ADVERTISEMENT

2020 നവംബർ മുതൽ കേരളത്തിൽ സിഎഫ്എൽ ബൾബുകളുടെ വിൽപന നിരോധിക്കുമെന്ന് ധനമന്ത്രി തോമസ് ഐസക് ബജറ്റ് പ്രസംഗത്തിൽ പറഞ്ഞു. ഫിലമെന്റ് ബൾബുകളും നിരോധിക്കും. ഇനി സംസ്ഥാനത്ത് എൽഇഡി ബൾബുകളുടെ കാലമായിരിക്കും.

കേരളത്തിൽ എൽഇഡി സാങ്കേതികവിദ്യ സിഎഫ്എൽ ലൈറ്റുകളെ നേരത്തെ തന്നെ പിന്തള്ളിയിരുന്നു. 2018ലെ കണക്കുകൾ പ്രകാരം പ്രതിമാസം 12 ലക്ഷം സിഎഫ്എൽ ബൾബുകൾ വിറ്റിരുന്നത് അരലക്ഷമായി കുറയുകയും അതേ സമയം എൽഇഡി ലൈറ്റുകൾ മാസം 14 ലക്ഷം വിൽപനയിലേക്കു കുതിക്കുകയും ചെയ്തിരുന്നു.

ഇന്ത്യയാകെ പടർന്നു പിടിച്ച ട്രെൻഡിന്റെ ഭാഗമായിട്ടാണിത്. രാജ്യത്താകെ മാസം ഏകദേശം നാലു കോടി എൽഇഡി ലൈറ്റുകളാണു വിൽക്കുന്നത്. ദീർഘകാലം ഈടുനിൽക്കുന്നതും കൂടുതൽ വെളിച്ചവും വിലക്കുറവും വൈദ്യുതിച്ചെലവു കുറവുമാണ് എൽഇഡി ലൈറ്റുകളെ പ്രിയങ്കരമാക്കുന്നത്.

സിഎഫ്എൽ ബൾബ് ശരാശരി 6000 മണിക്കൂർ വെളിച്ചം നൽകുമെങ്കിൽ എൽഇഡി ബൾബ് 30000 മണിക്കൂർ (അഞ്ചിരട്ടി സമയം) വെളിച്ചം നൽകും. അതിനാൽ അറ്റകുറ്റപ്പണി ചെലവ് കുറയുന്നു. കേന്ദ്ര സർക്കാർ സ്ഥാപനങ്ങളിലെല്ലാം എൽഇഡി നിർബന്ധമാക്കിയിരുന്നു. കേന്ദ്ര പിഡബ്ല്യുഡിയും പ്രതിരോധ വകുപ്പും ഇത് നിഷ്കർഷിക്കുകയും ചെയ്തിരുന്നു. പുതിയ ഹൈവേകളുടെ ലൈറ്റുകളും എൽഇഡിയിലേക്ക് മാറി.

പുതിയ സാങ്കേതിക വിദ്യകൾ വേഗം സ്വീകരിക്കുന്നതില്‍ കേരളം ബഹുദൂരം മുന്നിലാണ്. അഞ്ചു വർഷത്തിനകം ഇന്ത്യയിൽ എ‍ൽഇഡി ലൈറ്റുകളുടെ വിപണി 16000 കോടി കവിയുമെന്നാണു വിലയിരുത്തൽ. പഴയ സാങ്കേതികവിദ്യയെ പൂർണമായി പിന്തള്ളിയാണ് എ‍ൽഇഡിയുടെ വളർച്ച. വ്യവസായ, വാണിജ്യ, ഗാർഹിക ആവശ്യങ്ങൾക്കായി ഏത് ആകൃതിയിലും ഇവ ഉണ്ടാക്കാനും കഴിയും. സ്റ്റേജിൽ നർത്തകർക്ക് അവരുടെ വസ്ത്രം പ്രകാശിപ്പിക്കാനായി പോലും ഇത്തരം ലൈറ്റുകൾ ഉപയോഗിക്കാം.

പ്രമുഖ ബൾബ്, ട്യൂബ്, പാനൽ നിർമാണ കമ്പനികളെല്ലാം എൽഇഡിയിലേക്കു മാറിയിട്ടുണ്ട്. പുതിയ കമ്പനികളും ഉദയം ചെയ്യുന്നു. ലൈറ്റുകൾ ഉൾപ്പെടെ ഇലക്ട്രിക്കൽ ഉപകരണങ്ങൾ വിൽക്കുന്ന 875 കമ്പനികൾ ഇന്ത്യയിലാകെ ഉണ്ടായിരുന്നത് ഇപ്പോൾ 200 എണ്ണമായി കുറഞ്ഞിട്ടുണ്ട്. കേരളത്തിൽ 14 ബ്രാൻഡുകളുണ്ടായിരുന്നതും ചുരുങ്ങി.

ഇന്ത്യ ഗവൺമെന്റിന്റെ ബ്യൂറോ ഓഫ് എനർജി എഫിഷ്യൻസി (ബിഇഇ) ലൈറ്റുകൾക്ക് ത്രീ, ഫോർ, ഫൈവ് സ്റ്റാറുകൾ നിശ്ചയിച്ചിട്ടുണ്ട്. നിശ്ചിത വാട്ടിനു നൽകുന്ന വെളിച്ചത്തിന്റെ അളവിന്റെ (ലുമൻസ്) അടിസ്ഥാനത്തിലാണു റേറ്റിങ്. ഒരു വാട്ടിന് 100 ലൂമൻസിൽ താഴെ എങ്കിൽ ത്രീ സ്റ്റാർ. 100–120 ലൂമൻസിന് ഫോർ സ്റ്റാർ. 120ലേറെ ലൂമൻസിന് ഫൈവ് സ്റ്റാർ. നേരത്തേ ഫ്രിഡ്ജിനും എസിക്കും മറ്റും ഊർജ ഉപഭോഗക്കുറവിന്റെ അടിസ്ഥാനത്തിൽ സ്റ്റാർ റേറ്റിങ് നൽകിയിരുന്നു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com