sections
MORE

കൊറോണാവൈറസ്: സ്മാര്‍ട് ഫോണുകളുടെ വില ഉയര്‍ന്നേക്കും

chip-plant
SHARE

ലോകത്തിന്റെ നിര്‍മ്മാണശാലയായ ചൈനയില്‍ കൊറോണാവൈറസ് പടരുന്നതിനാല്‍ സ്മാര്‍ട് ഫോണുകളടക്കമുള്ള ഇലക്ട്രോണിക്സ് ഉപകരണങ്ങള്‍ക്ക് വില കുതിച്ചുയര്‍ന്നേക്കാമെന്ന് റിപ്പോര്‍ട്ടുകള്‍. സെമികണ്‍ഡക്ടറുകള്‍, ഡിസ്‌പ്ലേകള്‍, മെമ്മറി തുടങ്ങിയവയുടെ നിര്‍മ്മാണ പ്ലാന്റുകളെ വൈറസിന്റെ വ്യാപനം ബാധിച്ചിട്ടുണ്ടാകാമെന്നാണ് വാര്‍ത്ത. സാംസങ് അടക്കമുള്ള ദക്ഷിണ കൊറിയന്‍ നിര്‍മ്മാണ ഭീമന്മാര്‍ ചൈനയെയാണ് തങ്ങളുടെ ഉപകരണങ്ങളും ഘടകഭാഗങ്ങളും നിര്‍മ്മിച്ചെടുക്കാന്‍ ആശ്രിയിക്കുന്നത്. കൊറോണാവൈറസിന്റെ ഭീഷണി നിലനിൽക്കുന്നുണ്ടെങ്കിലും ഇവര്‍ തങ്ങളുടെ നിര്‍മ്മാണ ശാലകളിലെ പണിനിർത്തിയിട്ടില്ല.

വ്യവസായത്തെക്കുറിച്ചുള്ള വാര്‍ത്തകള്‍ സദാ നിരീക്ഷിച്ചുകൊണ്ടിരിക്കുന്നവര്‍ പറയുന്നത് ഫാക്ടറികളില്‍ ഇപ്പോഴും സാധാരണപോലെ പണി നടക്കുന്നുണ്ട് എന്നാണ്. സാംസങ്ങിന്റെ നാന്‍ഡ് ഫ്‌ളാഷ് മെമ്മറി പ്ലാന്റ് സ്ഥിതി ചെയ്യുന്നത് സിയാനിലാണ്. ഈ പ്രദേശം കൊറോണാവൈറസിന്റെ ഉറവിടമെന്നു കരുതുന്ന വുഹാനില്‍ നിന്ന് 800 കിലോമീറ്റര്‍ അകലെയാണ്. എസ്‌കെ ഹൈനിക്‌സിന്റെ ചിപ് നിര്‍മ്മാണ പ്ലാന്റ് വുക്‌സിയിലാണ്. അതും വുഹാനില്‍ നിന്ന് 800 കിലോമീറ്റര്‍ അകലെയാണ്. ചിപ് നിര്‍മ്മാണം തങ്ങള്‍ സ്ഥാപിച്ചിരിക്കുന്ന ഉപകരണങ്ങള്‍ പ്രവര്‍ത്തിപ്പിക്കുക എന്നതിനെ ആശ്രയിച്ചാണിരിക്കുന്നത്. അല്ലാതെ എത്ര ജോലിക്കാരുണ്ട് എന്നതിനെ ആശ്രയിച്ചല്ല. ഇത്തരം ഫാക്ടറികള്‍ വുഹാനില്‍ നിന്ന് അകലെയായതിനാല്‍ അവയുടെ പ്രവര്‍ത്തനത്തെ ഇതുവരെ ബാധിച്ചിട്ടില്ല.

ചിപ്പ് നിര്‍മ്മാണത്തിന് ഒരുപാടു ജോലിക്കാര്‍ വേണ്ട

ഹൃസ്വകാലത്തേക്കു നോക്കിയാല്‍ ഡിറാം, നാന്‍ഡ് ഫ്‌ളാഷ് തുടങ്ങിയ മെമ്മറി ചിപ്പുകളുടെ നിര്‍മ്മാണത്തെ ബാധിച്ചേക്കില്ലെന്നു തന്നെയാണ് മാര്‍ക്കറ്റ് റിസേര്‍ച് കമ്പനിയായ ട്രെന്‍ഡ്‌ഫോഴ്‌സും പറയുന്നത്. എന്നാല്‍, വൈറസ് കൂടുതല്‍ വ്യാപിച്ചാല്‍ നിര്‍മ്മാണത്തെയും നിര്‍മ്മിച്ചവ പുറത്തെത്തിക്കാനുള്ള വഴികളെയും ബാധിക്കുമോ എന്ന കാര്യത്തില്‍ കമ്പനികള്‍ എപ്പോഴും ഒരു കണ്ണുവയ്ക്കേണ്ടിവരും.

എന്നാല്‍, അതിനേക്കാളേറെ ടെക് വ്യവസായത്തെ പേടിപ്പിക്കുന്നത് ചൈനീസ് ഉപയോക്താക്കളില്‍ വരുന്ന മാറ്റമായിരിക്കും എന്നാണ്. അവര്‍ ഉടനെ ഫോണും മറ്റും വാങ്ങേണ്ടെന്ന തീരുമാനത്തിലെത്തിയാല്‍ ലോകത്തെ രണ്ടാമത്തെ വലിയ സമ്പദ്‌വ്യവസ്ഥ എന്നറിയപ്പെടുന്ന ചൈനയില്‍ വില്‍പന കുറയാം. ചൈനീസ് പുതുവര്‍ഷക്കാലത്തെ സ്മാര്‍ട് ഫോണ്‍ വില്‍പനയില്‍ മുന്‍വര്‍ഷത്തെ അപേക്ഷിച്ച് 50 ശതമാനം കുറവുണ്ടായിരിക്കുന്നു എന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്. ചൈനയുടെ ലൂനാര്‍ ന്യൂ ഇയര്‍ ആഘോഷം തുടങ്ങയത് ജനുവരി 25നാണ്. പൊതുവെ ഒരാഴ്ച നീളുന്ന ആഘോഷമാണ് നടക്കുക. എന്നാല്‍, അത് ഈ ആഴ്ച കൂടെ നീളട്ടെ എന്ന തീരുമാനം എടുത്തിരുന്നു. 

എന്നാല്‍, മാര്‍ക്കറ്റില്‍ അസ്ഥിരത വര്‍ധിക്കുകയാണ്. നിര്‍മ്മാണ കേന്ദ്രങ്ങളിലും വാങ്ങലുകാര്‍ക്കും അനിശ്ചിതത്വമുണ്ട്. ഇത് ചിപ്പുകളുടെ വില വര്‍ധനയില്‍ കലാശിച്ചേക്കുമെന്നാണ് വിശകലന വിദഗ്ധര്‍ പറയുന്നത്. ചിപ്പുകളുടെ ആവശ്യം കുറഞ്ഞിട്ടില്ല. എന്നാല്‍, കമ്പനികള്‍ അവയുടെ വാങ്ങല്‍ വൈകിപ്പിക്കുകയാണ്. ഇതിനാല്‍ തന്നെ, ഡിമാന്‍ഡ് കൂടുമ്പോള്‍ വില വര്‍ധന സംഭവിച്ചേക്കുമെന്നാണ് അവരുടെ വാദം.

ഡിസ്‌പ്ലേ നിര്‍മ്മാണത്തിനു ധാരാളം ജോലിക്കാര്‍ വേണം

ചിപ്പുകളെ പോലെയല്ല ഡിസ്‌പ്ലേ പാനലുകളുടെ നിര്‍മ്മാണത്തിന്റെ കാര്യം. അതിന് ധാരാളം ജോലിക്കാര്‍ വേണം. ദക്ഷിണ കൊറിയന്‍ ഡിസ്‌പ്ലേ നിര്‍മ്മാതാക്കളുടെ പണി മുടങ്ങാനുള്ള സാധ്യത നിലനില്‍ക്കുന്നു. എല്‍ജി തത്കാലത്തേക്ക് യെന്റായിലുള്ള തങ്ങളുടെ ഡിസ്‌പ്ലേ നിര്‍മ്മാണ പ്ലാന്റിലെ ജോലികൾ നിർത്തിവച്ചിരിക്കുകയാണ്. ആവശ്യത്തിനു പണിക്കാരെ ലഭിക്കുന്നില്ല എന്നാണ് അവര്‍ പറയുന്നത്. സാംസങ് ഡിസ്‌പ്ലേയുടെ പ്ലാന്റ് പ്രവര്‍ത്തിക്കുന്നുണ്ട്. എന്നാല്‍, നിര്‍മ്മാണത്തിന്റെ തോതു കുറച്ചു.

വില കൂടാം

എന്നാല്‍, കൊറോണാ വൈറസ് ബാധ ഡിസ്‌പ്ലേ നിര്‍മ്മാണ കമ്പനികൾക്ക് ചാകരയാകാം. കാരണം അവര്‍ക്ക് വില കൂട്ടി വില്‍ക്കാന്‍ സാധിച്ചേക്കും. ലോകത്തെ 55 ശതമാനം ഡിസ്‌പ്ലേ പാനലുകളും നിര്‍മ്മിച്ചെടുക്കുന്നത് ചൈനയിലാണ്. പ്രൊഡക്ഷന്‍ കുറയുകയും വില കൂടുകയും ചെയ്യാനുള്ള സാഹചര്യമാണ് ഇപ്പോള്‍ നിലനില്‍ക്കുന്നതെന്നാണ് വിശകലനവിദഗ്ധര്‍ പറയുന്നത്. ഇതെല്ലാം പരിഗണിച്ചാല്‍, കൊറോണാവൈറസ് നിയന്ത്രണവിധേയമായാല്‍ പോലും സ്മാര്‍ട് ഫോണ്‍ അടക്കമുള്ള ഉപകരണങ്ങളുടെ വില ഉയര്‍ന്നാല്‍ അദ്ഭുതപ്പെടേണ്ട.

എല്‍ജി തങ്ങളുടെ എല്‍സിഡി നിര്‍മ്മാണ പ്ലാന്റ് ഓലെഡ് ഡിസ്‌പ്ലേ നിര്‍മ്മാണ പ്ലാന്റാക്കി മാറ്റിയെടുക്കാനുള്ള ഒരുക്കത്തിലായിരുന്നു. എന്നാല്‍, അതും തത്കാലം മാറ്റിവയ്‌ക്കേണ്ടിവന്നേക്കും.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN TECHNOLOGY NEWS
SHOW MORE
FROM ONMANORAMA