ അപ്ഡേറ്റുകളോ സെക്യൂരിറ്റി അപ്ഡേറ്റുകളോ ഇനിയുണ്ടാവില്ല. ഈ ദിവസത്തിനായി കാത്തിരുന്ന സൈബർ തട്ടിപ്പുകാർ ഇതിനോടകം ജോലി ആരംഭിച്ചു കഴിഞ്ഞിട്ടുണ്ടാവും. 

 

കാരണം, കോടിക്കണക്കിനു കംപ്യൂട്ടറുകളാണ് ഇപ്പോഴും വിൻഡോസ് 7 ഓപ്പറേറ്റിങ് സിസ്റ്റത്തിൽ പ്രവർത്തിക്കുന്നത്.  റാൻസംവെയർ മുതൽ ഏത് ആക്രമണമാർഗം ഉപയോഗിച്ചാലും രക്ഷിക്കാൻ മൈക്രോസോഫ്റ്റ് വരില്ല. വിൻഡോസ് 7 കംപ്യൂട്ടറുകളെ വ്യാപകമായി കീഴ്‌പെടുത്താൻ കഴിയുന്ന പിഴവുകളോ മാൽവെയറുകളോ എന്തു വന്നാലും സെക്യൂരിറ്റി അപ്ഡേറ്റുകൾ പോലും കിട്ടില്ല എന്നതുകൊണ്ട് സൈബർ തട്ടിപ്പുകാർക്കും ഹാക്കർമാർക്കും ഇനിയങ്ങോട്ട് ശുക്രദശയാണ്.

 

വിൻഡോസ് 7നുള്ള പിന്തുണ പിൻവലിക്കുന്ന വിവരം ഒരു വർഷം മുൻപ് പ്രഖ്യാപിച്ചപ്പോൾ മുതൽ വിൻഡോസ് 10ലേക്കു മാറാൻ ഉപയോക്താക്കളോടു മൈക്രോസോഫ്റ്റ് അഭ്യർഥിക്കുന്നതാണ്. ചൊവ്വാഴ്ച അവസാനതീയതിയും കഴിയുമ്പോൾ ലക്ഷക്കണക്കിനു സ്ഥാപനങ്ങളും വ്യക്തികളും വിൻഡോസിൽ തുടരുകയാണ്. ഏഷ്യയിലെ ബിസിനസ് കംപ്യൂട്ടറുകളിൽ 35% ഇപ്പോഴും വിൻഡോസ് 7ലാണ് എന്നാണ് കണക്ക്. 

 

എന്നാൽ, ഇവയിൽ നല്ലൊരു ശതമാനം കംപ്യൂട്ടറുകളും വിൻഡോസ് എക്സ്പിയിൽ നിന്ന് വിൻഡോസ് 7ലേക്ക് അപ്ഡേറ്റ് ചെയ്തു വന്നതായതിനാൽ വിൻഡോസ് 10 ഉപയോഗിക്കാൻ പ്രാപ്തമല്ല. ഇതോടെ കംപ്യൂട്ടർ തന്നെ മാറ്റിവയ്ക്കേണ്ട സാഹചര്യവുമുണ്ട്. അങ്ങനെ വന്നാൽ, ഇത് ലോകമെങ്ങും കംപ്യൂട്ടർ വിപണിക്കും ഉണർവു നൽകും എന്നാണ് പ്രതീക്ഷ.

 

എന്തൊക്കെ നഷ്ടമാകും ?

 

ഹാക്കർമാർ വലതുകാൽ വച്ചു കയറിയാൽ പിന്നെന്തൊക്കെ എന്നൊരു ചോദ്യമില്ല, എല്ലാം നഷ്ടപ്പെടും. റാൻസം‌വെയർ ആണെങ്കിൽ അവർ ചോദിക്കുന്നത് കൊടുക്കേണ്ടി വരും. ഹാക്കർമാരും സൈബർ തട്ടിപ്പുകാരും വെറുതെ വിട്ടാലും കാലക്രമേണയുള്ള മരണമാണ് വിൻഡോസ് 7നു വിധിച്ചിരിക്കുന്നത്. മെല്ലെ മെല്ലെ ഓരോരോ ‘അവയവങ്ങൾ’ പ്രവർത്തിക്കാതാകും. ദൈനംദിന ജോലികൾ അവതാളത്തിലാകും, ഇന്റർനെറ്റ് കിട്ടാതാകും. 

 

എന്നാൽ, ഇതെല്ലാം വളരെ പെട്ടെന്നു സംഭവിക്കുന്നതല്ല. കാരണം, മൈക്രോസോഫ്റ്റ് പിന്നിലില്ലാത്ത വിൻഡോസ് ചരടറ്റ പട്ടം പോലെയാണ്. അത് എങ്ങോട്ടു പോകുമെന്നോ എവിടെച്ചെന്നിടിക്കുമെന്നോ പ്രവചിക്കാനാവില്ല. കംപ്യൂട്ടറിന്റെ ആരോഗ്യവും ഉപയോഗശൈലിയും മറ്റു സോഫ്റ്റ്‍വെയറുകളുടെ സ്വാധീനവും ആന്റി വൈറസ് സുരക്ഷയുമുൾപെടെയുള്ള കാര്യങ്ങളായിരിക്കും ഓരോരുത്തരുടെയും വിൻഡോസ് 7 കംപ്യൂട്ടറിന്റെ വിധി നിശ്ചയിക്കുക.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com